മരിക്കാത്തവർ

പ്രേം കൃഷ്ണ

മരങ്ങൾക്ക് ആത്മാവുണ്ടെന്നോ
കിളികൾക്ക് കിനാവുകളുണ്ടെന്നോ
അറിയാത്ത
മറവികൾ മാത്രമുള്ള
കുറെ കൊടും വെട്ടുകാർ
ഇന്നലെ ഇരുളിൻ മറവിൽ
ആ മരങ്ങളുമറുത്തു .

അവർ വഴിവിളക്കുകളുടെ
വരികളുടച്ചിരുന്നു .
കണ്ണുകളടച്ച കാവൽക്കരെയെല്ലാം
പൊയ്ക്കാലുകളാക്കി.
ആർത്തിയുള്ളവർ ചിലർ
പിടയുന്ന ചിറകുകളെ
സഞ്ചികളിൽ കുത്തി നിറച്ചു മറഞ്ഞു

പക്ഷെ മരിച്ച  കിളികളൊന്നും
വെറും തൂവലുകളായിരുന്നില്ല ,
അവർ നിറവിന്റെ കവികളായിരുന്നു .-

അവയുടെ
തുറിച്ച കണ്ണുകളിൽ
കണ്ണീരുണങ്ങാത്ത
ദേശങ്ങളുടെ കഥകൾ ......

ചിതറിയ ചിറകുകളിൽ
മുറിഞ്ഞ സ്വപ്നങ്ങളുടെ
വെള്ളക്കീറുകൾ ...

ഉടഞ്ഞ മുട്ടകളിൽ
ജീവന്റെ വറ്റിയ കടൽ ...

അതെ
ആ  മരിച്ച കിളികളും

അവരെ വരിച്ച മരങ്ങളും
കവികളായിരുന്നു ,
അവരാണ്
നമ്മോടാദ്യമായി 
വസന്തങ്ങളെ കുറിച്ച്  മൊഴിഞ്ഞത്...

നിഴൽവരകൾ
ഞാനെന്ന ഒറ്റവര
ഇടയ്ക്കിടെ ഹ്രസ്വവും ദീർഘവുമായി
പല പ്രതലങ്ങളിലും രേഖപ്പെടുത്തി
ഒപ്പം നീങ്ങാറുണ്ട് .

ഈ നിഴലുകളെല്ലാം
എവിടെ പതിയിരിക്കുന്നു
എങ്ങോട്ടു മടങ്ങുന്നു
എന്നറിയാത്തൊരു
കണ്ണാവാറുണ്ട് മനുഷ്യർ .
ഇന്നലെ പോസ്റ്റ്‌മാർട്ടം
 ചെയ്യപ്പെട്ടവന്റെ മരണകാരണം
അവന്റെ നിഴലിനറിയാമായിരുന്നു .
അത് പക വീട്ടിയത്
മറഞ്ഞിരുന്ന കൊലപാതകിയുടെ
നിഴലായി പതിഞ്ഞ്
പിടി കൂടാനെത്തിയവർക്കു മുന്നിൽ
സ്വയം തെളിഞ്ഞു കൊണ്ടായിരുന്നു .
എല്ലാ നിഴലുകളും
ഇടയ്ക്കിടെ പുറന്തള്ളുകയും
വലിച്ചെടുക്കുകയും ചെയ്യുന്ന
ഭൂമിയുടെ ശരീരം
സർവ്വസാക്ഷികളായ
നിഴലുകളുടതുമാണ് .
അതിനാൽ എല്ലാ നിഴലുകൾക്കും
മണ്ണിന്റെ മണമാണ് .

വ്യാഖ്യാനിക്കപ്പെടാത്തവൾ
ശ്രദ്ധിക്കാറുണ്ട്  പലപ്പോഴും
ഒത്തിരി ബഹളം വച്ചും ,
ഏറെ മൂകയായിരുന്നും
വിസ്മയിപ്പിക്കുന്ന അവളെ .
തിരകളാർക്കുന്ന ഹൃദയമായതിനാലാകാം
കടലിനെ നോക്കി വിസ്മയിക്കാത്തത് .
മാനം നോക്കാത്തവളായതിനാൽ
ആകാശവും അമ്പരപ്പിക്കാറില്ല .
വിശപ്പ്‌ കത്തിയാളും
ചില രാത്രികളിൽ
നഗരത്തിലെ അഴുക്കുചാലിൽ
ഒഴുകി പരന്ന ചന്ദ്രനെ നോക്കി
പൊട്ടിച്ചിരിക്കാറുണ്ട് .
ഇന്നലെയവൾ പൊളിഞ്ഞു തുടങ്ങിയൊരു
ചുവരിൽ അലസ്സമായി ഇങ്ങനെ കുറിച്ചു -
" ഞാൻ എല്ലായിടത്തും ജലാംശം കണ്ടവളെന്ന് "

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ