പരിഭാഷ:വി രവികുമാർ
ചില പുസ്തകങ്ങളുണ്ട്, ഇരുപതു കൊല്ലമായി വായിക്കാതെ നിങ്ങളോടൊപ്പമുള്ളവ; എപ്പോഴും കൈയകലത്തു തന്നെ നിങ്ങൾ വയ്ക്കുന്നവ; നഗരത്തിൽ നിന്നു നഗരത്തിലേക്ക്, ഒരു രാജ്യത്തു നിന്നു മറ്റൊരു രാജ്യത്തേക്ക് നിങ്ങൾ യാത്ര ചെയ്യുമ്പോൾ ഇല്ലാത്ത സ്ഥലമുണ്ടാക്കി, ഭദ്രമായി നിങ്ങൾ കൊണ്ടുപോകുന്നവ; പെട്ടിയിൽ നിന്നെടുക്കുമ്പോൾ നിങ്ങൾ അതൊന്നു മറിച്ചുനോക്കിയെന്നുകൂടി വരാം; പക്ഷേ ഒരു വാക്യം പോലും പൂർണ്ണമായി വായിക്കാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കുന്നുമുണ്ട്. അങ്ങനെ ഇരുപതു കൊല്ലം കഴിയുമ്പോൾ പെട്ടെന്നൊരു മുഹൂർത്തമെത്തുകയാണ്: ഉന്നതങ്ങളിൽ നിന്നൊരു കല്പന കിട്ടിയപോലെ നിങ്ങൾ ആ പുസ്തകം തുടക്കം മുതൽ ഒടുക്കം വരെ ഒറ്റയിരുപ്പിനു വായിച്ചുതീർക്കുന്നു. അതൊരു വെളിപാടു കിട്ടിയ പോലെയാണ്. ഇപ്പോൾ നിങ്ങൾക്കു മനസ്സിലാവുന്നു, ഈ കോലാഹലമൊക്കെ എന്തിനു വേണ്ടിയായിരുന്നുവെന്ന്. അത്രയധികം കാലം അതു നിങ്ങളോടോപ്പം വേണ്ടിയിരുന്നു; അതു യാത്ര ചെയ്യേണ്ടിയിരുന്നു; അതു നിങ്ങളുടെ സ്ഥലം അപഹരിക്കേണ്ടിയിരുന്നു; അതു നിങ്ങൾക്കൊരു ഭാരമാകേണ്ടിയിരുന്നു; ഇന്നത് യാത്രാലക്ഷ്യമെത്തിയിരിക്കുകയാണ്; അതു നിങ്ങൾക്കു സ്വയം വെളിപ്പെടുത്തുകയാണ്; നിങ്ങളോടൊപ്പം ഉരിയാട്ടമില്ലാതെ കഴിഞ്ഞ പൊയ്പ്പോയ ഇരുപതു കൊല്ലങ്ങൾക്കു മേൽ അതു വെളിച്ചം വീശുകയാണ്. ഇത്രയും കാലം നിശ്ശബ്ദമായി അതു നിങ്ങളോടൊപ്പമുണ്ടായിരുന്നില്ലെങ്കിൽ ഇത്രയൊക്കെ പറയുവാൻ അതിനു കഴിയുമായിരുന്നില്ല; അതൊക്കെത്തന്നെയാണ് അതിലുണ്ടായിരുന്നതെന്ന് ഉറപ്പിച്ചു പറയാൻ ഏതു വിഡ്ഢിക്കു തന്റേടമുണ്ടാവും?