സ്വാതന്ത്ര്യം


സുനിൽ എം എസ്
വളരെയധികം തെറ്റിദ്ധരിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഒന്നാണ് സ്വാതന്ത്ര്യം. ഭരണഘടനയിൽ ചില സ്വാതന്ത്ര്യങ്ങൾ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഓരോ പൌരനും ഇന്നയിന്ന സ്വാതന്ത്ര്യങ്ങളുണ്ട് എന്നു ഭരണഘടനയിൽ പറയുമ്പോൾ, ഒരു പൌരന് ആ സ്വാതന്ത്ര്യങ്ങൾ മാത്രമേയുള്ളു, മറ്റു സ്വാതന്ത്ര്യങ്ങൾ ഇല്ല എന്ന അർത്ഥം വരുന്നു. അതിനും പുറമേ, പാർലമെന്റ് ഇതുവരെയായി എണ്ണൂറിലേറെ നിയമങ്ങൾ പാസ്സാക്കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളും ഒട്ടേറെ നിയമങ്ങൾ പാസ്സാക്കിയിട്ടുണ്ട്. അവയും എണ്ണത്തിൽ കുറയാൻ വഴിയില്ല. ആകെ 1600 നിയമങ്ങൾ എന്നു വയ്ക്കുക. ഒരു പൌരൻ 1600 നിയമങ്ങൾക്കു വിധേയമായാണു ജീവിയ്ക്കുന്നത്. ഇത്രയേറെ നിയമങ്ങൾക്കു വിധേയനായി ജീവിയ്ക്കുമ്പോൾ യഥാർത്ഥസ്വാതന്ത്ര്യമെവിടെ.

അസ്വതന്ത്രതകൾ ഇവിടെ അവസാനിക്കുന്നില്ല. മൌലികാവകാശങ്ങളിലുള്ള ഒന്നാണ് ഉപജീവനത്തിന്നായി തൊഴിൽ ചെയ്യാനുള്ള സ്വാതന്ത്ര്യം. പക്ഷേ, ഹർത്താൽ നടക്കുന്നെന്നു കരുതുക. ഉപജീവനത്തിന്നായി നടത്തുന്ന തയ്യൽക്കട ഹർത്താൽ ദിവസം തുറക്കാനുള്ള സ്വാതന്ത്ര്യം, അതായത് ഉപജീവനത്തിന്നായി തൊഴിൽ ചെയ്യാൻ ഭരണഘടനയിൽ രേഖപ്പെടുത്തിയിരിയ്ക്കുന്ന മൌലികസ്വാതന്ത്ര്യം,  ഫലത്തിൽ ഇല്ലാതാകുന്നു. സഞ്ചാരസ്വാതന്ത്ര്യവും ഭരണഘടനയനുസരിച്ചുള്ളതാണ്. ഹർത്താൽ ദിവസം ഉപജീവനത്തിന്നായി ഓട്ടോറിക്ഷ ഓടിച്ചാൽ ഹർത്താൽ അനുകൂലികൾ ഓട്ടോറിക്ഷ തല്ലിപ്പൊളിച്ചതു തന്നെ. പരാതിപ്പെട്ടാൽ പോലീസ്, ‘ഹർത്താലാണെന്നറിയില്ലേ, നിങ്ങളെന്തിന് ഓട്ടോ ഓടിച്ചു’ എന്നു ചോദിയ്ക്കുകയേ ഉള്ളു. അത്രയേ ഉള്ളു, സഞ്ചാരസ്വാതന്ത്ര്യവും.
ചൂഷണത്തിൽ നിന്നുള്ള സംരക്ഷണവും ഭരണഘടനയിൽ പറഞ്ഞിട്ടുള്ള മൌലികാവകാശങ്ങളിലൊന്നാണ്. മകളുടെ വിവാഹം നടത്താനൊരു ലോണിന്നായി ഒരു നിർദ്ധനൻ ബാങ്കിനെ സമീപിച്ചെന്നു കരുതുക. നിരാശയോടെ മടങ്ങിപ്പോരേണ്ടതായി വരാം. സ്വർണ്ണപ്പണയത്തിന്മേൽ പണം കടം കൊടുക്കുന്ന സ്ഥാപനത്തിനെ സമീപിച്ചാൽ അവർ സ്വർണ്ണം കൊണ്ടുവരൂ, ലോൺ തരാമെന്നായിരിയ്ക്കും പറയുക. പക്ഷേ നിർദ്ധനന്റെ കൈയിൽ സ്വർണ്ണമെവിടെ! ‘ബ്ലേഡു’കാരെ സമീപിയ്ക്കാൻ അതോടെ അയാൾ നിർബ്ബദ്ധനാകുന്നു. അൻപതു ശതമാനം പലിശയ്ക്കായിരിയ്ക്കാം അയാൾക്കു കടം കിട്ടുന്നത്. ഇതു ചൂഷണം തന്നെ. ഈ ചൂഷണത്തിന്ന് ബ്ലേഡുകാർ മാത്രമല്ല, വ്യവസ്ഥിതിയും കാരണക്കാരാണ്. മറ്റൊരു ഉദാഹരണം കൂടിപ്പറയാം. ഒരു ദിവസം ബീൻസിന്റെ വില നാൽ‌പ്പതു രൂപയിൽ താഴെയായിരുന്നു. ഏതാനും ദിവസങ്ങൾ കഴിഞ്ഞു ബീൻസ് വാങ്ങാൻ ചെന്നപ്പോൾ വില എൺപത്! ബീൻസ് കിട്ടാനില്ലെങ്കിൽ വിൽക്കാതിരിയ്ക്കുകയാണു വേണ്ടത്. നൂറു ശതമാനം വില കൂട്ടി വിൽക്കുന്നത് ചൂഷണമല്ലാതെ മറ്റൊന്നുമല്ല. സർക്കാർ നിസ്സംഗതയോടെ നോക്കി നിൽക്കുകയും ചെയ്യും. ചൂഷണത്തിനെതിരെയുള്ള സ്വാതന്ത്ര്യം കടലാസിൽ മാത്രമേയുള്ളു.
മറ്റൊരു സംസ്ഥാനത്തു ചെന്നു ഉപജീവനം നടത്തി ജീവിയ്ക്കുന്ന ഒരു പൌരന്ന് വേറെയും അസ്വതന്ത്രതകൾ അഭിമുഖീകരിയ്ക്കേണ്ടി വരുന്നുണ്ട്. അയാളുടെ കുഞ്ഞുങ്ങൾക്ക് അന്യസംസ്ഥാനത്തെ ഭാഷ കൂടി നിർബന്ധമായും പഠിയ്ക്കേണ്ടി വരുന്നു. മാതൃഭാഷയിൽ പഠനം നടത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാനം വിട്ടാൽ നഷ്ടമായതു തന്നെ.

മതസ്വാതന്ത്ര്യത്തിന്റെ കാര്യവുമെടുക്കാം. ഭരണഘടനയിൽ പറഞ്ഞിരിയ്ക്കുന്ന മതസ്വാതന്ത്ര്യം ഉപയോഗിച്ച് മതം മാറാൻ തീരുമാനിയ്ക്കുന്നെന്നു കരുതുക. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇത് എളുപ്പമല്ല. പലയിടങ്ങളിലും കടുത്ത എതിർപ്പും ശത്രുതയും നേരിടേണ്ടി വന്നെന്നും വരാം. മതസ്വാതന്ത്ര്യവും മതേതര സർക്കാരുമുണ്ടായിട്ടും ന്യൂനപക്ഷമതവിഭാഗങ്ങൾക്ക് ഇന്ത്യയിൽ പലയിടങ്ങളിലും വിവിധതരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിയ്ക്കേണ്ടി വന്നിട്ടുള്ളതിന് ചരിത്രം തന്നെ സാക്ഷി. പലപ്പോഴും ചുറ്റുമുള്ള സമൂഹം തന്നെയായിരിയ്ക്കാം ബുദ്ധിമുട്ടുകൾക്കുത്തരവാദി. അത്തരം സമൂഹത്തിൽ ജീവിയ്ക്കുമ്പോൾ മതസ്വാതന്ത്ര്യവും കമ്മി. ജാതിയുടെ പേരിലുള്ള വിവേചനം ഇന്നും പല സംസ്ഥാനങ്ങളിലുമുണ്ട്. തമിഴ്നാട് അത്തരമൊരു സംസ്ഥാനമാണെന്നു സൂചിപ്പിയ്ക്കുന്ന ഒരു വാർത്ത, ചിത്രസഹിതം, ഹിന്ദുപ്പത്രത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ വന്നിരുന്നു. പല പൌരന്മാരെ സംബന്ധിച്ചിടത്തോളം സമത്വവും മരീചിക തന്നെ.
മൌലികസ്വാതന്ത്ര്യങ്ങളിൽ ഏറ്റവും മഹത്തരമായി കണക്കാക്കപ്പെടുന്നത് അഭിപ്രായപ്രകടന സ്വാതന്ത്ര്യമാണ്. മുഖ്യമന്ത്രി പ്രസംഗിയ്ക്കുമ്പോൾ സദസ്സിൽ എഴുന്നേറ്റു നിന്ന് മുഖ്യമന്ത്രിയോട് ഭിന്നാഭിപ്രായം പ്രകടിപ്പിച്ചു നോക്കൂ, ഒന്നുകിൽ നിങ്ങൾ ‘അകത്താ’കും, അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ അനുയായികൾ നിങ്ങളെ ‘കൈകാര്യം ചെയ്യും‘. ജീവനുംകൊണ്ടോടിപ്പോരാൻ സാധിച്ചാൽ ഭാഗ്യം. മനുഷ്യാവകാശത്തെപ്പറ്റി സംസാരിച്ചതുകൊണ്ട് ഡോക്ടർ ബിനായക് സെന്നിന് രണ്ടു വർഷത്തോളം ജാമ്യം പോലും ലഭിയ്ക്കാതെ തടവിൽ കഴിയേണ്ടി വന്നു. അതും ലോകം മുഴുവനും അദ്ദേഹത്തെ വിടാൻ നിരന്തരമായി ആവശ്യപ്പെട്ടിട്ടു പോലും. ഉത്തരപൂർവ പ്രദേശത്തെ ചില ഭാഗങ്ങളിൽ AFSPA എന്നൊരു കർക്കശ നിയമം ഏറെ നാളായി നിലവിലുണ്ട്. ഈ നിയമം നിലവിലിരിയ്ക്കുന്ന ഇടങ്ങളിലെ പൌരന്മാർക്ക് മൌലിക സ്വാതന്ത്ര്യങ്ങൾ ഇല്ല എന്നു തന്നെ വേണം പറയാൻ.
ഭരണഘടനയനുസരിച്ച് നാം സ്വതന്ത്രരാണെങ്കിലും, സ്വാതന്ത്ര്യം എന്ന പദത്തിന്റെ യഥാർത്ഥമായ അർത്ഥത്തിൽ നാം സ്വതന്ത്രരല്ല.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ