19 Jul 2013

ഇളംനോവുകൾ

ദിനകരൻ പി.പി


നേരം പുലരാറായെന്നു ചൊല്ലീടും പോ-
ലാർത്തു വിളിക്കും പറവകളേ,
നേരമൊരിത്തിരി വേണമെനിക്കെന്റെ-
യമ്മതൻ ചൂടിൽ മയങ്ങീടാനായ്.
എന്നും പുലർകാലേയമ്മയകലെയാ-
പാടവരമ്പത്തണഞ്ഞീടുന്നു.
ഇന്നുമതിനൊരു മാറ്റം വന്നീടാതെ-
യമ്മയകന്നെന്റെ ചാരേനിന്നും.

അച്ഛനുമമ്മയും പേറി ദുരിതങ്ങ-
ളന്നമെനിക്കായൊരുക്കീടുവാൻ.
അല്ലലില്ലാതെനിക്കേകിയവരന്നം
മിച്ചമായുള്ളതവർ ഭുജിച്ചു.
ബാലകനാമെനിക്കെങ്കിലുമമ്മതൻ
ചാരേ മയങ്ങാൻ കൊതിയേറുന്നു.
ജാലകവും തുറന്നിട്ടു ഞാനെന്നുടെ-
യമ്മയെ കാത്തുനിന്നീടുമെന്നും.

അന്തിയോളം തൊഴിൽ ചെയ്തു വിവശയാ-
യെന്നുടെ ചാരത്തണയുമമ്മ.
അമ്മതൻ പുഞ്ചിരി കാണുമ്പോളെന്നുടെ
കുഞ്ഞുമുഖവും വിടർന്നീടുന്നു.
അന്തിവെയിലാറും നേരത്തായെന്നച്ഛ-
നമ്പേ പരവശനായണയും.
അമ്മയേകീടും കടുംകാപ്പി മോന്തിയെൻ-
കൈയിലേകീടും പലഹാരങ്ങൾ.

എന്തേയെന്നച്ഛനുമമ്മയ്ക്കുമെന്നുടെ-
ചാരത്തിരിപ്പാനായാശയില്ലേ?
എന്നെപ്പുണർന്നേറെനേരം ശയിച്ചീടാ-
നെന്നുടെ മാതാവിനാശയില്ലേ?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...