സി.പി.രാജശേഖരൻ
മാറിയ കുടകളും
ജീവിതത്തിലെ കുടമാറ്റങ്ങളും
കുട പഴയകാലത്തിന്റെ ഒരു പ്റതാപ ഛിഹ്ന്നമായിരുന്നു എന്നു പറഞ്ഞാല്‍
ഇന്നാരെങ്കിലും വിശ്വസിയ്ക്കുമോ? കുട മാത്റമല്ല, ഇന്നു നാം സാധാരണ
ഉപയോഗിയ്ക്കുന്ന കണ്ണട, ചെരുപ്പു്, ഫൌണ്ടന്‍ പെന്‍, സില്‍ക് ഷര്‍ട്ടു്,
കസവു വേഷ്ടി, സൈക്കിള്‍ എന്നിവയെല്ലാം ഒരുകാലത്തു് ഒരാളുടെ പ്റതാപം
വിളിച്ചോതുന്ന പ്റകടന വസ്തുക്കളായിരുന്നു. സ്കൂട്ടറും കാറുമെല്ലാം
ലക്ഷപ്റഭുക്കള്‍ക്കു പോലും (ഇന്നത്തെ നൂറുകോടിക്കാരനേയും ആയിരം
കോടീക്കാരനേയും ആണു് അന്നു ലക്ഷ പ്റഭു എന്നു വിളിച്ചിരുന്നതു്) വിരളമായി
മാത്റമേ ഉണ്ടായിരുന്നുള്ളു.എന്റെ വീട്ടില്‍ ഒരു കുടയുണ്ടായിരുന്നതു് ഞാന്‍
ഇന്നും ഓര്‍ക്കുന്നു. ഓരു ഓലക്കുട. ഓലയെന്നാല്‍, തെങ്ങോലയല്ല.പനയോല കൊണ്ടു
നന്നായി കെട്ടിമേഞ്ഞു, ഭംഗിയും വണ്ണവുമുള്ള ചൂരലിന്റെ വടിയില്‍, എപ്പോഴും
നിവര്‍ന്നു തന്നെ നില്ക്കുന്ന ഒരു കുട. ഒരു കുട, വടി, താമ്പാളം, ഒരു
വാളു്, കിണ്ടി, മൊന്ത എന്നിവ ഞങ്ങളുടെ അറവാതില്‍ക്കല്‍ ഭദ്രമായി
സൂക്ഷിച്ചിരുന്നു.(സാധാരണ ഉപയോഗത്തിനു് എടുക്കാതെ ശുദ്ധമായി
സൂക്ഷിച്ചിരുന്ന ഒരു ചെറിയ മുറിയാണു് അറവാതില്‍) ഈ സാധനങ്ങളും സാധാരണ
ആവശ്യത്തിനു് അന്നു ആരും ഉപയോഗിച്ചിരുന്നില്ല. മരണപ്പെട്ട
കാരണവന്‍മാര്‍ക്കു് മാസത്തിലൊരിയ്ക്കല്‍, ‘വിളക്കത്തു വയ്ക്കുക’എന്ന ഒരു
പൂജാ പരിപാടിയുണ്ടായിരുന്നു.അപ്പോള്‍ മാത്റമാണു് ഈ കുടയും വടിയും എന്റെ
വീട്ടില്‍ അറവാതിലിനു പുറത്തേയ്ക്കു് എടുത്തിരുന്നതു്. ആ വിശേഷങ്ങളെല്ലാം
പിന്നെ പറയാം
കുട അന്നു് ആരും കയ്യില്‍ കരുതുക പതിവില്ല.ശീലക്കുട
വന്നു തുടങ്ങിയിട്ടുമില്ല, എന്നു മാത്റമല്ല, തുണി, റേഷന്‍ വഴി
വല്ലപ്പോഴുമാണു് വിതരണം ചെയ്തിരുന്നതു്. ഇന്നെന്റെ മക്കളും കുഞ്ഞുമക്കളും
ഒരുദിവസം മാറിയിടുന്ന തുണി കൊണ്ടു് അന്നു ഞങ്ങള്‍ ഒരു വര്‍ഷം
കഴിയുമായിരുന്നു എന്നു പറയുന്നതില്‍ അതിശയോക്തി ഒട്ടുമില്ലെന്നു് ആണയിട്ടു
പറയട്ടെ. അതും പോട്ടെ, കുടയിലേയ്ക്കു തന്നെ വരാം.ഞാന്‍ സൂചിപ്പിച്ച
മാതിരിയുള്ള ഓലക്കുടകള്‍ അന്നു് ചില വലിയ വീട്ടിലെ കുട്ടികള്‍ സ്കൂളില്‍
കൊണ്ടു വരുന്നതും ഞങ്ങള്‍ കണ്ടിട്ടുണ്ടു്.ഒരു സ്കൂളില്‍ , കൂടിപ്പോയാല്‍
രണ്ടോ മൂന്നോ കുടമാത്റമെ വരാന്തയില്‍ കാണൂ.അദ്ധ്യാപകരും
വിദ്യാര്‍ഥികളുമെല്ലാം മഴയ്ക്കുമുമ്പേ എത്തുകയോ അല്ലേല്‍ ഇലകൊണ്ടോ
വസ്ത്റത്തലപ്പുകൊണ്ടോ തല മറച്ചുമായിരുന്നു സ്കൂളില്‍
എത്തിയിരുന്നതു്.(മഴക്കാലത്തു സാധാരണ മിഡില്‍ ക്ളാസ്സു വീട്ടുകാര്‍
പുറത്തിറങ്ങാറേയില്ല എന്നതും സത്യം മാത്റം)
ഓലക്കുടയില്‍ത്തന്നെ പിന്നീടു് പല മാറ്റങ്ങളും
വന്നു. തൊങ്ങലു വച്ചതും, അലുക്കുകള്‍ തുന്നിച്ചേര്‍ത്തതും ഓല
മിനുസപ്പെടുത്തിയതും മറ്റും. വലുപ്പവും പരപ്പും കൂടുകയും
കുറയുകയുംചെയ്യുന്നതും ഞങ്ങളുടെ കുട്ടീക്കാലത്തു കണ്ടിട്ടുണ്ടു്.ഇതിനെ
അനുകരിച്ചു, പില്‍ക്കാലത്തു് പാളക്കുടകള്‍ വരാന്‍ തുടങ്ങി. കമുകിന്റെ
ഓലയുടെ പിടിഭാഗമാണീ പാള. ആ പാളകള്‍ അക്കാലത്തു ഞങ്ങളുടെ പറമ്പിലും സുലഭ
മായതിനാല്‍ പാളക്കുട പെട്ടെന്നു തന്നെ സര്‍വ്വസാധാരണമായി. പാടത്തും
പറമ്പിലും പണിയ്ക്കു വരുന്നവരും പാളക്കുടകള്‍ ഉണ്ടാക്കി, തൊപ്പിപോലെ
പിടിപ്പിച്ചു തലയിലും കഴുത്തിലും ചേര്‍ത്തു് കെട്ടിവയ്ക്കുമായിരുന്നു.
തുടര്‍ന്നാണു് ശീലക്കുടകളുടെ വരവു്. വലിയകാലിലുലും
വളഞ്ഞ പിടിയിലുമുള്ള ആണ്‍കുടകളും ചെറീയ കാലിലും വളയാത്ത പിടിയിലുമുള്ള
പെണ്‍കുടകളും ഇറങ്ങാന്‍ തുടങ്ങി. പിടിയും വടിയുമെല്ലാം ചൂരലിന്റേതും കനം
കുറഞ്ഞ മരത്തിന്റേയും ആയിരുന്നു, ആദ്യകാലത്തു്. അതില്‍ത്തന്നെ വലുപ്പം
കൂടിയതും കുറഞ്ഞതും ഉണ്ടായിരുന്നു.സ്കൂള്‍ വിടുന്ന സമയത്തു് ഇത്തരം
ഏതെങ്കിലും കുടയിലേയ്ക്കു ഓടിക്കയറുക അന്നു രസമുള്ള ഒരനുഭവമായിരുന്നു. ഒരു
കുടയില്‍ മൂന്നും നാലും പേരു് ഇങ്ങ്നെ ഓടിക്കയറുമായിരുന്നു.എന്നിട്ടു,
തിക്കി ഞെരുങ്ങി, തണുപ്പത്തു കെട്ടിപ്പിടിച്ചു നടക്കും. ഒരു വലിയ
സൌഹ്റ്ദത്തിന്റെ കെട്ടിപ്പിടുത്തമായിരുന്നു, ആ കുടയ്ക്കുള്ളില്‍
അന്നുണ്ടായിരുന്നതു്. ഫലമോ എല്ലാവരും നനയുക, എന്നുതന്നെ. ആ നനയലും ഒരു
സുഖമായിരുന്നു.
അതുകഴിഞ്ഞാണു കമ്പിക്കുടയുടെ വരവു് ആദ്യം ഇറങ്ങിയ
കമ്പിക്കുടയ്ക്കു നല്ല ഡിമാന്റായിരുന്നു. പക്ഷേ, ഒരു മഴക്കാലം
കഴിയുമ്പോഴേയ്ക്കും കമ്പികള്‍ തുരുമ്പെടുക്കുമായിരുന്നു.പിന് നീടാണു്
സ്റ്റീല്‍ കമ്പിക്കുടകള്‍ വന്നതു്. തുടര്‍ന്നു് കുടകളില്‍ വന്നതും
വന്നുകൊണ്ടിരിയ്ക്കുന്നതുമായ മാറ്റം നിങ്ങള്‍ക്കും അറിവുള്ളതാണു്
ചുരുക്കുന്നതും, പിന്നെ മടക്കുന്നതും മടക്കിമടക്കി ചെറുതാക്കാവുന്നതും
അവസാനമിതാ ഏറ്റവും വലിയ ചെറിയകൂട വരെ എത്തി.
ജീവിതത്തിന്റെ ശൈലിയും ഫാഷനും മനസ്സിലാക്കന്‍
കുടയേയും അതിനകത്തു തൊങ്കിത്തൊങ്കി നടക്കുന്ന ഒരു പെണ്ണിനേയും കണ്ടു്
നമുക്കിന്നു നിശ്ചയിക്കാനാകും, അവളേതു തരക്കാരിയെന്നു. അവളുടെ
വേഷപ്പകര്‍ച്ചയില്‍ ഏതുകുടമാറ്റവും തോറ്റുപോവുകയും ചെയ്യും. ഓലയില്‍ നിന്നു
ശീലയിലേയ്ക്കുള്ള ഈ മാറ്റം പോലെയാണു്, നമ്മുടെ ശീലങ്ങളില്‍ വന്ന
മാറ്റവും...