കെ. ബി. ഹെബ്ബാർ, മാത്യു എ.സി., അറിവഴഗൻ എം., ഷംശുദ്ദേീൻ കെ., ജോർജ്ജ് വി തോമസ്
കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം, കാസറഗോഡ്
തെങ്ങിൻ പൂക്കുല ചെത്തിയെടുക്കുന്ന നീര് അഥവാ നീരയും മറ്റ് പനവർഗ്ഗവൃക്ഷങ്ങളിൽ നിന്നെടുക്കുന്ന നീരയും ആരോഗ്യദായകമായ പോഷക പാനീയമാണ്. തെങ്ങിന്റ ചൊട്ടയിൽ നിന്ന് ശേഖരിക്കുന്ന ഫ്ലോയം നീരാണിത്. ഇത് പഞ്ചസാര, ധാതുക്കൾ, പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ആന്റി ഓക്സിഡന്റുകൾ മുതലായവയാൽ സമൃദ്ധമായതിനാൽ അന്തരീക്ഷ ഊഷ്മാവിൽ തുറന്ന് വെച്ചിരുന്നാൽ പുളിച്ച് ഉപയോഗശൂന്യമായിപ്പോകുന്നു. കാസറഗോഡ് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിൽ തെങ്ങിൽ നിന്ന് പുളിക്കാത്ത, ശുദ്ധമായ, ആരോഗ്യകരമായ നീര ശേഖരിക്കുന്നതിനുള്ള ലഘു ഉപകരണം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇപ്രകാരം ശേഖരിച്ച നീര ഉടനടി പാനീയമായി ഉപയോഗിക്കാവുന്നതോ, രാസപദാർത്ഥങ്ങളൊന്നും തന്നെ ചേർക്കാതെ കോക്കനട്ട് ഹണി, ശർക്കര, കോക്കനട്ട് ഷുഗർ തുടങ്ങിയവ നിർമ്മിക്കുന്നതിനായി ഉപയോഗിക്കാവുന്നതോ ആണ്. തുടരെ നീര ചെത്തിയെടുത്തതിനുശേഷം തേങ്ങ ഉത്പാദനത്തിനുള്ള സാങ്കേതികവിദ്യ (ടഇഠചജ) അതായത് ചൊട്ടയുടെ മുക്കാൽ ഭാഗം നീര ചെത്താനായി ഉപയോഗപ്പെടുത്തുകയും ബാക്കിവരുന്ന ചൊട്ട വിടർന്ന് തേങ്ങ കായ്ക്കാൻ അനുവദിക്കുകയും ചെയ്യുക വഴി, നാളികേരോത്പാദനം വേണ്ടെന്ന് വയ്ക്കാതെ തന്നെ കൃഷിയിടത്തിൽ നിന്നുളള വരുമാനം വർദ്ധിപ്പിക്കാൻ സാധിക്കും.
തെങ്ങിന്റെ നീര് - നീര
തെങ്ങിൽ നിന്ന് ചെത്തിയെടുക്കുന്ന നീരാണ് നീര. ഗ്രാമീണജനത ഇത് ധാരാളമായി ഉപയോഗിക്കുന്നു. ഇത് ണല്ലോരു ദഹന സഹായിയും മൂത്രവർദ്ധകവും മഞ്ഞ പ്പിത്തത്തെ പ്രതിരോധിക്കുന്നതുമാണ്.
തെങ്ങിൻ പൂക്കുലയിൽ നിന്നാണ് നീര ശേഖരിക്കുന്നത്. കായ്ക്കുന്ന ഒരു തെങ്ങിൽ ഓരോ മാസവും ഓരോ പൂക്കുല വീതം വർഷത്തിൽ 12 മുതൽ 14 വരെ പൂക്കുലകൾ ഉണ്ടാകുന്നുണ്ട്. തെങ്ങിൻ പൂക്കുല ഒരു ചൊട്ടയ്ക്കകത്ത് ഒരു പ്രധാന പൂക്കുലത്തണ്ടിൽ പല പൂക്കുല ശാഖകളായി കാണപ്പെടുന്നു. ഓരോ പൂക്കുലത്തണ്ടും പൈപ്പുകൾ പോലെയുള്ള ഭാഗങ്ങളാണ്. അവയിൽ നിന്നാണ് മുറിക്കുമ്പോൾ നീര് ഊറിവരുന്നത്. ഒരു ചൊട്ടയ്ക്കകത്ത് പൂക്കുലത്തണ്ടുകൾ അണുവിട സ്ഥലം വിടാതെ തിങ്ങിക്കൂടിയിരിക്കുന്നു. തെങ്ങിൻ ചൊട്ട നീളമേറിയതാണ്, അതായത് ഒരു മീറ്റർ നീളത്തിൽ വരെ വളരുന്നു.
നീര ശേഖരണം
ചൊട്ട ചെത്തി, പുറത്തേക്ക് ഊറിവരുന്ന മാധുര്യമുള്ള നീര് ശേഖരിക്കുകയാണ് ചെയ്യുന്നത്. സാധാരണയായി, നല്ല ജലസേചന സൗകര്യമുള്ള ആരോഗ്യമുള്ള തെങ്ങുകളുള്ള തോട്ടങ്ങളാണ് ചെത്താൻ തെരഞ്ഞെടുക്കുന്നത്. ചൊട്ട മുക്കാൽഭാഗം വളർച്ചയെത്തുമ്പോൾ ചെത്താൻ പാകമായതായി കണക്കാക്കാം. ചൊട്ടയ്ക്കുള്ളിലെ പെൺപൂക്കൾ ചൊട്ടയുടെ ചുവട്ടിലായി മുഴകൾ പോലെ കാണപ്പെടും. ഇത് ചൊട്ടചെത്താൻ പാകമായി എന്നുള്ളതിന്റെ സൊാചനയാണ്.
ചൊട്ട ചെത്തുന്നതിന് മുൻപായി ചുവട്ടിൽ നിന്ന് മുക്കാൽ ഭാഗം നീളത്തിൽ വരെ കയറുകൊണ്ടോ പ്ലാസ്റ്റിക് ചരടുകൊണ്ടോ ചൊട്ട വിരിഞ്ഞു പോകാതിരിക്കുന്നതിനായി വരിഞ്ഞുകെട്ടുന്നു. ചൊട്ടയുടെ അഗ്രഭാഗം നേരിയതായി മുറിച്ചുമാറ്റുന്നു. ദിവസവും രാവിലേയും വൈകുന്നേരവും ചൊട്ട ഒരു മരത്തടികൊണ്ട് മുട്ടിക്കൊടുക്കുന്നു. എട്ട്, പത്ത് ദിവസം കഴിയുമ്പോൾ നീര ഊറി വരാൻ തുടങ്ങും. ഇത് മൺകുടങ്ങളിലോ മുളങ്കുഴലുകളിലോ ശേഖരിക്കുന്നു.
തെങ്ങിൻ ചൊട്ട 20 ഡിഗ്രി മുതൽ 40 ഡിഗ്രിവരെ ചരിവിലാണ് തെങ്ങിൻ മണ്ടയിൽ നിൽക്കുന്നത്. അതിനാൽ നീര ഒഴുകിപ്പരക്കാൻ സാദ്ധ്യതയുണ്ട്. ഇത് തടയുന്നതിനായി, പരമ്പരാഗതമായി ചെയ്യുന്നത് കളിമണ്ണോ, പശിമയുള്ള ഏതെങ്കിലും വസ്തുവോ, ഇലകളുടെ ചാറോ മുറിഭാഗത്തും അരികിലുമായി തേച്ച് പിടിപ്പിക്കുകയാണ്. ചൊട്ടയുടെ പുറത്തേക്ക് നീര് ഒഴുകിപ്പരക്കുന്നത് തടയുന്നതിനായി ഒരു ഓലക്കാൽ ചൊട്ടയുടെ മുറിഭാഗത്ത് ചുറ്റിക്കെട്ടി, മൺകുടത്തിലേക്കോ മുളങ്കുഴലിലേക്കോ നീര് തുള്ളിയായി വീഴിക്കുന്നു. നീര് പുളിക്കാതിരിക്കാനായി കുടത്തിനുളളിൽ ചുണ്ണാമ്പ് പുരട്ടിവെയ്ക്കുന്നു. മേൽപ്പറഞ്ഞ പരമ്പരാഗത രീതിയിൽ കളിമണ്ണ് പുരണ്ടും മറ്റും നീര മലിനമാകുന്നതിനു പുറമേ പലപ്പോഴും പ്രാണികളും ഉറുമ്പും പൊടിയും മറ്റും കലർന്ന് നീര വേഗത്തിൽ പുളിച്ചുപോകുന്നു. നീര വൃത്തിയോടെയും പുതുമയോടെയും ശേഖരിക്കുന്നതിനായി കാസറഗോഡ് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിൽ ഒരു ലഘുഉപകരണം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ചൊട്ടയുടെ വ്യാസത്തിനനുസരിച്ച് ഘടിപ്പിക്കാവുന്ന പല വലിപ്പത്തിലുള്ള കുഴലാണിത്. ഇതിന്റെ ഒരറ്റം അടച്ചതും മറ്റേയറ്റം ചൊട്ടയുടെ മുറിഭാഗത്ത് ഘടിപ്പിക്കാവുന്ന രീതിയിലുമായിരിക്കും. ചൊട്ടയുടെ മുറിഭാഗത്ത് മുറുകെ വിടവില്ലാത്തവിധം ഘടിപ്പിക്കാവുന്നതിനാൽ നീര പുറത്തേക്ക് ഒലിച്ചുപോകുന്നില്ല. ഇതിനോട് ഒരു പൈപ്പ് ഘടിപ്പിച്ചതിനുശേഷം, അതിന്റെ മറുഭാഗം നീര ശേഖരിക്കുന്നതിനുള്ള പാത്രത്തിലേക്ക് ഘടിപ്പിക്കുന്നു. ചൊട്ടയുടെ മുറിഭാഗത്തുനിന്നും ഒഴുകിവരുന്ന നീര കുഴലിലൂടെ പൈപ്പ് വഴി പാത്രത്തിലെത്തുന്നു. നീര ശേഖരിക്കുന്നതിനുള്ള പാത്രം ഐസ് നിറച്ച ബോക്സിലാണ് വെയ്ക്കുന്നത്. ചൊട്ടയുടെ മുറിഭാഗത്ത് ഘടിപ്പിക്കുന്ന കുഴൽ മുതൽ ശേഖരിക്കുന്ന പാത്രം വരെ യാതൊന്നും തുറന്നിരിക്കുന്നില്ല, എല്ലാം പൂർണ്ണമായി അടച്ച് വെച്ചിരിക്കും. ശീതികരിച്ച അവസ്ഥയിലായതിനാൽ അത് പുളിച്ചുപോകുന്നില്ല, അതിനാൽ ചുണ്ണാമ്പ് ആവശ്യമായി വരുന്നില്ല. ഇപ്രകാരം ശേഖരിക്കുന്ന നീര ശുദ്ധവും ആരോഗ്യകരവും ഉടനടി പാനീയമായി ഉപയോഗിക്കാവുന്നതും രാസപദാർത്ഥങ്ങളൊന്നും ചേർക്കാതെ തന്നെ കോക്കനട്ട് ഹണി, ചക്കര, തെങ്ങിൻ പഞ്ചസാര തുടങ്ങിയവ നിർമ്മിക്കാൻ ഉപയോഗിക്കാവുന്നതുമാണ്. ഉപകരണത്തിന് പേറ്റന്റിനായി അപേക്ഷിച്ചിട്ടുണ്ട്.
ദിവസത്തിൽ രണ്ടുതവണ രാവിലേയും വൈകുന്നേരവും നീര ചെത്താവുന്നതാണ്. നീരയുടെ അളവ് ഓരോ ദിവസവും ഓരോ സീസണിലും ഓരോ ചൊട്ടയിലും ഓരോ തെങ്ങിലും വ്യത്യസ്തമായിരിക്കും. ആരോഗ്യമുള്ള തെങ്ങിൽ നിന്ന് ഒരു ദിവസം 1.5 മുതൽ 2.5 ലിറ്റർ വരെ നീര ലഭിക്കും. തുടരെ നീര ചെത്തുകയും പിന്നീട് തേങ്ങ ഉത്പാദിപ്പിക്കുകയും ചെയ്യുന്ന സാങ്കേതികവിദ്യ (ടഇഠചജ) മുഖേന നാളികേരോത്പാദനം ഉപേക്ഷിക്കാതെ തന്നെ കൃഷിയിടത്തിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കാൻ സാധിക്കും.
പുതുതായി വികസിപ്പിച്ചെടുത്ത ഉപകരണത്തിന്റെ പ്രയോജനങ്ങൾ
ം ശുദ്ധവും ആരോഗ്യകരവുമായ നീര രാവിലേയും വൈകുന്നേരവും ലഭിക്കുന്നു.
ം നീര ആരോഗ്യകരമായ രീതിയിൽ ശേഖരിക്കാൻ കഴിയുന്നു. അതിനാൽ ചുണ്ണാമ്പോ രാസപദാർത്ഥങ്ങളോ കലരാതെ ഉടനടി പാനീയമായി ഉപയോഗിക്കാനും കോക്കനട്ട് ഷുഗർ, ചക്കര, ഹണി മുതലായ ഉൽപന്നങ്ങൾ നിർമ്മിക്കാനും കഴിയുന്നു.
* എല്ലാ ഭാഗങ്ങളും ഊരി മാറ്റാവുന്നതിനാൽ അനായാസം വൃത്തിയാക്കാനാവും.
* പ്രാണികളോ ഉറുമ്പോ പൊടിയോ കലർന്ന് മലിനമാകുന്നില്ല. തെങ്ങിന് ഹാനികരമായ കീടങ്ങളെ ഇതിലടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾ ആകർഷിക്കുന്നുണ്ട്. ഉപകരണം മുറുകെ അടച്ച് വച്ചിരിക്കുന്നതിനാൽ ഇവ പുറത്തേക്ക് വരുന്നില്ല.
* ഐസ് ബോക്സിൽ സൂക്ഷിക്കുന്നതിനാൽ അതേപടി സംസ്ക്കരിക്കാവുന്നതാണ്.
* ഇത് വളരെ ചെലവ് കുറഞ്ഞതും പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കൾ കൊണ്ട് തയ്യാറാക്കാവുന്നതുമാണ്.
* തെങ്ങ് ചെത്തുന്നതിൽ പരിചയമില്ലാത്ത കയറ്റക്കാർക്കും സ്ത്രീ പുരുഷ ഭേദമെന്യേ ഇത് അനായാസം ഉപയോഗിക്കാൻ സാധിക്കും.
പുതുതായി ശേഖരിച്ച നീരയുടെ ഗുണങ്ങൾ
നീര പോഷകങ്ങളാൽ സമൃദ്ധമായതിനാൽ എൻസൈമുകളുടേയും സൂക്ഷ്മാണുക്കളുടേയും പ്രവർത്തനത്താൽ വേഗം പുളിച്ചുപോകും. പരമ്പരാഗത രീതിയിൽ ശേഖരിച്ച നീരയുടെ പിഎച്ച് 4 മുതൽ 5 വരെയായിരിക്കുമ്പോൾ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം വികസിപ്പിച്ച രീതിയിൽ ശേഖരിച്ച നീരയുടെ പിഎച്ച് 7 മുതൽ 7.5 വരെയായിരുന്നു. റെഫ്രിജറേറ്ററിൽ സൂക്ഷിച്ച നീര പുതുമയോടെ ഇരിക്കുകയും പിഎച്ചിൽ വ്യത്യാസമൊന്നും ഉണ്ടായതുമില്ല.
ജൈവരാസഘടകങ്ങൾ
നീരയിൽ പഞ്ചസാര, ധാതുക്കൾ, പ്രോട്ടീനുകൾ എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. അസ്കോർബിക് ആസിഡിന്റേയും കാർബോഹൈഡ്രേറ്റിന്റേയും സമ്പുഷ്ട ഉറവിടമാണ് നീര. സോഡിയം, ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയ്ക്ക് പുറമേ സൂക്ഷ്മമൂലകങ്ങളും ഉയർന്ന തോതിൽ അടങ്ങിയിട്ടുണ്ട്.
നീരയിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപന്നങ്ങൾ
കോക്കനട്ട് ഷുഗർ
നീര 115 ഡിഗ്രി സെൽഷ്യസ് ഊഷ്മാവിൽ ചൂടാക്കി വെള്ളം ബാഷ്പീകരിച്ച് കളഞ്ഞതിനുശേഷം കോക്കനട്ട് ഷുഗർ ഉണ്ടാക്കുന്നു. തിളപ്പിക്കുമ്പോൾ ഉണ്ടാകുന്ന പത എടുത്ത് കളയുന്നു. ദ്രവരൂപത്തിലുള്ള നീര സിറപ്പ് രൂപത്തിലാക്കുന്നു. ഈ സിറപ്പ് തുടർച്ചയായി ഇളക്കി കുറുക്കുന്നു. തണുക്കുമ്പോൾ കട്ടിയായി തരികളാകുന്ന ഇത് അരിച്ച് ഒരേപോലുള്ള തരികൾ വേർതിരിച്ചെടുക്കാം.
കോക്കനട്ട് ഷുഗർ പ്രകൃതിദത്തമായ ഏറ്റവും നല്ല മധുരമായി കണക്കാക്കുന്നു. ഇത് പൂർണ്ണമായി പ്രകൃതിദത്തവും രാസപദാർത്ഥങ്ങളൊന്നും ചേർക്കാത്തതുമാണ്. ആയിരക്കണക്കിന് വർഷങ്ങളായി ദക്ഷിണ, ദക്ഷിണ - പൂർവ്വേഷ്യൻ രാജ്യങ്ങളിൽ പരമ്പരാഗതമായി കോക്കനട്ട് ഷുഗർ ഉപയോഗിച്ച് വരുന്നു. നല്ല ഗുണമേന്മയുള്ളതും ഘടനയുള്ളതുമായ പഞ്ചസാര ലഭിക്കണമെങ്കിൽ നീരയുടെ പിഎച്ച് 7.5ന് മുകളിൽ ആയിരിക്കണം.
കോക്കനട്ട് ഷുഗറിൽ ഉയർന്ന തോതിൽ ധാതുക്കൾ അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം, മഗ്നീഷ്യം,സിങ്ക്, ഇരുമ്പ് എന്നിവയുടെ സമൃദ്ധമായ സ്രോതസ്സാണിത്. പ്രോട്ടീൻ സംശ്ലേഷണത്തിനാവശ്യമായ എല്ലാ അവശ്യ അമിനോ അമ്ലങ്ങളും വിറ്റാമിൻ ബി1, ബി2, ബി3, ബി6 എന്നിവയും സമൃദ്ധമായി അടങ്ങിയിരിക്കുന്നു. സാധാരണ പഞ്ചസാരയെ അപേക്ഷിച്ച് രണ്ടിരട്ടി ഇരുമ്പും നാലിരട്ടി മഗ്നീഷ്യവും പത്തിരിട്ടി സിങ്കും ഇതിൽ അടങ്ങിയിട്ടുണ്ട്.
തെങ്ങിൻ ചക്കര
6.5 മുതൽ 7.0 വരെ പിഎച്ച് ഉള്ള നീര സാവധാനം ചൂടാക്കിയാണ് തെങ്ങിൻ ചക്കരയുണ്ടാക്കുന്നത്. ചുണ്ണാമ്പ് ചേർക്കാത്ത നീരയിൽ നിന്നുണ്ടാക്കിയ തെങ്ങിൻ ചക്കരയുടേയും ചുണ്ണാമ്പ് ചേർത്ത നീരയിൽ നിന്നുണ്ടാക്കിയ തെങ്ങിൻ ചക്കരയുടേയും കരിമ്പിൽ നിന്നുള്ള ശർക്കരയുടേയും പോഷകഘടന പട്ടിക മൂന്നിൽ കൊടുത്തിരിക്കുന്നു.
കോക്കനട്ട് ഹണി
കോക്കനട്ട് ഹണി 6.0 മുതൽ 6.5 വരെ പിഎച്ചുള്ള നീരയിൽ നിന്നുണ്ടാക്കുന്ന ഉപോൽപന്നമാണ്. ചക്കരയുണ്ടാക്കുന്നതുപോലെ തന്നെയാണ് ഹണിയും ഉണ്ടാക്കുന്നത്. അധികനേരം ചൂടാക്കാതെ ശ്രദ്ധിക്കണമെന്ന് മാത്രം.
സാമ്പത്തിക വിശകലനം
നൂറ് തെങ്ങിൽ നിന്ന് ഒരുമാസം ഉത്പാദിപ്പിച്ച നീര ആരോഗ്യപാനിയമായും മൂല്യവർദ്ധിത ഉൽപന്നമായ കോക്കനട്ട് ഷുഗറായും വിപണനം ചെയ്യുമ്പോഴുള്ള സാമ്പത്തിക വിശകലനമാണ് നടത്തിയിരിക്കുന്നത്. ചെത്തുന്നതിനുള്ള കത്തി, മരത്തടി, നീര ശേഖരിക്കുന്നതിനുള്ള ഉപകരണം, ഗതാഗത ചെലവ്, റെഫ്രിജറേറ്റഡ് സൗകര്യങ്ങൾ, ഇന്ധനച്ചെലവ് എന്നിവ ചെലവുകളുടെ കൂടെ കണക്കാക്കിയിട്ടുണ്ട്. ഒരാൾക്ക് 20 ഇടത്തരം ഉയരമുള്ള തെങ്ങുകൾ ഒരുദിവസം ചെത്താമെന്ന തോതിലാണ് കൂലിച്ചെലവ് കണക്കാക്കിയിരിക്കുന്നത്. പഞ്ചസാര തയ്യാറാക്കുന്നതിനും കൂലിച്ചെലവുണ്ട്. പഞ്ചസാര നിർമ്മിക്കുന്നതിന് താൽക്കാലികമായി ഷെഡ്ഡ് നിർമ്മിക്കുന്ന ചെലവും ഉൾപ്പെടുന്നു.
വരുമാനം കണക്കാക്കിയിരിക്കുന്നത് 200 മി. ലി. നീരയ്ക്ക് 15 രൂപ, ഒരു കിലോ പഞ്ചസാരയ്ക്ക് 500 രൂപ എന്ന കണക്കിലാണ്. നീരയിൽ നിന്ന് 15 ശതമാനം ഷുഗറുണ്ടാക്കാമെന്ന് കണക്കാക്കിയിരിക്കുന്നു. കർഷക് ഒരു മാസം നൂറ് തെങ്ങിന് ഒരു ലക്ഷം രൂപ നൽകിയാലും സംരംഭകന് നീര വിപണനത്തിലൂടെ 1.75 ലക്ഷം രൂപയും പഞ്ചസാര വിപണനത്തിലൂടെ 1.60 ലക്ഷം രൂപയും ആദായമുണ്ടാക്കാമെന്ന് പട്ടിക 4-ൽനിന്ന് സ്പഷ്ടമാകുന്നു. അറ്റാദായം നീരയ്ക്കും പഞ്ചസാരയ്ക്കും യഥാക്രമം 39 ഉം, 36 ഉം ശതമാനമാണ്.
(1) മൂലധനം
സ്ഥലവും കെട്ടിടവും - 5 ലക്ഷം
യന്ത്രസാമഗ്രികളും ഉപകരണങ്ങളും - 5 ലക്ഷം