ആധാരം


എം.കെ.ജനാർദ്ദനൻ
നഷ്ടപ്പെട്ട എന്തിനെയോ തേടി ഓംജിത്‌ നടന്നു. ആളുകൾ കൈമലർത്തി. കളഞ്ഞുകിട്ടിയ താളിയോലകളും ആധാരങ്ങളും പരിശോധിച്ചു. കാലപ്പകർച്ചകളിൽ തനിമനഷ്ടപ്പെട്ടുപോയവ. ഭരണം മന്ത്രിപദവികൾ. ജനസേവകൾ. എല്ലാറ്റിന്റെയും മറവിൽ കള്ളത്തരങ്ങളുടെ കുന്നുകൾ. തന്റെ കളഞ്ഞുപോയ ആധാരത്തെ അയാൾ അന്വേഷിച്ചു നടപ്പു തുടർന്നു. ഇതാണൊ താങ്കൾ മൈനറായിരിക്കെ നഷ്ടപ്പെട്ട കോടികളുടെ മുന്നാധാരം?
അല്ല. ഇതൊരു മൂന്നാർ കള്ളപ്പട്ടയമല്ലേ? എന്റേത്‌ പച്ചപ്പാടങ്ങളും ഫലമൂല വൃക്ഷ ലതാദികളാലും മൂടിയ പറമ്പുകളുമായിരുന്നു".
തണ്ടപ്പേർ പറയൂ നോക്കാം.
'വേണ്ട'
കെട്ടിടങ്ങൾ ചിതറിയ മരുഭൂമിപോലെ തോന്നിയ ഹരിതാഭകളില്ലാത്ത വറ്റിപ്പോയ നീരൊലിവുകൾക്കും. വറ്റിയ കിണറുകൾക്കരുകിലൂടെയും നടന്ന്‌ ജന്മഗ്രാമത്തിലെത്തി. ചുട്ടുപഴുത്ത വെയിലിൽ ചിതറി നിൽക്കുന്ന കെട്ടിടങ്ങളുടെ ഗ്രാമം. (?) ഗ്രാമത്തിന്റെ ഓരം നിന്നിരുന്ന മരങ്ങൾ തിങ്ങിയ വനം? ഒന്നുമില്ല. വീടുകൾക്കുമുന്നിൽ അലങ്കാരത്തിനു വച്ച പ്ലാസ്റ്റിക്‌ മരങ്ങളല്ലാതെ ഒരിലപോലും. പൂപ്പൊന്തകൾ ഞാന്നു കിടന്ന വൃക്ഷഛായകൾക്കു കീഴെ. പണ്ടിവിടെ വാത്മീകീനായർ എന്നു വിളിപ്പേരുള്ള വൃദ്ധ കവി പാർത്തിരുന്നു. പനയോലക്കുടിലിൽ. അദ്ദേഹമാണ്‌ ഓംജിതിനെ അക്ഷരമെഴുതിച്ചതു. രാമായണം ചൊല്ലിക്കേൾപ്പിക്കും അർത്ഥമോതും. കവിതയെന്തെന്നറിയില്ലായിരുന്നു. ഇന്നയാൾ കവിതയുടെ വിളക്കിൽ വീണുകരിഞ്ഞു കിടക്കുന്ന ഒരു കൊച്ചു പ്രാണിയുടെ ജഡം.
വയോധികനായ വാത്മീകിനായരെ വണങ്ങി. കാലിൽ തൊട്ടു.
കവി നെറ്റി ചുളിച്ചു. 'ആരാ?'
ഞാൻ പഴയ ഓംജിത്‌ എന്ന പയ്യൻ. 'സത്യംവദ ധർമ്മം ചര' എന്ന്‌ ആദ്യം പറഞ്ഞുതന്നത്‌ അങ്ങാണ്‌.
ഫലം. നഷ്ടങ്ങൾ മാത്രം എന്നു തോന്നുമ്പോഴും ലാഭമാണെന്നറിയുക അയാൾ പറഞ്ഞു. നഷ്ടങ്ങൾ ചെറുതല്ല. "ജീവന്റെയാധാരം തന്നെയാണ്‌."

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?