ശ്രീകുമാർ പൊതുവാൾ
പ്രോസസ്സിംഗ് എഞ്ചിനീയർ, നാളികേര വികസന ബോർഡ്, കൊച്ചി
പ്രകൃതിയുടെ അമൂല്യവരദാനമാണ് പോഷക സമ്പൂർണ്ണമായ കരിക്കിൻ വെള്ളം. അനവധി ഔഷധഗുണങ്ങളുള്ള കരിക്കിൻവെള്ളം ആരോഗ്യദായക പാനീയമെന്ന നിലയിൽ അതിവേഗം ജനപ്രീതിയാർജ്ജിച്ചുവരുന്നു. ലോകമെമ്പാടും തന്നെ ലഘുപാനീയ വിപണിയുടെ ഗണ്യമായൊരു ഭാഗം കരിക്കിൻവെള്ളം കയ്യടക്കി കഴിഞ്ഞു.
കരിക്കിൻ വെള്ളത്തിൽ അവശ്യ ഇലക്ട്രൊലൈറ്റുകളും ഉയർന്ന തോതിൽ പൊട്ടാസ്യവും അടങ്ങിയിരിക്കുന്നതിനാൽ സ്പോർട്ട്സ് ഡ്രിങ്ക് എന്ന നിലയിലും പ്രിയമേറി വരികയാണ്. കാത്സ്യം, സോഡിയം, മഗ്നീഷ്യം, മാംഗനീസ് തുടങ്ങിയ നിരവധി ധാതുക്കളും കരിക്കിൻ വെള്ളത്തിൽ അടങ്ങിയിരിക്കുന്നു. നിർജ്ജലീകരണത്തിനുള്ള ചികിത്സയിൽ കരിക്കിൻ വെള്ളം അതീവ ഫലപ്രദമാണ്.
കരിക്കിൻവെള്ളം നല്ലൊരു ആരോഗ്യദായക പാനീയമായതിനാൽ അതിന്റെ പ്രകൃത്യാലുള്ള രൂപത്തിൽതന്നെ ലഘുവായ തോതിൽ സംസ്ക്കരിച്ച് വിപണിയിലെത്തിച്ചാൽ രാജ്യത്തിനകത്തും പുറത്തും ണല്ലോരു വിപണി കണ്ടെത്താവുന്നതാണ്. ലഘുവായി സംസ്ക്കരിച്ച കരിക്കിന്റെ ഉത്പാദനത്തിലേർപ്പെടുക വഴി കർഷകന് വരുമാനത്തിലും ഗണ്യമായ വർദ്ധനയുണ്ടാക്കാൻ കഴിയും.
ലഘുവായി സംസ്ക്കരിച്ച കരിക്ക് എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഭാഗികമായി തൊണ്ട് നീക്കം ചെയ്ത കരിക്കാണ്. കരിക്കിന്റെ തൊണ്ട് ആകർഷകമായ രൂപം ലഭിക്കത്തക്കവിധം നീക്കം ചെയ്യുന്നു. അതിന്റെ പ്രകൃത്യാലുള്ള നിറം നഷ്ടപ്പെടാതെയിരിക്കാൻ പ്രത്യേക സംരക്ഷക ലായിനിയിൽ മുക്കിയെടുക്കുന്നു. പിന്നീട്, ഫുഡ് ഗ്രേഡ് ആവരണം കൊണ്ട് പൊതിഞ്ഞ് ലേബൽ നൽകി വിപണനം ചെയ്യുന്നു.
സംസ്ക്കരണ രീതി
ഇടത്തരം വലിപ്പമുള്ള കരിക്ക് തെങ്ങിൽ നിന്ന് ക്ഷതമൊന്നുമേൽക്കാത്ത രീതിയിൽ വിളവെടുക്കുന്നു. കരിക്ക് കൈകാര്യം ചെയ്യുന്നതിൽ അതീവ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കരിക്കിൽ പൊട്ടലോ ചതവോ മറ്റോ ഏറ്റാൽ തൊണ്ട് നീക്കം ചെയ്യുമ്പോൾ തവിട്ട് നിറമുള്ള മുറിപ്പാടുകൾ അതിന്മേൽ കാണപ്പെടുന്നതാണ്. അത്തരം കരിക്കുകൾ ലഘുസംസ്ക്കരത്തിന് അനുയോജ്യമല്ല.
7-8 മാസം പ്രായമുള്ള കരിക്കുകളാണ് തെരഞ്ഞെടുക്കേണ്ടത്. നല്ല വായുസഞ്ചാരമുള്ള സ്ഥലത്തായിരിക്കണം ഇവ സൂക്ഷിക്കേണ്ടത്. തെരഞ്ഞെടുത്ത കരിക്കുകൾ ആവശ്യമുള്ള ആകൃതിയിൽ ചെത്തിയൊരുക്കുന്നു.
പിന്നീട്, പ്രത്യേകം തയ്യാറാക്കിയ ലായിനിയിൽ ചുരുങ്ങിയത് 10 മിനിട്ടെങ്കിലും കരിക്ക് മുക്കിവെയ്ക്കുന്നു. 15 മിനിട്ടിൽ കൂടുതൽ ലായനിയിൽ മുക്കിവെയ്ക്കരുത്. ലായനിയിൽ നിന്നും പുറത്തെടുത്ത കരിക്ക് വായുവിൽ തുറന്നുവെച്ച് ഈർപ്പമകറ്റിയെടുക്കണം. ചെറിയ ദ്വാരങ്ങളുള്ള സ്റ്റീൽ ട്രേ ഇതിനായി ഉപയോഗിക്കാം. പിന്നീട്, കരിക്ക് നേരിയ ആവരണം കൊണ്ട് പൊതിയുന്നു. നിറത്തിൽ മാറ്റം വല്ലതും വന്നിട്ടുണ്ടോ എന്ന് പരിശോധിച്ചാണ് ഗുണനിലവാരം നിശ്ചയിക്കുന്നത്. പൊതിഞ്ഞ നാളികേരം കാർട്ടണുകളിൽ പായ്ക്ക് ചെയ്ത് ക്ഷതമേൽക്കാത്തവിധം സൂക്ഷിക്കുന്നു. 10 ഡിഗ്രി സെന്റിഗ്രേഡ് മുതൽ 12 ഡിഗ്രി സെന്റിഗ്രേഡ് വരെ ശീതികരിച്ച അന്തരീക്ഷത്തിൽവേണം കരിക്ക് സൂക്ഷിക്കേണ്ടത്. കരിക്ക് വിപണന കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുമ്പോഴും അതേ താപനിലയിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. വളരെ വൃത്തിയും ശുചിത്വവുമുള്ള രീതിയിൽ വേണം കരിക്ക് കൈകാര്യം ചെയ്യേണ്ടത്. പ്രസ്തുത രീതിയിൽ സംസ്ക്കരിച്ച കരിക്ക് അന്തരീക്ഷ താപനിലയിൽ 6 മുതൽ 8 ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാം, ശീതികരിച്ച അവസ്ഥയിൽ 30 മുതൽ 45 ദിവസം വരേയും.
ലഘുവായി സംസ്ക്കരിച്ച കരിക്കിന് നല്ല വിപണിയുണ്ട്. സൂപ്പർ മാളുകൾ, കേറ്ററിംഗ് ഏജൻസികൾ, മുന്തിയ ഹോട്ടലുകൾ, ക്ലബ്ബുകൾ, റെസ്റ്റോറന്റുകൾ, ആശുപത്രികൾ തുടങ്ങിയയിടങ്ങളിലെല്ലാം ഇതിന് വിപണന സാദ്ധ്യതയുണ്ട്. കേരളത്തിൽ പക്ഷേ, വളരെക്കുറച്ച് യൂണിറ്റുകൾ മാത്രമേ ലഘുവായി സംസ്ക്കരിച്ച കരിക്ക് ഉത്പാദിപ്പിക്കുന്നുള്ളൂ.
നാളികേര വികസന ബോർഡ് ലഘുവായി സംസ്ക്കരിച്ച കരിക്ക് ഉത്പാദനത്തിനുള്ള സാങ്കേതിക വിദ്യയും സാമ്പത്തിക സഹായവും നൽകുന്നുണ്ട്. ആലുവയിൽ വാഴക്കുളത്തുള്ള ബോർഡിന്റെ സാങ്കേതികവിദ്യ വികസന കേന്ദ്രത്തിൽ ലഘുവായി സംസ്ക്കരിച്ച കരിക്ക് ഉത്പാദിപ്പിക്കുന്നതിന് പരിശീലനം നൽകി വരുന്നു. കൂടുതൽ വിവരങ്ങൾക്ക് 0484 2679680 എന്ന ഫോൺനമ്പറിൽ ബന്ധപ്പെടുക.