ഇന്ന് എഴുതേണ്ട കവിതയെക്കുറിച്ച് നാല് ഉത്ക്കണ്ഠകള്‍ .....

സുലോച് സുലോഇന്ന് എഴുതേണ്ടത് നാല് കവിതകളാണ്‍..

ഒന്നു ഉമ്മാനെക്കുറിച്ച്;

മരുഭൂമിയിലെ കാറ്റില്‍
ഇലയില്ലാ വൃക്ഷം പോലെ
ജീര്‍ണ്ണിച്ച് നില്‍ക്കുന്ന
ഓര്‍മയെക്കുറിച്ച്...

എഴുതാനെളുപ്പമാണ്‍..
മരുഭൂമി
മതില്‍ കെട്ടി വളച്ച വീട്
അതിനകത്ത് ഉണ്ടെന്നു കരുതുന്ന
വില കൂടിയ വസ്ത്രങ്ങള്‍
മദ്യം
തീനും കുടിയും
നക്ഷത്രങ്ങള്‍ കത്തി നില്‍ക്കുന്ന അടുക്കളയില്‍
പക്ഷേ,
മട്ടാഞ്ചേരിയിലെ മുഷിഞ്ഞ
പുകമണം പൊങ്ങും
അടുപ്പില്‍ നിന്നെന്ന പോലെ
മോചനമില്ലാതെ ഉമ്മ
അതിഥിക്കും ആതിഥേയനും
തീന്മേശയിലും, കിടക്കയിലും
വിഭവങ്ങള്‍ വിളമ്പി
ഞങ്ങളെ സ്വപ്നത്തിലേക്ക്
സ്വതന്ത്രമാക്കാറുണ്ട്..

* * * *

വാപ്പയെക്കുറിച്ചുള്ള
കവിതയുടെ ആദ്യഭാഗത്ത്
അത്തറും വിയര്‍പ്പും മണക്കണം
കഞ്ചാവും ഗുളികയും
റ്റിഡിജെസ്സിക്കും ബിനോര്‍ഫിനും
കിറുക്കന്മാരുടെ തെറിയും
ചുമരുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയ
തേങ്ങലും മുഴങ്ങിക്കേള്‍ക്കണം.

തെരുവിന്റെ അറ്റത്ത്
ഒരു അനാഥശവമെന്ന്
കവിത കൊണ്ട് എഴുതിവെക്കണം..

* * * *

എന്നെക്കുറിച്ച്
ഒരു വാക്ക് പോലും പറയരുത്

ജൂട്ടൌണിലെ പാതിരയെ
കലിപ്പിച്ച് നിര്‍ത്തുന്ന
സായിപ്പ് വിളക്കുകള്‍ തന്ന
നിഴലിലും,
സിനഗോഗിലെ അരിക് വശങ്ങളില്‍
നഷ്ടപ്പെട്ട പഴ്സിനെ കുറിച്ച്
വേവലാതി പൂണ്ട വെള്ളക്കാരന്റെ
പിന്നിലെ നെടുവീര്‍പ്പിലും,
ചീനവലയുടെ മറവില്‍ വച്ച്
മദാമ്മ മുലകളില്‍
അറിയാതെന്നോണം
തട്ടിക്കടന്നു പോയ കാഴ്ചക്കാരനിലും,
തിരകളില്‍ മുങ്ങിത്താഴ്ന്ന് കളിച്ച
എട്ട് വര്‍ഷത്തെ മൂപ്പുള്ള
പെണ്ണൊരുത്തിയില്‍
രാത്രിയുടെ മണലറ്റത്ത് വച്ച്
കഴപ്പ് തീര്‍ത്ത്
ചിറി തുടച്ച്
ഇരുട്ടുമായി നടന്ന് പോയവനെ കുറിച്ച്
ചെറു ശബ്ദം കൊണ്ട് പോലും
തിരിച്ചറിയരുത്...

വേണമെങ്കില്‍
നന്മ, ആത്മാര്‍ത്ഥത,
സ്നേഹം, കരുണയെന്നീ
തെറി വാക്കുകള്‍ തന്നെ മതി
എന്നെക്കുറിച്ച് എഴുതുമ്പോള്‍
മാത്രം പ്രയോഗിക്കാന്‍ ..

* * * *

ഒടുവിലെഴുതുന്നത്
കവിതയാകരുത്

കഥയേത് കവിതയേത്
എന്നറിയാനാവാത്ത
ഒന്നാവണമത്

കഥയെ കഥ കഴിക്കുന്ന
കവിതയെന്നൊരു കഥ
കഥ കൊണ്ട് കവിതയെന്നെഴുതണം

കണ്ടാലാരുടെയും ജീവിതമാണെന്ന്
തോന്നരുത്
ആരെഴുതിയതാണെന്ന്
പോലും...!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ