കുന്നിന്മുകളിലെ ശിവഗിരി ആശ്രമത്തിനു മുകളില്‍
ഉരുകിത്തിളയ്ക്കുന്ന പകലിലേക്ക് കാരുണ്യത്തിന്റെ പച്ചക്കുട നിവര്‍ത്തിയ
അരയാല്‍. അതിന്റെ കീഴില്‍ നിന്നും, പോയ ജന്മത്തില് കേട്ടു മറന്നതെന്നു
തോന്നുന്ന ഒരു വിളി കേട്ടു.
''ബര്‍ണാഡ്''
ഒറ്റ നോട്ടത്തില്‍
മനസ്സിലായില്ലെങ്കിലും, നനുത്ത നിലാവില് നനുനനെ തെളിഞ്ഞു വരുന്ന ഒരു കാഴ്ച
പോലെ ചന്ദ്രഭാനുവേട്ടന്റെ മുഖം തെളിഞ്ഞു വന്നു. വല്ലാതെ
മാറിപ്പോയിരിക്കുന്നു! ചന്ദ്രേട്ടനിപ്പോള് ജരാനരകളുടെ ഉള്ളലിവില്ലായ്മയുടെ
ഒരു ന്യൂനശിഷ്ടം!
അലിവിന്റേതെന്നോ സഹതാപത്തിന്റേതെന്നോ തിരിച്ചറിയാനാവാത്ത ഒരു വികാരം ഉറവെടുത്തു.
എഞ്ചിനിയറായി ജോലി കിട്ടിയ മകന് തീരാവ്യാധിയായി മാറിയ ത്വക്രോഗത്തിന്
ചികിത്സകള്‍ ചെയ്തു മടുത്ത് ഒടുവില്‍ കിടപ്പാടം പോലും വില്‍ക്കേണ്ടി വന്ന
ചന്ദ്രേട്ടന് മറ്റെങ്ങോ മാറിത്താമസിച്ചത് മൂന്നു വര്‍ഷം മുമ്പാണ്.
ഞങ്ങളുടെ നാട്ടുകാരനായിരുന്നു. അപ്പന്റെ പ്രിയസുഹൃത്തും. പഞ്ചായത്തിലും
മുനിസിപ്പാലിറ്റിയിലും ചെയ്തുപോന്നിരുന്ന ചെറിയ ചെറിയ കരാര്‍
ജോലികളായിരുന്നു വരുമാനമാര്‍ഗ്ഗം. ചന്ദ്രേട്ടന്റെ മകന്, മുരളി
എന്നേക്കാള്‍ മൂന്നുനാലു വയസ്സിനിളപ്പമായിരുന്നു. എങ്കിലും ഞങ്ങള്‍
സുഹൃത്തുക്കളായിരുന്നു. അതുകൊണ്ട് ചന്ദ്രേട്ടന് എന്നെയും
ഇഷ്ടപ്പെട്ടിരുന്നു.
നേരേ ചന്ദ്രേട്ടന്റെയടുത്തേക്കു ചെന്നു. എന്റെ കൈകള്‍ കവര്‍ന്നെടുത്തുകൊണ്ട് ചന്ദ്രേട്ടന് ചോദിച്ചു. ''നീയെന്ത്യേ ഇവിടെ?''
''ഞാനിറക്കുന്ന മാസിക അച്ചടിക്കുന്നതിവിടെയാണ്.''
ഗുരുദേവാശ്രമത്തിലെ അഗതികളായ അന്തേവാസികള്‍ക്കായി സ്ഥാപിക്കപ്പെട്ട
പ്രസ്സില്‍ ആശ്രമത്തിന്റേതല്ലാതെ പുറത്തു നിന്നുള്ള ജോലികളും
ചെയ്യാറുണ്ട്. ആശ്രമത്തിന് അതൊരു ചെറിയ വരുമാനമാര്‍ഗ്ഗം. കൂടാതെ
കേറ്ററിംഗ്, തയ്യല്‍.... അങ്ങനെ അന്തേവാസികളുടെ അഭിരുചികള്‍ക്കിണങ്ങുന്ന
മറ്റു ചെറുചെറു തൊഴിലുകളും അവിടെയുണ്ട്.
''അതിരിക്കട്ടെ. ചന്ദ്രേട്ടനെന്ത്യേ ഇവിടെ?''
''മുരളിയുടെ ഒന്നാമത്തെ ആണ്ടാണ് ഇന്ന്.''
ഇത്തിരിനേരത്തെ ദൈന്യത നിറഞ്ഞ ഇടവേള. എനിക്കൊരു തളര്‍ച്ച തോന്നി.
ഒടുവില്‍ അതു സംഭവിച്ചു! എങ്ങനെയായിരുന്നു എന്നു ചോദിക്കാനാവില്ല. അതൊരു
ദുരന്തം തന്നെയാവുമെന്നു മനസ്സു പറഞ്ഞു.
മുറ്റത്ത് അവിടവിടെയായി നിന്നിരുന്ന സ്ത്രീപുരുഷന്മാരെ ചൂണ്ടിക്കാണിച്ചുകൊണ്ട് ചന്ദ്രേട്ടന് തുടര്‍ന്നു.
''എന്റെ സ്വന്തക്കാരാണ്. ഊണൊരുക്കിയരിക്കുന്നത് ഇവിടെയാണ്്. നിന്നെ
കണ്ടതു നന്നായി. നീയും ഉണ്ടിട്ടേ പോകാവുള്ളു. കൃത്യം പന്ത്രണ്ടരയ്ക്കു
തുടങ്ങും.''
''അയ്യോ.... വേണ്ട ചന്ദ്രേട്ടാ. പെട്ടെന്നു പോകേണ്ടതുണ്ട്.''
നിമിഷമാത്രയില്‍ ചന്ദ്രേട്ടന്റെ സ്വരം കടുത്തു. മുഖം മുറുകി. സൗമ്യതയുടെ
ആവരണങ്ങള്‍ അഴിഞ്ഞുവീണു. ചന്ദ്രേട്ടനിപ്പോള് രുദ്രശിവന്‍!
യഥാകാലങ്ങളില്‍ ആവിര്‍ഭവിക്കുന്ന ശിഷ്ട - ദുഷ്ടമൂര്‍ത്തികളുടെ ഒളിവിടമാണല്ലോ നമ്മുടെയീ പഞ്ചഭൂതനിര്മ്മിതി!
ആഴമുള്ളതും അമര്ത്തിയതുമായ സ്വരത്തില്‍ ചന്ദ്രേട്ടന് എന്റെ
കണ്ണുകളിലൂടെ, എന്റെ ആത്മാവിലേക്കിറങ്ങി കോപം കൊണ്ടു വിറഞ്ഞു. ''അതെന്താടാ
നിനക്ക് എന്റെ മകന്റെ ശ്രാദ്ധമുണ്ടാല്? ഞങ്ങള്‍
അന്യജാതിക്കാരായതുകൊണ്ടാണോ?''
''അതല്ല ചന്ദ്രേട്ടാ....'' ആ ഭാവപ്പകര്‍ച്ചയില്‍ അമ്പരന്നുപോയ
എന്റെ ശബ്ദകോശത്തിലെ മുഴുവന്‍ വാക്കുകളും ചകിതരായ പറവക്കൂട്ടങ്ങളെപ്പോലെ
ഒന്നൊഴിയാതെ പറന്നുപോയി. ഒരു മന്ദനെപ്പോലെ ഞാന്‍ വാക്കുകള്‍ക്കായി
വായുവില്‍ പരതി.
''എന്തല്ലെന്നാണു നീ പറയുന്നത്? എന്റെ മകന്റെ ആത്മശാന്തിക്കായി
ഞാന്‍ വിളമ്പുന്ന ഒരു പിടി അന്നമുണ്ടാല് നിന്റെ ഏതു കൈയിലെ, ഏതു വളയാണ്
ഊരിപ്പോകുന്നത്?'' വികാരവിക്ഷുബ്ധതയോടെ എന്റെയരുകിലേക്ക് ഇരുകൈകളും
വിടുര്‍ത്തി ആഞ്ഞുവന്ന ചന്ദ്രേട്ടനെ എവിടെ നിന്നോ ഓടിയെത്തിയ
പാര്വ്വതിയേട്ടത്തി - ചന്ദ്രേട്ടന്റെ ഭാര്യ, വട്ടം പിടിച്ചു കൊണ്ടുപോയി.
2
''ബര്‍ണാഡ്, മോന് വിഷമിക്കരുതേ..... ചേട്ടനിപ്പൊ ഇങ്ങനെയാണ്. പെട്ടെന്നാണ് ദേഷ്യം.''
ദുര്‍ബ്ബലമായി കുതറുന്ന ആ തകര്‍ന്ന മനുഷ്യന് സ്നേഹപൂര്‍വ്വം വലിച്ചു മാറ്റപ്പെടുന്നത് നിസ്സഹായതയോടെ നോക്കി നിന്നു.
പോയിട്ട് വളരെ അത്യാവശ്യമുണ്ട്. എന്നിരുന്നാലും, ഇനി ഉണ്ടിട്ടേ
പോകുന്നുള്ളു. ആത്മാക്കള്‍ക്ക് അന്നമൂട്ടുന്നതിലുള്ള വിശ്വാസത്തിനു
നോവേല്‍ക്കരുത്.
ഭാരതഖണ്ഡത്തിലെവിടെയോ, പേരറിയാ
നെല്‍പ്പാടങ്ങളില്‍ വിളഞ്ഞ കുറേ അരിമണികളില്‍ മുരളിയുടെ ശ്രാദ്ധത്തിനു
വിളമ്പേണ്ടത് എന്നു ദൈവം കുറിച്ചുവച്ചിരുന്നു. അതില്‍ ബര്ണാഡിനുള്ളത്
എന്നു രേഖപ്പെടുത്തിയ കുറേ ധാന്യമണികളുമുണ്ട്.
ദൈവമേ, നീ ഞങ്ങള്‍ക്ക് എങ്ങനെയൊക്കെ, എവിടെയൊക്കെ അന്നമൊരുക്കുന്നു? അവിചാരിതഭാഗ്യനിര്ഭാഗ്യങ്ങളിലേ
വിളമ്പിയ അന്നോപദംശങ്ങള് നാവിനെ പരിലാളിക്കുമ്പോള്‍ ജീവിച്ചു
കൊതിതീര്‍ന്നിട്ടില്ലാത്ത ഒരു യുവാവിന്റെ നിലവിളി അന്നനാളത്തിലിരുന്നു
കഴച്ചു. സ്വാദുകള്‍ മാഞ്ഞുമാഞ്ഞുപോവുന്നു. രുചിഭംഗങ്ങള്!
രുചികളുടെ രുചി അനുഭവിക്കേണ്ടുന്ന മനസ്സു വിങ്ങുമ്പോള്‍ എന്തു രുചി? രുചികളുണരുന്നത് മനസ്സില്‍ നിന്നാണോ?
പുറത്തിറങ്ങിയപ്പോള്‍ വീണ്ടും തമ്മില്‍ കണ്ടു. ചന്ദ്രേട്ടന്
അടുത്തുവന്ന് കെട്ടിപ്പിടിച്ചു. ആ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. ''സന്തോഷമായി
മോനേ. എന്റെ മകനും സന്തോഷമായിക്കാണും.'' ശബ്ദരഹിതമായ ചില നിമിഷങ്ങള്‍
ഞങ്ങള്‍ക്കിടയിലൂടെ വിങ്ങിവിതുമ്പി കടന്നുപോയി. ഒടുവില്‍ ചന്ദ്രേട്ടന്
തന്നെ മൗനം പിളര്‍ത്തി. ''പിന്നെ.... അവനെങ്ങനെയാണു മരിച്ചതെന്നു നീ
ചോദിച്ചില്ലല്ലോ?''
ചന്ദ്രേട്ടന് വാക്കുകളെ വേട്ടയാടാന്‍ വിഷമിച്ചു. നിശ്ശബ്ദതയുടെ
ഇടവേളയ്ക്ക്, മുറിവേറ്റു ചാവാറായ മണ്ണിരയുടെ ഇഴച്ചില്‍. ഒടുവില്‍,
ജീവിച്ചിരിക്കുന്നവരില്‍ ഇനിയും മരിച്ചിട്ടില്ലാത്ത ഒരു മരണത്തിന്റെ
നോവിറ്റുന്ന വിറയാര്‍ന്ന സ്വരം:
''തൂങ്ങിമരിക്കുകയായിരുന്നു. രോഗം കൊണ്ടു നിരാശനായ അവന്
മരിയ്ക്കുന്നതിനു വേണ്ടിയായിരുന്നിരിക്കണം; ഒരിക്കല്‍ നാടുവിട്ടുപോയതാണ്.
പക്ഷേ, അന്യരാജ്യങ്ങളില്‍ അലഞ്ഞുതിരിഞ്ഞ് മരിക്കാന്‍ ഭയന്ന്, ജീവിതത്തെ
കൊതിച്ച് അവന് മടങ്ങിവന്നു. ആ സമയം മുതല്‍ ഞാനവനെ വെറുത്തു തുടങ്ങി.
ജീവനോടെ അഴുകുന്ന അവന്റെ തൊലിയുടെ ദുര്‍ഗന്ധം മൂലം വീട്ടില്‍ ആരും
വരാതായിത്തുടങ്ങിയപ്പോള്‍ അതൊന്നുകൂടി കൂടുതലായി. ഞങ്ങള്‍ക്ക്
ഉറക്കമില്ലാത്ത രാപകലുകള്‍ തന്ന അവന്റെ, ഔഷധങ്ങളില്ലാത്ത വേദനകളുടെയും
നിലവിളികളുടെയും നാളുകളില്‍ അവനൊരു സുഖമരണം ഞാന്‍ ഭഗവാനോടു യാചിച്ചു....
ചിലപ്പോള്‍ ചില പാപങ്ങളിലേക്കു നമ്മളറിയാതെ വലിച്ചിഴയ്ക്കപ്പെടാറില്ലേ?
ഒടുവില്‍, ഞാനും അവനെ വെറുത്തു തുടങ്ങിയെന്നും, അവന്റെ പ്രാര്‍ത്ഥന ഭഗവാനും
കേള്‍ക്കുന്നില്ലെന്നും തോന്നിയ ഒരു കഠിനരാത്രിയില് അവന് മരണത്തിന്റെ
വാതില്‍ തള്ളിത്തുറക്കുന്നതു ഞാന്‍ കേട്ടതാണ്. അന്ന്, അവന്റെ മുറിയിലെ
ഫാനില്‍ അവന്റെ പ്രാണനിലേക്കിറുകുന്ന കുരുക്കിന്റെ കിരുകിരുപ്പും,
എനിക്കേറ്റവും പ്രിയപ്പെട്ടതും ആശകളടങ്ങിയിട്ടില്ലാത്തതുമായ ആ
മനുഷ്യശരീരത്തില്‍ നിന്നും പ്രാണന് പറിഞ്ഞുപോവുന്നേരമുള്ള പിടച്ചിലും
ശബ്ദങ്ങളും നേര്‍ത്തുനേര്‍ത്ത് ഇല്ലാതാവുന്നതും ഞാനറിഞ്ഞതാണ്. എന്നിട്ടും,
വിറകൊള്ളുന്ന കരളില്‍, അവന് തോല്ക്കരുതേ എന്ന നിര്‍ദ്ദയമായ
പ്രാര്‍ത്ഥനയുമായി അനങ്ങാതിരുന്ന നീചനായ ഈ പിതാവിനെപ്പറ്റി അവന്റെ
അമ്മയറിഞ്ഞിട്ടില്ല.... എപ്പോഴെങ്കിലും നിന്റെ കഥകളില്‍ എന്നെപ്പറ്റിയും നീ
എഴുതണം...''
ഗ്രീഷ്മസൂര്യന്, ചുവപ്പുപൂവുകളുടെ ഭാവകാവ്യോപഹാരവുമായി
നിന്നിരുന്ന ഗുല്മോഹറിനു ചുവട്ടില്‍, കൊഴിഞ്ഞ പുഷ്പജഢങ്ങള്ക്കുമേല്
നില്‍ക്കുകയായിരുന്നു ഞങ്ങളപ്പോള്‍....
കൊടിയന്‍ വീട്, ആയക്കാട്, തൃക്കാരിയൂര്‍.പി.ഒ
കോതമംഗലം, എറണാകുളം 686692
ഫോ: 9946430050
e-mail. thomaspkodiyan@gmail.com |
22 Sept 2013
പരമാണുക്കള്‍ ഭേദിക്കപ്പെടുമ്പോള്‍
എം കെ ഹരികുമാർ ഓണപ്പതിപ്പ് 2020
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...