19 Jul 2013

എഴുതാത്ത കഥയിലെ രാധിക



അച്ചാമ്മ തോമസ്‌

കഥയെഴുതാൻ ആഗ്രഹിക്കുമ്പോഴൊക്കെ അതിനു സമയം കിട്ടാറില്ല. കിട്ടുമ്പോൾ അത്‌ ഒന്നിലുമെത്താത്ത ധർമ്മസങ്കടങ്ങളോടെ അടുക്കളയിലെ തിരക്കിട്ട പണിയിലോ അടുപ്പിൽ കത്താതെ പുകഞ്ഞു കൊണ്ടിരിക്കുന്ന വിറകുകൊള്ളിയിലോ എത്തിച്ചേരുന്നു. മനസിൽ കഥാപാത്രങ്ങൾ തിക്കിത്തിരക്കി ശ്വാസം മുട്ടിക്കുന്ന അവസ്ഥയിൽ ആരെ സ്വീകരിക്കണമെന്ന തിക്കുമുട്ടലോടെ സ്വയംവരപന്തലിലേക്കിറങ്ങുന്ന കന്യകയുടെ വിഹ്വലത. സാഹിത്യദേവത അപൂർവദർശനമനുവദിക്കുമ്പോൾ ഇരിക്കാനിടമില്ലാതെ ഇരുന്നാലും എഴുതാൻ കടലാസും പേനയുമില്ലാതെ ഇതെല്ലാം ഒത്തുവരുമ്പോൾ ഘടികാരം അഞ്ചന്നടിക്കും. കണ്ണുതിരുമ്മി എഴുന്നേൽക്കുകയും രാത്രിയിൽ പത്തിലേക്കു സൂചി കയറുമ്പോഴേക്കും ഉറക്കത്തിനു വെമ്പൽ കൂട്ടുന്ന തളർന്ന ശരീരവുമായി എന്തെഴുതാൻ.
    വെള്ളപേപ്പറെടുത്തു രാധികയെപ്പറ്റി എഴുതാനിരിക്കുമ്പോളാണ്‌ അടുപ്പിൽ കറി കരിയുന്ന മണം വന്നത്‌. ഞാൻ അടുക്കളയിലേക്കോടി. അടുപ്പിൽനിന്നും കറി വാങ്ങിവച്ചിട്ടു തിരിച്ചുവന്നപ്പോഴേക്കും രാധിക അവളെ ക്ഷണിച്ചയാളുടെ കൂടെ ഓട്ടോയിൽ കയറി കഴിഞ്ഞിരുന്നു. ഇനി രക്ഷയില്ല. ഒരുപക്ഷേ, നാളെ വന്നേക്കാം. ഇല്ലെങ്കിൽ മറ്റെന്നാളാകാം. ആലോചിച്ചിരിക്കാൻ സമയമില്ല. അവരെ പൈന്തുടർന്നാലോ? എങ്ങനെ? ഒരു ഓട്ടോയെടുത്തു പുറകെ പോകാമെന്നുവച്ചാൽ ഈ പാവം വീട്ടമ്മയ്ക്ക്‌ എവിടെ പൈസ? കഥയെഴുതാൻ പേപ്പറില്ലാഞ്ഞിട്ടു മകൾ നോട്ടെഴുതി പകുതിക്കു നിറുത്തിയ ബുക്കും തപ്പിയെടുത്താണിരിപ്പ്‌. പച്ചക്കറി മേടിക്കാൻ കരുത്തിയ പൈസാകൊണ്ട്‌ രാധികയെ പൈന്തുടർന്നാലോ? വേണോ? വേണ്ട. അത്ര അത്യാവശ്യമൊന്നുമില്ല.
    രാവിലെ പള്ളിയിൽപോയി തിരിച്ചുവരുമ്പോൾ രാധിക അവളുടെ വീട്ടിലേക്കുള്ള ഇടവഴിയുടെ ഓരത്ത്‌ ഓട്ടോയിൽ വന്നിറങ്ങുന്നു. ബ്ലൗസിനടിയിൽനിന്നും രൂപയെടുത്ത്‌ ഓട്ടോക്കൂലി കൊടുത്തു മുഖം തിരിച്ചപ്പോൾ അവളെന്നെ കണ്ടു. ഉറക്കച്ചടവുള്ള ആ മുഖത്ത്‌ വല്ലാത്തൊരു സന്തോഷം. "ഓ ചേച്ചിയോ? എത്ര നാളായി കണ്ടിട്ട്‌. ചേച്ചിയുടെ കഥകളൊക്കെ ഞാൻ വായിക്കാറുണ്ട്‌. എന്നെപ്പോലുള്ളവരുടെ കഥയെഴുതാമെന്നു പറഞ്ഞിട്ട്‌ എഴുതിയോ?"
    നിലനിൽക്കുന്ന നിമിഷങ്ങളെ അതിജീവിക്കാനുള്ള വെമ്പലിൽ എല്ലാ മറക്കുന്ന രാധികയുടെ പുഞ്ചിരി എനിക്കുൾക്കൊള്ളാൻ വിഷമമായിരുന്നു. ഞാനവളെ മനസിലാക്കിയിരുന്നതുകൊണ്ട്‌ ഞാനവളുടെ കൂടെ നടന്നു. പള്ളിയും വീടും ഞാൻ മറന്നു. നാട്ടിൽ വ്യഭിചാരിണിയെന്നു പരക്കെ അറിയപ്പെടുന്ന രാധിക എനിക്കായി തുറന്ന ഇരുളടഞ്ഞ മുറിയിലേക്കു ഞാൻ നടന്നു. ഞാനറിയാത്ത ഏതോ പുരുഷനൊപ്പം അതോ എനിക്കു നല്ല പരിചയമുള്ള മുഖമാണോ ആരുമാകട്ടെ, അവരുടെ ഒപ്പം ശയിച്ച സ്ത്രീയുടെ കൂടെയുള്ള നടത്തം എന്റെ അഭിമാനത്തിനു പറ്റുന്ന ഒന്നായിരുന്നില്ല. എന്നാൽ ചുറ്റുപാടുകൾ അവൾക്കായി തീർത്ത ഇടുങ്ങിയ വഴികളും അവളുടെ വിശാലമായ മേച്ചിൽപ്പുറങ്ങളും അവളെനിക്കു കാട്ടിത്തന്നു. ഉത്തരവാദിത്വത്തോടെ ചെയ്ത ഓഫീസുജോലിപോലെ. ഇളയത്തുങ്ങൾക്കു ഫീസ്‌. അച്ഛനു മരുന്ന്‌. അടുക്കളയിലേക്ക്‌ ആഹാരം. എല്ലാം പങ്കുവച്ചു കഴിക്കുമ്പോൾ രാത്രികളിലെ കൂലി തീർന്നു. നാളത്തെ വിളിക്കായി കാതോർക്കുന്ന രാധിക.
    പരപുരുഷഗന്ധമുള്ള നോട്ടുകളാണ്‌ അവളുടെ സഹോദരങ്ങളെ ഡിഗ്രിക്കാരാക്കുന്നത്‌. അവരൊരു നിലയിലെത്തുമ്പോൾ താനീപണി നിർത്തും. "അമ്മയുമച്ഛനും പണിക്കുപോയ ഒരു ദിവസം കുറച്ചു നെയ്യപ്പവും മുട്ടായിയും വാങ്ങിത്തന്നോമനിച്ച എന്റെ ഒരു ബന്ധുവാണാദ്യം.." അവളൊന്നു നിർത്തി. ആ പഴയകാലങ്ങൾ ഓർത്തെടുക്കുംപോലെ. മറുപടി ഒന്നും പറയാനില്ലാതെ ഞാനുമൊന്നു പകച്ചു. "ഞാൻ കണ്ടുമുട്ടിയവരെ ഓർക്കാൻ ഞാനൊരിക്കലും ആഗ്രഹിച്ചിട്ടില്ല. ആരുടെയും മുഖമന്റെ മനസിന്റെ കോണിലെങ്കിലും സൂക്ഷിച്ചിരുന്നില്ല. വാസനസോപ്പുപതപ്പിച്ചു ശരീരത്തിൽ പറ്റിയ അഴുക്കുകൾ ഒഴുക്കുനീറ്റിൽ കഴുകിക്കളഞ്ഞ്‌ കുളിച്ചു കയറുമ്പോഴൊക്കെ ഞാനോർക്കും ഇനി ഇല്ല. അയൽക്കാരും പല സംഘടനക്കാരുമൊക്കെ ഉപദേശിക്കാൻ വന്നു. പക്ഷേ, ആർക്കാർക്കും ജീവിക്കാൻ ഒരു വഴി നിർദ്ദേശിക്കാനില്ലായിരുന്നു. എല്ലാവർക്കുമൊപ്പം തലയുയർത്തി നിൽക്കാൻ പറ്റാത്ത അഭിമാനമില്ലാത്തൊരു ജന്മമായി എന്റേത്‌. ഈ കഥകളൊക്കെ എഴുതണം ചേച്ചി. ചേച്ചിക്കു പ്രശസ്തിയും പണവും കിട്ടും. പുസ്തകം ധാരാളം പണം ചേച്ചിക്കു നേടിത്തരും."
    "രാധികേ ഓരോരുത്തരും അവനവന്റെ പ്രയാസങ്ങളെ കാണുന്നൊള്ളു. എന്നെപ്പോലുള്ള എഴുത്തുകാർക്കു ധാരാളം അരുതായ്കകളുണ്ട്‌. പൊടിപ്പും തൊങ്ങലും മസാലകളുമൊക്കെ ചേർത്ത്‌ എഴുതാൻ മനസ്സുള്ള എനിക്കാവുകയില്ല. സമൂഹത്തോടും ചുറ്റുവട്ടത്തോടും കുടുംബത്തോടും തന്നോടുതന്നെയും ചില ഉത്തരവാദിത്വമുള്ള എഴുത്തുകാർക്കും അവരുടെ അരുതായ്കകളിൽനിന്നും പുറത്തുകടക്കാൻ കഴിയില്ല. മുലയൂട്ടുമ്പോൾ കുഞ്ഞിനോടുള്ള ഒരമ്മയുടെ വാത്സല്യംപോലെ ആണെനിക്കെന്റെ എഴുത്തിനോടുള്ളത്‌". രാധിക എന്റെ ആത്മവിലാപം കലർന്ന കണ്ണുകളോടെ കേട്ടു.
    "ചേച്ചി പറയുന്നതെനിക്കു മനസ്സിലാകുന്നില്ല. ഐയിഷുവിന്റെ കഥ ചേച്ചിയെഴുതിയതു ഞാൻ വായിച്ചു. അതിലവരുടെ ആത്മസംഘർഷങ്ങൾ നന്നായി. രണ്ടു കുഞ്ഞുങ്ങളുമായി ജീവിതത്തിന്റെ നാൽക്കവലയിൽ നിൽക്കുമ്പോഴും പകലന്തിയോളം പണിചെയ്തു ജീവിക്കുന്ന അയിഷു. ചേച്ചിയുടെ എല്ലാ കഥകളെയും പോലെയല്ലാതെ എന്റെ കഥ എഴുതുമ്പോൾ സഭ്യതയുടെ ചട്ടക്കൂടിനു പുറത്തുപോകുമെന്നു ചേച്ചിക്കു പേടിയുണ്ടോ? അവളുടെ ചോദ്യം പ്രസക്തമാണ്‌. അതിലപ്പുറം എന്നെ അതിശയിപ്പിച്ചതു അവളെന്റെ കഥയിലെ നായികമാരെ സഖികളാക്കി എന്നുള്ളതാണ്‌. ലൈംഗികത്തൊഴിലാളിയുടെ കഥകൾ ചൂടപ്പംപോലെ വിറ്റുപോകുന്ന ഈ കാലത്ത്‌ ഒന്നും മൂടിവച്ചിട്ടു കാര്യമില്ല. വീണ്ടുമവൾ വാചാലയായി. ഞാനൊരു കേൾവിക്കാരിയും. "ആരാണു ചേച്ചി എന്നെ സ്നേഹിക്കാനുള്ളത്‌. ഒളിഞ്ഞും തെളിഞ്ഞും വരുന്നവനോക്കെ കാര്യം കഴിഞ്ഞു പൊടിയും തട്ടിയങ്ങുപോകും. വഴിക്കെവിടെയെങ്കിലും കാണാനിടയായാൽ വെറുപ്പോടെ മുഖം തിരിച്ചു കളയും. സ്വന്തം വീട്ടിൽപോലും സ്ഥാനമില്ലാത്ത അവസ്ഥ. എന്നെപ്പോലൊരാളുടെ കഥയെഴുതി പേരു ചീത്തയാക്കേണ്ട എന്നു ചേച്ചി കരുതുന്നുണ്ടാകും. ഇതെല്ലാമുപേക്ഷിച്ചു ദൂരെയെവിടെയെങ്കിലും പോയി ആരുമറിയാതെ ജീവിക്കണമെന്നുണ്ട്‌."
    ഞാനങ്ങോട്ടു പറയാനിരിക്കുകയായിരുന്നു. എന്തെങ്കിലും ജീവിക്കാനൊരു പണിയും കണ്ടുപിടിക്കണം." "പക്ഷേ," രാധിക എന്തോ ആലോചനയിലെന്നപോലെ. "അതിനുമുൻപ്‌ ആരുടെയെങ്കിലും കൈകൾ എന്റെ കഴുത്തിലേക്കു നീണ്ടുവരുമോ എന്തോ?" "നീ വെറുതേ ഒന്നും ചിന്തിക്കാതെ, നിന്നെ എനിക്കറിഞ്ഞുകൂടെ. ഇനി കാണുമ്പോഴേയ്ക്കും നിന്റെ കഥ ഞാനെഴുതിയിരിക്കും."
    വേണ്ടതും വേണ്ടാത്തതും എഴുതി കടലാസും സമയവും ചെലവിട്ടിരിക്കുന്ന നാളുകളിലാണു രാധികയെപ്പറ്റി പിന്നീടു ഞാൻ കേട്ടത്‌. അടുക്കളയുടെ തിരക്കുകളിലേക്കു നീങ്ങുന്നതിനു മുമ്പ്‌ ദിനപ്പത്രത്തിന്റെ പേജുകളിൽ കൂടിയുള്ള യാത്രയിലായിരുന്നു ആ വാർത്ത കണ്ണിൽ പെട്ടത്‌. 'തൊടുപുഴയാറ്റിലെ കുളിക്കടവുകളിലൊന്നിൽ അജ്ഞാതയുവതിയുടെ മൃതദേഹം.' മൃതദേഹത്തിന്റെ ഫോട്ടോ പരിചയമുള്ളൊരു മുഖത്തെ ഓർപ്പിച്ചു. "ആരുടെയെങ്കിലും കൈകൾ എന്റെ കഴുത്തിലേക്കു നീളുമോ എന്തോ". ആ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങി. ആറ്റുതീരത്തെ റബർതോട്ടത്തിൽകൂടി ഞാൻ വേഗം നടന്നു. ആൾത്തിരക്കിൽ പരിചയക്കാരുടെ ദൃഷ്ടിയിൽ പെടാതെ ഞാനെത്തിക്കുത്തി നോക്കി. ശരീരത്തിന്റെ പാതി വെള്ളത്തിലും പാതി കാട്ടുചെടികൾക്കിടയിലും ഉടക്കിക്കിടക്കുന്ന ജഡം. സൂക്ഷിച്ചുനോക്കാതെ തന്നെ അതു രാധികയുടേതാണെന്നു ഞാൻ തിരിച്ചറിഞ്ഞു. പൂർണ്ണനഗ്നമായ ശരീരം. കാട്ടുചെടികളിലുടക്കി ആരോ വലിച്ചെറിഞ്ഞപോലെ കിടക്കുന്ന അവളുടെ സാരി. ഒരു മായാവിയാകാൻ സാധിച്ചിരുന്നെങ്കിൽ ആരുടെയും കണ്ണിൽപെടാതെ ചെന്ന്‌ ആ സാരിയെടുത്ത്‌ അവളുടെ നഗ്നത മറയ്ക്കാമായിരുന്നു എന്നു ഞാൻ വെറുതേ ചിന്തിച്ചു.
    "ഇവളുമാർക്കു പറഞ്ഞിരിക്കുന്ന അന്ത്യംതന്നെ. അല്ലാതെന്താ?" ഒരു സദാചാരക്കാരന്റെ ആത്മഗതം. "ഇവൾക്കൊക്കെ ചാകാൻ കണ്ട സ്ഥലം. ണല്ലോരു കുളിക്കടവായിരുന്നു." വേറൊരു പ്രകൃതിസ്നേഹിയുടെ വേദന. "വ്യഭിചാരത്തിനു കിട്ടിയ ശിക്ഷ". അതു മറ്റൊരു സ്മാർത്ത വിചാരക്കാരന്റെ വിചാരണയായിരുന്നു. ഞാനിതിലൊന്നും പെടാതെ ഈ നാട്ടുകാരനേ അല്ലെന്നുള്ള മട്ടിൽ തിരിച്ചുനടന്നു. ലളിതസമവാക്യങ്ങൾകൊണ്ടു കഥപറച്ചിലിന്റെ ആഖ്യാനത്തിലൂടെ രാധികയുടെ കഥയെഴുതണമെന്നും അതിൽ അവളെ പിച്ചിച്ചീന്തിയവരുടെ മുഖംമൂടികൾ പറിച്ചെറിയണമെന്നും വിചാരിച്ചിരുന്ന എന്നിലെ ആദർശ എഴുത്തുകാരി ചുരുണ്ട അട്ട കണക്കേ തലയും താഴ്ത്തി നടന്നപ്പോൾ എനിക്കെന്നോടുതന്നെ അവജ്ഞ തോന്നി. ജയിക്കുന്നവന്റെ പുറകെയുള്ള സമൂഹത്തിന്റെ ഓട്ടത്തിൽ ഞാനും മടികൂടാതെ ഓട്ടം തുടങ്ങി. വാദിയും പ്രതിയും സാക്ഷിയും കക്ഷിയും മൊഴിമാറ്റലുമൊന്നുമാവശ്യമില്ലാ
തെ രാധികയുടെ ജഡം അപ്പോഴും തൊടുപുഴയാറിന്റെ കരയ്ക്കടിഞ്ഞ്‌ ആ ഓളങ്ങളിൽ പതുക്കെ ചാഞ്ചാടിക്കൊണ്ടിരുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...