19 Jul 2013

വർഗ്ഗ സങ്കരണം വരുമാന വർദ്ധനയ്ക്ക്‌


സി. ശശികുമാർ
ടെക്നിക്കൽ ഓഫീസർ, നാളികേര വികസന ബോർഡ്‌, കൊച്ചി
ദീർഘകാല വിളയായ തെങ്ങിൽ പരപരാഗണം മുഖേനയാണ്‌ വംശ വർദ്ധനവ്‌ നടക്കുന്നത്‌. മാതൃ, പിതൃ വൃക്ഷങ്ങളുടെ ഹിതകരമല്ലാത്ത ജനിതക ഗുണങ്ങൾ ഇതുവഴി കൈമാറ്റം ചെയ്യപ്പെടുന്നു. ജനിതക ഗുണങ്ങളാൽ സമൃദ്ധമായ തെങ്ങിൻ തൈകൾ നട്ടുപിടിപ്പിച്ച്‌ വിളവും ആദായവും മെച്ചപ്പെടുത്താനാണ്‌ ഇന്ന്‌ ഓരോ കർഷകനും ശ്രമിക്കുന്നത്‌. ഇതാണ്‌ സങ്കരയിനം തെങ്ങുകളുടെ ആവശ്യകത വർദ്ധിച്ചുവരുന്നതിന്റെ പ്രധാന കാരണം.
കുറിയയിനങ്ങളുടേയും നെടിയയിനങ്ങളുടേയും സ്വഭാവഗുണങ്ങൾ ഒത്തുചേരുന്ന സങ്കരയിനം തെങ്ങുകൾ ഉത്പാദനക്ഷമതയിൽ മുൻപന്തിയിലാണ്‌. ആവശ്യാനുസരണം സങ്കരയിനം തെങ്ങിൻ തൈകൾ ലഭ്യമല്ലാത്തതിനാൽ കർഷകർക്ക്‌ താൽപര്യമനുസരിച്ച്‌ അവ കൃഷി ചെയ്യാൻ സാധിക്കാതെ വരുന്നു.  സ്വകാര്യ നഴ്സറികളിൽ നിന്ന്‌ ലഭിക്കുന്ന സങ്കരയിനം തൈകൾക്കാകട്ടെ ഗുണനിലവാരത്തിൽ യാതൊരു വിശ്വാസ്യതയുമില്ല താനും. ഇവിടെയാണ്‌ കർഷകർ സ്വന്തമായി സങ്കരയിനങ്ങൾ ഉത്പാദിപ്പിക്കുന്നതിന്റെ പ്രസക്തി വർദ്ധിക്കുന്നത്‌. സങ്കരയിനങ്ങളുടെ ഉത്പാദനം വഴി കർഷകന്റെ വരുമാനത്തിൽ ഗണ്യമായ വർദ്ധനയുണ്ടാകുകയും ചെയ്യും.
തമിഴ്‌നാട്ടിൽ കോയമ്പത്തൂർ ജില്ലയിലുള്ള സുൽത്താൻപേട്ട്‌ സ്വദേശി ശ്രീ. കെ. കതിരവൻ സങ്കരയിനം തൈ ഉത്പാദനത്തിന്റെ സാദ്ധ്യതകൾ തൊട്ടറിഞ്ഞ വ്യക്തിയാണ്‌. കഴിഞ്ഞ 2 ദശാബ്ദങ്ങളായി ശ്രീ.കതിരവൻ തെങ്ങുകൃഷി ചെയ്തുവരുന്നു. പിതാവിൽ നിന്ന്‌ പരമ്പരാഗതമായി ലഭിച്ച 96 ഏക്കർ സ്ഥലത്ത്‌ വിവിധയിനത്തിൽപ്പെട്ട തെങ്ങുകളാണ്‌ കൃഷി ചെയ്യുന്നത്‌. പശ്ചിമതീര നെടിയയിനമാണ്‌ 40 ഏക്കറിൽ കൃഷി ചെയ്യുന്നത്‌. തീപ്തൂർ നെടിയയിനം 20 ഏക്കറിലും മലയൻ മഞ്ഞ കുറിയയിനം 12 ഏക്കറിലും ചാവക്കാട്‌ ഓറഞ്ച്‌ കുറിയയിനം 8 ഏക്കറിലും കൃഷി ചെയ്യുന്നുണ്ട്‌. പതിനാറ്‌ ഏക്കറിൽ ഡി തടി സങ്കരയിനങ്ങൾ കൃഷി ചെയ്യുന്നു.
സാധാരണ കർഷകരിൽ നിന്ന്‌ വേറിട്ട്‌ ചിന്തിക്കുന്നു എന്നതാണ്‌ കതിരവനെ വ്യത്യസ്തനാക്കുന്നത്‌. സങ്കരയിനം തൈകൾക്ക്‌ അധികം വില കൊടുക്കേണ്ടി വന്നത്‌ കതിരവനെ വഴിമാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു. 'സങ്കരയിനങ്ങൾക്ക്‌ ആവശ്യകത വർദ്ധിച്ചുവരികയാണ്‌, എന്തുകൊണ്ട്‌ സങ്കരയിനങ്ങൾ തന്റെ തോട്ടത്തിൽ ഉത്പാദിപ്പിച്ച്‌ കൂടാ' കതിരവന്റെ ആലോചന ആ വഴിയ്ക്കായിരുന്നു. പരുത്തിയിൽ സങ്കരണ പ്രവർത്തനം നടത്തിയിരുന്ന പിതാവിന്റെ അനുഭവസമ്പത്തും വിശ്വാസവും കതിരവന്‌ പ്രേരണയായി. വർഗ്ഗസങ്കരണത്തിൽ വിദഗ്ദ്ധരായ അഞ്ച്‌ ടെക്നീഷ്യന്മാരുടെ സേവനം പ്രയോജനപ്പെടുത്തി 2008 ൽ അദ്ദേഹം സങ്കരണ പ്രവർത്തനങ്ങൾക്ക്‌ തുടക്കമിട്ടു.
കതിരവന്റെ അനുഭവത്തിൽ മലയൻ മഞ്ഞ കുറിയയിനം, പശ്ചിമതീര നെടിയയിനവുമായി സങ്കരണം നടത്തി ഉത്പാദിപ്പിക്കുന്ന സങ്കരയിനമാണ്‌ കരിക്കിൻ വെള്ളത്തിന്റെ അളവിലും വലിപ്പത്തിലും മെച്ചപ്പെട്ടതായി കാണുന്നത്‌. ഭംഗിയുളള പച്ചനിറവും അതിനെ ആകർഷകമാക്കുന്നു. ഇത്തരത്തിലുള്ള സങ്കരയിനം തെങ്ങിൻ തൈയുടെ വില ഒന്നിന്‌ 300 രൂപയാണ്‌. ചാവക്കാട്‌ ഓറഞ്ചും പശ്ചിമ തീര നെടിയനും ബീജസങ്കലനം നടത്തി ഉത്പാദിപ്പിക്കുന്ന തൈയ്ക്ക്‌ 120 രൂപയാണ്‌ വില. തമിഴ്‌നാട്‌, ആന്ധ്രാപ്രദേശ്‌, ആസ്സാം എന്നിവിടങ്ങളിലാണ്‌ തൈകൾ പ്രധാനമായും വിപണനം ചെയ്യുന്നത്‌.
കതിരവന്റെ തോട്ടത്തിൽ 1200 ചാവക്കാട്‌ ഓറഞ്ച്‌ കുറിയയിനം തെങ്ങുകളും 850 മലയൻ മഞ്ഞയും 94 ഗംഗാബോന്തം തെങ്ങുകളും 1120 ഡിഃടി സങ്കരയിനങ്ങളും 2736 നെടിയയിനം തെങ്ങുകളുമാണുള്ളത്‌. തോട്ടത്തിലെ തെങ്ങുകൾക്ക്‌ മുഴുവൻ തടമെടുത്ത്‌, കണിക ജലസേചനം ഏർപ്പെടുത്തി നന്നായി പരിപാലിച്ച്‌ വരുന്നു.
മലയൻ മഞ്ഞ കുറിയയിനത്തിൽപ്പെട്ട 420 തെങ്ങുകളിലാണ്‌ കതിരവൻ സങ്കരണ പ്രവർത്തനങ്ങൾ നടത്തുന്നത്‌. ഇവയിൽ നിന്ന്‌ പ്രതിമാസം ലഭിക്കുന്ന 3500 ഓളം വിത്തുതേങ്ങകളിൽ നിന്ന്‌ 3,000 തെങ്ങിൻ തൈകൾ ഉത്പാദിപ്പിച്ച്‌ വിൽപ്പന നടത്തുന്നു. ഇതുവരെ മൊത്തം1,60,000 തെങ്ങിൻ തൈകൾ ഉത്പാദിപ്പിച്ച്‌ വിൽപന നടത്തിയിട്ടുണ്ട്‌. ഇതിൽ 40,000 എണ്ണം മലയൻ മഞ്ഞ ഃ പശ്ചിമതീര നെടിയൻ സങ്കരവും 20,000 ചാവക്കാട്‌ ഓറഞ്ച്‌ ഃ പശ്ചിമതീര നെടിയൻ സങ്കരവുമായിരുന്നു. ഒരു ലക്ഷത്തോളം ചാക്കാട്‌ കുറിയയിനത്തിൽപ്പെട്ട തെങ്ങിൻ തൈകളും വിൽപ്പന നടത്തിയിട്ടുണ്ട്‌.
ഇതിന്‌ പുറമേ വർഷം തോറും 1 ലക്ഷത്തോളം കരിക്കും കതിരവൻ വിൽപന നടത്തുന്നു. ഒരുവർഷം ഒരുകോടിയോളം രൂപ തെങ്ങിൻ തൈകളുടെ വിൽപന നടത്തുന്നതിലൂടെയും നാളികേര വിൽപനയിലൂടെ 35 ലക്ഷം രൂപയും വരുമാനം നേടുന്നുണ്ട്‌ കതിരവൻ. തെങ്ങിൻ തോട്ടത്തിൽ വിവിധയിനം ഫലവൃക്ഷങ്ങളും, അലങ്കാര സസ്യങ്ങളും, വനവൃക്ഷത്തൈകളും വളർത്തി വിൽപന നടത്തുന്നുണ്ട്‌. കതിരവന്റെ നഴ്സറി സുൽത്താൻപെട്ടിലും തെങ്ങിൻ തോട്ടങ്ങൾ നായിക്കൻപാളയത്തും പൂരണ്ടപാളയത്തുമാണ്‌. കതിരവന്റെ ഫോൺ നമ്പർ: 09842256623.
മേൽവിലാസം:
കെ. കതിരവൻ,
ശ്രീ അംബാൾ നഴ്സറി, സേഞ്ചേരി പിരിവ്‌, സുൽത്താൻപേട്ട്‌- 641669, സൂലാൻ താലൂക്ക്‌, കോയമ്പത്തൂർ

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...