22 Sept 2013

പ്രണയജാലകം

അരുൺകുമാർ അന്നൂർ
1. ക്ഷണം

ഞാൻ കോശത്തിലും പ്രണയാർദ്രനായിരിക്കുന്നു
വരൂ
നിന്റെ വെറുപ്പിന്റെ വ്യഞ്ജനങ്ങളുമായി
എന്റെ
രതിയുടെ സ്വരാക്ഷരങ്ങളിൽ

2.ചുമ്മാ

നിനക്ക്‌
മഴയുടെ മനസ്സാണ്‌
ചുമ്മാ
പെയ്തുകൊണ്ടിരിക്കുന്നു.

3. തീരുമാനം

അവൾ ഒരു പുഞ്ചിരിയാണ്‌
അവളെ ഞാനെന്റെ
ചുണ്ടുകളിൽ പടർത്തും

4. പ്രച്ഛന്നത്‌

വഴിവക്കിൽ
ഒരു മുല്ലപ്പെണ്ണ്‌
അവളെ വശീകരിക്കാനൊരുങ്ങുന്നു
ഒരു കിഴവൻ കാറ്റ്‌
ഞാൻ പറയട്ടെ
ബൂർഷ്വാസി മരിച്ചിട്ടില്ല
അത്‌ പലരൂപത്തിൽ വരും

5. സ്തുതി

നീ എത്ര സുന്ദരം
ജനിക്കുന്നതിനു മുമ്പുപോലും
ഇതുപോലൊന്നു ഞാൻ കണ്ടിട്ടില്ല.

6. ചതി

നീ പുഞ്ചിരിച്ചു
ഞാനറിഞ്ഞില്ല
അതെനിക്കെരിഞ്ഞു തീരാനുള്ള
ഒരു തീക്കുണ്ഠമാണെന്ന്‌

7. വാഗ്ദാനം
മേഘങ്ങളിൽ ഇടിമുഴക്കമായ്‌
ഞാൻ വെളിപ്പെടുമ്പോൾ
നീ എന്നെ ശ്രമിക്കുക
വെളിച്ചത്തിന്റെ പൂങ്കുലകളായി
പുലരിയിൽ ഞാൻ
വിടർന്നുജ്ജ്വലിക്കുമ്പോൾ
നീ എന്നെ ദർശിക്കുക
ഞാൻ നിന്റെ പ്രണയമാകുന്നു
നീ തന്നെയാകുന്നു.

8. നീയും ഞാനും

നീയെന്നിൽ നിന്നിരുളിന്റെ
പ്രേതങ്ങളെത്തിരികെ വിളിച്ചു
ഞാൻ വെളിച്ചത്തിന്റെ ഗോപുരമായ്‌
നീയെന്നിൽ നിന്നത്യുഷ്ണത്തിന്റെ
നക്ഷത്രങ്ങളെത്തിരികെ വാങ്ങി
ഞാൻ പ്രണയത്തിന്റെ കുളിരാർന്ന സരോവരമായി.

9. നീ

നഷ്ടപ്പെടാൻ സാധ്യതയുള്ള ഒരു ജീവിതം
നീയെനിക്കു മടക്കിത്തന്നു
പൊലിയാൻ താത്പര്യപ്പെടുന്ന
ഒരു നക്ഷത്രം
നീ എന്റെ ഹൃദയത്തിൽ ചാർത്തിത്തന്നു

10. മാപ്പ്‌

പ്രണയമേ നീ ഇരുകൈകളിലും
തളികയേന്തി വരുന്നു
ഒന്നിൽ ജീവിതത്തിന്റെ അമൃത്‌
മറ്റൊന്നിൽ മരണത്തിന്റെ വിഷം
ഒന്നുമാത്രം സ്വീകരിച്ച്‌
നിന്നെ പിണക്കുന്നതിഷ്ടമില്ലാഞ്ഞ്‌
പാപി ഞാൻ രണ്ടും ചുണ്ടോടുചേർക്കുന്നു
തോഴീ നീയത്‌ പൊറുത്താലും.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...