23 Oct 2013

തേജസ്വിനി നാളികേരോത്പാദക കമ്പനിയുടെ തേരോട്ടം സണ്ണിജോർജ്ജ്‌ ഇളംതുരുത്തിൽ


സണ്ണിജോർജ്ജ്‌ ഇളംതുരുത്തിൽ
ചെയർമാൻ, തേജസ്വിനി നാളികേരോത്പാദക കമ്പനി ലിമിറ്റഡ്‌, ചെറുപുഴ

കേരളത്തിലെ ആദ്യത്തെ നാളികേരോത്പാദക കമ്പനിയായ ചെറുപുഴ തേജസ്വിനി നാളികേരോത്പാദക കമ്പനി ആരംഭിക്കുന്ന നാളികേര സംസ്ക്കരണ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ധൃതഗതിയിൽ പുരോഗമിക്കുന്നു.  കണ്ണൂർ ജില്ലയിലെ പെരിങ്ങോംവയക്കര പഞ്ചായത്തിലെ സേൻട്രൽ റെയിൽവേ പ്രോട്ടക്ഷൻ ഫോഴ്സ്‌ കേന്ദ്രത്തിന്‌ സമീപം കമ്പനി പുതുതായി കണ്ടെത്തിയ സ്ഥലത്ത്‌ നിർമ്മാണ പ്രവർത്തനങ്ങൾക്ക്​‍്‌, തുടക്കം കുറിച്ചു. ഭൂമി നിരപ്പാക്കലും സംരക്ഷണ ഭിത്തി കെട്ടലും പൂർത്തിയായി വരുന്നു. 

കമ്പനിയിൽ കണ്ണൂർ, കാസർഗോഡ്‌ ജില്ലകളുടെ മലയോരമേഖലയിൽ നിന്നുള്ള നാളികേരോത്പാദക സംഘങ്ങളും ഫെഡറേഷനുകളും അംഗങ്ങളാണ്‌. ആലുവ ഓർഗാനിക്‌ ഫാർമേഴ്സ്‌ പ്രോഡ്യൂസർ കമ്പനിയുടേയും ഇൻഡോസര്ർട്ടിന്റേയും ഡയറക്ടറായ ഇരിട്ടി സ്വദേശി ശ്രീ. ജോയിക്കുട്ടി വിൻസെന്റ്‌, പുളിങ്ങോം സിപിഎസ്‌ പ്രസിഡന്റ്‌ ശ്രീ. ജോബിൻ മാത്യു എന്നിവർ കമ്പനിയുടെ വൈസ്‌ ചെയർമാൻമാരാണ്‌. റിട്ട. അസിസ്റ്റന്റ്‌ എക്സൈസ്‌ കമ്മീഷണറും ആലക്കോട്‌ ഫെഡറേഷൻ പ്രസിഡന്റുമായ ശ്രീ. സി. യു. തോമസ്‌ ചെറുകാവിൽ മാനേജിംഗ്‌ ഡയറക്ടറും, ചെറുപുഴ ഫെഡറേഷൻ സെക്രട്ടറി ശ്രീ.  മാനുവൽ മാത്യു, ജോയിന്റ്‌ മാനേജിംഗ്‌ ഡയറക്ടറുമാണ്‌. ഭീമനടി മയൂരി ഫെഡറേഷൻ പ്രസിഡന്റ്‌  ശ്രീ. വിൻസന്റ്‌ തലാപ്പള്ളിയിൽ, റിട്ടയേർഡ്‌ കൃഷി അസിസ്റ്റന്റ്‌ ഡയറക്ടർ ശ്രീ. കെ. എ. സെബാസ്റ്റ്യൻ, ശ്രീ. ബേബി ജേക്കബ്ബ്‌ മനയത്തുമാരിയിൽ, അദ്ധ്യാപകനും ജില്ലാ റിസോഴ്സ്‌  ഗ്രൂപ്പ്‌ അംഗവും പരിശീലകനുമായ ശ്രീ. പി.എം. സെബാസ്റ്റ്യൻ കണ്ടത്തിൽ, ശ്രീ. ജോസ്‌ അഗസ്റ്റ്യൻ ഉറുമ്പ്കാട്ട്‌, ശ്രീ. ഷെൽജി സെബാസ്റ്റ്യൻ പൊടിമറ്റത്തിൽ, ശ്രീ. ഷാജി ഗണപതിപ്ലാക്കൽ, ഉദയഗിരി ഫെഡറേഷൻ പ്രസിഡന്റ്‌ ശ്രീ. ജോസ്‌ പറയങ്കുഴി, ശ്രീ. കെ. എസ്‌. സെബാസ്റ്റ്യൻ കണ്ടത്തിൽ, ശ്രീ. ബിജോയ്‌ അഗസ്റ്റിൻ എന്നിവർ ഡയറക്ടർ ബോർഡ്‌ അംഗങ്ങളാണ്‌.

2013 ജൂൺ മൂന്നിന്‌ രജിസ്റ്റർ ചെയ്ത്‌ പ്രവർത്തനം തുടങ്ങിയ കമ്പനി ചിട്ടയായ പ്രവർത്തനങ്ങളാണ്‌ കാഴ്ചവെയ്ക്കുന്നത്‌.  സമാനമായ മുൻമാതൃകയില്ലാത്തതിനാൽ തേജസ്വനി നാളികേരോത്പാദക കമ്പനി സ്വയം പന്ഥാവ്‌ വെട്ടിത്തുറന്നാണ്‌ മുന്നേറുന്നത്‌. കർഷകരും കർഷക പാരമ്പര്യത്തിൽ ഉറച്ച്‌ നിൽക്കുന്നവരുമാണ്‌ കമ്പനിയുടെ സാരഥികൾ എന്നത്‌ പ്രവർത്തനങ്ങൾക്ക്‌ കരുത്താകുന്നു. കമ്പനിയുടെ ഓഹരി മൂലധന സമാഹരണ പ്രവർത്തനങ്ങൾ ഊർജ്ജിതമായി മുന്നേറുന്നു. ചെറുപുഴ - പയ്യന്നൂർ റോഡിന്‌ സമീപം പെരിങ്ങോം പൊതുമരാമത്ത്‌ റസ്തൗസിന്‌ എതിർ വശത്ത്‌ സൗകര്യപ്രദമായ എട്ടരയേക്കർ സ്ഥലം കമ്പനിക്കായി കണ്ടെത്താൻ കഴിഞ്ഞതും ഞങ്ങളുടെ ആത്മവിശ്വാസം ഉയർത്തിയിരിക്കുന്നു.

ആദ്യഘട്ടത്തിൽ എട്ട്‌ കോടി രൂപയുടെ പ്രവർത്തനങ്ങളാണ്‌ നടത്തുവാൻ ഉദ്ദേശിക്കുന്നത്‌. 25000 തേങ്ങ ദിനംപ്രതി കൊപ്രയാക്കാൻ പറ്റുന്ന ആധുനിക കൊപ്രഡ്രയർ, നാളികേര ചിപ്സ്‌, ബിസ്ക്കറ്റ്‌, തേങ്ങവെള്ളത്തിൽ നിന്നും സോഡ, വിനാഗിരി, ബയോഗ്യാസ്‌, ചകിരിനാര്‌, ചകിരിച്ചോറിൽ നിന്നും ജൈവവളം,  ആയുർവ്വേദ വിധിപ്രകാരം തയ്യാർ ചെയ്യുന്ന കേശതൈലം എന്നിവയുടെ ഉത്പാദനവും വിപണനവും കമ്പനി ഒന്നാംഘട്ടത്തിൽ ലക്ഷ്യമിടുന്നു.

ഈ പ്രദേശത്ത്‌ അതീവ ഗുരുതരമായി ബാധിച്ചിരുന്ന തെങ്ങിന്റെ കൂമ്പ്‌ ചീയൽ രോഗത്തിനെതിരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളേയും കൃഷി വകുപ്പിനേയും സഹകരിപ്പിച്ചുകൊണ്ട്‌ സംരക്ഷണ/ പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുവാൻ കഴിഞ്ഞത്‌ പ്രദേശത്തെ കർഷകരുടെ ഇടയിൽ കമ്പനിയുടെ മതിപ്പ്‌ ഉയർത്തിയെന്നുള്ളതിന്‌ പ്രകടോദാഹരണമാണ്‌. കമ്പനിയുടെ കീഴിൽ ചെറുപുഴ പഞ്ചായത്തിലെ തിരുമേനി മുതുവത്ത്‌ പ്രവർത്തിക്കുന്ന തേജസ്വിനി ചങ്ങാതിക്കൂട്ടം പരിശീലന കേന്ദ്രത്തിൽ പരിശീലനം പൂർത്തിയാക്കിയ ചങ്ങാതിമാരുടെ സ്ക്വാഡ്‌ ഉപയോഗിച്ച്‌ യഥാസമയം കൂമ്പ്‌ മുറിച്ചുമാറ്റുന്നതടക്കമുള്ള പ്രതിരോധമാർഗ്ഗങ്ങൾ സ്വീകരിക്കാൻ കമ്പനിക്കായി.

കമ്പനി പ്രവർത്തന സജ്ജമാകുന്നതോടുകൂടി കണ്ണൂർ, കാസർഗോഡ്‌ ജില്ലകളിൽ നാളികേര കൃഷിക്ക്‌ പുത്തനുണർവ്വ്വ് ഉണ്ടാകുമെന്ന കാര്യത്തിൽ തർക്കമില്ല. ഈ പ്രദേശത്തെ തെങ്ങുകളെ 1000 തെങ്ങുകളുള്ള യൂണിറ്റുകളായി തിരിച്ച്‌ ജൈവകൃഷിരീതിയിൽ തേങ്ങ ഉത്പാദനം, കർഷകരുടെ കൃഷിയിടത്തിൽ നേരിട്ടെത്തി തേങ്ങ ശേഖരിക്കൽ, മൂല്യവർദ്ധിത ഉൽപന്നങ്ങളാക്കി മാറ്റൽ എന്നിവ പ്രയോഗത്തിലാക്കുവാനുള്ള തയ്യാറെടുപ്പിലാണ്‌ കമ്പനി. കമ്പനിയിലൂടെ ഞങ്ങൾ നെയ്തെടുക്കുന്ന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ നാളികേര വികസന ബോർഡിന്റെ കൈത്താങ്ങും മാർഗ്ഗനിർദ്ദേശങ്ങളുമെപ്പോഴുമുണ്ടെന്നുള്ളത്‌ പ്രത്യാശ പകരുന്നു. കേരളത്തിൽ ഏറ്റവുമധികം ഓർഗാനിക്‌ സർട്ടിഫിക്കേഷൻ നേടിയിട്ടുള്ള തെങ്ങുകൃഷിയുള്ള പ്രദേശങ്ങൾ കമ്പനിയുടെ സമീപ സ്ഥലങ്ങളായതിനാൽ ഓർഗാനിക്‌ ഉൽപന്നങ്ങളുടെ നിർമ്മിതിയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുവാനുള്ള ശ്രമങ്ങൾ കമ്പനിയുടെ ഭാഗത്തുനിന്ന്‌ ഉണ്ടാകും.


നീര ഉത്പാദനത്തിന്‌ അനുമതി നൽകിയ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം ഈ വിഷയത്തിൽ ശക്തമായി ഇടപെട്ട്‌ നീര ഉത്പാദനം സാദ്ധ്യമാക്കിയ നാളികേര വികസന ബോർഡിനും ചെയർമാനും കർഷകരുടെ അഭിനന്ദനങ്ങൾ അറിയിക്കുവാനും ഈ അവസരം ഉപയോഗിക്കുകയാണ്‌. നീര ഉത്പാദനത്തിൽ പ്രാഗത്ഭ്യം നേടിയിട്ടുള്ള ടെക്നീഷ്യന്മാർ ഈ പ്രദേശത്ത്‌ ലഭ്യമായതിനാൽ അനുമതി ലഭിക്കുന്ന മുറയ്ക്ക്‌ ഈ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ ഞങ്ങൾക്ക്‌ ബുദ്ധിമുട്ടുണ്ടാകുകയില്ല.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...