22 Sept 2013

പഴയവനഭൂമി കേവലം ഓർമ്മമാത്രം





 മങ്കൊമ്പ്‌ രാജപ്പൻ

    കേരളത്തിലെ പത്രപ്രവർത്തനരംഗത്ത്‌ കൃതഹസ്തനായ ഒരാളാണ്‌ അമ്പാട്ട്‌ സുകുമാരൻനായർ, ആ മേഖലയിൽ ദീർഘകാല സേവന പാരമ്പര്യമുള്ള കഴിഞ്ഞ തലമുറയിലെ സവിശേഷ വ്യക്തിത്വവുമാണ്‌. അതുകൊണ്ടുതന്നെ, ഇക്കാലത്തെ സേൻസേഷണൽ ജേർണ്ണലിസത്തിനപ്പുറം, തികഞ്ഞ സഹൃദയത്വവും, സാഹിത്യഗുണവും, സഹജീവിസ്നേഹവും നിറഞ്ഞുതുളമ്പുന്നതാണ്‌ അദ്ദേഹത്തിന്റെ സാമൂഹ്യ വിമർശനക്ഷമമായ വാങ്മയങ്ങൾ. അവ കേവലം വസ്തുസ്ഥിതി കഥനമോ, ഉപരിപ്ലവമായ വൈകാരികക്ഷോഭമോ ആയി താഴുന്നില്ല. അധഃസ്ഥിതരായ ആദിവാസിമനുഷ്യക്കോലങ്ങളുടെ ജീവിതസമസ്യകളുടെ സമസ്തമേഖലകളെയും, ആർദ്രതയും സഹാനുഭൂതിയും നിറഞ്ഞുനിൽക്കുന്ന ഹൃദ്യമായ ഭാഷയിൽ അനുവാചക ഹൃദയത്തിനു മുന്നിൽ തുറന്നുവയ്ക്കുന്ന അദ്ദേഹത്തിന്റെ ഗ്രന്ഥമാണ്‌ 2012ൽ പ്രസിദ്ധീകരിച്ച 'മലകളും ആദിമ മനുഷ്യരും'.
    ഏതാണ്ട്‌ അരനൂറ്റാണ്ടിനുംമുമ്പ്‌, കൃത്യമായിപ്പറഞ്ഞാൽ 1951-55 കാലഘട്ടത്തിൽ അദ്ദേഹം നേരിൽകണ്ടും കേട്ടും അറിഞ്ഞ ആദിവാസി ജീവിതത്തിന്റെ നഗ്നസത്യങ്ങൾ, ഒട്ടും ആലങ്കാരികതയില്ലാതെ വായനക്കാരനു മുന്നിൽ അനാവരണം ചെയ്യുകയാണ്‌. സുദീർഘമായ ഈ കാലയളവിനുള്ളിൽ ഈ കൃതിയിൽ പറഞ്ഞിട്ടുള്ള പലസാഹചര്യങ്ങൾക്കും ഗണ്യമായ മാറ്റം വന്നിട്ടുണ്ടാകും. അങ്ങനെയെങ്കിൽപോലും ഒരു താരതമ്യപഠനത്തിന്‌ ഉതകുന്ന ഒട്ടേറെ വസ്തുതകളും ഈ ഗ്രന്ഥത്തിന്റെ മുതൽക്കൂട്ടാണ്‌. വാസ്തവത്തിൽ ഈ മനുഷ്യരുടെ ദുരിതങ്ങൾക്ക്‌ വ്യത്യസ്തമായ പുതിയൊരു മാനം വന്നിട്ടുള്ളതല്ലാതെ അടിസ്ഥാനപരമായി ആശ്വസിക്കാവുന്ന ഉയർച്ചയൊന്നും ഉണ്ടായിട്ടില്ല എന്നതുതന്നെയാണ്‌ പരമാർത്ഥം. അതാണ്‌ ഈ കൃതിയുടെ സമകാലിക പ്രസക്തി.
    കേരളത്തിന്റെ നിബിഡവനമേഖലകളിൽ വടക്കേയറ്റം മുതൽ തെക്കേയറ്റംവരെയും, ദേവതാത്മാവായ ഹിമവാനിലും അതിസാഹസികമായി സഞ്ചരിച്ച്‌ സഞ്ചയിച്ചെടുത്ത അനുഭവപരമ്പരയുടെ നേർക്കാഴ്ചകൾ ഈ ഗ്രന്ഥത്തിൽ കാണാം. ഇതിന്റെ രചനാകാലത്ത്‌ അത്യുത്സാഹിയും അന്വേഷണകുതുകിയുമായ യുവാവായിരുന്നു അമ്പാട്ട്‌. എങ്കിൽപോലും, അതുപോലെ ഇക്കാലത്ത്‌ ഏതെങ്കിലും ഒരു പത്രപ്രവർത്തകൻ ഇത്രയും അപകടരമായ കാടുംമലകളും താണ്ടി, ഉഗ്രമായ പ്രതികൂല കാലാവസ്ഥയിൽ, വിവരണാതീതമായ ഒട്ടേറെ ശാരീരികക്ലേശങ്ങൾ സഹിച്ച്‌, അത്രയൊന്നും കേട്ടറിവുപോലുമില്ലാത്ത ആദിവാസി ഊരുകളിലും, ഗിരിഗഹ്വരങ്ങളിലും ഒരു ലേഖനമോ, ഗ്രന്ഥമോ തയ്യാറാക്കാൻ വേണ്ടി അലഞ്ഞു നടക്കുമോ എന്ന്‌ ഞാൻ സംശയിച്ചുപോകുന്നു! അതും ഇന്ന്‌ ലഭ്യമായ യാത്രാസൗകര്യമോ, വാർത്താവിനിമയ സംവിധാനങ്ങളോ ഒന്നും സ്വപ്നം പോലും കാണാൻ കഴിയാത്ത കാലഘട്ടത്തിൽ!
    ഈ സാഹസിക പ്രയത്നത്തിലൂടെ ലേഖകൻ അനാവരണം ചെയ്തുതരുന്ന കാടിന്റെ മക്കളുടെ പച്ചയായ ജീവിതസത്യങ്ങളും, അതിന്‌ ഇക്കാലത്തു വന്നുഭവിച്ചിട്ടുള്ള ഭീകരമായ നാശനഷ്ടങ്ങളും അനുഗൃഹീതവാങ്മയത്തിലൂടെ നാമനുഭവിച്ചറിയുമ്പോൾ, മനസാ ഈ പക്വമതിയുടെ പരിശ്രമത്തെ ശിരസ്സുകുനിച്ചുനമിച്ചുപോകും. ഈ വിവരണങ്ങളുടെ സംഭവകാലം ഏതാണ്ട്‌ അമ്പതുവർഷം മുമ്പാണെന്നും പറഞ്ഞുവല്ലോ. അക്കാലത്ത്‌ ആദിവാസിജീവിതം പൊതുവേ ശാന്തവും സുന്ദരവുമായിരുന്നു; വനാന്തരങ്ങളിലെ ഔഷധഗുണമുള്ള തെളിനീരരുവികൾ പോലെ. എന്നാൽ പിൽക്കാലത്ത്‌ പണത്തിനും വനസമ്പത്തിനും ആർത്തിയും ആസക്തിയും മുഴുത്ത കുടിയേറ്റക്കാരും, കാട്ടുകള്ളന്മാരും, മണ്ണിന്റെ മക്കളായ ആ പാവങ്ങളുടെ ജീവിതത്തെ പിച്ചിച്ചീന്തിയെറിഞ്ഞു എന്ന സത്യവും ലേഖകൻ സൂചിപ്പിക്കുന്നുണ്ട്‌. പരിഷ്കൃതസമൂഹമെന്ന്‌ വീമ്പിളക്കുന്ന ഈ ധനമോഹികൾ നശിപ്പിച്ചുതള്ളിയത്‌ കാടും മലകളും, ശുദ്ധജലസ്രോതസ്സുകളും, ജൈവവൈവിധ്യവും, പരിസ്ഥിതിസന്തുലനവും മാത്രമല്ല, അവയെല്ലാം ആശ്രയിച്ചു ജീവിച്ചുപോന്ന, അതിമോഹങ്ങളോ, അക്രമവാസനയോ തൊട്ടുതീണ്ടിയിട്ടില്ലാത്ത, കുറെയേറെ നിഷ്കളങ്കരായ മനുഷ്യരുടെ നിലനിൽപുകൂടിയായിരുന്നു. രാഷ്ട്രീയശക്തിയുടെ അകത്തളങ്ങളിൽ സംഖ്യാബലം കൊണ്ടു കടന്നുകയറി ന്യൂനപക്ഷമെന്ന പേരിൽ അളവറ്റ ആനുകൂല്യങ്ങൾ പിടിച്ചുവാങ്ങി സുഖിക്കാനുള്ള ഭാഗധേയം ഈ പാവങ്ങൾക്കുണ്ടായിട്ടില്ല. അതിനി ഉണ്ടാവുകയുമില്ല. അതുകൊണ്ടുതന്നെ 'കോരന്‌ എന്നും കുമ്പിളിൽ തന്നെ! കാരണം, തർക്കിക്കാനോ വാദിച്ചു ജയിക്കാനോ, ഭീകരതവളർത്തി അധികാരികളെ മുൾമുനയിൽ നിർത്താനോ ഇവർക്കറിയില്ല. അത്‌ നാടിന്റെ സംസ്കാരമഹിമയല്ല; കാടിന്റെ സ്വതസിദ്ധമായ നന്മയാണ്‌.
    ആദിവാസികളെയും ഗോത്രവർഗ്ഗക്കാരെയും ഉദ്ധരിക്കുവാൻ സർക്കാരുകൾ കോടികൾ ചെലവഴിക്കുന്നുണ്ട്‌. പക്ഷേ, അതിൽ സിംഹഭാഗവും ഇടനിലക്കാരും കൈയ്യേറ്റക്കാരും കുടിയേറ്റമാഫിയകളും തട്ടിയെടുക്കുകയാണ്‌; അന്നും ഇന്നും. ആദിവാസികളുടെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്ന രാഷ്ട്രീയക്കാരോ, പരിസ്ഥിതി പ്രവർത്തകരോ, ഒട്ടുമുക്കാലും സാമൂഹ്യപ്രവർത്തകരോ അത്തരം വിഷയങ്ങൾ മറക്കുകയോ, മറയ്ക്കുകയോ ചെയ്യുകയാണ്‌. കാരണം അവർ വൻകിട മാഫിയകളെ ഒന്നുകിൽ ഭയപ്പെടുത്തുന്നു. അല്ലെങ്കിൽ അച്ചാരം കൈപ്പറ്റി വായടയ്ക്കാൻ നിർബ്ബന്ധിതരാകുന്നു; ഫലമോ, പട്ടിണിപ്പാവങ്ങളായ കാടിന്റെ മക്കൾ ദാരിദ്ര്യവും തൊഴിലില്ലായ്മയും കൊണ്ട്‌ ചത്തു കെട്ടും മണ്ണടിയുന്നു; അവരിലെ പുരുഷന്മാർ ചൂഷണം ചെയ്യപ്പെടുന്നു, പെൺകിടാങ്ങൾ മാനഭംഗം ചെയ്യപ്പെടുന്നു; കുഞ്ഞുങ്ങൾ പട്ടിണികിടന്നു ചാവുന്നു.
    ഈയവസരത്തിൽ 2013 ആഗസ്റ്റ്‌ 11-17 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കെ.സഹദേവൻ എഴുതിയ 'സർവ്വരാജ്യതൊഴിലാളികളേ സംരക്ഷിക്കുവിൻ' എന്ന ലേഖനത്തിലെ ഒരു വസ്തുത ഓർമ്മിക്കുന്നു. ഈറ്റയും മുളയും പനമ്പും മറ്റും ഉപയോഗിച്ച്‌ ഉൽപന്നങ്ങളുണ്ടാക്കി വിറ്റ്‌ ഉപജീവനം കഴിക്കുന്ന ആദിവാസികൾക്ക്‌ ഈവക അസംസ്കൃത സാധനങ്ങൾ ആവശ്യത്തിനു ലഭിക്കുന്നില്ല. ഈറ്റയും മുളയും പനമ്പും ഉപയോഗിക്കുന്ന തൊഴിലാളികൾക്ക്‌, കടലാസ്‌-റയോൺസ്‌ ഫാക്ടറികൾക്ക്‌ അവ നൽകുന്നതിന്റെ ആയിരം മടങ്ങ്‌ ഇരട്ടിവിലയ്ക്കാണ്‌ സർക്കാർ വിൽക്കുന്നത്‌. ഇന്ത്യയിലെ പതിനായിരക്കണക്കിനു തൊഴിലാളികൾ ഒരു വർഷം ഉപയോഗിക്കുന്ന ഈറ്റയുടെയും മുളയുടെയും ഇരട്ടിവരും ഒരൊറ്റ കമ്പനി ഒരു ദിവസം ഉപയോഗിച്ചു തീർക്കുന്നത്‌. 1980കളിൽ സോഷ്യൽ ഫോറസ്ട്രി നടപ്പാക്കിയതും ഈ വൻകിട ഫാക്ടറികൾക്ക്‌ വേണ്ടത്ര അസംസ്കൃതവസ്തുക്കൾ ലഭ്യമാക്കുക എന്ന അജൻഡയിലായിരുന്നു! ഇതാണ്‌ നമ്മുടെ അധികാരികളുടെ വികസനത്തിന്റെ പോക്ക്‌! പാവപ്പെട്ട ആദിവാസിതൊഴിലാളികൾക്ക്‌ നിത്യവൃത്തിക്കുള്ള അടിസ്ഥാനവസ്തുക്കൾ പോലും ആവശ്യത്തിനു ലഭ്യമാക്കാതെ, അവരുടെ നിലനിൽപുപോലും അപായത്തിലാക്കുന്ന ഭർണവർഗ്ഗം പ്രചരിപ്പിക്കുന്നു, അവർക്കുവേണ്ടി വാരിക്കോരിക്കൊടുക്കുകയാണ്‌ എന്ന്‌!
    ഇങ്ങനെ ഉള്ളുപൊള്ളിക്കുന്ന കാപട്യത്തിന്റെയും വഞ്ചനയുടെയും കാണാമറയത്ത്‌ കണ്ണീരും കൈയുമായി യാചനാഭാവത്തിൽ നിൽക്കുന്ന ആദിവാസികളുടെ ദുരിതമുഖങ്ങളാണ്‌ ശ്രീമാൻ അമ്പാട്ട്‌ വിരൽ തൊട്ടു കാണിച്ചുതരുന്നത്‌. ആ പാവങ്ങൾ ഒന്നടങ്കം 'പരിഷ്കൃതവർഗ്ഗ'ത്തോട്‌ കേണപേക്ഷിക്കുന്നു-"നിങ്ങൾ ഈ കാടുനശിപ്പിച്ചും കൊള്ളയടിച്ചും ഉപദ്രവിക്കാതിരുന്നെങ്കിൽ ഞങ്ങൾക്ക്‌ ഇവിടം സ്വർഗ്ഗമായിരുന്നു എന്ന്‌!
    കാട്ടിലെ ജീവിതത്തിന്‌ ഒരു സത്യമുണ്ട്‌. പരദ്രോഹചിന്തയും ദുഷ്ടബുദ്ധിയുമില്ലാത്ത മനുഷ്യനെ വന്യമൃഗങ്ങൾപോലും താരതമ്യേന കടന്നാക്രമിക്കുകയില്ല എന്നതാണത്‌. എന്നാൽ അങ്ങനെയാതൊരു തരതമ ഭേദവുമില്ലാതെ പരിഷ്കൃതനെന്നഭിമാനിയ്ക്കുന്ന നാഗരികൻ കടന്നാക്രമിക്കും; ചൂഷണം ചെയ്യും; കൊള്ളയടിക്കും; ഒരിഞ്ചുമണ്ണിനു വേണ്ടി തമ്മിൽതല്ലിതലകീറും; കൊന്നുകൊലവിളിക്കും; അതാണ്‌ കാടും നാടും തമ്മിലുള്ള അന്തരം.
    ഇനി ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തിലേക്ക്‌ ഒരു വിഹഗ വീക്ഷണം നടത്തട്ടെ:
    ലാളിത്യവും ആർജ്ജവവും മുറ്റി നിൽക്കുന്നതാണ്‌ ഗ്രന്ഥകാരന്റെ അനുഗൃഹീത ഭാഷ. അതുകൊണ്ടുതന്നെ, ഒരു യാത്രാവിവരണം എന്നതിനെക്കാളേറെ, വളരെ സൗമ്യനായ ഒരു സുഹൃത്തിന്റെ ഊഷ്മളമായ ആത്മാനുഭവങ്ങൾ പറഞ്ഞുകേൾക്കുന്ന കൗതുകത്തോടെ ആർക്കും ഈ ഗ്രന്ഥം ഒറ്റയിരിപ്പിനു വായിച്ചു തീർക്കാം. എന്നാൽ വിഷയത്തിന്റെ മാനുഷികവശവും, ആർദ്രതയും, സഹാനുഭൂതിയും പലപ്പോഴും കൗതുകത്തെക്കാളേറെ, തീവ്രദുഃഖവും നഷ്ടബോധവുമാണ്‌ നമ്മിലുണർത്തുക. കാടും മേടും കയ്യേറി ഭൂമിയുടെ ശുദ്ധിയും സൗന്ദര്യവും ബലാത്സംഗം ചെയ്തു നശിപ്പിച്ചുതള്ളിയ മനുഷ്യാധമന്മാരോട്‌ അമർഷവും തോന്നിപ്പോകും. എന്നാൽ ഗ്രന്ഥകാരൻ അവിടെയെല്ലാം തികഞ്ഞ സംയമനത്തോടെ, ഋഷിതുല്യമായ ശാന്തത്തയോടെ സത്യത്തിലേക്കു വിരൽചൂണ്ടുന്നതേയുള്ളൂ. എന്നിട്ടുപോലും, ഈ ലേഖനങ്ങൾ മംഗളത്തിൽ പ്രസിദ്ധം ചെയ്ത കാലത്ത്‌ ഭൂമാഫിയകളുടെ ഗുണ്ടകൾ ഇദ്ദേഹത്തിനു നേർക്കു കൊലവിളി നടത്തിയ കഥയും സാക്ഷ്യപ്പെടുത്തുന്നുണ്ട്‌.
    പതിവ്രതകളുടെ ശാപമേറ്റാൽ ബലാത്ക്കാരം ചെയ്യുന്ന സ്ത്രീമോഹികൾ ഭസ്മമായിപ്പോകുമെന്ന്‌ പുരാണങ്ങൾ പറയുന്നു. ഈ കാടിന്റെ മക്കളുടെ കണ്ണീരിനും പൊള്ളുന്ന ഹൃദയത്തിനും ശാപശക്തിയുണ്ടെങ്കിൽ കേരളം അത്യുഷ്ണത്തിലും, വറുതിയിലുംപെട്ട്‌ പുഴവറ്റി, കാടുണങ്ങി മറുപ്പറമ്പായിപ്പോവുകയില്ലേ എന്നു ഞാൻ ഭയപ്പെട്ടുപോകുന്നു. അത്രത്തോളം അവയെല്ലാം നശിപ്പിക്കപ്പെട്ടുകഴിഞ്ഞു.
    തിരുനെല്ലിയിലെ ഊരാളിക്കുറുമരുടെയും, കോവിൽമല മന്നാന്മാരുടെയും മറ്റും ജീവിതചിത്രങ്ങൾ അതീവഹൃദ്യമായി. പൊങ്ങച്ചവും കാപട്യവും ജീവിതചര്യയാക്കിയ പുറംലോകത്തിന്‌ ഈ കാട്ടുമനുഷ്യരുടെ ജീവിതം അപരിഷ്കൃതവും അന്ധവിശ്വാസജടിലവുമായി പുച്ഛിച്ചുതള്ളാം. നിസ്സാഹായതയുടെയും ഭീകരതയുടെയും ചുറ്റുപാടുകളിൽ അവർ കുറെയൊക്കെ അന്ധവിശ്വാസികളായിട്ടുണ്ട്‌ എന്നകാര്യം നിഷേധിക്കുന്നില്ല. എന്നാൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മഹത്തായ ഒരു സംസ്കാരപൈതൃകവും വിശ്വാസപ്രമാണങ്ങളും കൂടി അവർക്കുണ്ട്‌ എന്ന സത്യം ആദരിക്കാതിരിക്കാൻ വയ്യ. അവരുടെ ജീവിതദർശനമെന്നു പറയാവുന്ന ഒരു പാട്ട്‌ നോക്കുക.
"സായങ്കാലേ ശരികുപെട്ടി
മത്യാന്നമൽ വേട്ടി
അവരപടന്തവീട്‌
ചന്തണമാമരമേ അല്ലിലാലേ
ചാമിപിറന്തയിടം അല്ലിലാലേ
ആൾക്ക്‌ ഒരുമേശമത്‌ അല്ലിലാലേ
ചന്തണമാമരമേ അല്ലിലാലേ..."
അർത്ഥം: പ്രകൃതിസായങ്കാലത്ത്‌ ധരിക്കുന്ന മുഷിഞ്ഞവസ്ത്രം മാറ്റി മധ്യാഹ്നത്തിൽ ശോഭയേറിയ വസ്ത്രം ധരിക്കുന്നു. ഇതുപോലെ മനുഷ്യജീവിതത്തിലും മോശമായകാലമുണ്ട്‌. എന്നും ആ മോശമായ കാലം നിലനിൽക്കില്ല. ദുഃഖകാലം മാഞ്ഞുപോയിട്ട്‌ അവരുടെ ജീവിതത്തിൽ സന്തോഷത്തിന്റെ പൊൻവെളിച്ചം വിതറുന്ന ഐശ്വര്യസമൃദ്ധമായ കാലവും ഉണ്ടാകും. ഇവിടെ ചന്ദനമരത്തിന്റെ സുഗന്ധം തങ്ങിനിൽക്കുന്നു. മനോഹരമായ ഈസ്ഥലത്താണ്‌ സ്വാമി (ഈശ്വരൻ) പിറന്നത്‌. അതുകൊണ്ട്‌ ഇതു സ്വർഗ്ഗരാജ്യമാണ്‌. ഇവിടെ ഓരോ തലമുറകൾ വരുന്നു. പിന്നീടവ മാഞ്ഞുപോകുന്നു. അതുകൊണ്ട്‌ ഇവിടം ആരുടെയും സ്വന്തമല്ല."
    സ്വർഗം ഇവിടെയാണ്‌. ഈശ്വരനും ഇവിടെത്തന്നെ. മനുഷ്യജീവിതവും സുഖദുഃഖങ്ങളും അസ്ഥിരമായത്‌. എന്തെല്ലാം വെട്ടിപ്പിടിച്ചാലും അതെല്ലാം ഒന്നൊഴിയാതെ ഉപേക്ഷിച്ച്‌ ഒരിക്കൽ ഇവിടം വിട്ടുപോകേണ്ടിവരും! ആത്മജ്ഞാനത്തിന്റെ തെളിനീരുപോലെയുള്ള വരികൾ! ഇതല്ലേ കവിത?
ഇനി മറ്റൊന്ന്‌:
    കാട്ടിലെ വശ്യസൗന്ദര്യവും, പ്രലോഭനീയമായ വനസമ്പത്തും, സ്ത്രീകളേയും മറ്റും കണ്ട്‌ അരുതാത്തിടത്തേക്കു പോകരുതേ മകനേ എന്ന്‌ ഉപദേശിക്കുന്ന വരികൾ:
"ചേടിയോരെ പോകവേണ്ട
ചേകനാകം കണ്ടവ തീണ്ടീടുവേ!
പിത്തുമേലെ മകനെയേറ വേണ്ട
പിത്തുനാകം കണ്ടവ തീണ്ടീടുവേ
കല്ലുമേലെ മകനെ ഏറെവേണ്ട
കല്ലുരുണ്ടു പോലയ മോശം പോലോ
മരത്തുമേലെ മകനെ ഏറെവേണ്ട
മരമൊടിഞ്ഞപോലയാ മോശമുണ്ടാം
മതുരനാകെ മകനെയാ പട്ടണമേ
എന്തു ചെയ്‌വോ, മകനെ ഏന്തുചെയ്‌വോ!"
    ഇതുപോലെ തമിഴും മലയാളവും കലർന്ന നിരവധി ഗാനങ്ങൾ ആലപിച്ചുകൊണ്ടാണ്‌ അവർ നൃത്തം ചെയ്യുന്നത്‌.
    ആദിവാസികളിൽ ഒട്ടുമിക്കപേരുടെയും ആചാരാനുഷ്ഠാനങ്ങൾ അക്കാലത്ത്‌ (50 വർഷം മുമ്പ്‌) വളരെ കർക്കശമായിരുന്നു. ഗർഭിണികളെ ഏഴാം മാസം മുതൽ, പ്രസവിച്ച്‌ ഒരു മാസം കഴിയുന്നതുവരെയും, ഋതുവായ സ്ത്രീകളെ ഏഴുദിവസത്തേക്കും കുടിയിൽ നിന്നും വളരെയേറെ ദൂരെ ഒറ്റപ്പെട്ട ഒരു കുടിലിൽ തനിച്ചു താമസിപ്പിക്കുന്ന ആചാരം തികച്ചും പ്രാകൃതം തന്നെ. ആ പാവം സ്ത്രീകൾ വന്യമൃഗങ്ങളുടെയോ, സ്ത്രീലമ്പടന്മാരുടെയോ, അക്രമത്തിൽപ്പെട്ടു മൃതിയടഞ്ഞിട്ടുള്ള സംഭവങ്ങളും ഉണ്ട്‌. അവരെ സഹായിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ കൊക്കയിലോ, കാട്ടരുവിയിലോ എറിഞ്ഞുകൊല്ലുമത്രേ! എന്തായാലും ഈ പ്രാകൃതാചാരം ഇന്ന്‌ ഇല്ലാതായിരിക്കുന്നു എന്നു കരുതാം.
    പലരും തങ്ങൾ കാട്ടുവർഗ്ഗക്കാരല്ല, പഴയരാജവംശജരായിരുന്നെന്നും, നാടുവാണിരുന്നുവേന്നും വിശ്വസിക്കുകയും അതിന്‌ ഉപോൽബലകമായ കഥകൾ പറയുകയും ചെയ്യുന്നു. പ്രതിയോഗികളുടെ ചതിപ്രയോഗത്താലോ ആക്രമണഭീതിയാലോ നാടുവിട്ടു കാടേറിയവരാണത്രെ.
    രോഗത്തിന്‌ ചികിത്സ പച്ചമരുന്നും മന്ത്രവാദവും മാത്രമായിരുന്നു, അക്കാലത്ത്‌. ഇന്നും സർക്കാരാശുപത്രികൾ ആദിവാസി ഊരുകളിൽ നിന്നും വളരെ ദൂരെത്തന്നെയാണ്‌.
    ചന്ദനക്കാട്ടിലെ മുതുവാന്മാരുടെ ദുരിതകഥ നോക്കൂ:
    "തെരഞ്ഞെടുപ്പുവരുമ്പോൾ നാട്ടിൽ നിന്നും കുറെ ആളുകൾ ഇവിടെ വരും, വോട്ടു ചോദിക്കാൻ. അപ്പോൾ അവർ കുട്ടികൾക്ക്‌ റൊട്ടിയും ബിസ്ക്കറ്റുമൊക്കെ വാങ്ങിക്കൊണ്ടുവരും. മൂപ്പന്മാർക്കു പുകയിലയുമൊക്കെ സൽക്കരിച്ച്‌ അവരെ പ്രീതിപ്പെടുത്തി വോട്ടുചെയ്യേണ്ട രീതികളൊക്കെ മനസ്സിലാക്കിക്കൊടുക്കും. കിലോമീറ്ററുകൾ താണ്ടിവേണം പോളിംഗ്സ്റ്റേഷനിലെത്താൻ. ഊരിലെ ആളുകൾ കൂട്ടത്തോടെ വോട്ടുചെയ്യാൻ ഈ കാടും മേടും താണ്ടിയെത്തും. എന്തിനാണ്‌ വോട്ടുചെയ്യുന്നതെന്നവർക്കറിഞ്
ഞുകൂടാ. വോട്ടുചെയ്തു കഴിഞ്ഞാൽ പിന്നെ ആരും അവരെ തിരിഞ്ഞു നോക്കുകയില്ല.
    നമ്മുടെ രാജ്യത്ത്‌ ഒരു ഭരണകൂടമുണ്ടെന്നോ അവിടെ മന്ത്രിമാരും, എം.എൽ.എമാരും ഉണ്ടെന്നോ ഒന്നും അവർക്കറിയില്ല. വോട്ടു ചെയ്തത്‌ എന്തിനാണെന്നു ചോദിച്ചാൽ ഊരിലേക്ക്‌ റോഡുവെട്ടിത്തരാനും, താമസിക്കാൻ നല്ല വീടുണ്ടാക്കിത്തരാനും, കുട്ടികളെ പഠിപ്പിക്കാൻ സ്കൂളുണ്ടാക്കിത്തരാനുമാണെന്നൊ
ക്കെ അവർ പറയും.
    വോട്ടുചെയ്തപ്പോൾ ഇതൊക്കെ കിട്ടിയോ എന്നു ചോദിച്ചപ്പോൾ ഒരുചുക്കും കിട്ടിയില്ല എന്ന്‌ അവർ അമർഷത്തോടെ പറഞ്ഞു. ഞങ്ങൾ യാത്രപറയുമ്പോൾ മൂപ്പൻ പറഞ്ഞ ഒരു കാര്യം ഓർത്തു: "ഞങ്ങൾക്ക്‌ ഒന്നും തന്നില്ലെങ്കിലും വേണ്ടില്ല. കുട്ടികളെ പഠിപ്പിക്കാൻ ഒരു സ്കൂളുണ്ടാക്കി തന്നാൽ മതിയായിരുന്നു.
    അമ്പതുവർഷം മുമ്പ്‌ അതായിരുന്നു സ്ഥിതി. ആദിവാസികളുടെ മൊത്തത്തിലുള്ള ജീവിത നിലവാരം പരിശോധിച്ചാൽ ഇന്നും വലിയ പുരോഗതിയൊന്നുമുണ്ടായിട്ടില്ല എന്നതാണ്‌ സത്യം. തെരഞ്ഞെടുപ്പുകാലത്തെ സ്നേഹവും ചക്കരവാക്കുമൊന്നും പിന്നീടു മഷിയിട്ടു നോക്കിയാൽ പോലും കാണുകയില്ല. അധികാരത്തിന്റെ അകത്തളങ്ങളിൽ സുഖാലസ്യത്തിൽ മുഴുകി ലാപ്ടോപ്പും, എൽ.ഇ.ഡി ടീവിയും, ഇ.സിയും, ബെൻസ്‌ കാറുമൊക്കെയായി വിലസുന്ന സുഖാന്വേഷികൾക്ക്‌ ഈ വനരോദനം കേൾക്കാൻ എവിടെ നേരം?
    നിലമ്പൂർകാടുകളിലെ ചോലനായ്ക്കരുടെ ജീവിതം നരകതുല്യമാക്കിയത്‌ കാടുമുഴുവൻ വെട്ടിവെളുപ്പിച്ച്‌ തേക്കുപ്ലാന്റേഷൻ നടത്തിക്കൊണ്ടായിരുന്നു. ഏതോ ഫോറസ്റ്റാഫീസറുടെയും, മന്ത്രിയുടെയും മറ്റും (കു)ബുദ്ധിയിലുദിച്ച പരിഷ്കാരം! പണക്കാർക്കു മണിമാളികപണിയാനും, സർക്കാരിന്‌ ധനമാർജ്ജിക്കാനും തേക്കുമരങ്ങൾ നട്ടുപിടിപ്പിച്ചു. കാടുമുഴുവൻ ചുട്ടുകരിച്ചുകളഞ്ഞു. ചോലനായ്ക്കന്മാർക്ക്‌ കാട്ടുകിഴങ്ങുകളോ കായ്കനികളോ അന്യമായി. ഇറച്ചികിട്ടാവുന്ന ചെറുമൃഗങ്ങളെല്ലാം ഒടുങ്ങി. മീനെങ്കിലും പിടിച്ചു ഭക്ഷിക്കാമെന്നാണെങ്കിൽ പുഴകളും അരുവികളും വറ്റിവരളുകയും ചെയ്തു!
    സെയിലന്റ്‌വാലിയെന്ന 'നിശ്ശബ്ദതാഴ്‌വര'യുടെ ചിത്രവും വളരെ വ്യത്യസ്തമല്ല. പരിസ്ഥിതിവാദികൾ ഒട്ടേറെ ഒച്ചപ്പാടുണ്ടാക്കിയപ്പോഴും കാണാതെപോയ ചില സത്യങ്ങളുണ്ട്‌. അവിടുത്തെ ഉൾവനങ്ങൾ പലതും വനംകൊള്ളക്കാരുടെയും കുടിയേറ്റ മാഫിയകളുടെയും കള്ളത്തടിവെട്ടുകാരുടെയും വിഹാരരംഗമാണ്‌ എന്നസത്യം. അതിനെ ചെറുക്കാൻ ജീവനിൽപേടിയുള്ള ഒരുവനപാലകനും മുന്നിട്ടിറങ്ങുകയില്ല. സെയിലന്റ്‌ വാലിയിൽ കൊടുംകാടിനുനടുവിൽ 5000 ഏക്കർ കാപ്പിത്തോട്ടം ഉണ്ടായതെങ്ങനെ? നൂറ്റാണ്ടുകൾ പഴക്കമുള്ള മഹാവൃക്ഷങ്ങൾ വൻകൊള്ളസംഘങ്ങൾ കൂട്ടംകൂട്ടമായെത്തി രാത്രിതോറും വെട്ടിക്കടത്തിയത്‌ അറിയാതെ പോകുന്നതെങ്ങനെ? സെയിലന്റ്‌ വാലിയിൽ ധ്യാനാത്മകമായ ശാന്തത്തയല്ല, ശ്മശാനമൂകതയാണ്‌ താൻ കണ്ടതെന്ന്‌ ഗ്രന്ഥകാരൻ സാക്ഷ്യപ്പെടുത്തുന്നു! ഇതുവായിക്കുമ്പോൾ മണ്ണിനെയും മനുഷ്യനെയും സ്നേഹിക്കുന്നവരുടെ ഉള്ളുപിടയാതിരിക്കില്ല. ഇവിടെ ഈ ഭൂമിയെ രക്ഷിക്കാൻ ഇനി ഏതു വരാഹമൂർത്തിയാണ്‌ അവതരിപ്പിക്കുക? ഇല്ല, അതുണ്ടാവില്ല. കാരണം, രക്ഷിക്കുവാൻ ചുമതലപ്പെട്ടവർ തന്നെയാണ്‌ ആ പുണ്യഭൂമിയെ നശിപ്പിക്കുന്നതും.
    മാങ്കുളം എന്ന നിത്യഹരിതവനവും കോൺക്രീറ്റുകാടുകളാൽ നിബിഡമായിക്കഴിഞ്ഞു. പഴയവനഭൂമി കേവലം ഓർമ്മമാത്രം. മാങ്കുളം ഇന്ന്‌ നഗരമായിരിക്കുന്നു. മനുഷ്യന്റെ ലക്കും ലഗാനുമില്ലാത്ത ഈ നശീകരണപ്രവണതയാൽ ഇവിടെ തീമഴ പെയ്യിക്കരുതേ പ്രകൃതീദേവീ, എന്ന്‌ ഗ്രന്ഥകാരൻ ഉള്ളഴിഞ്ഞു പ്രാർത്ഥിച്ചു പോകുന്നു!
    ഏറ്റവുമൊടുവിൽ വിസ്മയകരമായ ഹിമാലയ യാത്രയുടെ വിവരണവും ഉണ്ട്‌. അതും വളരെ ഹൃദ്യമായി. അതിൽ സ്വന്തം യാത്രാനുഭവമല്ലാതെ മറ്റുഗ്രന്ഥകർത്താക്കളെപ്പോലെ ഹിമാലയത്തിന്റെ അംഗോപാംഗവർണ്ണനയ്ക്കൊന്നും ഒരുമ്പെട്ടിട്ടില്ല.
    ആകെക്കൂടി നോക്കിയാൽ, ചരിത്രാന്വേഷികൾക്കും, മനുഷ്യസ്നേഹികൾക്കും, സർവ്വോപരി ഈ ഭൂമിയുടെ തനതുനന്മയെ ഹൃദയത്തിൽ സൂക്ഷിക്കുന്നവർക്കും വളരെ വിജ്ഞാനപ്രദവും ആസ്വാദ്യവുമായ ഗ്രന്ഥമാണിത്‌. ഒപ്പം, കൂടുതൽ ഗഹനമായ ഒരു ആദിവാസിപാരമ്പര്യപഠനത്തിനുള്ള ജിജ്ഞാസയുടെ കവാടം ഇന്നുതരുന്നതുമാണ്‌. ഇതിൽ ചരിത്രരേഖയുടെ ആധികാരികതയോ, സ്ഥിതിവിവരക്കണക്കുകളുടെ നാൾ വഴിയോ ഇല്ല; എന്നാൽ ഈ ഭൂമിയുടെയും പ്രകൃതിയുടെയും സർവ്വനാശത്തിലേക്ക്‌ അതിവേഗം നടന്നടുക്കുന്ന മനുഷ്യന്റെ ആസക്തിക്കെതിരെയുള്ള ആശങ്കയും, താക്കീതും ഉണ്ട്‌. ഭീകരമായ വനം കൈയ്യേറ്റംകൊണ്ടും ആദിവാസിപീഡനങ്ങൾകൊണ്ടും, 18-​‍ാം നൂറ്റാണ്ടിൽ നിലനിന്ന ക്രൂരമായ ഫ്യൂഡലിസ്റ്റ്‌ സമ്പ്രദായത്തിന്റെ തനിപ്പകർപ്പായിരുന്നു, ഇക്കഴിഞ്ഞ നൂറ്റാണ്ടിൽ കേരളത്തിലെ സഹ്യവനാന്തരങ്ങളിലും നിലനിന്നത്‌. കാടിനെയും കാടിന്റെ മക്കളെയും തകർത്തെറിഞ്ഞ ഈ കരാളശക്തികൾക്കെതിരെയുള്ള ശബ്ദമായിരുന്നു നക്സൽ വർഗ്ഗീസിന്റേത്‌. എന്നാൽ ഭൂമാഫിയകളും അവർക്കു ചൂട്ടുപിടിക്കുന്ന രാഷ്ട്രീയ ശക്തികളും യാഥാർത്ഥ്യം ജനങ്ങളിൽനിന്ന്‌ വിദഗ്ദ്ധമായി മറച്ചുവച്ച്‌ ആ മനുഷ്യസ്നേഹിയെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തി. മുതലാളിമാരും കുടിയേറ്റക്കാരും തടിച്ചുകൊഴുക്കുകയും ചെയ്തു. ഇന്നും ആസ്ഥിതിക്കു മാറ്റമില്ല.
    ഈ വർഷം (2013) കേന്ദ്രസർക്കാറിന്റെ സ്ത്രീശക്തി പുരസ്കാരം രാഷ്ട്രപതിയിൽ നിന്ന്‌ ഏറ്റുവാങ്ങിയ ടി.കെ.ഓമന എന്ന വനിതയെപ്പോലെ അതിശ്രേഷഠവും നിസ്വാർത്ഥവുമായ സേവനത്തിന്‌ സന്നദ്ധരാകുന്ന മനുഷ്യസ്നേഹികളെ ഈയവസരത്തിൽ എത്രപ്രശംസിച്ചാലും അധികമല്ല.
    കാട്ടിൽവസിക്കുന്ന ആദിവാസികളുടെ ആദരണീയമായ ജീവിതത്തത്ത്വം നോക്കൂ:
"ഏള്‌ വേൾപടവർ പട്ടാലിമുണ്ടച്ച്‌
തണ്ടച്ച്‌ കൂൻ-കുരുടു-മുണ്ടി-മുടുക്കു-
ചുളിച്ചബുളികൂപ്പിട്ടശബ്ദം
ഓടിക്കൂടി ബരണം"
അർത്ഥം: പാവപ്പെട്ടവരും, മാതാപിതാക്കളില്ലാത്തവരും കുട്ടികളും നിരാശ്രയരായ ആളുകളും കൂനും, കുരുടും (അന്ധരും) മുടന്തരും ആശ്രയത്തിനായി വിളിച്ചാൽ വേണ്ടസഹായം ചെയ്തുകൊടുക്കാൻ ഓടിച്ചെല്ലണം. ആരെയും നിരാശ്രയരായി ഉപേക്ഷിക്കാൻ പാടില്ല. സ്വന്തം കാര്യം പോലും അതുകഴിഞ്ഞേ നോക്കാവൂ! എത്ര മഹത്തായ നിർദ്ദേശം! ഈ നിസ്വാർത്ഥമായ പൊതുനന്മ നാടുവാഴുന്നവരിൽ എത്രപേർക്കുണ്ട്‌? എന്നിട്ടും കാടുവാഴുന്നവർ അജ്ഞരും മൂഡരുമാണത്രേ!
    കൂട്ടത്തിൽ ശ്രദ്ധയിൽപ്പെട്ട അസാരം പോരായ്മകൂടി ചൂണ്ടിക്കാട്ടിക്കൊണ്ട്‌ ഈ പ്രബന്ധം ഉപസംഹരിക്കാം. ഗ്രന്ഥത്തിൽ പലേടത്തും അതാതു ലേഖനത്തിനാധാരമായ സന്ദർശനം നടത്തിയത്‌ കൃത്യമായി ഏതുവർഷം എന്നും വ്യക്തമാക്കിയിട്ടില്ല. ഒരു താരതമ്യപഠനത്തിന്‌ ആഗ്രഹിക്കുന്നവർക്ക്‌ അതൊരു കുറവായി അനുഭവപ്പെട്ടേക്കാം. ഇത്രയും അതിസാഹസികമായി, നിരവധിക്ലേശങ്ങൾ സഹിച്ചുയാത്രചെയ്ത്‌ ഓരോ ആദിവാസി സമൂഹത്തോടുമൊപ്പം ഉണ്ടും ഉറങ്ങിയും അനുഭവങ്ങൾ പങ്കിട്ട ലേഖകൻ തീർച്ചയായും മുക്തകണ്ഠമായ പ്രശംസയർഹിയ്ക്കുന്നു. എന്നാൽ, അദ്ദേഹം ഏതെങ്കിലും ഒരു പ്രോഫഷണൽ ഫോട്ടോഗ്രാഫറെക്കൂടി തന്റെ ഒപ്പം കൂട്ടിയിരുന്നെങ്കിൽ നമ്മുടെ പൈതൃകവിജ്ഞാനത്തിന്റെ ഈടുവയ്പുകളിലേക്ക്‌ അമൂല്യമായ ഒരുചിത്രശേഖരം കൂടി ഈ ഗ്രന്ഥത്തോടൊപ്പം ലഭിക്കുമായിരുന്നു. പ്രശസ്തമായ ഒരു പത്രസ്ഥാപനത്തിന്റെ സാരഥ്യം വഹിച്ച വ്യക്തിയെന്ന നിലയിൽ അന്ന്‌ ഈ ഗ്രന്ഥകാരന്‌ അക്കാര്യം അത്ര പ്രയാസകരമായിരിക്കാനുമിടയില്ല. അതൊരു വലിയ പോരായ്മയായി തോന്നി. ചേർത്തിട്ടുള്ള പല ചിത്രങ്ങൾക്കും അടിക്കുറിപ്പും കാണുന്നില്ല. ഈ പറഞ്ഞ കുറവുകൾ അവഗണിച്ചാൽ തീർച്ചയായും അത്യധികം അഭിനന്ദനാർഹവും ആദരണീയവുമാണ്‌ ഈ ഗ്രന്ഥത്തിന്റെ രചനയെന്നു പറയാതെ വയ്യ. മണ്ണിനെയും മനുഷ്യനെയും സ്നേഹിയ്ക്കുന്നവരും, ഈ പുണ്യഭൂമിക്ക്‌ ഒരു ചരമഗീതം, വരും നൂറ്റാണ്ടിൽപോലും ആലപിക്കാനിടവരരുതേയെന്ന്‌, ആത്മാർത്ഥമായി ആഗ്രഹിക്കുന്നവരും, തീർച്ചയായും ഈ പുസ്തകം വാങ്ങി വായിക്കേണ്ടതാണ്‌. മനുഷ്യസ്നേഹിയായ അമ്പാട്ട്‌ സുകുമാരൻനായർ എന്ന ഗ്രന്ഥകർത്താവിന്‌ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും അർപ്പിക്കുന്നു.
മലകളും ആദിമമനുഷ്യരും (യാത്രാവിവരണം)
അമ്പാട്ട്‌ സുകുമാരൻനായർ 

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...