19 Jul 2013

ഇതൊരുമാതൃകാസ്ഥാപനം


അമ്പാട്ട്‌ സുകുമാരൻനായർ

    ഏറെക്കാലമായി താങ്ങാനാവാത്ത നെഞ്ചുവേദന സഹിച്ചുകൊണ്ട്‌ ഞാൻ ജീവിതം തള്ളിനീക്കുകയായിരുന്നു. ഇതിന്‌ ശസ്ത്രക്രിയയല്ലാതെ മറ്റൊരു പരിഹാരവുമില്ലെന്ന്‌ പല ഡോക്ടർമാരും തറപ്പിച്ചു പറഞ്ഞു. പക്ഷേ എന്റെ ശരീരം കീറിമുറിക്കുന്നത്‌ എനിക്കു സമ്മതമായിരുന്നില്ല. മരുന്നുകൾ കൊണ്ടുമാത്രം ഞാൻ പിടിച്ചു നിൽക്കാൻ ശ്രമിച്ചു. വർഷങ്ങൾ തള്ളി നീക്കി. ഒരു മരുന്നും ഫലിക്കാതെയായി. ഒടുവിൽ അനങ്ങാനാവാത്ത നിലയിലെത്തി.
    എന്റെ വീടിനുസമീപത്തുതന്നെ താമസിക്കുന്ന കോട്ടയം മെഡിക്കൽ കോളേജിലെ പ്രസിദ്ധയായ ഡോക്ടർ രേഖ എത്രയും വേഗം മെഡിക്കൽ കോളേജാശുപത്രിയിൽ എന്നെ അഡ്മിറ്റാക്കാൻ മക്കളോടു നിർബന്ധിച്ചു. കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തിൽ വളരെ വിദഗ്ധരായ ഡോക്ടർമാരാണുള്ളതെന്ന്‌ അവർ തറപ്പിച്ചു പറഞ്ഞു. ഇപ്പോൾ കാർഡിയോളജി വിഭാഗം സ്വകാര്യ ആശുപത്രികളെ വെല്ലുവിളിക്കുന്നതരത്തിലുള്ള സജ്ജീകരണങ്ങളും ശുചിത്വവുമുള്ള ഒരു വിഭാഗമാണ്‌. ഡോക്ടർ രേഖയുടെ സമ്മർദ്ദംമൂലം അവരെന്നെ കാർഡിയോളജി വിഭാഗത്തിലെ ഡോക്ടർമാരെ കാണിച്ചു. വളരെ വിദഗ്ധമായ പരിശോധനയ്ക്കുശേഷം അടിയന്തരശസ്ത്രക്രിയയ്ക്ക്‌ എന്നെ വിധേയമാക്കണമെന്നവൾ പറഞ്ഞു.
    എന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ രണ്ടാം ദിവസം ഓപ്പറേഷൻ തീയേറ്ററിലേക്ക്‌ എന്നെക്കൊണ്ടുപോയി. മണിക്കൂറുകൾ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കുശേഷം എനിക്കു ബോധമുണർന്നപ്പോൾ പ്രധാന ഡോക്ടർ എന്നെ വിളിച്ചു പറഞ്ഞു; "ഓപ്പറേഷനെല്ലാം കഴിഞ്ഞു. യാതൊരു കുഴപ്പവുമില്ല".
    ~ഒരത്ഭുതവാർത്ത കേട്ടതുപോലെ ഞാൻ ഡോക്ടറുടെ മുഖത്തേക്ക്‌ തറപ്പിച്ചുനോക്കി. എന്നെ ഓപ്പറേഷൻ തീയേറ്ററിലെ മേശപ്പുറത്ത്‌ കിടത്തിയതു മാത്രമേ എനിക്കോർമ്മയുള്ളു. പിന്നെ അവിടെ എന്തു സംഭവിച്ചു എന്നൊന്നും എനിക്കറിയില്ല. ക്ഷണനേരം കൊണ്ട്‌ ശസ്ത്രക്രിയ കഴിയാൻ ഇത്ര നിസ്സാരമാണോ ബൈപാസ്‌ സർജറി എന്ന്‌ ഞാൻ ചിന്തിച്ചു. എനിക്കത്‌ വിശ്വസിക്കാൻ കഴിഞ്ഞില്ല. പിന്നീടാണറിഞ്ഞത്‌ മണിക്കൂറുകൾ നീണ്ടുനിന്ന ശസ്ത്രക്രിയയായിരുന്നു അതെന്ന്‌. ചെറുപ്പക്കാരായ ഡോക്ടർമാരാണ്‌ കാർഡിയോളജി വിഭാഗത്തിലുണ്ടായിരുന്നത്‌. രോഗികളോട്‌ വളരെ സ്നേഹമസൃണമായ പെരുമാറ്റം. തുടക്കത്തിലേ തന്നെ ആ പെരുമാറ്റം എന്നെ വളരെയധികം ആകർഷിച്ചിരുന്നു.
    ശസ്ത്രക്രിയ കഴിഞ്ഞ്‌ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. അവിടെയുണ്ടായിരുന്ന നേഴ്സുമാരുടെയും ഡോക്ടർമാരുടെയും സ്നേഹനിർഭരമായ പെരുമാറ്റവും ഇടപെടലും എന്റെ എല്ലാ തെറ്റിദ്ധാരണകളെയും അകറ്റി. ചിരിച്ചുകൊണ്ടല്ലാതെ അവർ രോഗികളെ സമീപിക്കാറില്ല. രക്തബന്ധമുള്ള സ്വന്തം ആൾക്കാരിൽ നിന്നുള്ള അകൃത്രിമമായ സംഭാഷണരീതി. അതാരെയും വശീകരിക്കും. തീർച്ചയായും ഒരു രോഗി പ്രതീക്ഷിക്കുന്നത്‌ അത്തരമൊരു പെരുമാറ്റമാണ്‌. ഒരു നേഴ്സിൽ നിന്നോ ഡോക്ടറിൽ നിന്നോ മുഖം മുഷിഞ്ഞ ഒരു പെരുമാറ്റമോ സ്നേഹശൂന്യമായ ഒരു വാക്കോ ഉണ്ടായാൽ ആരോഗിയെ അത്‌ വളരെയധികം വേദനപ്പെടുത്തും. ഈ മനഃശ്ശാസ്ത്രം നല്ലതുപോലെ അറിയാവുന്നവരാണ്‌ അവിടെയുള്ള ഡോക്ടർമാരും നേഴ്സുമാരും. ഈ പെരുമാറ്റ ശൈലി വളരെ കർക്കശമായ ഒരു ശിക്ഷണത്തിൽ നിന്ന്‌ ലഭിച്ചതാണെന്ന്‌ ഞാൻ വിശ്വസിക്കുന്നു. ഞാനിത്‌ വെറുതെ പുകഴ്ത്തി പറയുകയല്ല. അനുഭവത്തിന്റെ വെളിച്ചത്തിലാണിതു പറയുന്നത്‌. സർക്കാരാശുപത്രികളിലെ ഡോക്ടർമാരും നേഴ്സുമാരും രോഗികളോട്‌ ഒരിക്കലും മൃദുവായി പെരുമാറുകയില്ലെന്നാണ്‌ ഞാൻ മനസ്സിലാക്കിയിരുന്നത്‌. പക്ഷേ, ഇവിടെ അതിന്‌ നേർ വിപരീതമായ അനുഭവമാണെനിക്കുണ്ടായത്‌. അതിന്‌ ചില അനുഭവങ്ങൾ പറയാം.
    ഒരാഴ്ചയോളം ഞാൻ ഐ.സി.യു വാർഡിൽ കഴിഞ്ഞു. പലതും നേരിൽ കണ്ടുംകേട്ടും അനുഭവിച്ചും മനസ്സിലാക്കാൻ കഴിഞ്ഞു. വളരെ വൃത്തിയും വെടിപ്പുമുള്ള വാർഡ്‌. ലവലേശം ദുർഗ്ഗന്ധമില്ല. മനസ്സിൽ നിന്ന്‌ ഒരിക്കലും മാഞ്ഞുപോകാത്ത ചില സംഗതികൾക്ക്‌ ഞാൻ സാക്ഷ്യം വഹിച്ചു.
    എന്റെ കട്ടിലിന്റെ വലതുവശത്തെ കട്ടിലിൽ കിടന്നത്‌ പാവപ്പെട്ട ഒരു സ്ത്രീയാണ്‌. ഒരു തൂപ്പുകാരി. ഇടതുവശത്തെ കട്ടിലിൽ കിടന്നത്‌ മധ്യവയസ്കനായ ഒരു ചുമട്ടു തൊഴിലാളി. രാവിലത്തെ പരിശോധന കഴിഞ്ഞാൽ പ്രധാന ഡോക്ടർ വല്ലപ്പോഴുമൊന്നു റോന്തുചുറ്റുക പതിവുണ്ട്‌. ഒരു ദിവസം രാവിലെ അദ്ദേഹം വാർഡിൽ വന്നു. വാർഡിൽ ഉണ്ടായിരുന്ന രണ്ട്‌ നേഴ്സുമാരും ഒരു രോഗിയെ ശുശ്രൂഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. തൂപ്പുകാരിയായ സ്ത്രീ കട്ടിലിൽ എഴുന്നേറ്റിരിക്കാൻ ബദ്ധപ്പെടുന്നത്‌ ഡോക്ടർ കണ്ടു. അദ്ദേഹം വേഗം അവരുടെ അടുത്തെത്തി.
    അവരുടെ തോളിൽ കൈവച്ചുകൊണ്ടദ്ദേഹം ചോദിച്ചു;
    "എന്താ അമ്മേ, ബുദ്ധിമുട്ടു വല്ലതുമുണ്ടോ?"
    "എനിക്കൊന്നെഴുന്നേറ്റാൽ കൊള്ളാമെന്നുണ്ട്‌"
    "ഡോക്ടർ വേഗം തന്നെ അവരെ താങ്ങിപ്പിടിച്ചെഴുനേൽപ്പിച്ചു."
    "ആരാ അമ്മയുടെ കൂടെയുള്ളത്‌?"
    "അനുജത്തിയുണ്ട്‌. അവൾ പുറത്തേക്കുപോയിരിക്കുകയാണ്‌".
    "കഞ്ഞികുടിച്ചോ?"
    "ഇല്ല. കൊണ്ടു വന്നുവച്ചിട്ടുണ്ട്‌."
    അദ്ദേഹം അലമാരിയിൽ നിന്ന്‌ കഞ്ഞിയെടുത്ത്‌ സ്പൂൺകൊണ്ട്‌ കോരിക്കൊടുത്തു. ഒരു മകൻ സ്വന്തം അമ്മയെ പരിചരിക്കുന്നതുപോലെ. താനൊരു ഡോക്ടറാണെന്ന ഭാവം അദ്ദേഹത്തിനുതെല്ലുമില്ല. സത്യത്തിൽ, അദ്ദേഹത്തിന്റെ ആത്മാർത്ഥത നിറഞ്ഞ ആ പെരുമാറ്റം കണ്ടപ്പോൾ എന്റെ ഹൃദയം തേങ്ങിപ്പോയി. ഇങ്ങനെയും ഡോക്ടർമാരുണ്ടോ. ഞാൻ സ്വയം ചോദിച്ചു.
    ഡോക്ടർ ആ സ്ത്രീയെ കഞ്ഞികുടിപ്പിച്ച്‌ കട്ടിലിൽ കിടത്തിയിട്ടാണ്‌ എന്റെയടുത്തു വന്നത്‌. ചിരിച്ചുകൊണ്ട്‌ വിശേഷങ്ങൾ ചോദിച്ചു. നാഡി പിടിച്ചുനോക്കിയിട്ട്‌ അടുത്ത രോഗിയുടെ അടുത്തേക്കു നീങ്ങി. അദ്ദേഹത്തെ കണ്ടപ്പോൾത്തന്നെ അയാൾ കട്ടിലിൽ എഴുന്നേറ്റിരുന്നു. ഡോക്ടർ അടുത്തുചെന്നപ്പോൾ അയാൾ ഡോക്ടറെ കെട്ടിപ്പിടിച്ചുകൊണ്ട്‌ തേങ്ങിക്കരഞ്ഞു. ഡോക്ടർ അയാളുടെ പുറത്തുതട്ടി ആശ്വസിപ്പിച്ചു. ഇതാണ്‌ ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധം! ഇങ്ങനെ തന്നെയാണ്‌ വേണ്ടത്‌. പക്ഷേ ഇങ്ങനെ മറ്റൊരാളെകാണാൻ കഴിഞ്ഞെന്നുവരില്ല.
    ഞാനിത്‌ സ്വപ്നം കാണുകയാണോ എന്നു സംശയിച്ചു പോയി. നേഴ്സുമാരും എത്രതിരക്കുണ്ടെങ്കിലും ഒരു മുഷിപ്പും കൂടാതെയാണ്‌ രോഗികളെ പരിചരിക്കുന്നത്‌. സ്നേഹവും സേവനമനസ്ഥിതിയും ത്യാഗമനോഭാവവുമുള്ള ഏതാനും ഡോക്ടർമാരുടെയും നേഴ്സുമാരുടെയും പരിചരണത്തിൽ ഏതാനും ദിവസം കഴിഞ്ഞത്‌ ഒരു മഹാഭാഗ്യമായി ഞാൻ കരുതുന്നു.
    വേണമെങ്കിൽ കേരളത്തിലുള്ള എല്ലാ സർക്കാർ ആശുപത്രികളും ഇതുപോലെ മാതൃകാസ്ഥാപനങ്ങളാക്കി മാറ്റാൻ കഴിയും. പക്ഷേ, നിർഭാഗ്യമെന്നു പറയട്ടെ, കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലെ തന്നെ മറ്റു പലവാർഡുകളിലേയും സ്ഥിതി ഇതല്ല. ഉള്ളിൽ സ്നേഹവും ത്യാഗമനസ്ഥിതിയുമുള്ള ഇതുപോലുള്ള ഡോക്ടർമാരും നേഴ്സുമാരുമുണ്ടെങ്കിൽ സർക്കാർ ആശുപത്രികൾ മാതൃകാ സ്ഥാപനങ്ങളായി മാറും. എന്നെ പരിചരിച്ച കാർഡിയോ തൊറാസിക്‌ വിഭാഗത്തിലെ ഡോക്ടർമാരുടെയും നേഴ്സുമാരുടെയും സേവനമനോഭാവത്തിനും അർപ്പണ മനോഭാവത്തിനും മുന്നിൽ ഞാൻ സ്നേഹാദരങ്ങളോടെ എന്റെ ശിരസ്സു നമിക്കുന്നു. എന്റെ നമോവാകങ്ങൾ!!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...