Skip to main content

ഒരു പാലക്കാടൻ പടയോട്ടം


ദീപ്തി നായർ
മാർക്കറ്റിംഗ്‌ ആഫീസർ, നാളികേര വികസന ബോർഡ്‌, കൊച്ചി-11

സ്വാഭാവിക പരിണാമത്തിലൂടെ ഉണ്ടായ ഒരു കർഷക ഉത്പാദക കമ്പനിയാണ്‌ "പാലക്കാട്‌ കോക്കനട്ട്‌ പ്രോഡ്യൂസേഴ്സ്‌ കമ്പനി" എന്ന പേരിൽ പാലക്കാട്‌ ജില്ലയിൽ സ്ഥാപിക്കപ്പെട്ട കേരകർഷകരുടെ കമ്പനി. കേരകർഷകർക്ക്‌ സ്ഥായിയായ മെച്ചപ്പെട്ട വില ഉറപ്പ്‌ വരുത്തുകയെന്ന ആത്യന്തിക ലക്ഷ്യമായിരുന്നു നാളികേരോത്പാദക സംഘങ്ങളുടെ രൂപീകരണത്തോടെ നാളികേര വികസന ബോർഡ്‌ ലക്ഷ്യമിട്ടത്‌. നാമമാത്ര കൃഷിയിടമുള്ളവരും, ചിതറിക്കിടക്കുന്ന തുണ്ടുഭൂമികളിൽ കൃഷി ചെയ്യുന്നവരുമായ 40 മുതൽ 100 വരെ കേരകർഷകരെ പ്രാദേശികാടിസ്ഥാനത്തിൽ നാളികേരോത്പാദക സംഘങ്ങളുടെ രൂപീകരണത്തിലൂടെ ഏകോപിപ്പിക്കുമ്പോൾ ഉത്പാദനം, മൂല്യവർദ്ധന, വിപണനം എന്നീ മേഖലകളിൽ ഒരുമിച്ച്‌ പ്രവർത്തിക്കുവാനുള്ള കർഷകകൂട്ടായ്മകളാണ്‌ രൂപവത്ക്കരിക്കപ്പെടുന്നത്‌. 15-25 വരെ ഉത്പാദക സംഘങ്ങളെ ഏകോപിപ്പിച്ച്‌ ഫെഡറേഷനുകളും 10 ഫെഡറേഷനുകൾ ചേർന്ന്‌ ഉത്പാദക കമ്പനിയും - ഇതായിരുന്നു നാളികേര വികസന ബോർഡിന്റെ കാഴ്ചപ്പാട്‌.

പാലക്കാട്‌ ജില്ലയിൽ 2011 ൽ നാളികേരോത്പാദക സംഘങ്ങളുടെ രൂപീകരണ ശ്രമങ്ങൾ പുരോഗമിക്കുന്ന സന്ദർഭത്തിൽ തന്നെയാണ്‌ നാളികേരത്തിന്റെ വിലത്തകർച്ചയുണ്ടായത്‌. വിവിധ പ്രദേശങ്ങളിൽ രൂപീകരണം പൂർത്തിയായ നാളികേരോത്പാദക സംഘങ്ങൾ ഒന്നായി വിലത്തകർച്ചയെ നേരിടാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തുതുടങ്ങി. നാളികേര ഉത്പാദക സംഘങ്ങളുടെ രൂപീകരണത്തിലും, സംഘാംഗങ്ങളുടെ നേതൃത്വപരിശീലന പരിപാടികളിലും നാളികേര വികസന  ബോർഡിനൊപ്പം നേതൃസ്ഥാനത്ത്‌ നിന്ന്‌ പ്രവർത്തിച്ച 'മൈത്രി' എന്ന സർക്കാരേതര സംഘടനയുടെ പൂർണ്ണപിന്തുണയും സഹായവും ഈ സംഘങ്ങൾക്ക്‌ അനുഗ്രഹമായി എന്ന്‌ മാത്രമല്ല പ്രവർത്തനങ്ങൾക്ക്‌ ഔപചാരികതയും പ്രോഫഷണൽ രീതിയും കൈവരുന്നതിൽ സഹായകവുമായി. 2012ൽ പെരുമാട്ടിയിലെ കുമ്പളത്തറയിൽ ആധുനിക ഡ്രയർ വാടകയ്ക്കെടുത്ത്‌ നല്ല ഗുണനിലവാരമുള്ള കൊപ്രയുണ്ടാക്കി നാഫെഡിന്‌ താങ്ങുവിലയ്ക്ക്‌ നൽകി ഈ ഉത്പാദക സംഘങ്ങൾ തങ്ങളുടെ കൂട്ടായ മൂല്യവർദ്ധിത, വിപണന പ്രവർത്തനങ്ങൾക്ക്‌ തറക്കല്ലിട്ടു. വിലയിൽ ലഭിച്ച മികവ്‌ തുടർന്നുള്ള കൂട്ടായ പ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കുന്നതിൽ പ്രചോദനം നൽകി എന്ന്‌ പറയാതെ വയ്യ.

പാലക്കാട്‌ നാളികേരോത്പാദക കമ്പനിയുടെ ലക്ഷ്യം കേരകർഷകർക്ക്‌ വർഷത്തിലുടനീളം മെച്ചപ്പെട്ട വില നേടിക്കൊടുക്കുക എന്നതാണ്‌. കാർഷികോൽപന്നങ്ങളുടെയെല്ലാം വില വർഷംതോറും വർദ്ധിക്കുന്ന പ്രവണത കാണിക്കുമ്പോൾ നാളികേരത്തിന്‌ മാത്രം 15-20 വർഷം മുൻപുള്ള വില നിലനിൽക്കുന്നതായിട്ടാണ്‌ കാണുന്നത്‌. ലോകം മുഴുവൻ ഒരൊറ്റ വിപണിയായി മാറിയപ്പോൾ ഉത്പാദനത്തിലും മൂല്യവർദ്ധനവിലും വിപണനത്തിലും കാലാനുസൃതമായ മാറ്റം വരുത്തിയെങ്കിൽ മാത്രമേ കേരകർഷകർക്ക്‌ നിലനിൽക്കാനാവൂ. പാലക്കാട്‌ ഉത്പാദക കമ്പനിയിലൂടെ കർഷകരെ ഏകോപിപ്പിച്ച്‌ ആസൂത്രിതമായി ഉത്പാദനവും വിപണനവും നടപ്പാക്കി സ്ഥിരമായ വില നേടിക്കൊടുക്കുവാൻ ഏറെ പരിപാടികൾ ഈ കമ്പനിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുവാൻ ആരംഭിച്ചുകഴിഞ്ഞു.

കമ്പനിയുടെ പ്രവർത്തനങ്ങൾക്ക്‌ ആവശ്യമായ മൂലധന സമാഹരണം ധൃതഗതിയിൽ പുരോഗമിക്കുന്നു. ഓരോ കർഷകനും തങ്ങളുടെ തെങ്ങിന്റെ എണ്ണത്തിന്റെ അനുപാതത്തിലാണ്‌ ഓഹരി എടുക്കുന്നത്‌. ഒരു തെങ്ങിന്‌ 100 രൂപ നിരക്കിലാണ്‌ കർഷകർ കമ്പനിയുടെ ഓഹരിക്കായി നൽകുന്നത്‌.  അതിൽ തുടക്കത്തിൽ കർഷകർ തെങ്ങോന്നിന്‌ 20 രൂപ വെച്ച്‌ മൂലധനത്തിലേക്ക്‌ നൽകുന്നു.  ബാക്കി തുകയായ 80 രൂപ കർഷകർ അടുത്ത 24 മാസത്തിനുള്ളിൽ ഉൽപന്നമായിട്ടോ പണമായിട്ടോ നൽകിയാൽ മതിയാകും. കമ്പനിയുടെ നേതൃത്വത്തിൽ ഇളനീർ, നാളികേരം തുടങ്ങിയവ കർഷകരിൽ നിന്നും സംഭരിച്ച്‌ കച്ചവടക്കാർക്കും കയറ്റുമതിക്കാർക്കും വിപണനം നടത്തുവാൻ ആരംഭിച്ചിട്ടുണ്ട്‌.  കർഷകന്റെ മൂലധന പങ്കാളിത്തത്തിന്റെ അനുപാതത്തിലായിരിക്കും അവരിൽ നിന്നും ഉൽപന്ന സമാഹരണം നടത്തുന്നത്‌.

കമ്പനിയുടെ ഡയറക്ടർ ബോർഡ്‌
അംഗങ്ങളായ വിവിധ ഫെഡറേഷനുകളിൽ നിന്നുള്ള പ്രതിനിധികളാണ്‌ കമ്പനിയുടെ ഡയറക്ടർമാർ. ഉത്പാദക സംഘങ്ങളുടെ രൂപീകരണത്തിലും നാളികേര സംഭരണത്തിലും സംസ്ക്കരണത്തിലും നേതൃസ്ഥാനത്ത്‌ പ്രവർത്തിച്ചവരും ബോർഡിന്റെ പരിശീലനപരിപാടികളിൽ പങ്കെടുത്ത്‌ പ്രാഗത്ഭ്യം സിദ്ധിച്ചവരുമാണ്‌ ഡയറക്ടർമാരായി തെരഞ്ഞെടുക്കപ്പെടുന്നത്‌. മറ്റ്‌ സോസൈറ്റികളിലോ കമ്മിറ്റികളിലോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലോ അംഗങ്ങളല്ലാത്തവരെയാണ്‌ കമ്പനിയുടെ സ്ഥാപക ഡയറക്ടർമാരായി തെരഞ്ഞെടുത്തിരിക്കുന്നത്‌. ഇതുമൂലം കമ്പനിയുടെ പ്രവർത്തനങ്ങൾക്ക്‌ ആവശ്യമായ സമയവും അദ്ധ്വാനവും നൽകുവാൻ ഡയറക്ടർമാർക്ക്‌ സാധിക്കുന്നു.

പട്ടിക 1ൽ പറയുന്ന ഫെഡറേഷനുകളാണ്‌ കമ്പനിയിൽ അംഗങ്ങളായിരിക്കുന്നത്‌. കമ്പനിയുടെ മൂലധനത്തിലേക്ക്‌ ഓഹരിവിഹിതം നൽകിയ കർഷക അംഗങ്ങളാണ്‌ ഈ ഫെഡറേഷനുകളിലുള്ളത്‌.
കമ്പനി നടപ്പിലാക്കിയ പ്രവർത്തനങ്ങൾ
1. നാളികേര സംഭരണം : കമ്പനിയുടെ നേതൃത്വത്തിൽ അംഗങ്ങളായ കർഷകരുടെ തോട്ടങ്ങളിൽ നിന്നും ചങ്ങാതിക്കൂട്ടത്തെ പ്രയോജനപ്പെടുത്തി വിളവെടുക്കുന്ന ഒരു പദ്ധതി നടപ്പിലാക്കുന്നു. വിളവെടുക്കുന്ന നാളികേരത്തിന്റെ കണക്കുകൾ കൃത്യമായി രേഖപ്പെടുത്തിയശേഷം അവ സംസ്ക്കരണത്തിനായി കൊണ്ടുവരുന്നു. കർഷകർക്ക്‌ നൽകേണ്ട വില അവരുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ നൽകുന്നു. ഇതിലൂടെ വിളവെടുപ്പ്‌, സംഭരണം, സംസ്ക്കരണം, വിപണനം എന്നീ ഉത്തരവാദിത്വങ്ങൾ കമ്പനി ഏറ്റെടുത്ത്‌ നടപ്പിലാക്കുന്നു. അംഗങ്ങളായ കർഷകർക്ക്‌ വളരെ ആശ്വാസകരമായി മാറിയിട്ടുണ്ട്‌ ഈ നാളികേര സംഭരണ പദ്ധതി. 

സംഭരിച്ച നാളികേരം മുതലമടയിലും കാഞ്ഞിരപ്പുഴയിലും സ്ഥാപിച്ചിരിക്കുന്ന ഡ്രയറുകളിലൂടെ ഉണക്കി ഗുണനിലവാരമുള്ള കൊപ്രയാക്കി മാറ്റുന്നു.  സൾഫറോ പുകയോ ഇല്ലാത്ത കൊപ്രയ്ക്ക്‌ മികച്ച വിലയും ഉറപ്പാക്കുവാൻ സാധിക്കുന്നു.  താങ്ങുവില സംഭരണ കാലയളവിൽ നാഫെഡിലൂടെ കൊപ്ര വിപണനം നടത്തുകയുണ്ടായി. 2012-13 സീസണിൽ 15 ലക്ഷം നാളികേരമാണ്‌ കർഷകരിൽ നിന്നും സംഭരിച്ച്‌ കൊപ്രയാക്കിയത്‌.  സ്ഥിരമായി നാളികേരമെടുക്കുന്ന ഒരു സമ്പ്രദായത്തിലേക്ക്‌ കമ്പനി നീങ്ങുന്നതുകൊണ്ട്‌ കൊപ്ര വാങ്ങുന്നതിനുള്ള സ്ഥിരസംവിധാനം സ്ഥാപിക്കുന്നതിനുള്ള പരിശ്രമങ്ങൾ നടന്നുവരുന്നു.

2. മുതലമടയിലെ ആധുനിക കൊപ്ര ഡ്രയർ : നാളികേര വികസന ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ 50 ലക്ഷം രൂപ മുതൽ മുടക്കി മുതലമട കേന്ദ്രീകരിച്ച്‌ ഒരു ആധുനിക കൊപ്രഡ്രയർ സ്ഥാപിക്കുകയുണ്ടായി. മുതലമട ഫെഡറേഷന്റെ കീഴിലുള്ള ഓരോ ഉത്പാദക സംഘവും കർഷക സംഭാവനയായി 40,000 രൂപ വീതം കൊപ്രഡ്രയർ സ്ഥാപിക്കുന്നതിലേക്കായി നൽകുകയുണ്ടായി. നാളികേര വികസന ബോർഡ്‌ 9 ലക്ഷം രൂപയുടെ സബ്സിഡി അനുവദിച്ചതോടൊപ്പം ധനലക്ഷ്മി ബാങ്ക്‌ മുഖാന്തിരം 20 ലക്ഷം രൂപയുടെ വായ്പയും ഈ സംരംഭത്തിന്‌ ഫെഡറേഷന്‌ ലഭിക്കുകയുണ്ടായി. 15000 നാളികേരം പ്രതിദിനം സംസ്ക്കരിക്കാവുന്ന ഈ ഡ്രയറിൽ ചിരട്ടയാണ്‌ ഇന്ധനമായി ഉപയോഗിക്കുന്നത്‌.

കൊപ്ര ഉത്പാദനം കൂടുതൽ കാര്യക്ഷമമാക്കുവാനും ഇന്ധനമായി ഉപയോഗിക്കുന്ന ചിരട്ടയുടെ അളവ്‌ പരമാവധി കുറക്കുന്നതിലേക്കുമായി ഡ്രയറിന്റെ ചേമ്പറുകൾക്ക്‌ മേൽക്കൂരയായി സോളാർ ഷീറ്റ്‌ ഉപയോഗിച്ചിരിക്കുന്നു.  ഇത്കൂടാതെ തേങ്ങവെള്ളം ബയോഗ്യാസ്‌ പ്ലാന്റിലേക്ക്‌ വിട്ട്‌ അതിലൂടെയുണ്ടാകുന്ന വാതകവും കൊപ്രയുണക്കുന്നതിനായി ഉപയോഗിക്കുന്നു. 

3. ഇളനീർ വിപണനം : പാലക്കാട്‌ നാളികേരോത്പാദക കമ്പനിയുടെ ആഭിമുഖ്യത്തിൽ ഏകദേശം 3000 ഇളനീർ പ്രതിവാരം കർഷകരിൽ നിന്ന്‌ സംഭരിക്കുന്നു. ശരാശരി 9.50 രൂപ നിരക്കിൽ സംഭരിക്കുന്ന ഈ ഇളനീർ കൊച്ചിയിലും തൃശൂരും കമ്പനിയിൽ അംഗങ്ങളായ ഫെഡറേഷനുകൾ സ്ഥാപിച്ചിട്ടുള്ള ഇളനീർ പന്തലുകളിലൂടെ വിപണനം നടത്തുന്നു. നാളികേരത്തിൽ നിന്നുള്ള മൂല്യവർദ്ധിതോൽപന്നങ്ങളായ പായ്ക്ക്‌ ചെയ്ത ഇളനീർ, നാളികേര ചിപ്സ്‌ തുടങ്ങിയ ഉൽപന്നങ്ങളും ഇളനീർ പന്തലുകളിലൂടെ വിപണനം ചെയ്യുന്നുണ്ട്‌.

4. പച്ചതേങ്ങയുടെ കയറ്റുമതി : കയറ്റുമതിക്കാരുമായി സഹകരിച്ച്‌ പാലക്കാട്‌ നാളികേരോത്പാദക കമ്പനിയുടെ ആഭിമുഖ്യത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഗൾഫ്‌ രാജ്യങ്ങളിലേക്ക്‌ പച്ചതേങ്ങ കയറ്റുമതി ചെയ്യുകയുണ്ടായി. ശരാശരി 600 ഗ്രാം തൂക്കമുള്ള നാളികേരം പൊതിച്ച്‌ തരംതിരിച്ച്‌, ഗ്രേഡ്‌ ചെയ്ത്‌, ബാഗുകളിലാക്കി കയറ്റുമതി ചെയ്തത്‌ കർഷകരിൽ വളരെയധികം ആത്മവിശ്വാസം പകർന്നു. ഈ പ്രവർത്തനത്തിലൂടെ വിലത്തകർച്ചയുടെ നാളുകളിൽപോലും ഒരു തേങ്ങയ്ക്ക്‌ 9 രൂപ കർഷകർക്ക്‌ നേടിക്കൊടുക്കുവാൻ കമ്പനിക്ക്‌ കഴിഞ്ഞു. കയറ്റുമതിക്ക്‌ അനുയോജ്യമല്ലാത്ത നാളികേരം തരംതിരിക്കലിനുശേഷം കൊപ്ര ഉത്പാദനത്തിനായി ഉപയോഗിക്കുന്നു. ഇത്തരത്തിൽ ഗ്രേഡനുസരിച്ച്‌ വിപണനം നടത്തുന്നതിനാൽ കർഷകർക്ക്‌ മാർക്കറ്റ്‌ വിലയിലും ഉയർന്ന വില ലഭ്യമാകുന്നു.

5. തെങ്ങിൻ തൈകളുടെ ഉത്പാദനം :  കമ്പനിയുടെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകളുടെ ഉത്പാദനം നടത്തിവരുന്നു. നിലവിൽ 40,000 വിത്തുതേങ്ങ 
പാകി 25000ൽപരം തെങ്ങിൻ തൈകൾ തയ്യാറാക്കിയത്‌ വിപണനം നടത്തിവരുന്നു.
6. പരിശീലനങ്ങൾ : കമ്പനിയുടെ ആഭിമുഖ്യത്തിൽ നേതൃത്വപാടവം, ഉത്പാദനം, മൂല്യവർദ്ധനവ്‌, സംസ്ക്കരണം, ഈ രംഗത്തേക്കുള്ള പദ്ധതി തയ്യാറാക്കൽ എന്നീ മേഖലകളിൽ പരിശീലനം നൽകി വരുന്നു. ഉത്പാദക കമ്പനിയുടെ നടത്തിപ്പിനെ മെച്ചപ്പെടുത്തുന്ന തരത്തിലുള്ള വിഷയങ്ങളിൽ വൈദഗ്ദ്ധ്യം കൈവരിക്കുക എന്നതാണ്‌ ഈ പരിശീലനത്തിന്റെ ഉദ്ദേശ്യം.

ഭാവി പദ്ധതികൾ : മുതലമട ആസ്ഥാനമായി വെളിച്ചെണ്ണയുത്പാദിപ്പിക്കുന്നതിനായി ഒരു എക്സ്പെല്ലർ സ്ഥാപിച്ച്‌ കമ്പനിയുടെ ബ്രാൻഡിൽ വെളിച്ചെണ്ണ, നീരയും നീരയിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപന്നങ്ങളും, പായ്ക്ക്‌ ചെയ്ത ഇളനീർ എന്നിവയുടെ ഉത്പാദനവും വിപണനവുമാണ്‌ കമ്പനി ഉടൻ ഏറ്റെടുക്കുവാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ. കർഷകർക്ക്‌ മെച്ചപ്പെട്ട വരുമാനം ലഭ്യമാക്കുന്നതിനായുള്ള പ്രയാണത്തിൽ സുദൃഢമായ കാൽവെയ്പ്പുകളോടെ, ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്‌ പാലക്കാട്‌ കേരകർഷകരുടെ കമ്പനി.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…