വി.ദത്തന്‍
മൃദുല നിർമ്മല രാഗമാലിക
കൊണ്ടു കാതിന്നിമ്പമേകി
ചടുല നൃത്തച്ചുവടിനാലെൻ
കണ്ണിനുത്സവമേളമേകി
മധുര ശീത കരങ്ങൾ നീട്ടി
പുല്കിയുടലിനു ഹർഷമേകി,
വന്ന സുന്ദര വർഷകന്യേ
ഉഗ്രഗർജ്ജന നാദമോടെ-
യുദഗ്രതാണ്ഡവമാടിടും നിൻ
ഭാവമാറ്റം കണ്ടു ഭീതിയി-
ലാണ്ടു പോയല്ലോ.
കോപകലുഷിതയായ നിന്റെ
പാദ പതനാഘാതമേറ്റു
ഭൂമി കേഴുന്നൊച്ച കേൾക്കെ,
രോമ ഹർഷം മുമ്പു പൂണ്ടവർ
രോഗബാധിതർ പോലെയായി.
സൗമ്യമാം നിൻ പൂർ വ്വരൂപം
സ്വീകരിച്ചനുരാഗപൂർ വ്വം
നീ വരുന്നതു കാണുവാനെൻ
മനസ്സു മോഹിച്ചുഴറി നില്പൂ.