ഡോ. എസ്. കെ. വസന്തൻ
നാളികേരം എങ്ങനെ കേരളത്തിൽ വന്നു എന്നകാര്യം ഒരു കൽപിതകഥയിലൂടെ കുട്ടികൾക്കായി മിനഞ്ഞെടുക്കുകയാണ് അപ്പൻ തമ്പുരാൻ. ഒരുപക്ഷേ തെങ്ങിനേയും നാളികേരത്തേയും പറ്റി എഴുതപ്പെട്ട ആദ്യത്തെ (അവസാനത്തേയും!) നീണ്ടകവിത ഇതാണ്. 1910-1920 കാലത്താണ് രചന. 'പ്രസ്ഥാനപഞ്ചകം' എന്ന ഒരു കൃതിയിലാണ് ഇത് ചേർത്തിരിക്കുന്നത്.
ഇതാണ് കവിതയുടെ ഇതിവൃത്തം.
'പുല്ല' എന്ന കായലിന് തെക്കുള്ള ദ്വീപിൽ ആണ് നാളികേരം ഉണ്ടായത്. പുല്ലയിലെ നാടുവാഴി ദേവാസുര യുദ്ധത്തിൽ ഇന്ദ്രനെത്തുണച്ചു. പകരം ഇന്ദ്രൻ നൽകിയ കൽപവൃക്ഷങ്ങൾ നാടുവാഴി നാട്ടിൽ നട്ടു. രണ്ട് പത്നിമാർ ഊഴം വെച്ച് അത് നനച്ചു. ഒരുദിവസം അത് വാടി നിൽക്കുന്നത് കണ്ട് ഒരു സ്ത്രീ അത് നനച്ചു. അവൾ തീണ്ടലുള്ളവളായിരുന്നു. വൃക്ഷം അശുദ്ധമായി! ഇടിവെട്ടി. അശരീരിയുണ്ടായി. 'ഈ വൃക്ഷത്തിന് മുകളിൽ മദ്യം വിളയും, ഇലകൾ ചൂലാവും, ചിലത് വിറകാകും.' സ്ത്രീ ബോധം കെട്ടു.
അവൾ പാർവ്വതിയുടെ തോഴിയായിരുന്നു. തന്റെ കൂട്ടുകാരി ഇന്ദ്രകോപത്താൽ ബോധം കെട്ടത് പാർവ്വതിക്ക് സഹിച്ചില്ല. ദാഹിച്ചവർക്ക് വെള്ളം കൊടുക്കുന്നതിന് ശിക്ഷയോ? എന്ന് പാർവ്വതി ശിവനോട് ചോദിച്ചു. ശിവൻ ഇന്ദ്രനെതിരെ തിരിഞ്ഞു. ഇന്ദ്രൻ ഭയന്ന് ശിവനെത്തന്നെ അഭയം തേടി. ശിവൻ വൃക്ഷത്തിന്റെ തളർച്ച മാറ്റി. ചെയ്ത തെറ്റിന് പ്രായശ്ചിത്തമായ് ആ വൃക്ഷം കേരളം മുഴുവൻ വ്യാപിപ്പിക്കുമെന്ന് ഇന്ദ്രൻ സമ്മതിച്ചു.
അതിന് വെള്ളം പകർന്ന സ്ത്രീയുടെ യശസ്സ് - കേളി- വ്യാപിപ്പിക്കാൻ അതിന്റെ ഫലത്തിന് 'നാരികേളം' എന്ന് നാമകരണം ചെയ്തു - മലയാളത്തിൽ നാളികേരം. ശിവാനുഗ്രഹത്താൽ അതിന്റെ പൂക്കുലകൾ മംഗളസൊാചകമായി. അലങ്കാരത്തിന് കുരുത്തോല, ആ മംഗളം തൂത്തുവാരാൻ ചൂല്, പാചകത്തിന് കത്തിക്കാൻ കൊതുമ്പ് അപ്പോൾ അപ്സരസുകൾ വെള്ളിക്കുടങ്ങളിൽ അമൃത് നിറച്ച് കൊണ്ടുവന്നു. ശിവൻ അതുവാങ്ങി കപാലകൂട്ടിലാക്കി. മുക്കണ്ണാകുന്ന മുദ്രപതിച്ച് വൃക്ഷശിരസ്സിൽ സ്ഥാപിച്ചു. പിന്നെ ജടകൊണ്ടു പൊതിഞ്ഞു. അപ്പോൾ പാർവ്വതി അത് പച്ചപ്പട്ടാൽ മൂടി, അതിന് മുകളിൽ തന്റെ ചൂടാമണി വെച്ചു. അങ്ങിനെ കേരളത്തിന്റെ കൽപവൃക്ഷമായ തെങ്ങും നാളികേരവുമുണ്ടായി.
2 ഡി, യൂണിറ്റി എൻക്ലേവ്, യൂണിറ്റി റോഡ്, കുറിയച്ചിറ,തൃശ്ശൂർ-6