ബിനോജ് കാലായിൽ
അന്നാണ് ഞാൻ ആ മനുഷ്യനെ
ആദ്യമായി കണ്ടത്...
അയാൾ നീരുവന്ന് കരുവാളിച്ച
മുഖവുമായി തന്റെ കുഴിമാടത്തിന്റെ
മുകളിൽ ഇരിക്കുകയായിരുന്നു...
ഇടം കൈയ്യിൽ ഉയർത്തിപ്പിടിച്ച ചെങ്കൊടി
മറുകൈയിൽ ചൂണ്ടാണി വിരലിൽ
ഏതോ കൊലയറ ഭിത്തിയിൽ
ചുറ്റിക അരിവാളു കോറിയ
ചുടുചോര ഉണങ്ങിപ്പിടിച്ചിരിക്കുന്നു.
അതൊരു മാർച്ച് 4 ആയിരുന്നു...
അന്നയാൾ മെല്ലെയെന്നോടു പറഞ്ഞു
"എനിക്ക് മൂന്നാണ് ചരമദിനം
എന്റെ പ്രിയരാം സഖാക്കൾ തൻ
നിറനെഞ്ചിൽ വെടിപൊട്ടിത്തുളഞ്ഞ്
പ്രാണൻ വെടിഞ്ഞ ഏപ്രിൽ 30 ഉം
ബൂട്ട്സിൻ, ബയണറ്റിൻ കൊടിയ
മർദ്ദന കശാപ്പിനിടയിലും ഇൻക്വിലാബ്
ഇൻക്വിലാബ് ഏറ്റുവിളിച്ചൊരെൻ
പ്രാണൻ അലിഞ്ഞീ മണ്ണിൽ
ലയിച്ചൊരീ മാർച്ച് 4 ഉം
പിന്നെ...
എൻ നേരവകാശിയാം സഖാവിനെ
കശാപ്പുമുതലാളിമാർതൻ
പിണിയാളവർഗ്ഗം അമ്പത്തിയൊന്നായി
അരിഞ്ഞുനുറുക്കിയാ മെയ് 4 ഉം
എനിക്ക് മൂന്നാണ് ചരമദിനം..."
******************************
പിന്നെ ഞാൻ അവിടെ ചെല്ലുന്നത്
ഒരു ഏപ്രിൽ 30 നായിരുന്നു...
അപ്പൊഴാ ചേന്നാട്ടുവളവിലെ
രക്തസാക്ഷി സ്തൂപത്തിന്മുന്നിലൂടൊരു
പ്രകടനം ആർത്തിരമ്പി കടൻണുപ്പോകുന്നു
ഒരു കൈയ്യിൽ അടയാളം പച്ചകുത്തി,
മറുകൈയ്യിൽ കൊലവാളേന്തിയ
'അണ്ണന്മാർ' ഉറക്കേവിളിക്കുന്നു
'രക്തസാക്ഷികൾ അമരന്മാർ
അമരന്മാർ അവർ ധീരന്മാർ'
രക്തകുടീരത്തിൽ ആത്മാവലിഞ്ഞ
രണധീരർതൻ രോദനം കേൾക്കാതെ
യജമാനർ തെളിച്ച വഴിയിലൂടെ
അട്ടഹാസ ശബ്ദ ധോരണിയുമായ്
ആ പ്രകടനം ആർത്തിരമ്പി കടൻണുപ്പോകുന്നു
അപ്പൊഴുമെൻ കാതിൽ മുഴങ്ങിയത്
നിറനെഞ്ചിൽ പ്രാണൻ തുരന്ന്
വെടിയുണ്ട കയറുമ്പോഴും
ഒരിറ്റു കണ്ണീർ പൊഴിക്കാതെ
'അമ്മേ' എന്നൊന്നു കരയാതെ
ഇൻക്വിലാബ്...ഇൻക്വിലാബ് ഏറ്റുവിളിച്ചൊരാ
രണധീരർ തൻ രോദനമായിരുന്നു
'സഖാക്കളേ അവർക്കു ഞങ്ങളെ, കൊല്ലാനായില്ല
പക്ഷേ; നിങ്ങൾ ഞങ്ങളെ കൊന്നുകളഞ്ഞല്ലോ"
മാർച്ച് 4- മണ്ടോടി കണ്ണൻ രക്തസാക്ഷിദിനം
ഏപ്രിൽ 30- ഒഞ്ചിയം വെടിവയ്പ്
മേയ് 4 - ടി.പി. ചന്ദ്രശേഖരൻ രക്തസാക്ഷി ദിനം.