തെങ്ങുകൃഷി പ്രശ്നങ്ങളും സാദ്ധ്യതകളും


ആർ. ഗോപകുമാർ ഉണ്ണിത്താൻ
(നാളികേര വികസന ബോർഡും മൂവാറ്റുപുഴ അക്ഷയ പുസ്തക നിധിയും സംയുക്തമായി സംഘടിപ്പിച്ച രചനാമത്സരത്തിൽ
പൊതു വിഭാഗത്തിൽ രണ്ടാംസ്ഥാനം നേടിയ ലേഖനം)

കേരളത്തിന്റെ കൽപവൃക്ഷമായ തെങ്ങ്‌ കൃഷി വലിയൊരു പ്രതിസന്ധിയിലൂടെ കടന്ന്‌ പോകുന്ന കാലഘട്ടമാണിത്‌. ഒന്നാമത്‌ കൃഷിയിടങ്ങളുടെ കുറവും, കൃഷിച്ചെലവിനുള്ള ധനത്തിന്റെ അപര്യാപ്തത്തയുമാണിതിന്‌ കാരണം. അനധികൃത വയൽ നികത്തൽ ഫ്ലാറ്റുകളുടെ വരവ്‌, വാസഗൃഹങ്ങളുടെ വ്യാപ്തി ഇതെല്ലാം തെങ്ങിനെ മലയാളിയിൽ നിന്ന്‌ അകറ്റുന്ന ഘടകങ്ങളാണ്‌.
കൃഷി ചെയ്യാനുള്ള തൊഴിലാളികളുടെ അപര്യാപ്തത്ത മലയാളി നേരിടുന്ന വലിയൊരു ഭീഷണിയാണ്‌. കേരകൃഷി ഉൾപ്പെടെ കേരളത്തിൽ കൃഷിപ്പണിക്ക്‌ ഒന്നിനും തന്നെ ആളെക്കിട്ടാനില്ലാത്ത അവസ്ഥയിൽ നാം അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കേണ്ടി വരുന്നു.
അശാസ്ത്രീയമായ കൃഷി രീതിയോ മികച്ച ഇനം നടീൽ വസ്തുക്കളോ തെരഞ്ഞെടുക്കുവാനുള്ള മലയാളിയുടെ മടിയും അറിവില്ലായ്മയും കേരകൃഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌. കീട, രോഗങ്ങളുടെ ആക്രമണങ്ങളിൽ കഴിഞ്ഞ പത്ത്‌ വർഷത്തിനിടയിൽ സംസ്ഥാനത്ത്‌ അനേകായിരം തെങ്ങുകൾ നശിച്ച്‌ പോയിട്ടുണ്ട്‌. അതിന്‌ പകരമായി കൃഷിഭവൻ, നാളികേര വികസന ബോർഡ്‌ തുടങ്ങിയവയുടെ നിസ്വാർത്ഥ സേവനത്താൽ പകരം തെങ്ങുകൾ വെയക്കുവാൻ സാധിച്ചിട്ടുണ്ടെങ്കിലും പുതു തലമുറ തെങ്ങുൾപ്പെടെയുള്ള കൃഷി ജോലികളിൽ വിമുഖത കാണിക്കുന്നതിനാൽ മേൽപ്പറഞ്ഞ ഏജൻസികളുടെ പ്രവർത്തനങ്ങൾ ഉദ്ദേശിച്ച രീതിയിൽ മുന്നോട്ട്‌ പോകുന്നുണ്ടോയെന്ന്‌ സംശയമാണ്‌.
ഇടക്കാലത്ത്‌ തേങ്ങയ്ക്ക്‌ വിലയിടിയാതിരുന്നപ്പോൾ കരിക്ക്‌ വെട്ടി, കർഷകർ നാമമാത്രമായ ലാഭം നേടിയിരുന്നു. ഇതിൽ ഇടത്തട്ടുകാർ ലാഭം കൊയ്യുകയും കർഷകന്‌ വേണ്ടത്ര ആദായം ലഭ്യമാകാതെ വന്നിരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പൊതുവിപണിയിൽ കരിക്കിന്‌ 20 രൂപ ആയിട്ടുണ്ട്‌. തേങ്ങ ഒന്നിന്‌ ചില്ലറ വിൽപ്പനയിൽ 15 രൂപ വിലയുണ്ടെങ്കിലും യഥാർത്ഥ കർഷകന്‌ ഇതിന്റെ മൂന്നിലൊന്നുപോലും കിട്ടുന്നില്ലയെന്നത്‌ യാഥാർത്ഥ്യം മാത്രമാണ്‌. ഇക്കാര്യത്തിൽ കേരഫെഡ്ഡിനും ബോർഡിനും ക്രിയാത്മകമായി ഇടപെടാൻ സാധിക്കും. വിപണിയിൽ ഇടപെട്ട്‌ കർഷകരിൽ നിന്ന്‌ നേരിട്ട്‌ കരിക്കും തേങ്ങയും സംഭരിച്ച്‌ ചില്ലറ വിൽപ്പനശാലകളിലൂടെ വിൽപ്പന നടത്തിയാൽ കുറേ തൊഴിൽ രഹിതർക്ക്‌ തൊഴിലും കർഷകന്‌ ആശ്വാസവുമാകും. അതിലൂടെ ഇടത്തട്ടുകാരുടെ തട്ടിപ്പ്‌ അവസാനിക്കുകയും ചെയ്യും.
കേരകർഷകർ നേരിടുന്ന മറ്റൊരു ഭീഷണി വളങ്ങളുടെ വിലവർദ്ധനവും കൂലിച്ചെലവുമാണ്‌. ഇങ്ങനെ നോക്കിയാൽ കേരകർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങൾ അനേകമാണ്‌.
ബുദ്ധിപരമായി കൃഷിയിൽ ഏർപ്പെടുന്ന ഏതൊരു കർഷകനും അതിരറ്റ ആനന്ദവും സമ്പത്തും കൊടുക്കുന്ന മഹാലക്ഷ്മിയാണ്‌ തെങ്ങ്‌. കാരണം മറ്റേതൊരു വിളയേക്കാളും കുറച്ച്‌ പരിചരണവും, കുറഞ്ഞ വേലക്കുലിയും മാത്രം നൽകിയാൽ നല്ല ആദായം തരുന്ന ഈ കൽപവൃക്ഷം അനേകം തൊഴിൽ, സാമ്പത്തിക സാദ്ധ്യതകൾ നമുക്ക്‌ തുറന്ന്‌ തരുന്നു.
ഒരു ദീർഘകാല വിള എന്ന്‌ പരിഗണിച്ച്‌ ശാസ്ത്രീയ കൃഷിരീതിയിൽ പൊതുജനങ്ങൾക്ക്‌ ബോധവൾക്കരണം നൽകുക, തെങ്ങിൽ നിന്നും മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാക്കി ആഭ്യന്തര ബാഹ്യവിപണിയിൽ വിറ്റഴിക്കുക, എന്നീ മാർഗ്ഗങ്ങൾ അവലംബിക്കുക വഴി തെങ്ങിൽ നിന്നുള്ള വരുമാനം മെച്ചപ്പെടുത്താവുന്നതാണ്‌.
കയർ ഉൽപന്നങ്ങൾ അന്താരാഷ്ട്ര നിലവാരമുള്ളതാക്കി വിദേശികൾക്ക്‌ പരിചയപ്പെടുത്തുക, കയർ മേഖല ശക്തിപ്പെടുത്തുക, തൊഴിലാളികൾക്ക്‌ മികച്ച സേവന വേതന വ്യവസ്ഥ നൽകുക, വിദ്യാലയങ്ങളിൽ കേരക്ലബ്ബുകൾ ഉണ്ടാക്കി, കേരസ്നേഹികളായ പുതുതലമുറയെ വാർത്തെടുക്കുക, കരിക്ക്‌ ലോകത്തിലെ ഏറ്റവും വിലപ്പെട്ട ആരോഗ്യപാനീയമായതിനാൽ അതിന്റെ മൂല്യം ഉൾത്തുന്ന രീതിയിൽ പായ്ക്ക്‌ ചെയ്ത്‌ വിപണിയിൽ ഇറക്കുക, കൊപ്ര, വെളിച്ചെണ്ണ, പിണ്ണാക്ക്‌, തെങ്ങിൻ തടി, കള്ള്‌, ഒല, മടല്‌ - ഇങ്ങനെ നാം വീടുകളിൽ ഉപയോഗശൂന്യമായി ഉപേക്ഷിക്കുന്ന ചിരട്ട ഉൾപ്പെടെയുള്ള തെങ്ങിന്റെ ഉൽപന്നങ്ങൾ അമൂല്യമാണ്‌. മലയാളിക്ക്‌ ഇതിന്റെ മൂല്യം അറിയാത്തതിനാൽ പാഴ്‌വസ്തുവായി വലിച്ചെറിയുന്ന തെങ്ങിന്റെ ഉൽപന്നങ്ങളെ ശാസ്ത്രീയമായ രീതിയിൽ മൂല്യവർദ്ധിത ഉൽപന്നങ്ങളാക്കി ലോകത്തിന്‌ പരിചയപ്പെടുത്താൻ കേരബോർഡ്‌ മുൻകൈ എടുക്കണം. സാദ്ധ്യതകൾ അനേകം തുറന്ന്‌ കിടക്കുമ്പോൾ അവയ്ക്ക്‌ മുന്നിൽ പുറംതിരിഞ്ഞ്‌ നിൽക്കുന്ന മലയാളി, വൈറ്റ്‌ കോളർ ജോലി അന്വേഷിച്ച്‌ അന്യനാടുകളിൽ ചേക്കേറുമ്പോൾ, ദൈവത്തിന്റെ സ്വന്തം നാട്ടിൽ അവൻ ഉപേക്ഷിച്ച്‌ പോകുന്ന അവന്റെ നാടും തെങ്ങും ഈ ഭൂമിയിൽ തന്നെ ഏറ്റവും മൂല്യവത്താണെന്ന്‌ അവൻ അറിയുന്നില്ല.
പ്രശ്നങ്ങൾ ഇല്ലാത്ത തൊഴിലും, കൃഷിയും ഭൂമിയിൽ ഇല്ല. അവയെ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യുമ്പോഴാണ്‌ മനുഷ്യൻ മറ്റ്‌ ജീവികളിൽ നിന്ന്‌ വിഭിന്നനാകുന്നത്‌. ഗൾഫ്കാരന്‌ പെട്രോൾപോലെ, കേരളീയന്‌ ദൈവം നൽകിയ സമ്മാനമാണ്‌ ഈ കേരസമൃദ്ധി. അത്‌ നല്ല രീതിയിൽ പരിപാലിച്ചാൽ കേരളീയർക്ക്‌ സ്വയംപര്യാപ്തമായ ജീവിതം കെട്ടിപ്പടുക്കാനാവും.
 ഇവിടെ കർഷക ആത്മഹത്യയോ, കാർഷിക കടത്തിന്റെ എഴുതിത്തള്ളലോ ഇല്ലാതെ - എല്ലാവർക്കും വേണ്ടത്‌ നൽകാനുള്ള കഴിവ്‌ ഈ കൽപ്പവൃക്ഷത്തിനുണ്ട്‌. പക്ഷേ; ആ കൽപ്പവൃക്ഷത്തെ വേണ്ടപോലെ പരിഗണിച്ച്‌, നിഷ്ഠയോടെ പരിപാലിച്ചാൽ അവൾ കാമധേനുവിനെപ്പോലെ കേരളീയന്റെ ഇഷ്ടങ്ങൾ ഒന്നൊന്നായി നിറവേറ്റിത്തരും. ഇല്ലെങ്കിൽ നാമിന്ന്‌ അരി വാങ്ങുംപോലെ തേങ്ങയും അന്യ സംസ്ഥാനങ്ങളിൽ നിന്ന്‌ വാങ്ങി ഉപയോഗിക്കേണ്ടിവരും. അവിടെ നിന്നും കീടനാശിനിയിൽ പൊതിഞ്ഞ തേങ്ങയും മറ്റുൽപന്നങ്ങളും വാങ്ങി ഉപയോഗിച്ച്‌ നിത്യരോഗികളായി മാറുന്ന മലയാളികളെ നമുക്ക്‌ സ്വപ്നത്തിൽപോലും ദർശിക്കാൻ പ്രയാസമാണ്‌.
'തെങ്ങുകൃഷി പ്രശ്നങ്ങളും - സാദ്ധ്യതകളും' എന്ന വിഷയം ഓരോ കേരളീയനും പഠിച്ച്‌ വിലയിരുത്തി 'എന്റെ വീടും എന്റെ തെങ്ങും' എന്ന ആശയം ഉൾക്കൊണ്ട്‌ നാടിനേയും നമ്മുടെ കൽപ്പവൃക്ഷത്തേയും ആരാധിക്കാനും സ്നേഹിക്കാനും എല്ലാ കേരളീയനും കഴിയട്ടെ.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ