Skip to main content

ജീവനുള്ള സുന്ദരികള്‍

ജ്യോതി ടാഗോർ
                             സേതുലക്ഷ്മി, ഇഷ, കുള്ളന്റെ ഭാര്യ, ഗൗരി, ആമി- നമ്മുടെ ജീവിതത്തില്‍ നിന്ന് സെല്ലുലോയ്ഡിന്റെ സൗന്ദര്യത്തിലേയ്ക്ക് പകര്‍ത്തപ്പെട്ട അഞ്ച് സുന്ദരികൾ. പ്രണയനൂലിനാല്‍ കൊരുത്തെടുത്ത അഞ്ചു ചെറു സിനിമകളുടെ സമാഹാരം. വ്യത്യസ്തതയാലും വ്യക്തിത്വത്താലും ഇവര്‍ അഭ്രപാളിയില്‍ നടത്തുന്ന മത്സരം സുന്ദരനിമിഷങ്ങള്‍ സമ്മാനിക്കുന്നു.
                         സിനിമയിലെ സൗന്ദര്യമെന്നത് ആസ്വാദകന്റെ നിലപാട് പോലെ വിഭിന്നമായിരിക്കും. ചിലര്‍ക്കത് സൗകുമാര്യമാകാം, ഉള്‍കാമ്പാകാം; വൈവിദ്ധ്യമോ ഭാവനയോ ശക്തിയോ ആകാം. പ്രണയം, സംഗീതം, പിരിമുറുക്കം, വിനോദം എന്ത് തന്നെയുമാകാം. പക്ഷെ ഒന്ന് തീര്‍ച്ച ആ സൗന്ദര്യം തന്നെയാണ് നമ്മുടെ ആസ്വാദനത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്ന ഘടകം. അത് പക്ഷെ ആസ്വാദകനനുസരിച്ച് വൈയക്തികമായും കാല-ദേശ-സമൂഹഭേദങ്ങള്‍ക്കനുസരിച്ചും വ്യത്യസ്തമായിരിക്കും.
                    ബഷീറിന്റെ ചില കഥകള്‍ ഏത് ദേശത്തും ഏത് കാലത്തും അനുവാചകര്‍ക്ക് ദര്‍പ്പണസുഖം പകരുന്നവയാണ്. "പ്രേമലേഖനം" അതിന് മുൻപും ശേഷവും എത്രയോ ദേശങ്ങളില്‍, കാലങ്ങളില്‍ ആവര്‍ത്തിച്ചിട്ടുണ്ടാകാം ? "മതിലുകള്‍" മലയാളിക്ക് മാത്രം ചേരുന്ന രൂപകമാണോ? ഭാഷാന്തരം പ്രാപിക്കുന്ന ഓരോ അവസരത്തിലും സ്വന്തം ഭാഷയിലെ കൃതിയെന്ന പോലെ അവ വിവര്‍ത്തനം ചെയ്യപ്പെടുന്നു. ലോകസാഹിത്യത്തിലെ മുക്കും മൂലയും വിവര്‍ത്തനത്തിലൂടെ അറിഞ്ഞ ശരാശരി മലയാളി വായനക്കാരന്റെ ആഴവും പരപ്പും പക്ഷെ മലയാളി പ്രേക്ഷകന് പ്രാപ്യമായില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. ബഷീര്‍ എന്ന വിശ്വസാഹിത്യകാരന്‍ മലയാളിമനസ്സില്‍ നേടിയെടുത്ത സ്ഥാനം അടൂരിനൊ മറ്റേതെങ്കിലും ചലച്ചിത്രകാരനോ ലഭിക്കാതെ പോയതിന്റെ കാരണവും മറ്റൊന്നല്ല. മലയാളികളുടെ ദൃശ്യബോധത്തില്‍ കച്ചവടക്കാര്‍ക്ക് കടുത്ത ചായക്കൂട്ടുകള്‍ ചാലിച്ച് മറശ്ശീലയിടാന്‍ കഴിയുന്നതും അതുകൊണ്ട് തന്നെ. പണ്ടേയ്ക്ക് പണ്ടേ ചെടിപ്പുളവാക്കേണ്ടതെങ്കിലും വ്യാജമായ രസനാസുഖങ്ങളില്‍ നിലനിന്ന് പോകുന്നവയാണ് മലയാളിയുടെ കാഴ്ചശീലങ്ങള്‍. അവയില്‍ നിന്നുള്ള നേരിയ മാറ്റങ്ങള്‍ പോലും അതിനാല്‍ത്തന്നെ അടയാളങ്ങള്‍ സൃഷ്ടിക്കും (ന്യൂ ജനറേഷന്‍ തര്‍ക്കങ്ങള്‍).കഥപ്പുസ്തകങ്ങള്‍ മാറോടടുക്കിപ്പിടിച്ച് നടന്ന വായനശാലക്കാലങ്ങളെ ഗൃഹാതുരതയോടെ ഓര്‍ക്കുന്ന മലയാളിക്ക് പക്ഷെ സിനിമസമാഹാരം സുപരിചിതമായ ഒന്നല്ല.
                         ആശയം കൊണ്ടും അവതരണം കൊണ്ടും ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു 5 സിനിമകളും. ഫേസ്ബുക്കിലടക്കം നടക്കുന്ന ചര്‍ച്ചകളില്‍ കാണാം, എല്ലാ സുന്ദരികള്‍ക്കും ഏറിയും കുറ ഞ്ഞും ആരാധകര്‍ ഉണ്ട്. സംവിധായകന്‍ പോലും കയ്യൊഴിഞ്ഞെന്ന് പറയപ്പെടുന്ന ഗൗരിയെ പെരുത്തിഷ്ടമായവരും കുറവല്ല. എന്റെ ഹൃദയം കവര്‍ന്നവര്‍-കുള്ളന്റെ ഭാര്യ, ആമി, സേതുലക്ഷ്മി. പിന്നെ ഇഷയും ഗൗരിയും ...


കുള്ളന്റെ ഭാര്യ

അമല്‍ നീരദിന്റെ ചിത്രം; ബഷീറിനെ വായിക്കുന്ന സുഖം നല്‍കി. ദ്വേഷമില്ലാതെ നടത്തുന്ന സാമൂഹിക വിമര്‍ശനം തന്നെയാണ് കുള്ളന്റെ ഭാര്യയെ ബഹുമാനിതയാക്കുന്നത്. ഒരു ചൈനീസ് കഥയെ അവലം ബിച്ച് R.ഉണ്ണിയുടെ തൂലികയില്‍ വിരി‌ഞ്ഞ സിനിമ ഒരിടത്തരം ഹൗസിംഗ് കോളനിയില്‍ നടക്കുന്ന ചില സംഭവ ങ്ങളുടെ documentation ആണ്. അന്യജീവിതത്തിലേയ്ക്ക് ഒളിഞ്ഞ് നോക്കുക വഴി ലഭിക്കുന്ന ആനന്ദം, സ്വന്തം തെറ്റുകുറ്റങ്ങള്‍ മറയ്ക്കാന്‍ കഴിയുന്ന പൊങ്ങച്ചമൂല്യമായി പുനരുല്‍പ്പാദിപ്പിക്കുകയാണ് ഇതിലെ മിക്ക കഥാപാ ത്രങ്ങളും ചെയ്യുന്നത്. സമൂഹം ശരിയെന്ന് വിധിച്ചിരിക്കുന്ന അളവുകോലുകള്‍ പാലിക്കാത്ത എന്തിനുമെതിരെ ഗൂഡാ ലോചന നടത്തുകയെന്നത് കേരളത്തില്‍ മാത്രമല്ല, എത് യാഥാസ്ഥിതിക സമൂഹത്തിലും സംഭവ്യം തന്നെ. കുള്ളന്റെ വീടിന് മുമ്പിലെ മണി മുട്ടാനെത്തി ചങ്ങാത്തം കൂടിയ സ്ക്കുള്‍കുട്ടിയും നരേറ്ററും മാത്രമാണ് ആ ദുഷിതവലയത്തില്‍ നിന്ന് മാറി നില്‍ക്കുന്നത്. നരേഷന്‍ നടത്തുന്നയാളിന്റെ ശാരീരികാവസ്ഥ രസകരമായ ചില ചിന്തകളിലേയ്ക്ക് നയിക്കുന്നുണ്ട്. നടന്നെത്താന്‍ കഴിയുന്ന അവസ്ഥയിലായിരുന്നെങ്കില്‍, അയാളും അതേ ദുഷിത വൃത്തത്തില്‍ കണ്ണിയാകുമായിരുന്നോ? അയല്‍വീടുകളിലെ കുറ്റങ്ങള്‍ പറഞ്ഞ് വീടുവീടാന്തരം കയറിനടക്കുന്ന (പൊതു)വേലക്കാരിയെ അവരുടെ തന്നെ ചില പഴയ വീഡിയോദൃശ്യങ്ങള്‍ കാണിച്ച് നിശബ്ദയാക്കുന്ന രംഗം രസകരമാണ്. പരിമിതമായ ചലനശേഷിയുള്ള ആഖ്യാതാവിന്റെ വിനോദ ഭാവേനയുള്ള നരേഷനും കൂടിയാകുമ്പോള്‍ കേരളത്തിലെ മാധ്യമങ്ങളെക്കുറിച്ചോര്‍ത്തു പോയി.

               ഒടുവില്‍ ആ പെരുമഴയത്ത് കൈക്കുഞ്ഞിനെയുമെടുത്ത് കുള്ളന്‍ നടന്ന് നീങ്ങുന്ന ദൃശ്യത്തിന് എന്തെന്നില്ലാത്ത വിഷാദഭാവമാണ് - തീയ്യേറ്ററില്‍ മുഴുവന്‍ മഴ പെയ്യും പോലെ. ഉയര്‍ത്തിപ്പിടിച്ച കുടയില്‍ അയാള്‍ ഒഴിച്ചിട്ട ശൂന്യത പ്രേക്ഷകഹൃദയങ്ങളില്‍ നിറയുന്ന പോലെ -വല്ലാത്ത നിശബ്ദത. ആ നിശബ്ദതയിലേയ്ക്ക് ചോദ്യങ്ങള്‍ മുഴങ്ങിയെത്തുന്നിടത്താണ് ; ചെറുത് സുന്ദരം മാത്രമല്ല, ശക്തവുമാണെന്ന് പറയാനാകുന്നത്.

ആമി

പണിയറിയാവുന്നവന് സിനിമ പിടിക്കാന്‍ ഒന്നോ രണ്ടോ ജീവിതസന്ദര്‍ഭങ്ങള്‍ മതി. അന്‍വര്‍ റഷീദിന്റെ ആമി റോഡ് മൂവി വിഭാഗത്തിലുള്ള സിനിമയാണ്. അതിദ്രുതം നഗരവത്ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കേരളത്തിലെ പുതിയ രക്തസമ്മര്‍ദ്ദങ്ങളെക്കുറിച്ചുള്ള താക്കീതാണ് ആമി. ഒറ്റനഗരമായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ സമാന്തരമായി വളര്‍ന്ന് കൊണ്ടിരിക്കുന്ന ഒരു അധോലോകവുമുണ്ട്. business എന്ന ഒറ്റവാക്കില്‍ മൂടിവെയ്ക്കുന്ന; പുറത്തു പറയാവുന്നതും പറയാനാവാത്തതുമായ ജോലികളിലേര്‍പ്പെടുന്ന ഒരുപാട് പേരുണ്ട്. ആ വ്യവഹാരങ്ങളൊന്നും ഒട്ടും പ്രത്യുല്‍പ്പാദനപരമല്ല എന്നതിനേക്കാള്‍ ഊഹാധിഷ്ഠിതവുമാണ്. അത് പണത്തെ മാത്രമല്ല, കുമിള മാത്രപ്രധാനമായ ചില സാംസ്ക്കാരിക രൂപങ്ങളെയും വിനിമയം ചെയ്യുന്നു. ഇതിനിടയില്‍ സ്നേഹമൂറുന്ന കടംകഥകളും കളിവാക്കുകളും പോലും എത്രയോ മടങ്ങ് ശക്തമായൊരു ബന്ധത്തിന്റെ ഇഴകള്‍ നെയ്യുന്നത് ഹൃദ്യമായ അനുഭവമാകുന്നു. ആകാശത്ത് അമ്പിളിക്കലയും നക്ഷത്രങ്ങളും കണ്ട് കണ്ണ് ചിമ്മുന്നതും; ഒരാള്‍ക്ക് നേരേ തോക്ക് ചൂണ്ടി വധഭീഷിണി മുഴക്കുന്നതും തമ്മില്‍ ഒരു ഭേദചിന്തയുമില്ലാത്ത ജീവിതശൈലി അഭിലഷണീയമല്ല എന്ന് സിനിമ പറയുന്നു.
               കഥയുടെ പ്രധാനതന്തുവായി നില്ക്കുന്ന ഭൂമികച്ചവടത്തിലെ കണ്ണികളെ നോക്കുക-  വാങ്ങാനെത്തുന്നയാള്‍ വിദേശി. അയാള്‍ക്ക് സുതാര്യമല്ലാത്ത മൂലധനതാല്പ്പര്യങ്ങളാണുള്ളത്. വില്‍ക്കുന്നയാളാകട്ടെ നഗരത്തിലെ എതോ ഇരുണ്ട കോണില്‍ കഴിയുന്ന ഒരതസ്ഥിതന്‍. ഇവര്‍ക്കിടയില്‍പ്പെട്ടുഴലുന്ന ഇടനിലക്കാരനാണ് സിനിമയിലെ കേന്ദകഥാപാത്രം. ഏതോ സമീപദേശത്ത് നിന്ന് നഗരത്തിലെ അരക്ഷിതമായ രാത്രിയിലേയ്ക്ക് കാറോടിച്ച് വന്ന ഭാഗ്യാന്വേഷിയാണയാള്‍. അയാളെ ഉറങ്ങാതെ കാക്കാന്‍ വീട്ടില്‍ ഉറക്കമൊഴിച്ചിരുന്ന് കടംകഥകള്‍ മെനയുന്ന ഭാര്യ ആമി പ്രണയത്തെ ഈ രക്തസമ്മര്‍ദ്ദങ്ങള്‍ക്കുള്ള മറുമരുന്നായി അവതരിപ്പിക്കുന്നു. എന്നാല്‍, ആമിയുടെ സ്നേഹത്തിന്റെ ജാഗ്രതയില്‍ അഭയം തേടുന്ന നിമിഷത്തിനപ്പുറവും ഇപ്പുറവും അയാളുടെ ജീവിതം അരക്ഷിതം തന്നെയെന്ന ചിന്ത അലോസരം സൃഷ്ടിക്കുന്നുണ്ട്. ഇവിടെ വീടിന്റെ അടുക്കുളയില്‍ വിപ്ളവം വേവിക്കപ്പെടുന്നില്ല (REVOLUTION IS NOT HOME MADE). മറിച്ച് സമൂഹത്തില്‍ നിന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്ന നന്മകളെ സംരക്ഷിക്കാന്‍ വൃഥാ ശ്രമിക്കുന്നതേയുള്ളൂ. പക്ഷെ, പുഴുക്കുത്തുകള്‍ രൂപപ്പെടുന്നതും സമുഹത്തില്‍ നിന്ന് തന്നെയാണെന്ന യാഥാര്‍ത്ഥ്യം പരിഗണിച്ചാല്‍ ആമിയുടെ കടംകഥകള്‍ വേദനിപ്പിക്കുന്ന അനുഭവമായി ത്തീരുന്നു.

 സേതുലക്ഷ്മി
തീയ്യേറ്റര്‍ നിറയുന്ന വിങ്ങലാണ് സേതുലക്ഷ്മി. ഹൃദയത്തോട് ചേര്‍ന്ന് കൂടെപ്പോന്നതും അവള്‍ തന്നെ. അവളുടെ നിഷ്കളങ്കമായ പുഞ്ചിരിയും ഇരയാക്കപ്പെടുമ്പോഴുള്ള നിസ്സഹായതയും അവസാനരംഗത്തെ ആ തിരിഞ്ഞ് നോട്ടവും മനസില്‍ നിന്ന് മായുന്നതേയില്ല. ആ കുരുന്ന്, കേരളത്തിന് നേരെ പിടിക്കുന്ന കണ്ണാടി സ്വയം വിമര്‍ശനത്തിന്റെതാണ്- "വേട്ടക്കാരും കാഴ്ചക്കാരും നിറയെ ഉള്ള കേരളം." സേതുലക്ഷ്മിയുടെ കൂട്ടുകാരന്റെ മുഖത്ത് തെളിയുന്ന വ്യര്‍ത്ഥമായ രോഷവും നിസ്സഹായതയും മാത്രമാണ് പിന്നെ അവശേഷിക്കുന്നതെങ്കില്‍ ആ നിശബ്ദത കുറ്റകരമായ മൗനമാണെന്ന് സമ്മതിക്കേണ്ടി വരും. നിഷ്പക്ഷതാനാട്യങ്ങളും പകലുറക്കങ്ങളും വേട്ടക്കാരന്റെ കയ്യിലെ മൂര്‍ച്ചയാണെന്ന് നാം എന്നാണ് തിരിച്ചറിയുക? വെട്ടിത്തിളങ്ങുന്ന പുത്തന്‍കേരളത്തിന്റെ മറുപുറമാണ് സേതുലക്ഷ്മിമാര്‍ ഇരകളാക്കപ്പെടുന്ന ലോകമെന്നത് പക്ഷെ മറന്ന് പോകരുത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിര്‍ഭയമായി ജീവിക്കാന്‍ കഴിയാത്തിടത്ത് എന്ത് ആധുനികത? എന്ത് വികസനം?
                    സ്ത്രീകളുടെ വസ്ത്രധാരണം പീഡനങ്ങള്‍ക്ക് കാരണമാകുന്നു എന്ന വാദമുയര്‍ത്തുന്ന എമ്പോക്കികള്‍ സേതുലക്ഷ്മിയുടെ ദുര്യോഗത്തിന്മേലും വിഷം വമിപ്പിച്ചേയ്ക്കാം. ലൈംഗികപീഢനം നേരിട്ട് കാണിക്കാന്‍ ചങ്കൂറ്റമില്ലാത്തതിന്റെ പേരില്‍ new generation സിനിമ പണ്ഡി തര്‍; വിദേശസിനിമകളോട് തുലനം ചെയ്ത് പുച്ഛിച്ചേക്കാം. പക്ഷെ മൗനത്തെപ്പോലും വാചാലമാക്കുന്ന ദൃശ്യപരിചരണത്താല്‍ ഷൈജുഖാലിദ് എം.മുകുന്ദന്റെ സേതുക്ഷ്മിയെ സുന്ദരിയാക്കി, ഒരു നൊമ്പരമാക്കി.
" പഴകിയിട്ടും മങ്ങാത്ത സ്ക്കൂള്‍കാലത്ത് നീ വെച്ച് നീട്ടിയ സ്നേഹത്തിന്റെ ചില്ലറത്തുട്ടുകള്‍ക്ക് പകരം തരാന്‍ എന്റെ കയ്യിലീ മൗനമെ മിച്ചമുള്ളൂ. എന്റെ കൂട്ടുകാരീ...ഇനിയും എന്റെ കൂടെ വരരുത്. ചെന്നായ്ക്കള്‍ വാഴുന്ന ഈ വേനലില്‍ നിന്നെ തനിച്ചാക്കി നടന്ന് പോകുന്ന കാണികളിലൊരാളാണ് ഞാനും. സുഖഭോഗങ്ങള്‍ കുന്നുകൂടുന്ന അന്തിച്ചന്തയില്‍ മുഷ്ടിയുയര്‍ത്താന്‍ എനിക്ക് മടിയാണ്. കാണിയും വേട്ടക്കാരനും തമ്മിലുള്ള അകലം ഉള്ളിത്തൊലിയേക്കാള്‍ നേര്‍ത്തതാകുന്ന കാലത്ത് പക്ഷേ , ജീവിക്കാന്‍ ഭയം തോന്നുന്നു."

 ഇഷ

കൊള്ളിയാന്‍ പോലെയൊരു പെണ്ണ് - ഇഷ. നൃത്തത്തിന് വേദിയില്‍ മാത്രമല്ല ചന്തമുണ്ടാവുകയെന്ന് തോന്നി ഇഷയെ കണ്ടിരുന്നപ്പോള്‍. അഭിനേതാക്കളുടെ അനായാസ ചലനങ്ങളും ഒഴുക്കുള്ള അവതരണ രീതിയും സിനിമയെ രസമുള്ള കാഴ്ചയാക്കുന്നു. സ്ത്രീശരീരം പലവിധ വഴക്കങ്ങളും ശീലിക്കേണ്ടത് പുരുഷന്റെ കാമനകള്‍ക്കം ഭാവനകള്‍ക്കും സൗകര്യങ്ങള്‍ക്കും അനുസരിച്ചത്രെ- അത് ആട്ടമാ യാലും പാട്ടായാലും നടനമായാലും. ഭാര്യയായും അമ്മയായും കാമുകിയായും കൂട്ടുകാരിയായും ഇപ്പോള്‍ ചില നേരങ്ങളില്‍ കൂട്ടിക്കൊടുപ്പുകാരിയായും പുരുഷലോകത്തെ അനുധാവനം ചെയ്യുന്നവളാണ് സ്ത്രീ. ഈ സങ്കല്‍പ്പത്തെ അതിവര്‍ത്തിക്കുന്ന പെണ്ണ് നമ്മുടെ ചുറ്റുപാടില്‍ ഇന്നത്ര പുതുമയൊന്നുമല്ല. പക്ഷെ, മലയാളസിനിമയില്‍ ഈ കാഴ്ച അതിശയം സൃഷ്ടിക്കും- മോഷണത്തിലായാല്‍ പോലും. പെണ്ണൊരുമ്പെട്ടാല്‍, അതിന് മുകളില്‍ ഒരു പുരുഷനായക സങ്കല്‍പ്പത്തെ പ്രതിഷ്ഠിച്ച് തൃപ്തിയടയുകയാണ് പതിവ് രീതി. ഇവിടെ അനുശീലയായ നായികയെ ഔദാര്യപൂര്‍വം തേടിയെത്തുന്ന നായകനിലല്ല ,പരസ്പരമുള്ള കണ്ടു മുട്ടലിലാണ് പ്രണയം സാക്ഷാത്ക്കരിക്കപ്പെടുന്നത്. ചതിയിലും തിരിച്ചറിവിലും പ്രണയം ഉരച്ച് നോക്കപ്പെടുന്നുമുണ്ട്. മോഷ്ടാക്കളുടെ വരവിനും, ശേഷമുള്ള പുതുവര്‍ഷ രാവിനും കൈവന്ന ഒഴുക്ക് കഥാന്ത്യത്തില്‍ നഷ്ടമായിപ്പോയി എന്നതൊഴിച്ചാല്‍ സിനിമ ഒന്നാന്തരം entertainer ആയിരുന്നു.


ഗൗരി
മലമ്പള്ളകളുടെ കുത്തനെയുള്ള സാഹസികതയും മഞ്ഞിന്റെ കുളിരാര്‍ന്ന മൃദുലതയും ഒന്ന് ചേരുക പ്രണയത്തിലാണ്. ചൂടുള്ള കുളിരെന്നൊക്കെ വിളിക്കാം. കല്‍പ്പനകളുടെ വൈവിധ്യം തന്നെയാണ് പ്രണയത്തിന്റെ ശക്തി. ദുരൂഹത ചിലപ്പോള്‍ ആവിഷ്ക്കാരസൗന്ദര്യം വര്‍ദ്ധിപ്പിക്കാറുണ്ട്. മറ്റ് ചില പ്പോള്‍ ആസ്വാദനത്തെ ദുഷ്ക്കരമാക്കാറുമുണ്ട്.‌ മിശ്രവിവാഹാനന്തരം തങ്ങളില്‍തന്നെ ഒതുങ്ങിക്കഴിഞ്ഞിരുന്ന യുവദമ്പതികളുടെ ജീവിതത്തില്‍ ഉണ്ടായ ദുരന്തം, കാലങ്ങള്‍ കഴിഞ്ഞിട്ടും ദുരൂഹമായൊരു വാമൊഴിക്കഥയായി നിലനില്‍ക്കുന്നു.
                    അവസാനം കോട്ടേജ് വാങ്ങാനെത്തിയ യുവാവ് അത് വേണ്ടെന്ന് വെച്ച് മടങ്ങുന്നത് പോലെ, എന്നെയും പിന്‍മടക്കുന്ന എന്തോ ഒന്ന്....ഒരു പക്ഷെ ആഷിക്അബുവില്‍ നിന്ന് ഇതിലധികം പ്രതീക്ഷിച്ചിരിക്കാം. എന്തൊക്കയോ തമ്മിലിണങ്ങാത്ത കണ്ണികള്‍ സിനിമയെത്തന്നെ ദുരൂഹമാക്കുന്നു. പ്രണയം മഞ്ഞുപോല്‍ വിലയിച്ച കാഴ്ചകള്‍ പോലും സിനിമയിലേയ്ക്ക് മടക്കി വിളിക്കുന്നില്ല. പിടിതരാതെ വഴുതുന്നതിനെ തേടിയിറങ്ങുന്ന സാഹസികത ഉണരാത്തതിനാല്‍ ഗൗരിയോട് പ്രണയം തോന്നുന്നുമില്ല. എല്ലാ സൗന്ദര്യവും എല്ലാവര്‍ക്കും ഇഷ്ടമാകില്ലല്ലോ എന്നോര്‍ത്ത് ആശ്വസിക്കുക തന്നെ.
                  അന്‍വര്‍റഷീദും അമല്‍നീരദും ഷൈജുഖാലിദുമൊക്കെ സിനിമയെ സംവിധായകന്റെ കലയായിത്തന്നെ അടയാളപ്പെടുത്തുന്നു. രാജീവ് രവിക്കും അമല്‍ നീരദിനുമൊപ്പം ഷൈജു ഖാലിദും ആല്‍ബിയും രണദീവും കാമറ കൊണ്ട് അടയാളങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ശ്യാംപുഷ്ക്കരന്‍, മുനീര്‍അലി, സിദ്ധാര്‍ത്ഥ്ഭരതന്‍, ഉണ്ണി.ആര്‍, അഭിലാഷ് കുമാര്‍, ഹഷര്‍മുഹമ്മദ് എന്നിവരാണ് എഴുത്തുകാര്‍. ഫൈനല്‍ടച്ചിന് വിവേക് ഹര്‍ഷന് കൂട്ടായി എഡിറ്റിംഗ് ടേബിളില്‍ പ്രവീണ്‍ പ്രഭാകറുമുണ്ടായിരുന്നു. പ്രശാന്ത്പിള്ള, ബിജിപാല്‍, ഗോപിസുന്ദര്‍, യക്സാന്‍ ഗാരി പെരേര എന്നിവര്‍ പ്രണയവരികള്‍ക്ക് ഈണം പകര്‍ന്നു. കഥാപാത്രമായി മാറാനുള്ള കഴിവിനാല്‍ ഫഹദ് വീണ്ടും വിസ്മ യിപ്പിച്ചു. ദുല്‍ക്കര്‍, റിനുമാത്യൂസ്, നിവിന്‍പോളി, ജിനുബെന്‍, ഇഷ എന്നിവരും മികച്ച പ്രകടനമാണ് നടത്തിയത്. ബേബി അനികയും മാസ്റ്റര്‍ ചേതനും ഹൃദയം കീഴടക്കിക്കളഞ്ഞു. ബിജുമേനോന്‍, കാവ്യ മാധവന്‍, ടിനി ടോം, റിമി, ജയസൂര്യ, ഗുരു സോമസുന്ദരം,അസ്മിത സൂദ്, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, മുത്തുമണി എന്നിവരും ഈ കൂട്ടായ്മയില്‍ അണി ചേര്‍ന്നു.
പ്രതിഭകളുടെ ഈ സുഹൃദ്സംഗമം സുന്ദരം മാത്രമല്ല, മലയാളസിനിമയെ സംബന്ധിച്ച് പ്രതീക്ഷാഭരിതവുമാണ്.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…