19 Jul 2013

പ്രതികരണം

 ഷിനോദ് എൻ. കെ

"മലയാളിയുടെ ലൈംഗികതൃഷ്ണ: കഴുക്കോലുകൾ പൊളിച്ചടുക്കേണ്ടിയിരിക്കുന്നു.
!!" (സുലോച് എം.എ) എന്ന ലേഖനത്തെക്കുറിച്ച്.

"ആഗോളവല്‍കൃത സമൂഹഘടനയെ സമ്പന്നരാഷ്ട്രങ്ങളുടെ അതേ അളവുകോലുകളില്‍ സ്വാംശീകരിച്ച് ചെറുചലനങ്ങളെ പോലും നിരസിച്ചു കൊണ്ട് സ്വീകരിക്കുക എന്ന വിസ്മയകരമായ തന്ത്രം എല്ലാ സാമൂഹ്യ ഇടപെടലുകളിലും വേരുപിടിച്ചു നില്‍ക്കുന്നു എന്ന പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഇതിനെ വര്‍ഗീകരിക്കാവുന്നതാണ് ."- ഇതെന്ത് വര്‍ഗീകരണമാണ്‌. ലേഖനം മുഴുവന്‍ പരതിയിട്ടും വര്‍ഗീകരണം കണ്ടില്ല.
"എന്നാല്‍ അടിസ്ഥാനപരമായ ഒരു ചരിത്രപശ്ചാത്തലത്തില്‍ നിന്നുകൊണ്ട് മലയാളിയുടെ രതിയെ വായിക്കുമ്പോള്‍ അത് കാലഘട്ടങ്ങളുടെ അമൂര്‍ത്തചേതനകളെ പരിഹൃതമല്ലാത്ത പന്ഥാവിലൂടെ കടത്തിവിടുന്നു എന്നുകാണാം."-രതിയെ ചരിത്രപശ്ചാത്തലത്തില്‍ വായിക്കുന്നു. ശരി ആ വായന എവിടെ? ഇനി, "കാലഘട്ടങ്ങളുടെ അമൂര്‍ത്തചേതനകളുടെ പരിഹൃതമല്ലാത്ത പന്ഥാവ്"- എഴുത്തുകാരനറിയാവുന്ന കുറേ വാക്കുകള്‍ വായിക്കുന്നവര്‍ക്ക് കിട്ടും എന്നല്ലാതെ ഇതില്‍ നിന്നും വേറെ എന്ത് കിട്ടും?
വേറൊരു നീണ്ട വാചകം
"പരസ്ത്രീ-പരപുരുഷ ബന്ധങ്ങളുടെ സാധ്യതകളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ അടിത്തട്ടില്‍ നിര്‍ല്ലോഭം നടക്കുമ്പോഴും ശൈശവ വിവാഹങ്ങളിലൂടെ കൗമാര-യൗവന ലൈംഗികാസക്തിയെ തളച്ചിടാനുള്ള അബോധപൂര്‍വ്വമായ ശ്രമങ്ങളും ദേവദാസി /സംബന്ധ മാര്‍ഗ്ഗ സ്ഥാപനങ്ങളിലൂടെയും, ശക്തമായ പാപബോധത്തിന്‍റെ സാമൂഹ്യവല്‍ക്കരണത്തില്‍ ഊന്നിയ ഒരു സമൂഹത്തില്‍ നിന്നും മലയാളി ആധുനിക ജീവിതത്തിലേയ്ക്ക് ചുവടു മാറുമ്പോഴും സ്വീകരിക്കേണ്ട ബോധനങ്ങളില്‍ സ്വയം നഷ്ടമാകുന്ന കാഴ്ച കാണാം."
സംബന്ധവും ദേവദാസി സമ്പ്രദായവും ഇപ്പോഴും കേരളത്തില്‍ ഉണ്ടോ? സംബന്ധം എന്ന സമ്പ്രദായം എന്ത് പാപ ബോധമാണ്‌ ഉണ്ടാക്കിയത്? അക്കാലത്ത് തികച്ചും സാധുവായ ഒരു സാമൂഹ്യ ക്രമമായിരുന്നു സംബന്ധം. പാപബോധം തുടങ്ങിയ വാക്കുകള്‍ വെറുതേ എടുത്ത് വീശരുത്.
ചുരുക്കാം. ലേഖനങ്ങള്‍ക്കെങ്കിലും എഡിറ്റിംഗ് നല്ലാതാണ്‌. എന്താണ്‌ അയച്ചു കിട്ടിയതില്‍ എഴുതിയിരിക്കുന്നത് എന്ന് എഡിറ്റര്‍ വായിച്ച് നോക്കുന്നത് വളരെ നന്നാകും. എന്തൊക്കെയോ വാരിവലിച്ച് എഴുതിയാല്‍ ലേഖനമാകില്ല.

അവസാനമായി, കഴുക്കോല്‍ എന്ന രൂപകത്തെക്കുറിച്ച്. കഴുക്കോല്‍ എന്ന ആ പ്രയോഗം എങ്ങനെ സാധുവാകുന്നു എന്ന് മനസ്സിലായില്ല. ലേഖനത്തില്‍ വീടോ കഴുക്കോലോ കണ്ടില്ല. ചുമ്മാ ചേര്‍ത്തതാണ്‌ കഴുക്കോല്‍ എന്ന് കരുതണമോ?
ഉള്ളടക്കത്തെക്കുറിച്ച് പറയാന്‍ ഏറെ ഇല്ലാത്തതുകൊണ്ടാണ്‌ ലേഖനത്തിന്റെ ഭാഷയെക്കുറിച്ച് ഏറെപ്പറഞ്ഞത്. കടുത്താണ്‌ എന്നറിഞ്ഞു തന്നാണ്‌ പറയുന്നത്.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...