കർഷകശ്രീ സാരഥിയായ രാജ്യത്തെ ആദ്യ കേരോത്പാദക കമ്പനിവിജയൻ കെ.എം
ഫീൽഡ്‌ ഓഫീസർ, നാളികേര വികസന ബോർഡ്‌, കൊച്ചി

കണ്ണൂർ, കാസർകോട്‌ ജില്ലകളിലെ മലയോര കേരകർഷകരുടെ ഒരു സ്വപ്ന സാക്ഷാത്കാരമാണ്‌ തേജസ്വിനി നാളികേര കർഷക ഉത്പാദക കമ്പനി. ഈ രണ്ട്‌ ജില്ലകളിലേയും മലയോര മേഖലയുടെ ഏതാണ്ട്‌ മധ്യഭാഗത്ത്‌ സ്ഥിതി ചെയ്യുന്നതും, തേജസ്വിനി പുഴയുടെ തഴുകളും, സുഗന്ധവിളകളുടെ പരിമളവും പേറുന്നതുമായ ചെറുപുഴയിലാണ്‌ കമ്പനിയുടെ ആസ്ഥാനം.  കേരകർഷകരുടെ ഉന്നമനത്തിനുവേണ്ടി നാളികേര വികസന ബോർഡ്‌ ആവിഷ്കരിച്ച്‌ നടപ്പിലാക്കി വരുന്ന നാളികേര ഉത്പാദക സംഘങ്ങളുടെയും അവയുടെ ഫെഡറേഷനുകളുടേയും ഉത്പാദക കമ്പനികളുടെയും രൂപീകരണം എന്ന യാഥാർത്ഥ്യത്തിലേയ്ക്കാണ്‌ ഭാരതത്തിലാദ്യമായി, കണ്ണൂരിൽ നാളികേര കർഷകരുടേതായി 'തേജസ്വിനി നാളികേര ഉത്പാദക കമ്പനി ലിമിറ്റഡ്‌' പിറവി എടുത്തത്‌. വളരെ ഊർജ്ജ്വസ്വലരായ കേരകർഷകരുടെ കഠിനാധ്വാനവും ലക്ഷ്യം നേടുന്നതിനുള്ള സ്ഥിരോത്സാഹവുമാണ്‌ ഈ കമ്പനിയുടെ പിറവിയ്ക്കു പിന്നിൽ.

2013 ഏപ്രിൽ മാസം ചേർന്ന ഈ പ്രദേശങ്ങളിൽ രൂപീകൃതമായ ഫെഡറേഷനുകളുടെ സംയുക്ത യോഗത്തിലാണ്‌ കമ്പനി രൂപീകരിക്കുവാൻ തീരുമാനമുണ്ടായത്‌. 2013 മേയ്‌ മാസം കമ്പനി രജിസ്ട്രേഷനുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക്‌ തുടക്കമിടുകയും 2013 ജൂൺ മാസം 3-​‍ാം തീയതി കമ്പനിക്ക്‌ രജിസ്ട്രേഷൻ ലഭിക്കുകയും ചെയ്തു. 2013 ജൂൺ മാസം 15-​‍ാം തീയതി ഗ്രാമവികസന, സാംസ്ക്കാരിക വകുപ്പു മന്ത്രി ശ്രീ. കെ.സി. ജോസഫ്‌ കമ്പനിയുടെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ പയ്യന്നൂർ എംഎൽഎ ശ്രീ. സി. കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കുകയും നാളികേര വികസന ബോർഡ്‌ ചെയർമാൻ ശ്രീ. ടി.കെ. ജോസ്‌ ഐഎഎസ്‌ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.

കമ്പനിക്ക്‌ തെരഞ്ഞെടുക്കപ്പെട്ട 15 ഡയറക്ടർ ബോർഡ്‌ അംഗങ്ങളാണുള്ളത്‌. 2010ലെ മലയാള മനോരമയുടെ കർഷകശ്രീ അവാർഡ്‌ ജേതാവ്‌ ശ്രീ. സണ്ണി ജോർജ്ജ്‌ ഇളംതുരുത്തിയാണ്‌ കമ്പനിയുടെ ചെയർമാൻ. ആയിരം രൂപ മുഖവിലയുള്ള വ്യക്തിഗത ഷെയറുകളും 1 തെങ്ങിന്‌ 100 രൂപ എന്ന നിരക്കിലുള്ള സംഘടനാതല (സിപിഎസ്‌) ഷെയറുകളും ആണ്‌ കമ്പനി സ്വരൂപിക്കുന്നത്‌. ഒരു വ്യക്തി കുറഞ്ഞത്‌ 25 ഷെയറുകളും ഒരു സിപിഎസ്‌ 50,000 രൂപയിൽ കുറയാതെയുള്ള ഷെയറും എടുത്തിരിക്കണം. കഴിഞ്ഞ രണ്ട്‌ മാസത്തെ പ്രവർത്തനങ്ങളുടെ മികവിൽ 250ൽ അധികം ഷെയറുകൾ (25000 രൂപ മുഖവിലയുള്ളത്‌) കമ്പനി സ്വരൂപിച്ചു കഴിഞ്ഞു എന്നത്‌ കമ്പനി ഡയറക്ടേഴ്സിന്റെ പ്രവർത്തന മികവിന്‌ മിഴിവേകുന്നു.

കമ്പനിയിൽ അംഗങ്ങളായ കേരകർഷകരുടെ നാളികേരം സ്വരൂപിച്ച്‌ മൂല്യ വർദ്ധനവ്‌ നടത്തി സ്വദേശത്തും വിദേശത്തും വിപണനം നടത്തുന്നതിനുള്ള കേന്ദ്രം തുടങ്ങുന്നതിന്‌ കണ്ണൂർ ജില്ലയിലെ പെരിങ്ങോം എന്ന സ്ഥലത്ത്‌ എട്ട്‌ ഏക്കർ സ്ഥലം കണ്ടെത്തുകയും, എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും അവിടെ ഒരുക്കുവാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. ആധുനിക കൊപ്ര ഡ്രയറും കയർ ഡീഫൈബറിങ്ങ്‌ യൂണിറ്റും അവിടെ ഉടൻ പ്രവർത്തനം ആരംഭിക്കും. ഇതോടൊപ്പം ഒരു ജൈവ വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റും തുടങ്ങുവാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ജൈവ വെളിച്ചെണ്ണയ്ക്കൊപ്പം സോപ്പ്‌, ഔഷധക്കൂട്ട്‌ ചേർത്ത ഹെയർ ഓയിൽ  തുടങ്ങിയവും ഉത്പാദിപ്പിച്ച്‌ വിപണനം നടത്തുവാൻ ലക്ഷ്യം ഇട്ടിരിക്കുന്നു. ചകിരി, ചകിരിച്ചോർ, ചിരട്ട, തേങ്ങാവെള്ളം, കാമ്പ്‌ എന്നിവയിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണവും അവയുടെ വിപണനവും അടുത്തഘട്ടത്തിൽ ഏറ്റെടുക്കും. ഇപ്പോൾ തന്നെ കമ്പനിയിൽ അംഗങ്ങളായ പല കർഷകരും ജൈവ സർട്ടിഫിക്കേഷൻ ലഭിച്ചവരാണ്‌. ഓർഗാനിക്‌ പ്രോഡക്ടിന്‌ വലിയ വിപണി ഉള്ളതിനാൽ എല്ലാ കർഷകരെയും ഓർഗാനിക്‌ സർട്ടിഫിക്കേഷൻ നേടാൻ പ്രാപ്തരാക്കി ജൈവ ഉൽപന്നങ്ങൾ വൻതോതിൽ നിർമ്മിച്ച്‌ വിപണനം ചെയ്യുവാനാണ്‌ കമ്പനി ഉദ്ദേശിക്കുന്നത്‌.

പ്രവർത്തനങ്ങളുടെ പ്രാരംഭമായി കമ്പനിയുടെ അംഗങ്ങളായ ഫെഡറേഷനുകളുടെ പ്രവർത്തന പരിധിയിൽ 25 ശതമാനമെങ്കിലും ഇളനീർ ഉത്പ്പാദനത്തിനു യോജിച്ച തെങ്ങുകൾ കൃഷി ചെയ്യുന്നതിനായി മലയൻ കുറിയ ഇനത്തിൽപ്പെട്ട തൈകൾ ഉത്പാദിപ്പിച്ച്‌  വിതരണം ചെയ്യുന്നതിനുള്ള നഴ്സറി സ്ഥാപിച്ചു കഴിഞ്ഞു. തോട്ടങ്ങളിൽ നിന്ന്‌ ഒരുമിച്ച്‌ തേങ്ങയും കരിക്കും വിളവെടുക്കുന്നതിനും അവ സംഭരിച്ച്‌ കമ്പനിയിൽ എത്തിക്കുന്നതിനും വേണ്ടിയുള്ള തെങ്ങിന്റെ ചങ്ങാതിമാരുടെ പരിശീലനവും ആരംഭിച്ചുകഴിഞ്ഞു. രണ്ട്‌ ബാച്ചുകളിലായി 51 ചങ്ങാതിമാർക്ക്‌ പരിശീലനം നൽകുകയും, മറ്റ്‌ പരിശീലന കേന്ദ്രങ്ങളിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ ചങ്ങാതിമാരെ തദ്ദേശിയമായി സംഘടിപ്പിക്കുകയും ചെയ്തിരിക്കുന്നു.  ജൈവവളങ്ങളും കീടനാശിനികളും ഇടവിളകളുടെ നടീൽ വസ്തുക്കളും ഉത്പാദിപ്പിച്ചും സംഭരിച്ചും വിപണനം നടത്തുന്നതിനുള്ള ലൈസൻസ്‌ നേടുന്നതിനുള്ള കമ്പനിയുടെ ശ്രമങ്ങൾ അവസാനഘട്ടത്തിലാണ്‌. 

കേരകർഷകരുടെ ചിരകാലസ്വപ്നമായിരുന്ന നീര ഉത്പാദനത്തിന്‌ കേരള സർക്കാർ അനുമതി നൽകിയിരിക്കുന്ന സാഹചര്യത്തിൽ നീര ടെക്നീഷ്യൻമാരെ ട്രെയിനിംഗ്‌ നൽകി രംഗത്തെത്തിക്കുന്നതിനും അതിനോടൊപ്പം തന്നെ നിലവിലുള്ള ചെത്തുതൊഴിലാളികളെ ഈ രംഗത്ത്‌ സന്നദ്ധരാക്കുന്നതിനുമുള്ള പ്രവർത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു. കമ്പനിയിൽ അംഗങ്ങളായ ഓരോ ഫെഡറേഷന്റെ കീഴിലും നീര ടെക്നീഷ്യൻമാരാകാൻ താൽപര്യമുള്ള നൂറ്‌ യുവാക്കളെയെങ്കിലും കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.

കേരകർഷകർ ഇന്ന്‌ നേരിടുന്ന ഭീമമായ ഉത്പാദനച്ചെലവ്‌, ഉത്പാദനക്ഷമതയിലെ കുറവ്‌, ഉൽപ്പന്നത്തിന്‌ വിലയില്ലായ്മ എന്നീ ദുരവസ്ഥയിൽ നിന്നും കണ്ണൂർ, കാസർകോഡ്‌ മലയോര കേരകർഷകരുടെ ഭാവി സുരക്ഷിതമാക്കുവാൻ തേജസ്വിനി നാളികേര ഉത്പാദക കമ്പനിക്ക്‌ സാധിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ