ചിറകിനടുത്ത്‌

ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍


ചിറകിനടുത്തിരുന്ന്‍
ശരീരം ആത്മാവിലേക്ക് പറന്നു.

ഇമ്മിഗ്രേഷന്‍ കൌണ്ടറില്‍
കൊത്തിവലിക്കപ്പെടാനുള്ള
ഒരു തനിനാടന്‍ പാസ്സ്പോര്‍ട്ട്
ജീവിതം,
'എക്സിറ്റ്‌-എന്‍ട്രി' കള്‍ക്കിടയിലെ
ഭൂപടം കണ്ടു പറക്ക.

ചിങ്ങത്തിനായുള്ള പൂവ്‌
വിമാനത്തിന്റെ ചിറകില്‍.
വിടര്‍ന്നു തിളക്കം.

എണ്ണപ്പാടങ്ങള്‍ മായ്ച്ച്
താഴ്ച കാടു വരച്ചപ്പോള്‍
മുറിഞ്ഞു പോയിടത്ത്‌
പച്ചമരുന്നിട്ട നീറ്റല്‍ ...

ഞാനെന്നോടു ചെയ്ത
കടുംകൈകളുടെ ഭാണ്ഡം
സ്വയം ചുമന്ന്‍
വിമാനത്താവളത്തില്‍ വീണ എന്നെ
പിക്കപ്പ് ചെയ്ത മാവേലി
ഇടിവെട്ടു പോലെ ചോദിച്ചു:
നിന്റെ ഒരു ചിറക്‌ എവിടെ?

ഉത്തരം പറയാതെ ഞാന്‍
ഒറ്റച്ചിറകിന്റെ ഓരത്തെ
രണ്ടു തുള്ളി പേര്‍ഷ്യന്‍ഗള്‍ഫിന്റെ
ഉപ്പ് ചേര്‍ത്ത്‌ സദ്യ വിളമ്പി,
മാവേലിയ്ക്കും...

***
--

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ