19 Jul 2013

തെങ്ങിൻ തൈകൾ കാത്തുകാത്തൊരു കരിബിയൻ രാജ്യം


രമണി ഗോപാലകൃഷ്ണൻ
ഡെപ്യൂട്ടി ഡയറക്ടർ , 
പ്രമോദ്‌ കുര്യൻ
 ടെക്നിക്കൽ ഓഫീസർ,
നാളികേര വികസന ബോർഡ്‌

ആറ്‌ ലക്ഷം തെങ്ങിൻ തൈകൾ ഉടനടി ലഭിക്കണമെന്ന അഭ്യർത്ഥനയുമായി ഒരു ദ്വീപസമൂഹം - ട്രിനിഡാഡ്‌ ആന്റ്‌ ടുബാഗോ. 44,000 ഏക്കർ തെങ്ങുകൃഷിയുണ്ടായിരുന്ന സ്ഥാനത്ത്‌ 12,000 ഏക്കറായി കുറഞ്ഞ ഒരു രാജ്യം. ഗുണമേന്മയുള്ള വിത്തും തൈകളും ഇന്ത്യയിൽ നിന്നും ലഭ്യമാക്കാൻ അക്ഷമയോടെ കാത്തിരിക്കുന്നു ട്രിനിഡാഡ്‌. സാങ്കേതികവിദ്യയിൽ മുന്നിട്ടുനിൽക്കുന്ന ഇന്ത്യക്ക്‌ അഭിമാനിക്കാൻ വക നൽകിക്കൊണ്ട്‌.
1930 കളിൽ 44,000 ഏക്കർ തെങ്ങുകൃഷിയുണ്ടായിരുന്നു ട്രിനിഡാഡ്‌ എന്ന കരീബിയൻ ദ്വീപിൽ. 4768 ചതുരശ്ര കിലോ മീറ്റർ വിസ്തീർണ്ണമുള്ള ഈ കൊച്ചുരാജ്യത്തിന്റെ ഭാഗം തന്നെയാണ്‌ 300 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ടുബാഗോയും.  രാജ്യത്തിന്റെ മൊത്തം വിസ്തീർണ്ണം 5128 ചതുരശ്ര കിലോമീറ്റർ മാത്രം. 1962ൽ ബ്രിട്ടീഷ്‌ ആധിപത്യത്തിൽ നിന്ന്‌ സ്വതന്ത്രയായ ട്രിനിഡാഡിൽ തെങ്ങുകൃഷി കുറഞ്ഞ്‌ കുറഞ്ഞ്‌ 12,000ത്തിൽ താഴെ എത്തിനിൽക്കുന്നു. പ്രകൃതിവാതകത്തിന്റേയും പെട്രോളിയം ഉൽപന്നങ്ങളുടേയും അക്ഷയ സ്രോതസ്സായ ഈ കൊച്ചുരാജ്യത്തിന്‌ പക്ഷേ, തെങ്ങുകൃഷിയെ പുനരുദ്ധരിച്ചെടുക്കേണ്ടിയിരിക്കുന്നു.  ഊർജ്ജത്തിൽ നിന്നുള്ള സാമ്പത്തിക നേട്ടം സ്ഥായിയല്ലെന്നുള്ള തിരിച്ചറിവ്‌ രാജ്യത്തിന്‌ വന്നുതുടങ്ങിയെന്നർത്ഥം.  കാർഷികോൽപന്നങ്ങൾ കൃഷി ചെയ്ത്‌ ഉപയോഗപ്പെടുത്താൻ തീരുമാനിച്ചുറച്ചതുപോലെ.
ട്രിനിഡാഡിലെ തെങ്ങുകൃഷി പുനരുദ്ധരിച്ച്‌ കരിക്കിൻ വെള്ളം സംസ്ക്കരണ യൂണിറ്റുൾപ്പെടെയുള്ള വ്യവസായ യൂണിറ്റുകൾ തുടങ്ങണമെന്ന അതിയായ ആഗ്രഹത്തിന്‌ തിരി കൊളുത്തിയത്​‍്‌ സെന്റ്‌ പാട്രിക്‌ കോക്കനട്ട്‌ ഗ്രോവേഴ്സ്‌ കോ-ഓപ്പറേറ്റീവ്‌ സോസൈറ്റിയുടെ ചെയർമാൻ ശ്രീ. പ്രാണേഷ്‌ മഹാരാജ്‌ ആണ്‌. 2012 മെയ്‌ മാസത്തിൽ ട്രിനിഡാഡ്‌ ആന്റ്‌ ടുബാഗോ റിപ്പബ്ലിക്കിന്റെ പ്രതിനിധിയായി ഇന്ത്യയിൽ വരികയും നാളികേര വികസന ബോർഡുമായി ധാരണാപത്രം ഒപ്പുവെയ്ക്കുകയും ചെയ്ത കേരസ്നേഹി. 7500 ഏക്കർ കൃഷിയിടം അധികാര പരിധിയിലുള്ള സെന്റ്‌ പാട്രിക്‌ സോസൈറ്റി 10 ഏക്കർ മുതൽ 2000 ഏക്കർ വരെ കൃഷിഭൂമിയുള്ള 160 കർഷകരുടെ കൂട്ടായ്മയാണ്‌. തെങ്ങുകൃഷി നവീകരിക്കണമെന്ന കലശലായ ആഗ്രഹവും പേറിനടക്കുന്ന സിഡ്രസ്‌ പട്ടണ നിവാസികൾ.
തെങ്ങുകൃഷിയുടെ പതനത്തിന്റെ നിദാനത്തിലേയ്ക്കൊന്നു കണ്ണോടിക്കാം. റെഡ്‌ മൈറ്റ്‌ (ചുവന്ന മണ്ഡരി) എന്ന കീടവും റെഡ്‌ റിംഗ്‌ (ചുവപ്പ്‌ വളയം) രോഗവും ആണ്‌ ഇവിടുത്തെ തെങ്ങുകൃഷിയുടെ കൊലയാളികൾ എന്ന്‌ പറയുമ്പോഴും കേരളത്തിലേയും ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളിലേയും തെങ്ങുകൃഷിയെ വിറപ്പിച്ച മണ്ഡരിയും ഇവിടെ വിനാശകാരിയാണെന്ന്‌ കാണാം.
റോയില്ല ഇൻഡിക്ക (ഞമീലഹഹമ കിറശരമ) എന്ന ചുവന്ന മണ്ഡരി തെങ്ങോലകളുടെ അടിയിൽ മുട്ടയിട്ട്‌ വിരിഞ്ഞ്‌ നീരൂറ്റിക്കുടിക്കുമ്പോൾ ഓലകൾ മഞ്ഞച്ചും ക്രമേണ ഉണങ്ങിയും പ്രകാശസംശ്ലേഷണം നടക്കാതെ തെങ്ങു നശിക്കുന്നു. ചുവന്ന വളയരോഗത്തിന്റെ ഹേതുവാകട്ടെ റാഡിനോ ഫെലിഞ്ചസ്‌ കൊക്കോഫിലസ്‌ (ഞമറലിമുവലഹലിരൗ​‍െ രീരീ​‍ുവശഹൗ​‍െ) എന്ന നിമാ വിരയും. റിംകോഫോറസ്‌ പാമാരം എന്ന ചെല്ലിയാണത്രേ ഈ നിമാവിരകൾ പരത്തുന്ന ഷഡ്പദം. ഇന്ന്‌ ട്രിനിഡാഡിൽ 63,000 ലധികം തെങ്ങുകൾക്ക്‌ ചുവപ്പ്‌ വളയം രോഗം ബാധിച്ചതായി കണക്കുകൾ കാണിക്കുന്നു. ഇന്ത്യയിൽ നിന്നും ആന്ധ്രാസ്വദേശിയായ ശാസ്ത്രജ്ഞ ഡോ. സുജാത, റെഡ്‌റിംഗിനെതിരെ പ്രതിരോധമാർഗ്ഗം അവലംബിക്കാനുള്ള പഠനത്തിൽ നിയോഗിക്കപ്പെടുകയും അംബ്ലിഷ്യസ്‌ ലാർജോയെൻസിസ്‌ (അ​‍ായഹ്യശ്​‍െ ഹമൃഴീലിശെ​‍െ) എന്ന ശത്രുകീടത്തെ കണ്ടുപിടിക്കുകയും അതിന്റെ പ്രജനനം വഴി മണ്ഡരിയെ തുരത്തുന്നതിനുള്ള മാർഗ്ഗം ഉരുത്തിരിച്ചെടുക്കുകയും ചെയ്തു. ഇന്ത്യൻ ശാസ്ത്രജ്ഞന്മാരെക്കുറിച്ചുള്ള ട്രിനിഡാഡിന്റെ വിശ്വാസ്യത ഊട്ടി ഉറപ്പിക്കുന്നതിനും ഇതുവഴി സാധ്യമായി.

ഈ കീടരോഗബാധകൾ നിയന്ത്രണ വിധേയമാക്കുകയാണ്‌ ട്രിനിഡാഡിന്റെ തെങ്ങുകൃഷി പുനരുദ്ധാരണ സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനുള്ള ആദ്യപടി.  രോഗ, കീട നിയന്ത്രണ മാർഗ്ഗങ്ങളുടെ അഭാവവും ദുർബലമായ വിജ്ഞാനവ്യാപനവും കൃഷിയുടെ തകർച്ചയ്ക്ക്‌ ആക്കംകൂട്ടി. രോഗ കീടബാധയേറ്റു നശിക്കുന്ന തെങ്ങുകൾ അപ്പാടെ തോട്ടത്തിൽ കിടക്കുന്നതും തോട്ടത്തിന്റെ പരിപാലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്തതും രോഗങ്ങൾ വ്യാപിക്കാനും കീടങ്ങൾ പെറ്റുപെരുകാനുമിടയാക്കുന്നു.
കരിക്കിൻവെള്ളത്തിന്‌ വലിയ സാദ്ധ്യതയാണ്‌ ട്രിനിഡാഡിൽ കാണുന്നത്‌. വഴിയോരങ്ങളിൽ കരിക്ക്‌ വിൽക്കുന്ന പ്രദേശങ്ങളിൽ ഒരു കരിക്കിന്‌ 10 ട്രിനിഡാഡ്‌ ഡോളർ വിലയുണ്ട്‌. അതായത്‌ ഏകദേശം 91 ഇന്ത്യൻ രൂപ. ഈ വൻ വികസന സാദ്ധ്യത മുന്നിൽ കണ്ടുകൊണ്ട്‌ പലരും കരിക്കിന്റെ ഇനങ്ങൾ കൂടുതലായി വെച്ച്‌ പിടിപ്പിക്കാനുള്ള വ്യഗ്രതയിലാണ്‌. ബ്ലൂ വാട്ടേർസ്‌ എന്ന മിനറൽ വാട്ടർ കമ്പനി200 ഏക്കർ പ്രദേശത്ത്‌ മലയൻ ഡ്വാർഫ്‌ ഇനത്തിൽപ്പെട്ട കരിക്കിന്‌ അനുയോജ്യമായ ഇനങ്ങൾ വെച്ച്‌ പിടിപ്പിച്ചു. ഇപ്പോൾ മൂന്ന്‌ വർഷം പിന്നിട്ട അവയിൽ പലതും കായ്ച്ചുതുടങ്ങിയിട്ടുണ്ട്‌. ഇത്തരം ഒരേയൊരു തോട്ടം മാത്രമാണ്‌ അവിടെ കാണാൻ സാധിക്കുന്നത്‌. കാരണം ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ അഭാവം തന്നെ. മാതൃവൃക്ഷവും വിത്തുതേങ്ങയും തെരഞ്ഞെടുക്കുന്നതിലും നഴ്സറി സ്ഥാപിക്കുന്നതിലും തൈ തെരഞ്ഞെടുക്കുന്നതിലുമെല്ലാമുള്ള പരിചയമില്ലായ്മ ഈ രംഗത്തെ പിന്നോട്ടടിപ്പിക്കുന്നു. അതുകൊണ്ടു തന്നെ ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ ഉത്പാദനത്തിന്‌ അവർ പ്രഥമ പരിഗണനയാണ്‌ നൽകുന്നത്‌.
ട്രിനിഡാഡിലെ തെങ്ങുകൃഷി പുനരുദ്ധാരണത്തിന്‌ പ്രധാനമായും രണ്ടുതരം തന്ത്രങ്ങൾ ആവിഷ്ക്കരിക്കേണ്ടിയിരിക്കുന്നു. പ്രായം കൂടിയതും ഉത്പാദനക്ഷമത തീരെയില്ലാത്തതുമായ തെങ്ങുകൾ വെട്ടിമാറ്റിയും പുനർ നടീൽ നടത്തിയും തോട്ടങ്ങളെ പുനരുദ്ധരിക്കാൻ സാധ്യമാണ്‌. മൊത്തം തെങ്ങുകളും ഒറ്റയടിക്ക്‌ വെട്ടിമാറ്റുകയെന്നത്‌ പ്രായോഗികമല്ലാത്തതിനാൽ തെങ്ങുകൾ തമ്മിലുള്ള അകലം കൂടുതലുള്ള തോട്ടങ്ങളിൽ അടിത്തൈകൾ വെച്ച്‌ പിടിപ്പിച്ചതിനുശേഷം ക്രമേണ പ്രായാധിക്യമുള്ള തെങ്ങുകൾ വെട്ടിമാറ്റിക്കൊണ്ട്‌ ഒരു പുനരുദ്ധാരണം സാദ്ധ്യമാണ്‌. അതോടൊപ്പം തന്നെ പാടെ വെട്ടിമാറ്റി പുതിയ തൈ വെയ്ക്കാവുന്നയിടങ്ങളിലും തരിശായിക്കിടക്കുന്ന പ്രദേശങ്ങളിലും പുതിയ തെങ്ങിൻ തൈകൾ വെച്ച്‌ പിടിപ്പിച്ച്‌ ഒരു പുതുക്കൃഷി വ്യാപനത്തിനും ട്രിനിഡാഡിൽ സാദ്ധ്യതയുണ്ട്‌.
ഏതു രീതിയിലായാലും ഗുണമേന്മയുള്ള തെങ്ങിൻ തൈകളുടെ ലഭ്യതയാണ്‌ പരമപ്രധാനം. അതിനുവേണ്ടി ആവശ്യമുള്ള അനുയോജ്യമായ വിത്തുതേങ്ങകൾ സംഭരിക്കാൻ അവർ തൽപരരാണ്‌. ഏതുരാജ്യത്തുനിന്നും രോഗ-കീട ബാധകളില്ലാത്ത, രോഗപ്രതിരോധശേഷി കാണിക്കുന്ന തെങ്ങിനങ്ങളുടെ വിത്തുതേങ്ങകളാണ്‌ അവർക്കാവശ്യം. ഏകദേശം 12,000 ഏക്കറിൽ പുനരുദ്ധാരണവും 10,000 ഏക്കറിൽ പുതുക്കൃഷിയും ആരംഭിക്കുന്നതോടെ 20,000 മുതൽ 22,000 ഏക്കർ സ്ഥലത്ത്‌ 2015-16 ആകുമ്പോഴേക്കും തെങ്ങുകൃഷി വ്യാപകമാക്കാൻ സാധിക്കും. ഈ 22,000 ഏക്കറിൽ ഏതാണ്ട്‌ 4,000 ഏക്കറോളം സ്ഥലത്ത്‌ മദ്ധ്യപ്രായത്തിലുള്ള തെങ്ങിൻ തൈകൾ നിലവിലുണ്ട്‌. ബാക്കി 18,000 ഏക്കറിൽ തെങ്ങിൻ തൈകൾ വെച്ചുപിടിപ്പിക്കുന്നതിനും തെങ്ങുകൃഷി പുനരുദ്ധരിക്കുന്നതിനും ആവശ്യമായ തെങ്ങിൻ തൈകളുടെ കണക്ക്‌ എടുത്താൽ ഏകദേശം 13 ലക്ഷം തെങ്ങിൻ തൈകൾ വേണ്ടിവരും. ഇതിനാവശ്യമായ വിത്തുതേങ്ങകൾ മറ്റു രാജ്യങ്ങളിൽ നിന്ന്‌ വിശിഷ്യാ ഇന്ത്യയിൽ നിന്ന്‌ ഇറക്കുമതി ചെയ്യുന്നതിനുള്ള സാദ്ധ്യതയാണ്‌ കാണുന്നത്‌.
ഇങ്ങനെ തൈ ഉത്പാദനത്തിനുവേണ്ടി വിത്തുതേങ്ങ ഇറക്കുമതിക്കൊപ്പം മറ്റൊരു തന്ത്രം കൂടി അവിടെ പ്രയോഗിക്കാൻ സാധിക്കും. അതായത്‌ 150 ലധികം തേങ്ങ തരുന്ന മദ്ധ്യപ്രായത്തിലുള്ള തെങ്ങുകൾ തദ്ദേശീയമായി പലയിടങ്ങളിലും കാണാനുണ്ട്‌. ഇതിൽ നിന്ന്‌ നല്ല മാതൃവൃക്ഷങ്ങൾ തെരഞ്ഞെടുത്ത്‌ വിത്തുതേങ്ങകൾ ശേഖരിച്ച്‌ പാകി തൈ ഉത്പാദിപ്പിക്കുന്ന രീതിയും അവിടെ പ്രാവർത്തികമാക്കാവുന്നതാണ്‌. ഇതിനായി അവിടുത്തെ കർഷകർക്ക്‌ പരിശീലനം നൽകേണ്ടതാണ്‌. മാതൃവൃക്ഷം, വിത്തു തേങ്ങ എന്നിവ തെരഞ്ഞെടുക്കുന്നതിനും നഴ്സറികളിൽ വിത്തുതേങ്ങ പാകുന്നതിനും, തൈകൾ പരിപാലിക്കുന്നതിനുമൊക്കെ അവരെ മികച്ച പരിശീലനത്തിലൂടെ പ്രാപ്തരാക്കേണ്ടതുണ്ട്‌. ഇങ്ങനെയൊരു തന്ത്രം പ്രയോഗിച്ചാൽ കാലക്രമത്തിൽ ട്രിനിഡാഡിൽ തദ്ദേശീയമായി നല്ല ഒരു ജനിതകശേഖരം ഉണ്ടാക്കിയെടുക്കുവാൻ സാധിക്കും.

അടിയന്തിരമായുള്ള തൈകളുടെ ആവശ്യം നികത്തുന്നതിന്‌ ഇന്ത്യയിലെ രോഗ, കീട ബാധയേൽക്കാത്ത പ്രദേശങ്ങളിൽ നിന്നും മികച്ച വിത്തുതേങ്ങകൾ ശേഖരിച്ച്‌ ട്രിനിഡാഡിലേക്ക്‌ അയയ്ക്കുന്നതിന്‌ അവസരമുണ്ട്‌. ഈ അവസരം ഇന്ത്യയ്ക്ക്‌ മുമ്പിൽ തുറന്നു കിട്ടിയ വലിയ ഒരു വാതായനമായി കണക്കാക്കാം. നമ്മുടെ കർഷക കൂട്ടായ്മകൾക്കും ഫെഡറേഷനുകൾക്കും അവരവരുടെ പ്രദേശങ്ങളിൽ നിന്ന്‌ ഇത്തരം മികച്ച മാതൃവൃക്ഷങ്ങൾ കണ്ടെത്തി വിത്തുതേങ്ങ സംഭരിച്ച്‌ കയറ്റി അയയ്ക്കാവുന്നതാണ്‌. ഇങ്ങനെ നാളികേരം അയയ്ക്കുമ്പോൾ സ്വീകരിക്കേണ്ട ചില നടപടിക്രമങ്ങളുണ്ട്‌. രണ്ട്‌ രാജ്യങ്ങളും ചേർന്ന്‌ എത്രയും വേഗം ആ നടപടി ക്രമങ്ങൾ സുതാര്യമാക്കാവുന്നതാണ്‌.
ഈ വികസനങ്ങൾ കാണിക്കുന്നത്‌ ട്രിനിഡാഡ്‌ ആന്റ്‌ ടുബാഗോ എന്ന രാജ്യത്ത്‌ തെങ്ങുകൃഷിക്കും നാളികേരാധിഷ്ഠിത വ്യവസായങ്ങൾക്കും വിശിഷ്യ കരിക്കിൻ വെള്ള സംസ്ക്കരണ യൂണിറ്റ്‌, നാളികേര ചിപ്സ്‌ ഉണ്ടാക്കുന്നതിനുള്ള യൂണിറ്റ്‌ എന്നിവയ്ക്ക്‌ നല്ല സാദ്ധ്യതയാണുള്ളത്‌. ക്രമേണ അവിടെ ഉത്പാദനം ഗണ്യമായി വർദ്ധിക്കുമ്പോൾ തേങ്ങാപാൽപൊടി, തൂൾതേങ്ങ, നാളികേര ക്രീം തുടങ്ങിയ ഉൽപന്നങ്ങൾ നിർമ്മിക്കുന്ന യൂണിറ്റുകളിലേക്കും രാജ്യത്തിന്‌ തിരിയാവുന്നതാണ്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...