നാം വെറും ഓർഡർലി


സലോമി ജോൺ വൽസൻ

salomi john <salomijohn123@yahoo.com>

മേഘമലകളുടെ താഴ്വാരങ്ങളിലെവിടെയോ
അഗോചരമായ അനന്തതയിലൊളിച്ച്
അവൻ നമുക്കു നിലയറ്റ ദുരന്തങ്ങളും
സമാധാനമില്ലാത്ത 'സമാധാന'വും സൃഷ്ടിക്കുന്നു


ജീവിതമെന്ന ശിലാലിഖിതത്തിൽ
നാമറിഞ്ഞിട്ടും അറിയാതെ ചുമക്കുന്ന നിരാലംബതയിൽ
മൃതിയോടിടയുവാൻ സുഖസമസ്യകളെ പുണർന്ന്
ജീവിതാവേശങ്ങളുടെ 'മൗസുകൾ' മുറുകെപ്പിടിച്ച്
ദിനരാത്രങ്ങൾ സെയ് വ്   ചെയ്തും ഡിലീറ്റ് ചെയ്തും
പരക്കം പാച്ചിലുകളുടെ താളങ്ങളിലമരുന്നു


ജീവിതക്കുരിശിൽ തറയ്ക്കപ്പെടുന്ന
നമ്മുടെ ശരീരമാനസ വിലാപങ്ങൾ
ഏതോ പാറയിടുക്കുകളിൽ തട്ടിപ്പിടഞ്ഞ്
ആകാശത്തും ഭൂമിയിലും ഇടിമുഴക്കമുതിർക്കുന്നു
നമ്മുടെ ശരീരം വാർന്നുപോയ
ശരീരമെന്ന തടവറയുടെ
ഉള്ളറകളിലുറങ്ങുന്ന അണിയം നഷ്ടപ്പെട്ട
സ്വത്വം നാം എവിടെയും കണ്ടുമുട്ടുന്നില്ല
വേട്ടയാടപ്പെടലിന്റെ ചടുലതയിൽ, നമ്മുടെ
ശരീരം ശവപ്പറമ്പിലെ
എല്ലിന് കൂടുകൾ പൊലെ കത്തിതെറിക്കുന്നു
നാം അവന്റെ ഓർഡർലി
അവന്റെ മാത്രം ഓർഡർലി


അവൻ ചുഴറ്റുന്ന ചാട്ടവാറിൽ മുറിവേറ്റ
ദേഹിയും ദേഹവും
അവന്റെ ഒടുക്കമില്ലാത്ത ദണ്ഡനമുറകളുടെ
മുറിഞ്ഞൊഴുകുന്ന മുറിവിൽ
പിടഞ്ഞുതകർന്നു ചോരവാർന്നു
തളർന്നു വീഴുന്ന കീടജന്മങ്ങൾ
നാം അവന്റെ ഓർഡർലി
ധാർഷ്ട്യം നിറഞ്ഞ അവന്റെ
കൽപ്പനകൾ ഏറ്റുവാങ്ങി
പിടഞ്ഞ് പിടഞ്ഞ്
ജീവിതമാകുന്ന കൽരഥം

ഉരുട്ടി തളർന്നു തകർന്നു വീഴുന്നവർ
നാം അവന്റെ ഓർഡർലി
സ്വത്വചൈതന്യങ്ങൾ തൻ ചങ്ങലപ്പൂട്ടുകൾ
ജീവിതത്തുറുങ്കിൽ നഷ്ടപ്പെടുന്നവർ
ചരമാനന്തര ക്രിയകൾക്കായി
ചിരകാലങ്ങളായി ഒഴുകി നീന്തിത്തളർന്ന
വെറും വെറും മുഖമില്ലാത്ത ഓർഡർലി
അവന്റെ മാത്രം അവന്റെ മാത്രം ഓർഡർലി


മേഘക്കാടുകളിൽ മറഞ്ഞൊതുങ്ങി
നമ്മെ വിധിച്ച് വിഡ്ഢിയാക്കാൻ
അവൻ കല്പാന്തങ്ങളായ് കാത്തിരിക്കുന്നു
ചുണ്ടിൽ പൊട്ടിവിരിയുന്ന പരിഹാസത്തോടെ
പിൻ കാല ചക്രങ്ങളുടെ ആരക്കാലുകളുടെ
കണക്കെടുപ്പെന്ന കനലാടുന്ന പകയോടെ
അവൻ നമുക്കു കല്പിക്കുന്നു
'കോർട്ടു മാർഷൽ' എന്ന
ചരമവൃത്തത്തിന്റെ പൂരകം!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ