കുചേലന്റെ സോഷ്യലിസം.!ടി. കെ. ഉണ്ണി
കഴിഞ്ഞ രാത്രികളെനിക്ക് കാളരാത്രികൾ
ഒരുപോള കണ്ണടക്കുവതെങ്ങനെ തമ്പുരാനേ.
അടുപ്പ് പുകഞ്ഞിട്ടെത്ര ദിവസമെന്നോ..
ആ ചുരുണ്ടിരിക്കുന്നതാണെന്റെ ശ്രീമതി
തളർന്നുറങ്ങുന്നതെന്റെ മക്കൾ മൂവരും
മുറുക്കിയുടുക്കാനിനിയില്ല മുണ്ടുകൾ.!

കള്ളക്കർക്കടകത്തിൻ കേളികൊട്ട്
തോരാതെ പെയ്യുന്ന മഴക്കോള്‌ മാത്രം
വേലയും കൂലിയും ഇല്ല ഞങ്ങൾക്കിന്ന്
തൊഴിലാളികൾക്കെന്നുമിത് പട്ടിണിക്കാലം
പകർച്ചരോഗങ്ങളാൽ പകക്കുന്ന കാലം
വിത്തഭോഗികൾക്കോ സുഖചികിത്സക്കാലം.!

റേഷനേപിയെൽ, വാങ്ങാൻ കയ്യിലില്ലൊരു
ചില്ലിയും, കടംവാങ്ങാൻ ബാക്കിയില്ലൊരിടവും
തെണ്ടിയിട്ടായാലും വേണ്ടില്ല, എന്റെ മക്കൾക്കൊരു
കയിൽ കഞ്ഞി, ഇനിയുമതെനിക്കായില്ലെങ്കിൽ
ഞാനൊരച്ഛനോ, ഭർത്താവോ, തമ്പുരാനേ.?

നാട്ടിലിന്നു നല്ലവൻ മൂക്കൻ മുതലാളി
മറുനാട്ടിലായിരങ്ങളവന്റെ തൊഴിലാളികൾ
ഒരുകൈക്ക് മറുകയ്യറിയാതെ ചെയ്യുന്നവൻ
കേളികളായിരം പെരുകുന്നുണ്ടീനാട്ടിൽ..
അവനെന്റെ സതീർത്ഥ്യൻ, ആത്മമിത്രം
പണ്ട് പത്തുകൊല്ലമൊരുമിച്ച് പഠിച്ചവൻ
കപ്പൽ കയറി മറുനാട്ടിൽ പോയവൻ
മന്നവനായിന്നു വിലസുന്നു നാട്ടിലും.!

ഗമിച്ചു ഞാനരക്കാതമകലേക്കിന്ന്
കണ്ണന്റെ ദ്വാരകക്കവാടത്തിലേക്ക്
കക്ഷത്തിലൊരുപൊതിക്കെട്ടുമേന്തി
സങ്കടക്കടലാം അവിലും മലരുമായി.
കണ്ടു ഞാൻ ദൂരെയാ മാളികമേലാവും
കോട്ട പോലുള്ള കവാടദുർഗ്ഗങ്ങളും
കൂട്ടമായ് നിൽക്കുന്ന നാട്ടുകാരും പിന്നെ
ഭാണ്ഡങ്ങൾ പേറിക്കൊണ്ടഗതിക്കൂട്ടങ്ങളും
ചേർന്നു ഞാനുമായാൾക്കൂട്ടത്തിലൊന്നായി
കാത്തിരുന്നെല്ലാരും കാവലാൾ കനിവിനെ.
ഏറെനേരത്തെ കാത്തിരിപ്പിന്നന്ത്യമായ്
കനിഞ്ഞെത്തി കാവൽ ഭടന്മാരും, തുറന്നു
കോട്ടവാതിലുള്ളിൽ, കടന്നു കൂട്ടമായങ്കണത്തിൽ
നടന്നു കുക്കുടക്കോലങ്ങളിൽ ചന്നം പിന്നമായ്,
അണിചേർന്നെല്ലാരുമാ ദർശന ഭിക്ഷക്കായി...!

ദ്വാരകതന്നങ്കണത്തിൽ ഞാനന്തിച്ചുനിന്നനേരം
കണ്ടീല ഞാനെൻ സതീർത്ഥ്യനെ
വന്നെതിരേറ്റില്ല, വാരിപ്പുണർന്നില്ല,
സപ്രമഞ്ചത്തിലിരുത്തിയില്ല,
കക്ഷത്തിലെന്തെന്ന് ചോദിച്ചില്ല
സങ്കടക്കടലാം അവിലും മലരും ഭുജിച്ചില്ല.!

അത്ഭുതങ്ങളൊന്നും നടന്നില്ലയെന്നാലും
വന്നൊരു വാല്യക്കാരനരുളിയെല്ലാരോടും,
പത്തിന്റെ പുത്തനൊന്നൊളിപ്പിച്ചതാണിത്
വന്നു വാങ്ങുവിൻ നിങ്ങളീ ലക്കോട്ടിനെ
പ്രാർത്ഥനയോടെ പിരിഞ്ഞുപോ വേഗത്തിൽ.
അടുത്തതെന്റെയൂഴം, പകച്ചു ഞാൻ നിൽക്കെ
തൊടുത്തവൻ ചോദ്യം ബധിരനാണോ നീ..
ദ്വാരകക്കണ്ണനെൻ സതീർത്ഥ്യൻ സോദരാ,
ഒരു വട്ടം കാണാൻ കരുണയുണ്ടാകണം,
കാത്തുനിൽക്കുന്നൊരു കുചേലനാം തോഴൻ.!

പ്രത്യക്ഷനായവൻ പൂമുഖപ്പടിയിൽ
ഒട്ടും തിരിച്ചറിഞ്ഞില്ലയവനെന്നാലും
കണ്ടു ഞാനവനെ കൺകുളിർക്കെ
പറഞ്ഞു ഞാനവന്റെ സതീർത്ഥ്യനെന്ന്.!
ചിരിച്ചുകൊണ്ടവനോതി, ഹേ മനുഷ്യാ
ഈ പല്ലവി കേട്ടു മടുത്തു ഞാനെന്നും,
കിട്ടുന്നതും വാങ്ങി സ്ഥലം വിട്ടോളുക,
വന്നുകയറും ദിനമോരോ നശൂലങ്ങൾ.!

വിങ്ങുന്ന ഹൃദയത്താലൊരുവട്ടം കൂടി ഞാൻ
കണ്ടെന്റെ തോഴനാം ദ്വാരകനാഥനെ
വിണ്ണിൽ നിന്നെന്നെ മാടിവിളിക്കുന്നു
കണ്ണുനിറഞ്ഞെന്റെ കരളും തുടിക്കുന്നു
എങ്ങിനെ ഞാനങ്ങരികിലേക്കെത്തും പ്രഭോ
പൈതങ്ങളിൻ പട്ടിണി മാറ്റാനരുതാത്ത
ദേഹിയകന്നൊരു യന്ത്രമാണിന്നു ഞാൻ
ദൈവത്തിൻ നാട്ടിലെ സോഷ്യലിസ്റ്റ്.!!


Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ