നിന്നെ ഞാന്‍ സ്നേഹിക്കുമ്പോള്‍രമേശ്‌ കുടമാളൂര്‍

നിന്നെ ഞാന്‍ സ്നേഹിക്കുമ്പോള്‍
നീ കടല്‍
നിന്റെ പൊരുളിന്നക്കരെ നോക്കി
നെടുകെ തോണിയിലേറി-
ത്തുഴയുന്നെന്‍ പ്രണയം.

എന്റെ വാക്കിന്‍ തുഴത്തുമ്പില്‍
നിന്റെ ജലപ്പൂങ്കുലച്ചിരി
എന്നെ മെല്ലെ നിന്നിലൂടെ കൊണ്ടുപോകുന്നു.
ആ ചിരിപ്പൂന്തിരയേറി തുഴഞ്ഞുപോകുന്നു ഞാനെ-
ന്നാത്മ ഹര്‍ഷം നുരയും നിന്‍ നതോന്നതയില്‍

അമ്പരപ്പിന്നഴിമുഖം കടന്ന്
ഉള്‍ത്തുടിപ്പിന്നുള്‍ക്കടലും കടന്ന്
ശാന്ത സാന്ദ്ര സാഗരമായ്‌ നീ പരക്കുന്നു - നിന്റെ
ദൂരമെന്തെന്നറിയാതെ ഞാന്‍ വിയര്‍ക്കുന്നു.

ഖരമായ തോണിയെ
ദ്രാവകമായിപ്പൊതിയുന്നു
ഗാഡനീല ശാന്തതയായ്‌ ഇരമ്പീടുന്നു -നിന്റെ
ആഴമെന്തെന്നറിയാതെ ഞാന്‍ പകയ്ക്കുന്നു.

നിന്നെ ഞാന്‍ സ്നേഹിക്കുമ്പോള്‍
നീ കടലല്ല, സമുദ്രം
നിന്റെ പൊരുളിന്‍ നിഗൂഡതയില്‍
കുത്തനെ തോണിമുങ്ങി-
ത്തുടങ്ങുന്നെന്‍ പ്രയാണം.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ