22 Sept 2013

ആലപ്പുഴയിൽ ആദ്യത്തെ നാളികേര ഉത്പാദകകമ്പനി പിറന്നു


ടി. എസ്‌. വിശ്വൻ
കറപ്പുറം കോക്കനട്ട്‌ പ്രോഡ്യൂസർ കമ്പനി, കഞ്ഞിക്കുഴി,എസ്‌. എൻ. പുരം പി. ഒ., ആലപ്പുഴ ജില്ല-688 582

നാളികേരത്തിന്റെ നാടാണ്‌ ആലപ്പുഴ. കയറിന്റെയും കയറുൽപന്നങ്ങളുടെയും പെരുമയിൽ വിദേശികൾക്കും പ്രിയപ്പെട്ട നാട്‌. കൊപ്രയുടേയും, വെളിച്ചെണ്ണയുടെയും വ്യാപാരവുമായി ബന്ധപ്പെട്ട്‌ ചേർത്തല, ആലപ്പുഴ പട്ടണങ്ങൾ ഏറെ സമ്പന്നമായിരുന്നു. നാളികേരത്തെ ആശ്രയിച്ച്‌ ചെറുതും വലുതുമായ ഒട്ടേറെ വ്യവസായങ്ങളും തൊഴിലവസരങ്ങളും ആലപ്പുഴക്കാർക്ക്‌ കൈവന്നിരുന്നു. പക്ഷേ നാളികേരം സമ്മാനിച്ച ആ സുവർണ്ണ കാലം ഒരു കടംകഥ പോലെ മാറി. ഒന്നല്ല ഒത്തിരി കാരണങ്ങളാൽ തകർച്ചയിലേയ്ക്ക്‌ പൊയ്ക്കൊണ്ടിരിക്കുന്ന നാളികേര കൃഷിയെ രക്ഷിക്കാൻ നടത്തിയ പരിശ്രമങ്ങളും പരീക്ഷണങ്ങളും ഉദ്ദേശിച്ച ഫലം കണ്ടില്ല! ഈ സാഹചര്യത്തിലാണ്‌ നാളികേര ബോർഡ്‌ ഏറ്റവും ഒടുവിൽ നിർദ്ദേശിച്ച നാളികേര ഉത്പാദക സംഘങ്ങളും അവയുടെ ഫെഡറേഷനുകളും രൂപംകൊണ്ടത്‌. അതിന്റെ ഫലമായി കേര മേഖലയിൽ പുത്തൻ ഉണർവിന്‌ തന്നെ കളമൊരുങ്ങി. നാളികേര ഉത്പാദകരായ കർഷകരുടെ ഈ കൂട്ടായ്മ നാളികേരാധിഷ്ഠിതമായ ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിന്റെയും അവയുടെ വിപണനത്തിന്റെയും മേഖലയിൽ സ്ഥാപിതമാകുന്ന കമ്പനിക്ക്‌ ശക്തമായ ഒരടിത്തറയായിരിക്കും. നാളികേര ഉത്പാദക കമ്പനിക്ക്‌  സുതാര്യവും പ്രായോഗികവുമായ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാനാകുമ്പോൾ നാളികേരത്തിന്റെ നാട്ടിൽ സ്വന്തമായിത്തിരി മണ്ണുള്ളതിൽ അഭിമാനിക്കുന്നവരാവും കറപ്പുറത്തെ കേരകർഷകർ!
ജില്ലയുടെ വടക്ക്‌ കടലോര - കായലോര ഗ്രാമങ്ങൾ ഉൾപ്പെട്ടതാണ്‌ കറപ്പുറം. കടൽ മാറി കരയായത്‌ എന്ന അർത്ഥത്തിൽ കടൽ കര വെച്ച ദേശമാണ്‌ കറപ്പുറം എന്നാണ്‌ ചരിത്രം. തെക്ക്‌ ആലപ്പുഴ പട്ടണവും വടക്ക്‌ കൊച്ചിയോടു ചേർന്നുള്ള കായലുകളുമാണ്‌ അതിരുകൾ. പടിഞ്ഞാറ്‌ അറബിക്കടലും കിഴക്ക്‌ വേമ്പനാട്ട്‌ കായലും. ആര്യാട്‌, കഞ്ഞിക്കുഴി, പട്ടണക്കാട്‌, തൈക്കാട്ടുശ്ശേരി എന്നീ നാല്‌ ബ്ലോക്ക്‌ പഞ്ചായത്തുകളിലായി ഇരുപത്തൊന്ന്‌ ഗ്രാമപഞ്ചായത്തുകളുണ്ട്‌. ഏതാണ്ട്‌ മധ്യ ഭാഗത്തായി ചേർത്തല മുനിസിപ്പാലിറ്റിയും സ്ഥിതി ചെയ്യുന്നു. കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്തിലെ അഞ്ച്‌ ഗ്രാമപഞ്ചായത്തുകളിലേയും 96 വാർഡുകളിലും സിപിഎസുകൾ പ്രവർത്തിക്കുന്നു. സിപിഎസുകളുടെ മുകളിൽ എട്ട്‌ ഫെഡറേഷനുകളുടെ പ്രവർത്തനവും സജീവമാണ്‌. മറ്റ്‌ ബ്ലോക്ക്‌ പഞ്ചായത്തുകളിലും സി പിഎസുകളും സിപിഎഫുകളും രൂപം കൊണ്ടിട്ടുണ്ട്‌. പഞ്ചായത്തുകളിലുള്ള എല്ലാ വാർഡുകളിലും സിപിഎസുകൾ രൂപീകൃതമായതോടെ എണ്ണായിരത്തിലധികം നാളികേര ഉത്പാദകരെ അണിനിരത്താൻ കഴിഞ്ഞ കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത്‌ നാളികേര ഉത്പാദക കമ്പനി രൂപീകരണത്തിലും മുൻനിരയിലെത്തി. ഒന്നിലേറെ പേരുകൾ നിർദ്ദേശിച്ചെങ്കിലും കറപ്പുറം കോക്കനട്ട്‌ പ്രോഡ്യൂസർ കമ്പനി  എന്ന പേരാണ്‌ കമ്പനിക്ക്‌ ലഭിച്ചതു. തേങ്ങ ഉത്പാദനത്തിന്റെ കുത്തക ദേശമായിരുന്ന കറപ്പുറത്തിന്റെ ഓർമ്മകൾ  നിലനിർത്തുന്ന പേര്‌ കമ്പനിക്ക്‌ ലഭിച്ചതു ഒരനുഗ്രഹമായി കരുതാം.
നാളികേരം കറപ്പുറത്തിന്റെ സമ്പത്ത്‌
കറപ്പുറത്തെ കയറും കയറുൽപന്നങ്ങളും ഏറെ പ്രസിദ്ധമാണ്‌. ഇവിടെയുള്ള കുളങ്ങളും തോടുകളും ചാലുകളും പൊഴികളുമെല്ലാം പണ്ട്‌ തൊണ്ട്‌ മൂടുന്നതിന്‌ ഉപയോഗിച്ചിരുന്നു. ഉപ്പിന്റെ സാന്നിദ്ധ്യമുള്ള വെള്ളത്തിൽ തൊണ്ട്‌ വേഗത്തിൽ അഴുകാനും തല്ലി ചകിരിയാക്കാനും പ്രയാസമില്ലായിരുന്നു. മറ്റ്‌ തൊഴിലുകൾ അധികമൊന്നും ആഗ്രഹിക്കാൻ ഇല്ലാതിരുന്ന കാലത്ത്‌ സ്ത്രീകൾക്ക്‌ ആശ്രയിക്കാവുന്ന തൊഴിലുകളായിരുന്നു തൊണ്ട്‌ തല്ലി ചകിരിയാക്കലും, ചകിരി പിരിച്ച്‌ കയറാക്കലും. പുരുഷന്മാർ ഈ കയർ ഉപയോഗിച്ച്‌ തടുക്കും പായും കാർപ്പറ്റുമെല്ലാം ഉത്പാദിപ്പിച്ചു. ഇവയെല്ലാം വിദേശ വിപണികളിൽ നല്ല വില കിട്ടുന്നവയായിരുന്നു. വീട്ടുമുറ്റത്തെ ഒറ്റത്തറി മുതൽ കൂറ്റൻ കയർ ഫാക്ടറികൾ വരെ കറപ്പുറത്തിന്റെ മാത്രം സവിശേഷതയായിരുന്നു. യന്ത്ര തറികളും, കയർ സംഘങ്ങളും സജീവമായതോടെ ചകിരിക്കും കയറിനും ക്ഷാമം നേരിട്ടു. ചകിരിയിൽ നിന്നും വേർതിരിച്ചെടുക്കുന്ന സുവർണ്ണ നാരിനു പകരം പലതരം നാരുകളും വന്ന്‌ തുടങ്ങി. പ്ലാസ്റ്റിക്ക്‌ നാരുകളും രംഗത്ത്‌ വന്നു. റബ്ബർ പാലിന്റെ ഒഴുക്കും കയറുൽപന്ന നിർമ്മാണത്തിനൊപ്പം എത്തിച്ചേർന്നു. യഥാർത്ഥ കയറിന്റെ ആവശ്യകത ഗണ്യമായി കുറയാൻ ഇക്കാരണങ്ങൾ മതിയല്ലോ. അതേ സമയം കയർ ബോർഡ്‌, കയർ കോർപ്പറേഷൻ, കയർ ഫെഡ്‌, കയർ ഡിപ്പാർട്ട്‌മന്റ്‌ തുടങ്ങിയ സ്ഥാപനങ്ങളുടെ ഇടപെടലുകൾ ഈ രംഗത്ത്‌ പ്രതീക്ഷാനിർഭരമായി തുടരുന്നുണ്ട്‌.
കിഴക്കിന്റെ വേണീസെന്ന്‌ അറിയപ്പെട്ടിരുന്ന ആലപ്പുഴയിൽ കൊപ്ര വ്യവസാത്തിന്റെയും ഗതി മറിച്ചല്ല. മുപ്പതോളം കൊപ്ര കന്നിട്ടകൾ (കൊപ്ര വ്യാപാര കേന്ദ്രങ്ങൾ) ആലപ്പുഴ പട്ടണത്തോട്‌ ചേർന്ന്‌ ഉണ്ടായിരുന്നു. ചേർത്തലയിലാവട്ടെ പത്തിലധികം സ്ഥാപനങ്ങൾ കൊപ്ര വാങ്ങുന്നതിന്‌ ഉണ്ടായിരുന്നു. രണ്ട്‌ സ്ഥലത്തേയ്ക്കും കൊപ്ര എത്തിച്ചിരുന്നത്‌ അധികവും കറപ്പുറത്തെ കർഷകരും, തേങ്ങ വ്യാപാരികളുമായിരുന്നു. ശേഖരിക്കുന്ന കൊപ്ര ബോംബെയിലെത്തിച്ച്‌ അവിടെയുള്ള വൻകിട മില്ലുകളിൽ ആട്ടിയെടുക്കുന്ന വെളിച്ചെണ്ണ മായം ചേർത്ത്‌ നാട്ടിൻപുറത്തെ കടകളിൽ വരെ എത്തുമായിരുന്നു. ഇന്നത്തെപ്പോലെ മറ്റ്‌ എണ്ണകളായ പാമോയിലോ, സൺഫ്ലവർ ഓയിലോ ഒന്നും അന്ന്‌ സുലഭമായിരുന്നില്ല. വെളിച്ചെണ്ണയുടെ ഉപയോഗമായിരുന്നു അധികവും. കറപ്പുറത്തുണ്ടായിരുന്ന ധാരാളം മരച്ചക്കുകളും ചെറിയ ചെറിയ യന്ത്ര മില്ലുകളും ഉത്പാദിപ്പിച്ച വെളിച്ചെണ്ണ നാട്ടുകാർ ഉപയോഗിച്ചിരുന്നു.
തെങ്ങുടമകൾക്ക്‌ ഏതു സമയവും താങ്ങും തണലുമായി നിന്നിരുന്ന തേങ്ങാക്കച്ചവടക്കാരെ ഇന്ന്‌ കണികാണാനില്ല. തേങ്ങാപ്പുരകൾ, അട്ടിപ്പുരകൾ, ഏരിപ്പുരകൾ എല്ലാം ഇന്ന്‌ നിശ്ചലം. യഥാസമയം വിളവെടുക്കാനും വിപണി കണ്ടെത്താനും സാധിക്കാത്ത അവസ്ഥയാണ്‌ കറപ്പുറത്തെ ഭൂരിഭാഗം കേരകർഷകർക്കും പറയാനുള്ളത്‌. നാഫെഡിന്റെ സഹായത്തോടെയുള്ള കൊപ്ര സംഭരണവും കേര ഫെഡിന്റെ സഹായത്തോടെയുള്ള പച്ചതേങ്ങ സംഭരണവും കറപ്പുറത്തെ കേരകർഷകരെ രക്ഷിക്കാൻ ഉപകരിക്കുമെങ്കിലും അവയുടെ പ്രവർത്തനം തൃപ്തികരമാകുന്നില്ല.
കറപ്പുറത്തെ പുതിയ സാദ്ധ്യതകൾ
കൊപ്രയും വെളിച്ചെണ്ണയും മാത്രമല്ല നാളികേരത്തിൽ നിന്നുള്ള ഒട്ടേറെ മൂല്യ വർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കാനുള്ള സാധ്യതകൾ കറപ്പുറത്തുണ്ട്‌. ആര്യാട്‌-കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്തുകളുടെ സംയുക്ത സംരംഭമായി ആരംഭിച്ച കേന്ദ്ര സർക്കാർ പദ്ധതി പ്രകാരം നിർമ്മിച്ച രണ്ട്‌ നാളികേര ക്ലസ്റ്റർ യൂണിറ്റുകൾ ഇവിടെയുണ്ട്‌. അവയിൽ ഒന്ന്‌ കഞ്ഞിക്കുഴിയിലും മറ്റൊന്ന്‌ മണ്ണഞ്ചേരിയിലുമാണ്‌. തേങ്ങ ശേഖരിക്കുന്നതിനും സംസ്ക്കരിച്ച്‌ കൊപ്രയും, വെളിച്ചെണ്ണയും, വെർജിനോയിലും, ചിപ്സുമൊക്കെ നിർമ്മിക്കുന്നതിനുള്ള സംവിധാനങ്ങൾ ഈ യൂണിറ്റുകളിലുണ്ട്‌. ആവശ്യമായ പരിശീലനം നൽകുന്നതിന്‌ നാളികേര വികസന ബോർഡിന്റെ സഹായവും ലഭിക്കുന്നതാണ്‌. കഞ്ഞിക്കുഴി ബ്ലോക്ക്‌ നേതൃത്വം കൊടുത്ത്‌ ആരംഭിച്ചിട്ടുള്ള നാളികേര ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും ഒത്തുചേർന്ന്‌ കറപ്പുറത്ത്‌ ആരംഭിക്കുന്ന നാളികേര ഉത്പാദക കമ്പനി കേര കർഷകർക്ക്‌ നേട്ടങ്ങൾ ഉണ്ടാക്കുന്ന ഒരു സംരംഭമായി മാറുന്നതിന്‌ അനുകൂല സാഹചര്യങ്ങൾ ധാരാളമുണ്ട്‌.
കമ്പനിക്കു മുന്നോടിയായി
സിപിഎഫ്‌ ജോയിന്റ്‌ സമിതി

കഞ്ഞിക്കുഴിയിലെ എട്ട്‌ ഫെഡറേഷനുകളും ചേർന്ന്‌ ഒരു താൽക്കാലിക സംവിധാനമെന്ന നിലയിലാണ്‌ ജോയിന്റ്‌ സമിതിക്ക്‌ രൂപം കൊടുത്തത്‌. എന്നാൽ ബ്ലോക്ക്‌ പഞ്ചായത്തിന്‌ കീഴിലുള്ള നൂറോളം സി പിഎസ്സുകളെയും, ഫെഡറേഷനുകളെയും ഏകോപിപ്പിക്കാനും വിവിധ സർക്കാർ, തൃത്താല പഞ്ചായത്ത്‌ പദ്ധതികൾ ഏറ്റെടുത്ത്‌ നടപ്പാക്കാനും കഴിഞ്ഞതോടെ ജോയിന്റ്‌ സമിതി ഒരു സ്ഥിരം സംവിധാനമായി മാറി. എഴുപതിനായിരത്തോളം കുറിയയിനം വിത്തു തേങ്ങകൾ തമിഴ്‌നാട്ടിലേയും, കർണ്ണാടകയിലേയും അംഗീകൃത തോട്ടങ്ങളിൽ നിന്ന്‌ സംഭരിച്ച്‌ പാകുന്നതിനും ഈ സമിതിയുടെ പ്രവർത്തനം ഉപകരിച്ചിട്ടുണ്ട്‌. തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലനമാണ്‌ ജോയിന്റ്‌ സമിതിയുടെ മറ്റൊരു പ്രധാന നേട്ടം. നാളികേര ബോർഡിന്റെ സഹായത്തോടെ നടപ്പാക്കുന്ന യന്ത്രമുപയോഗിച്ചുള്ള തെങ്ങു കയറ്റ പരിശീലനം എട്ട്‌ ബാച്ചുകൾ ഇപ്പോൾ പൂർത്തിയായി. അഭ്യസ്തവിദ്യരായ യുവതികൾ ഉൾപ്പെടെ 170 പേർക്കാണ്‌ ഇതിനകം പരിശീലനം നൽകിയത്‌. 2014 മാർച്ച്‌ മാസത്തിനകം 500 പേരെ പരിശീലിപ്പിക്കുന്നതിനാണ്‌ ലക്ഷ്യമിട്ടിട്ടുള്ളത്‌.
നാളികേര ഉത്പാദക
കമ്പനി രൂപീകരണം

നാളികേര ഉത്പാദക കമ്പനിയുടെ രൂപീകരണം സംബന്ധിച്ച ആദ്യത്തെ ചർച്ചാ യോഗം മെയ്‌ 25 ന്‌ നാളികേര ബോർഡ്‌ ചെയർമാൻ ശ്രീ. ടി. കെ. ജോസ്‌ ഐ. എ. എസ്സിന്റെ സാന്നിദ്ധ്യത്തിലാണ്‌ നടന്നത്‌. ഫെഡറേഷനുകളുടെ സെക്രട്ടറിമാരും പ്രസിഡന്റുമാരും പ്രസ്തുത യോഗത്തിൽ സംബന്ധിച്ചു. കഞ്ഞിക്കുഴിയിൽ പുതുതായി ആരംഭിക്കുന്ന ഉത്പാദക കമ്പനി സംസ്ഥാനത്തെ മൂന്നാമത്തെ കമ്പനിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന്‌ ജൂൺ 15 ന്‌ സിപിഎഫ്‌ പ്രവർത്തകരെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ട്‌ വിശദമായ ഒരു യോഗം സംഘടിപ്പിച്ചു. നാളികേര ബോർഡിൽ നിന്നും റിട്ടയർ ചെയ്ത മുഖ്യ നാളികേര വികസന ഓഫീസർ ശ്രീ. എം. തോമസ്‌ മാത്യു മുഖ്യ ക്ഷണിതാവായി പങ്കെടുത്തു. നാളികേര ബോർഡ്‌ അസിസ്റ്റന്റ്‌ മാർക്കറ്റിംഗ്‌ ഓഫീസർ ശ്രീ. കെ. എസ്‌. സെബാസ്റ്റ്യൻ ഉത്പാദക കമ്പനി രൂപീകരണത്തിന്റെ നടപടി ക്രമങ്ങൾ വിശദീകരിച്ചു. ബോർഡിന്റെ ജില്ലയിലെ പ്രവർത്തനങ്ങൾ നടപ്പാക്കുന്ന ചാർജ്‌ ഓഫീസർ കുമാരി. പ്രീതാകുമാരിയും തദവസരത്തിൽ സംസാരിച്ചു. കമ്പനി രൂപീകരണവും പ്രവർത്തനവും സംബന്ധിച്ച്‌ അംഗങ്ങൾ ഉന്നയിച്ച സംശയങ്ങൾക്കെല്ലാം ബോർഡിനെ പ്രതിനിധീകരിച്ച്‌ എത്തിയവർ മറുപടിയും നൽകി. കമ്പനിക്ക്‌ നൽകുന്നതിന്‌ നിർദ്ദേശിച്ച വിവിധ പേരുകൾ യോഗത്തിൽ ചർച്ച ചെയ്തു. എട്ട്‌ ഫെഡറേഷനുകളിൽ നിന്നുമായി പത്ത്‌ പേരെ കമ്പനിയുടെ പ്രോമോട്ടർമാരായി തെരഞ്ഞെടുക്കുന്നതിനും യോഗം തീരുമാനമെടുത്തു. കമ്പനിയുടെ പ്രാരംഭ നടപടികൾ ഏറ്റെടുക്കുന്നതിന്‌ ജോയിന്റ്‌ സമിതിയെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു.
കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത്‌ മേഖലയിലെ എട്ട്‌ ഫെഡറേഷനുകളും ചേർന്നാണ്‌ കമ്പനി രൂപീകരിച്ചിട്ടുള്ളതെങ്കിലും കറപ്പുറത്തെ കേരകർഷകർക്ക്‌ പൊതുവെ ഗുണം ചെയ്യുന്ന വിധം പ്രവർത്തിക്കണമെന്നാണ്‌ സിപിഎഫ്‌ ഭാരവാഹികൾ ആഗ്രഹിക്കുന്നത്‌. കറപ്പുറം കോക്കനട്ട്‌ പ്രോഡ്യൂസേഴ്സ്‌ കമ്പനി എന്ന്‌ പേര്‌ ലഭിച്ചതിലും സിപിഎഫ്‌ പ്രവർത്തകർ സംതൃപ്തരാണ്‌.
കറപ്പുറം നാളികേരോത്പാദക കമ്പനി പ്രോമോട്ടർമാർ
1)    അഡ്വ. പ്രിയേഷ്കുമാർ, കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌
2) ശ്രീ. ടി. എസ്‌. വിശ്വൻ, സെക്രട്ടറി, തണ്ണീർമുക്കം സൗത്ത്‌ സിപിഎഫ്‌
3) ശ്രീ. എം.ജി. രഘുനാഥൻ നായർ, പ്രസിഡന്റ്‌, തണ്ണീർമുക്കം സൗത്ത്‌ സിപിഎഫ്‌
4)     ശ്രീ. വി. സുകുമാരൻ നായർ, പ്രസിഡന്റ്‌, മാരാരിക്കുളം നോർത്ത്‌
സിപിഎഫ്‌
5)    ശ്രീ. എൻ. സദാനന്ദൻ, പ്രസിഡന്റ്‌, തണ്ണീർമുക്കം നോർത്ത്‌ സിപിഎഫ്‌
6)    ശ്രീ. വി.സി. പണിക്കർ, പ്രസിഡന്റ്‌, ചെറുവാരണം സിപിഎഫ്‌
7)    ശ്രീ. അപ്പുക്കുട്ടൻപിള്ള, പ്രസിഡന്റ്‌, അർത്തുങ്കൽ സിപിഎഫ്‌
8) ശ്രീ. കെ. കൈലാസൻ, സെക്രട്ടറി, കഞ്ഞിക്കുഴി സിപിഎഫ്‌
9) ശ്രീ. കെ. രത്നാകരൻ, പ്രസിഡന്റ്‌, അരീപ്പറമ്പ്‌ സിപിഎഫ്‌
10)    ശ്രീ. എസ്‌.ശ്രീകുമാർ,ട്രഷറർ, കടക്കരപള്ളി സിപിഎഫ്‌
കമ്പനിയുടെ പ്രധാന ലക്ഷ്യങ്ങൾ
*  ഉത്പാദനക്ഷമത കുറഞ്ഞതും പ്രായാധിക്യം ഉള്ളതും, കീടരോഗബാധ മൂലം നശിക്കുന്നതുമായ തെങ്ങുകൾ നീക്കം ചെയ്ത്‌ പകരം കുറിയ ഇനങ്ങളും സങ്കരയിനങ്ങളും കൃഷി ചെയ്യുക.
*    നിലവിലുള്ള തെങ്ങുകൾക്ക്‌ മെച്ചപ്പെട്ട വിളവ്‌ തരാൻ ഉതകുന്ന വിധം സംരക്ഷണ     നടപടികൾ സ്വീകരിക്കുക.
*   നാളികേരവുമായി ബന്ധപ്പെട്ട മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഓരോന്നായി നിർമ്മിച്ച്‌  വിപണി കണ്ടെത്തുക.
*    സിപിഎസ്സ്‌ തലത്തിൽ തെരഞ്ഞെടുക്കുന്ന യുവതീ,യുവാക്കൾക്ക്‌ യന്ത്ര സഹായത്താൽ തെങ്ങുകയറ്റ പരിശീലനം, മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനം, മാർക്കറ്റിംഗ്‌ നടത്തുന്നതിനുള്ള പരിശീലനം തുടങ്ങിയവ നൽകുക.
*   ആദ്യഘട്ടത്തിൽ വെളിച്ചെണ്ണ, വെർജിൻ ഓയിൽ, തേങ്ങാവെള്ളത്തിൽ നിന്നുള്ള  വിനാഗിരി, ചമ്മന്തിപ്പൊടി എന്നീ നാലിനങ്ങൾ ഉത്പാദിപ്പിക്കുക.
*    നീര ഉത്പാദനവും സംസ്ക്കരണവും കേരകർഷകന്റെ വരുമാനം വർദ്ധിപ്പിക്കുന്നതിനും തൊഴിൽ മേഖല ശക്തിപ്പെടുത്തുന്നതിനും വേണ്ടി ഏറ്റെടുക്കുക.
ഫെഡറേഷനുകളുടെ ജോയിന്റ്‌ സമിതി ചെയർമാനും ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമായ അഡ്വ. ഡി. പ്രിയേഷ്കുമാറിന്റെ നേതൃത്വത്തിൽ ഒരു ടീമായിട്ടാണ്‌ എട്ട്‌ ഫെഡറേഷനുകളും പ്രവർത്തിക്കുന്നത്‌. ജോയിന്റ്‌ സമിതിയുടെ പ്രവർത്തന മികവാണ്‌ കോക്കനട്ട്‌ പ്രോഡ്യൂസർ കമ്പനി രൂപീകരണത്തിന്‌ കൂടുതൽ സഹായകമായത്‌. കമ്പനി രൂപീകരണവും തുടർന്നുള്ള കമ്പനി പ്രവർത്തനങ്ങളും സിപിഎസ്‌. അംഗങ്ങളായ കർഷകരെ അറിയിക്കുന്നതിന്‌ കർഷക യോഗങ്ങൾ വാർഡു തലത്തിൽ സംഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ഇപ്പോൾ ഏറ്റെടുത്തിട്ടുണ്ട്‌. കൃഷിനടത്താനും സഹായങ്ങൾ നേടിയെടുക്കാനും മാത്രം ഒത്തുചേരുന്ന സന്നദ്ധസംഘടനയിൽ നിന്ന്‌ വിഭിന്നമാണ്‌ പ്രത്യേക നിയമങ്ങളും വ്യതിചലിക്കാനാവാത്ത നടപടിക്രമങ്ങളുമുള്ള കമ്പനികൾ. മുതൽ മുടക്കിലും ഉൽപന്നങ്ങളുടെ പുരോഗതിയിലുമെല്ലാം കമ്പനികൾക്ക്‌ വിട്ടുവീഴ്ചയില്ല. ആദായവും ലാഭവും കമ്പനികളുടെ ലക്ഷ്യമാണ്‌. മറിച്ചായാൽ കമ്പനികൾ വട്ടപ്പൂജ്യം!.
ഫോൺ: 0478-2862446

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...