അക്ഷരരേഖ


        ആർ.ശ്രീലതാവർമ്മ
വായന-ചില വിചാരങ്ങൾ
            വായനയ്ക്കായി നീക്കിവച്ച ഒരു ദിവസം-ജൂൺ 19 - കഴിഞ്ഞുപോയിരിക്കുന്നു.ഗ്രന്ഥശാ
ലാസംഘത്തിന്റെ സ്ഥാപകനായ പി.എൻ.പണിക്കരുടെ സ്മരണാർഥമാണ് നമ്മൾ ജൂൺ 19 വായനദിനമായി ആചരിക്കുന്നത്.ജൂൺ 19 മുതൽ ഒരാഴ്ച വായനയ്ക്കായി സമർപ്പിച്ചുകൊണ്ട് വായനാവാരവും നമ്മൾ ആഘോഷിക്കുന്നുണ്ട്.അക്ഷരവ്യവസ്ഥ-ലിപിവ്യവസ്ഥ-ആരംഭിച്ച

 കാലം മുതൽ
വായനയുണ്ട്.താളിയോലകളിൽ നിന്ന് ഇ-റീഡിങ്ങിലേക്കുള്ള ദൂരം സാങ്കേതികവിദ്യയുടെ പുരോഗതിയായി മാത്രമല്ല അളക്കേണ്ടത്.ചരിത്രത്തിന്റെയും സംസ്കൃതിയുടെയും വികാസപരിണാമങ്ങളുടെ നേർരേഖ കൂടിയാണത്.സാക്ഷരതയുടെ കാര്യത്തിൽ എന്നും മുന്നിൽനിൽക്കുന്ന മലയാളി,വായനയുടെ കാര്യത്തിലും മുന്നിൽത്തന്നെയുണ്ട്.ഇലക്ട്രോണിക് മാധ്യമങ്ങളുടെ പ്രചാരവും സ്വാധീനവും വായനയെ പിന്നിലേക്ക് കൊണ്ടുപോകുന്നു എന്ന ചിന്ത നിലനിൽക്കുമ്പോൾത്തന്നെ ഇ-റീഡിങ്ങിലൂടെയായാലും നമ്മൾ വായനയിൽ നിന്ന് അകലാതെയിരിക്കുന്നു എന്ന സത്യം അംഗീകരിക്കാതെ വയ്യ.മാധ്യമത്തിലുള്ള ഭേദം മാത്രമേ ഇവിടെ സംഭവിക്കുന്നുള്ളൂ എന്നോർക്കണം.
             എന്താണ് വായനയുടെ ഗുണഫലങ്ങൾ?"വായിച്ചാൽ വിളയും,വായിച്ചില്ലേൽ വളയും" എന്ന് കുഞ്ഞുണ്ണിമാഷ് തനത് ശൈലിയിൽ എത്രയോ സരസമായും  എത്രയോ ശക്തമായും നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്.അറിവ് ലഭിക്കുന്നു എന്നത് മാത്രമല്ല വായനയുടെ ഫലം.നമ്മുടെ ചിന്തയെ ഉദ്ദീപിപ്പിക്കാനും ഭാവനയെ സജീവക്കാനും ഭാവനയെ സജീവമാക്കാനും സർഗാത്മകതയെ പരിപോഷിപ്പിക്കാനും വായനയ്ക്ക് കഴിയും.ഭാഷയിലുള്ള പ്രാവീണ്യം വർദ്ധിക്കാനും പദപരമായി സമ്പന്നത കൈവരിക്കാനും വായനയിലൂടെ സാധിക്കും.ഇതിനെല്ലാമുപരി മാനസികമായ ആരോഗ്യം-മനസ്സിന്റെ സമതുലിതാവസ്ഥ-നിലനിർത്താൻ വായന അത്യന്താപേക്ഷിതമാണ്.
             എന്താണ് വായിക്കേണ്ടത് എന്നത് വ്യക്തിനിഷ്ഠമായ തെരഞ്ഞെടുപ്പുകളെ ആശ്രയിച്ചിരിക്കും.പഠനകാലയളവിൽ പാഠപുസ്തകങ്ങൾ വായിക്കുമ്പോൾത്തന്നെ ഏതു വിഷയത്തിലും കൂടുതൽ അറിവും ആധികാരികതയും നേടാൻ ആ വിഷയവുമായി ബന്ധപ്പെട്ട എത്രയോ റഫറൻസ് ഗ്രന്ഥങ്ങളെ നാം ആശ്രയിക്കുന്നു.പഠനസംബന്ധിയായി ചിന്തിക്കുമ്പോൾ,പുസ്തകത്തിന്റെ പരിധിയിൽ നിൽക്കുന്നതല്ല വായന എന്ന് ആർക്കും അറിയാം.പാഠ്യേതരമായ വായനകളിൽ വിശേഷിച്ചും സാഹിത്യവായനയിൽ കഥയോ,നോവലോ,കവിതയോ ഇഷ്ടപ്പെടുന്നവരുണ്ടാകും.ജീവചരിത്രങ്ങളും യാത്രാവിവരനങ്ങളും ഇഷ്ടപ്പെടുന്നവരുണ്ടാകും.വ്യക്തിയുടെ അഭിരുചിക്കനുസരിച്ചാണല്ലോ സാഹിതീയമായ താത്പര്യങ്ങളും പുസ്തകങ്ങളുടെ തിരഞ്ഞെടുപ്പും പ്രസക്തമാകുക.
       നമ്മുടെ ഗ്രാമങ്ങളിൽ മുൻപ് വായനസംഘങ്ങൾ സജീവമായിരുന്നു.ഗ്രന്ഥശാലയുടെ പശ്ചാത്തലത്തിലല്ല,തൊഴിലെടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ സംഘങ്ങൾ സജീവമായിരുന്നത് എന്നോർക്കുമ്പോൾ ഇന്ന് നമുക്ക് അദ്ഭുതം തോന്നാം.പത്രവായനയും ഗൗരവപ്പെട്ട സാഹിത്യവായനയും ഈ വായനസംഘങ്ങളിൽ പതിവായിരുന്നു.ഇതിൽ പത്രവായനയുടെ കാര്യം എടുത്തുപറയണം.ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെയും അപേക്ഷിച്ച് കേരളം രാഷ്ട്രീയസാക്ഷരത്യിൽ മുൻപന്തിയിലെത്താനുള്ള പ്രധാനകാരണങളിലൊന്ന് ഈ പത്രവായനപാരമ്പര്യമാണ്.ദിനപത്രത്തോടെ മാത്രമേ മലയാളിയുടെ ഒരു ദിവസം ഇക്കാലത്തുപോലും ആരംഭിക്കുന്നുള്ളൂ എന്നതും രസകരമാണ്.വാർത്ത,വായിക്കാനുള്ളതല്ല കാണാനും കേൾക്കാനുമുള്ളതാണെന്ന് ദൃശ്യമാധ്യമങ്ങൾ നാൾതോറും പരത്തിക്കൊണ്ടിരിക്കുന്ന വേളയിലും പത്രം വായിച്ചുകൊണ്ട് തന്റെ ദിവസം ആരംഭിക്കുന്ന മലയാളി രസകരമായൊരു വൈചിത്ര്യമല്ലെങ്കിൽ പിന്നെ മറ്റെന്താണ്? 
            നമ്മുടെ സാംസ്കാരികചരിത്രത്തിൽ വായനശാലകൾക്കുള്ള പങ്കിനെക്കുറിച്ച് ചുരുങ്ങിയ വാക്കുകളിൽ പറയുക അസാദ്ധ്യമാണ്.അത്രയ്ക്ക് സുദീർഘവും സുവിസ്തൃതവുമാണത്.ഒരു ലൈബ്രറിലെങ്കിലും അംഗത്വമില്ലാതിരിക്കുന്ന അവസ്ഥയെക്കുറിച്ച്,ഒരുപക്ഷേ,മലയാളികൾക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞെന്നു വരില്ല.ലൈബ്രൈറിയെക്കുറിച്ച് ആലോചിക്കുമ്പോൾ പുസ്തകങ്ങൾ ശേഖരിച്ചുവച്ചിരിക്കുന്നതിന്റെ ചിത്രമാണ് ആദ്യം മനസ്സിലെത്തുന്നത്.വായനയ്ക്കായി വിവരങ്ങളും വിഭവങ്ങളും ശേഖരിച്ച് ക്രമപ്പെടുത്തിവച്ചിട്ടുള്ള സംവിധാനമാണ് ലൈബ്രറി.നമ്മുടെ വിദ്യാലയങ്ങളിലും കലാലയങ്ങളിലും എല്ലാം സമ്പന്നങ്ങളായ ലൈബ്രറികളുണ്ട് ഇന്ന്.സാംസ്കാരിക സ്ഥാപനങ്ങളുടെയും മറ്റും ഭാഗമായി പ്രവർത്തിക്കുന്ന ലൈബ്രറികൾക്ക് ഏറ്റവും നൂതനമായ സാങ്കേതികവിദ്യകളുടെ ഗുണഫലങ്ങൾ പൂർണമായും ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടുള്ളതിനാൽ റഫറൻസ് വിഭാഗത്തിൽ വിവരങ്ങളുടെയും വിഭവങ്ങളുടെയും പരമാവധി ലഭ്യതയുണ്ട്.പ്രാദേശികമായ വായനശാലകളുടെ പങ്കാളിത്തവും ഇവിടെ എടുത്തു പറയാം.വായനയെ സംബന്ധിച്ച ഈ വിചാരങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നത് നമ്മുടെ നാട്ടിൽ വായന ഒർറ്റിക്കലും വറുതിയിൽ എത്തില്ല എന്നു തന്നെയാണ്.സാമ്രാജ്യാധിപനല്ലായിരുന്നെങ്കിൽ ഒരു ഗ്രന്ഥശാലാസൂക്ഷിപ്പുകാരനായിരിക്കാനാണ് തനിക്ക് താത്പര്യം എന്നുപറഞ്ഞ നെപ്പോളിയനെ ഓർത്തുകൊണ്ട് ഈ വിചിന്തനം അവസാനിപ്പിക്കട്ടെ.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?