അഡ്വ. ദേശി മത്തായി
റിട്ട. സീനിയർ മാനേജർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
സഹകരണ
സംഘവും സ്വകാര്യ കമ്പനിയും തമ്മിലുള്ള ഒരു സങ്കരമാണ് ഉത്പാദക കമ്പനി
എന്നത്. സഹകരണ സ്ഥാപനത്തിന്റെ ഗുണവശങ്ങളും പ്രൈവറ്റ് ലിമിറ്റഡ്
കമ്പനിയുടെ കാര്യക്ഷമതയും ഇതിൽ ഒത്തുചേരുന്നു. ഉത്പാദക കമ്പനിയിലെ അംഗങ്ങൾ
അതിലെ ഓഹരിയുടമകളും അതേസമയം അതിന്റെ ആദ്യ ഗുണഭോക്താക്കളുമാണ്. ഡയറക്ടർ
ബോർഡ്, ചീഫ് എക്സിക്യുട്ടീവ് ആഫീസർ, മറ്റ് കാര്യകർത്താക്കൾ
എന്നിങ്ങനെയുള്ള കാര്യപ്രാപ്തിയുള്ള ഒരു സംഘമായിരിക്കും ഉത്പാദക കമ്പനിയുടെ
വ്യാപാര വ്യവഹാരങ്ങൾ നടത്തുന്നത്. താഴെപ്പറയുന്ന വിധത്തിൽ ഒരു ഉത്പാദക
കമ്പനി ആരംഭിക്കാവുന്നതാണ്.
1. പത്തോ അതിലധികമോ പ്രാഥമിക ഉത്പാദകരായ വ്യക്തികൾ ചേർന്ന്
2. രണ്ടോ അതിലധികമോ ഉത്പാദക സ്ഥാപനങ്ങൾ ചേർന്ന്
3. പത്തോ അതിൽ കൂടുതൽ ഉത്പാദക വ്യക്തികളും ഉത്പാദക സ്ഥാപനങ്ങളും ഒരുമിച്ച് ചേർന്ന്.
മേൽപ്പറഞ്ഞ
മാനദണ്ഡങ്ങളിൽ ഒന്നെങ്കിലും പാലിച്ചിട്ടുള്ളതും രജിസ്റ്റർ
ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുള്ളതുമായ ഒരു ഗണത്തിന്
ഒരു പ്രോഡ്യൂസർ കമ്പനിയായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഇങ്ങനെയുള്ള കമ്പനിയെ "പ്രോഡ്യൂസർ കമ്പനി ലിമിറ്റഡ്" എന്ന വാക്കുകൾ
ചേർന്നുള്ള പേര് പറയേണ്ടതാണ്. ഇതിലേ അംഗങ്ങളുടെ ബാദ്ധ്യത ഒരു
സാഹചര്യത്തിലും അവരുടെ ഓഹരിയിന്മേൽ കൊടുത്തുതീർക്കേണ്ടുന്ന പണം എത്രയാണോ
അതിൽ കവിയുന്നതല്ല.
ഉത്പാദക കമ്പനിയുടെ ഘടനയിൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായി ചില
വ്യത്യാസങ്ങൾ ഉണ്ടെങ്കിലും രജിസ്ട്രേഷൻ നടപടികൾ ഏറെക്കുറെ സമാനമാണ്. ഒരു
ചാർട്ടേഡ് അക്കൗണ്ടന്റ്‌അല്ലെങ്കിൽ കമ്പനി സെക്രട്ടറിയുടെ സേവനം
ഉണ്ടെങ്കിൽ സങ്കീർണ്ണമായ രജിസ്ട്രേഷൻ മാനദണ്ഡങ്ങൾ കമ്പനിയുടെ
പ്രമോട്ടർമാരുടെ ഉത്തരവാദിത്വത്തിൽ നിന്ന് നീങ്ങിക്കിട്ടുന്നതാണ്. ഇങ്ങനെ
ഒരു ചാർട്ടേഡ് അക്കൗണ്ടന്റ്/കമ്പനി സെക്രട്ടറിയെ നിയമിച്ചാൽ അയാൾക്ക്
രജിസ്ട്രേഷൻ കാര്യങ്ങൾ ചെയ്യുന്നതിന് ഒരു മുക്ത്യാർ കൊടുക്കണം. മുക്ത്യാർ
കമ്പനി ഡയറക്ടർമാരുടെ ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് (DSC) സഹിതം
രജിസ്ട്രാർ ഓഫ് കമ്പനീസിന് സമർപ്പിക്കേണ്ടതാണ്.
ഡയറക്ടർമാർക്ക് പാൻ കാർഡ് വേണം
കമ്പനിയുടെ
ഡയറക്ടർമാർ ആകേണ്ടവൻ ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ (ഡിൻ) നേടേണ്ടതാണ്.
ഡിന്നിന് അപേക്ഷിക്കുന്നതിന് പാൻകാർഡ് നിർബന്ധമാണ്. ആദായ നികുതി
വകുപ്പിന്റെ (ഇൻകം ടാക്സ് ഡിപ്പാർട്ട്‌മന്റ്) വെബ്സൈററിൽ നിന്നും പാൻ
കാർഡിന് അപേക്ഷിക്കുന്നതിനുള്ള ഫോറം ലഭിക്കും. പാൻകാർഡിന്
അപേക്ഷിക്കുമ്പോൾ മേൽവിലാസത്തിനുള്ള തെളിവിനായി വൈദ്യുതി/ടെലിഫോൺ ബില്ലും,
അപേക്ഷകന്റെ ഫോട്ടോപതിപ്പിച്ച തിരിച്ചറിയൽ രേഖകളായ വാഹന ഡ്രൈവിംഗ്
ലൈസൻസ്, വോട്ടേഴ്സ് ഐഡന്റിറ്റി കാർഡ്, പാസ്പോർട്ട് എന്നിവയിൽ
ഏതെങ്കിലും ഒന്നിന്റെ നോട്ടറി/ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ
പകർപ്പുകളും നൽകേണ്ടിവരും.
ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ (ഡിൻ)
ഡിൻ ഫോറം (ഫോറം
നമ്പർ ഡിൻ-1) പൂരിപ്പിച്ച് കമ്പനി ഡയറക്ടർമാർ ആകേണ്ടവർ കമ്പനി
മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള അപേക്ഷയിൽ ഓൺലൈനിലോ
നേരിട്ടോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം പാൻകാർഡിന്റെ
സ്കാൻചെയ്ത കോപ്പിയും ഓൺലൈനായി സമർപ്പിക്കണം. ഇതോടൊപ്പം തന്നെ മേൽവിലാസ
ത്തിന്റേയും ഫോട്ടോയുടേയും തെളിവിലേക്കായി രേഖകളുടെ അസ്സൽ പകർപ്പുകളും
ഓൺലൈനായി സമർപ്പിക്കണം. ഇതോടൊപ്പം തന്നെ രണ്ട് പാസ്പോർട്ട് സൈസ്
ഫോട്ടോയും സമർപ്പിക്കേണ്ടതാണ്. ഡിൻ അപേക്ഷ വിജയകരമായി ഓൺലൈൻ വഴി
സമർപ്പിച്ചാൽ കമ്പനി മന്ത്രാലയം ഡിൻ അപേക്ഷ നൽകിയിരിക്കുന്ന
മേൽവിലാസത്തിലും ഈ മെയിലിലും ആ വിവരം അറിയിക്കുന്നതാണ്.
അപേക്ഷ അംഗീകരിക്കപ്പെട്ടാൽ കമ്പനി ഡയറക്ടർമാരുടെ പട്ടിക
മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കും. അതിന്റെ പകർപ്പ് വെബ്സൈറ്റിൽ
നിന്നും എടുക്കാവുന്നതാണ്.
ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ്
രജിസ്ട്രാർ ഓഫ് കമ്പനീസിനോ, കമ്പനിക്കാര്യമന്ത്രാലയത്തിനോ രേഖകൾ
സമർപ്പിക്കുന്നതിന് കമ്പനിയുടെ ഔദ്യോഗിക രേഖകൾ ഡിജിറ്റലായി ഒപ്പുവെയ്ക്കാൻ
അനുവദിക്കപ്പെട്ടിട്ടുള്ള ഒരാൾ ഉണ്ടായിരിക്കണം. ഇദ്ദേഹം കമ്പനിയുടെ
ഡയറക്ടർ ആകുന്നതായാൽ ഉചിതമായിരിക്കും. ഇദ്ദേഹം സാമ്പത്തിക കാര്യങ്ങൾ
ഉൾപ്പെടെ കമ്പനികാര്യങ്ങളിൽ സജീവമായി ഇടപെടുന്നതും, എളുപ്പത്തിൽ
പ്രാപ്യനുമായ വ്യക്തിയാകുന്നതാണ് നല്ലത്. ഡിജിറ്റൽ സിഗ്നേറ്റർ
സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന ധാരാളം എജൻസികൾ രാജ്യത്തുണ്ട്. ഇവരുടെ
സേവനം രാജ്യത്ത് എവിടെയും ലഭ്യമാണ്. ഇതിനായുള്ള അപേക്ഷഫീസിൽ ഏജൻസികൾ
തമ്മിൽ നേരിയ വ്യത്യാസമൂണ്ടെങ്കിലും ഏകദേശം 1500 രൂപയോളം വരുമെന്നാണ്
മനസ്സിലാക്കുന്നത്. ഡിൻ ലഭിക്കുവാൻ വേണ്ടുന്ന രേഖകൾ ഒക്കെത്തന്നെ ഡിജിറ്റൽ
സിഗ്നേറ്റർ സർട്ടിഫിക്കറ്റിനും പര്യാപ്തമാണ്.
കമ്പനിയുടെ നാമകരണം
കമ്പനിയുടെ ഡയറക്ടർമാരും
അംഗങ്ങളും കൂടി സജീവമായി ചർച്ച നടത്തി ഉചിതമായ പേര് തെരഞ്ഞെടുക്കണം.
കമ്പനിയുടെ ഉദ്ദേശ്യലക്ഷ്യവും പ്രധാന പ്രവർത്തന മേഖലയുമെല്ലാം
പ്രതിഫലിപ്പിക്കുന്നതായ പേര് തെരഞ്ഞെടുക്കുന്നതാണ് ഉചിതം. ഇങ്ങനെ
തെരഞ്ഞെടുക്കുന്ന പേര് അവസാനിക്കുന്നത് "ഉത്പാദക കമ്പനി ലിമിറ്റഡ്"
എന്നായിരിക്കണം. ഏറ്റവും ഉചിതമായ നാല് പേരുകൾ തെരഞ്ഞെടുക്കാം. ഈ
പേരുകളിലോ ഇതിന് സമാനമായ പേരുകളിലോ ഇതുവരെ കമ്പനികൾ ഒന്നും രജിസ്റ്റർ
ചെയ്തിട്ടില്ലായെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ വെബ്സൈറ്റിൽ നിന്ന്
ഉറപ്പ് വരുത്തണം. തെരഞ്ഞെടുക്കുന്ന 4 പേരുകൾ മുൻഗണനാക്രമത്തിൽ (പേര്
തെരഞ്ഞെടുക്കുന്നതിനുള്ള കാരണവും കാണിച്ച് ) രജിസ്ട്രാർ ഓഫ് കമ്പനീസിന്
നൽകണം. ചാർട്ടേഡ് അക്കൗണ്ടന്റിന്റേയും കമ്പനി സെക്രട്ടറിയുടേയോ സേവനം
ഉപയോഗപ്പെടുത്തി, കമ്പനി പേരിനായുള്ള അപേക്ഷ ഓൺലൈനായി രജിസ്ട്രാർ ഓഫ്
കമ്പിനിസിന്റെ പോർട്ടൽവഴി (ഇ-ഫോറം 1 എ) സമർപ്പിക്കാവുന്നതാണ്. ഇതിനായി 500
രൂപ ഫീസ് കമ്പനികാര്യ മന്ത്രാലയം അധികാരപ്പെടുത്തിയിട്ടുള്ള പ്രാദേശിക
ബാങ്കുകളിൽ അടയ്ക്കേണ്ടതാണ്.
രജിസട്രാർ ഓഫ് കമ്പനീസ് പേര് അംഗീകരിച്ച് കഴിഞ്ഞാൽ 60 ദിവസത്തിനകം
കമ്പനിയുടെ നിയമാവലി(ആർട്ടിക്കിൾസ് ഓഫ് അസോസിയേഷനും മെമ്മോറാണ്ടം ഓഫ്
അസോസിയേഷനും) തയ്യാറാക്കി സമർപ്പിക്കേണ്ടതാണ്. ഇങ്ങനെ സാധിച്ചില്ലെങ്കിൽ
പേരിന് ലഭിച്ചിരിക്കുന്ന അംഗീകാരം നഷ്ടമാവുകയും പേരിനായി വീണ്ടും 500 രൂപ
ഫീസോടുകൂടി അപേക്ഷ സമർപ്പിക്കേണ്ടതായി വരും.
ആർട്ടിക്കിൾ ഓഫ് അസോസ്സിയേഷനും മെമ്മോറാണ്ടം ഓഫ് അസോസ്സിയേഷനും തയ്യാറാക്കൽ
കമ്പനിക്കായി
തയ്യാറാക്കുന്ന മെമ്മോറാണ്ടം ഓഫ് അസ്സോസിയേഷൻ കമ്പനിയുടെ വിശാല
ലക്ഷ്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുമ്പോൾ ആർട്ടിക്കിൾ ഓഫ് അസോസ്സിയേഷൻ ഈ
ലക്ഷ്യങ്ങൾ നേടിയെടുക്കുവാൻ കമ്പനിയെ പ്രാപ്തമാക്കുന്ന നിയമസംഹിതയാണ്.
ഇംഗ്ലീഷ് വായിക്കാനും എഴുതാനും അറിയാത്ത അംഗങ്ങൾക്ക് മെമ്മോറാണ്ടം
ഓഫ് അസോസ്സിയേഷന്റേയും ആർട്ടിക്കിൾസ് ഓഫ് അസോസിയേഷന്റേയും പ്രാദേശിക
ഭാഷയിലുള്ള വിവർത്തനം തയ്യാറാക്കി നൽകി അവരുടെ അനുമതി നേടിയിരിക്കണം.
ആർട്ടിക്കിൾസ്
ഓഫ് അസ്സോസിയേഷനും മെമ്മോറാണ്ടം ഓഫ് അസോസ്സിയേഷനും തയ്യാറാക്കിയതിനുശേഷം
ഉത്പാദകരുടെ പേര്, വയസ്, മേൽവിലാസം, തൊഴിൽ എന്നിവ വ്യക്തമാക്കുന്ന
സത്യപ്രസ്താവന തയ്യാറാക്കണം. ഇതിൽ അംഗങ്ങളുടെ ഫോട്ടോയും 5 രൂപയുടെ നാല്
റവന്യൂ സ്റ്റാമ്പും പതിപ്പിച്ചിരിക്കണം. അതിനുശേഷം ഈ സത്യപ്രസ്താവന ഒരു
ഗസറ്റഡ് ഓഫീസർക്കോ നോട്ടറി പബ്ലിക്കിനോ സമർപ്പിച്ച് (ഇതിൽ
പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സത്യമാണെന്ന് ഉറപ്പാക്കാൻ) അവരുടെ
കൈയ്യൊപ്പ്കൂടി വാങ്ങേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ അംഗത്തിന്റേയും ഒരു
സാക്ഷിയുടേയും സാന്നിദ്ധ്യം ഉണ്ടായിരിക്കേണ്ടതാണ്.
സത്യവാങ്ങ്മൂലം
എല്ലാ ഡയറക്ടർമാരും പേരും വയസും
മേൽവിലാസവും തൊഴിലും വ്യക്തമാക്കിയിട്ടുള്ള സത്യവാങ്ങ്മൂലം തയ്യാറാക്കണം. ഈ
സത്യവാങ്മൂലത്തിന്റെ താഴെപ്പറയുന്ന 5 ഖണ്ഡികയിൽ ഡയറക്ടർമാർ കൈയ്യൊപ്പ്
പതിപ്പിക്കേണ്ടതാണ്.
1. കമ്പനിയുടെ ഡയറക്ടർ ആകുവാൻ അർഹനാണെന്നും;
2. കൃഷി/മൃഗസംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നയാളാണെന്നും ;
3. ആർട്ടിക്കിൾ ഓഫ് അസോസ്സിയേഷനും മെമ്മോറാണ്ടം ഓഫ് അസോസ്സിയേഷനും അംഗീകരിക്കുന്നുവേന്നും;
4. മറ്റൊരു ഉത്പാദക
കമ്പനിയുടേയും അംഗമല്ലെന്നും, ഭാവിയിൽ സമാനമായ ഉദ്ദേശ്യലക്ഷ്യങ്ങളോടുകൂടിയ
കമ്പനിയുടെ അംഗമാകാൻ ശ്രമിക്കുന്നതല്ലെന്നും;
5. ഈ
ഉത്പാദക കമ്പനി ചെയ്യുന്നതായ ബിസിനസുകൾ തന്നെ ചെയ്യുന്ന ഇടനിലക്കാർ,
ഏജന്റുമാർ, വിൽപനക്കാർ എന്നിവരുമായി യാതൊരു തരത്തിലുമുള്ള
വാണിജ്യബന്ധങ്ങളും ഇല്ലെന്നും; സത്യവാങ്മൂലത്തിൽ കാണിച്ചിരിക്കണം
സത്യവാങ്ങ്മൂലത്തിൽ അംഗങ്ങളുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും അഞ്ച് രൂപയുടെ നാല് റവന്യൂസ്റ്റാമ്പുകളും പതിപ്പിച്ചിരിക്കണം.
സമ്മതപത്രം
കമ്പനിയിൽ ഡയറക്ടർ ആകാൻ സന്നദ്ധത അറിയിക്കുന്ന ഒരു സമ്മതപത്രം ഓരോ ഡയറക്ടറും തയ്യാറാക്കണം.
ആർട്ടിക്കിൾ ഓഫ് അസോസിയേഷന്റേയും മെമ്മോറാണ്ടം ഓഫ് അസോസ്സിയേഷന്റേയും സമർപ്പണം
തിരുത്തലുകൾ
വരുത്തി പൂർണ്ണമാക്കിയ മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ, ആർട്ടിക്കിൾസ് ഓഫ്
അസോസിയേഷൻ, സത്യപ്രസ്താവന, സത്യവാങ്മൂലം, സമ്മതപത്രം എന്നിവ സ്കാൻ ചെയ്ത്
പിഡിഎഫ് ഫോർമാറ്റിലാക്കിയതിനുശേഷം നിർദ്ദിഷ്ട ഫോറത്തിൽ (ഫോറം നമ്പർ 1,
18& 32) രജിസ്ട്രാർ ഓഫ് കമ്പനീസിന് സമർപ്പിക്കണം. രജിസ്ട്രേഷൻ ഫീസ്
ഓൺലൈനായി ഒടുക്കേണ്ടതാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽതന്നെ രജിസ്ട്രാർ ഓഫ്
കമ്പനീസ് അപേക്ഷ പരിഗണിക്കുകയും പിഴവുകളുണ്ടെങ്കിൽ കമ്പനി ഇതിലേക്കായി
സേവനം ഉപയോഗപ്പെടുത്തുന്ന ചാർട്ടേഡ് അക്കൗണ്ടന്റ്/ കമ്പനി സെക്രട്ടറിയെ
അറിയിക്കുകയും ചെയ്യും. പോരായ്മകൾ തിരുത്തിയതിനുശേഷം 30 ദിവസത്തിനകം അപേക്ഷ
പുനഃസമർപ്പിക്കേണ്ടതാണ്. 30 ദിവസത്തിനകം വീണ്ടും അപേക്ഷ
സമർപ്പിക്കാത്തപക്ഷം രജിസ്ട്രാർ പിഴ ഈടാക്കുന്നതാണ്. നിശ്ചിത സമയ
പരിധിക്കുള്ളിൽ പോരായ്മകൾ പരിഹിരക്കപ്പെട്ട അപേക്ഷയിന്മേൽ കമ്പനിക്ക്
രജിസ്ട്രേഷൻ ലഭിക്കുന്നതാണ്. ഇതിനുവേണ്ടി ഒരു സാക്ഷ്യപത്രം രജിസ്ട്രാറിൽ
നിന്ന് ലഭിക്കുന്നതാണ്. ഈ സർട്ടിഫിക്കറ്റിന്റെ ഒരു കോപ്പി കമ്പ്യൂട്ടർ
മുഖേന ചാർട്ടേഡ് അക്കൗണ്ട്/കമ്പനി സെക്രട്ടറിക്ക് രജിസ്ട്രാർ ഓഫ്
കമ്പനീസിന്റെ ആഫീസിൽ നിന്നും അയച്ചുകൊടുക്കുന്നതാണ്.
ആദ്യ ഡയറക്ടർ ബോർഡ് യോഗം
രജിസ്ട്രേഷൻ
ലഭിച്ചതിനുശേഷം 30 ദിവസത്തിനുള്ളിൽ കമ്പനിയുടെ ആദ്യ ഡയറക്ടർ ബോർഡ്
കൂടേണ്ടതാണ്. ഇതിനുവേണ്ടിയുള്ള അജണ്ട മലയാളത്തിലും (പ്രാദേശിക ഭാഷ)
ഇംഗ്ലീഷിലും തയ്യാറാക്കുകയും താൽക്കാലികമായി നിയോഗിച്ച ചീഫ്
എക്സിക്യൂട്ടീവ് ആഫീസറുടെ ഒപ്പുസഹിതം ബോർഡ് മെമ്പർമാർക്കും പ്രത്യേക
ക്ഷണിതാക്കളുണ്ടെങ്കിൽ അവർക്കും മീറ്റിംഗിന് ഒരാഴ്ചമുമ്പെങ്കിലും
നൽകേണ്ടതാണ്.
താഴെപ്പറയുന്ന അജണ്ടപ്രകാരമായിരിക്കണം മീറ്റിംഗ് നടക്കേണ്ടത്.
1. കമ്പനിയുടെ രജിസ്ട്രേഷൻ സംബന്ധമായ വിശദാംശങ്ങൾ ഡയറക്ടർ ബോർഡിനെ അറിയിക്കുക.
2. കമ്പനിയുടെ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനെക്കുറിച്ചുള്ള തീരുമാനം എടുക്കൽ
3. കമ്പനിക്കുവേണ്ടി ചെക്കുകളിലും മറ്റ് രേഖകളിലും ഒപ്പ് ഇടേണ്ട വ്യക്തികളെ അധികാരപ്പെടുത്തൽ
4. മെമ്മോറാണ്ടം ഓഫ് അസോസിയേഷന്റേയും ആർട്ടിക്കിൾസ് ഓഫ് അസോസിയേഷന്റേയും വിശദാംശങ്ങൾ ഡയറക്ടർ ബോർഡിൽ ചർച്ച ചെയ്യൽ
5. ഓഹരി വിതരണത്തെക്കുറിച്ചുള്ള തീരുമാനം
6. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, വിദഗ്ദ്ധ ഡയറക്ടർ എന്നിവരെ നിർദ്ദേശിക്കൽ (ആദ്യജനറൽ ബോഡി യോഗം ചേരുന്നത് വരെ)
7. ചെയർമാൻ, ചീഫ് എക്സിക്യൂട്ടീവ് ആഫീസർ എന്നിവരെ നിയമിക്കൽ
8. ബിസിനസ് പ്ലാൻ അംഗീകരിക്കൽ
9. ചെയർമാൻ അനുവദിക്കുന്ന മറ്റ് വിഷയങ്ങൾ
ബോർഡ് മീറ്റിംഗിൽ എടുക്കുന്ന തീരുമാനങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും (പ്രാദേശിക ഭാഷ) രേഖപ്പെടുത്തേണ്ടതാണ്.
ബാങ്ക് അക്കൗണ്ട്
ബോർഡ് മീറ്റിംഗിലെ തീരുമാനപ്രകാരം കമ്പനിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് ആരംഭിക്കേണ്ടതാണ്. താഴെപ്പറയുന്ന രേഖകൾ അതിന് ആവശ്യമാണ്.
1. ബോർഡ് തീരുമാനത്തിന്റെ പകർപ്പ്
2. മെമ്മോറാണ്ടം ഓഫ് അസോസ്സി,യേഷൻ
3. ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ
4. കമ്പനി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്
5. രേഖകൾ ഒപ്പിടാൻ അധികാരപ്പെട്ട ഡയറക്ടർമാരുടെ ഫോട്ടോയും തിരിച്ചറിയൽ രേഖകളുടെ പകർപ്പും.
6. കമ്പനിയുടെ പേരിലുള്ള പാൻ കാർഡിന്റെ പകർപ്പ്
കമ്പനിയുടെ
പേരിൽ ബാങ്കിൽ കറണ്ട് അക്കൗണ്ടാണ് ആരംഭിക്കേണ്ടത്.
ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കുകളിൽ അക്കൗണ്ട് ആരംഭിക്കുന്നതാണ് അഭികാമ്യം.
ബാങ്ക് രേഖകൾ ഒപ്പിട്ടുനൽകേണ്ട വ്യക്തികൾ അക്കൗണ്ട് തുടങ്ങുന്നതിനായി
ബാങ്കിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
ആദ്യപൊതുയോഗം
രജിസ്ട്രേഷനുശേഷം 90 ദിവസത്തിനുള്ളിൽ
കമ്പനിയുടെ ആദ്യപൊതുയോഗം ചേരണ്ടതാണ്. ഇതിനുള്ള അജണ്ട തയ്യാറാക്കി
യോഗത്തിന് 15 ദിവസമെങ്കിലും മുൻപ് അംഗങ്ങൾക്ക് നൽകിയിരിക്കേണ്ടതാണ്.
താഴെപ്പറയുന്ന വിഷയങ്ങൾ അജണ്ടയിൽ ഉൾപ്പെടുത്തിയിരിക്കേണ്ടതാണ്.
1. ചെയർമാനെ നിയോഗിക്കൽ
2. മെമ്മോറാണ്ടവും ആർട്ടിക്കിൾസ് ഓഫ് അസോസിയേഷനും അംഗീകരിക്കൽ
3. രജിസ്ട്രേഷൻ ചെലവുകൾ അംഗീകരിക്കൽ
4. ഡയറക്ടർമാരെ നിയോഗിക്കൽ
5. ബജറ്റ്, ബിസിനസ് പ്ലാനും ഭാവി പ്രവർത്തനങ്ങളും അംഗീകരിക്കൽ
6. ആഡിറ്ററേയും വിദഗ്ദ്ധ ഡയറക്ടർമാരെയും നിയോഗിക്കൽ
പൊതുയോഗത്തിൽ എടുക്കുന്ന തീരുമാനങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും (പ്രാദേശിക ഭാഷ) രേഖപ്പെടുത്തേണ്ടതാണ്.
രജിസ്ട്രേഷൻ
സമയത്ത് ഉണ്ടായിരുന്ന ഡയറക്ടർമാരിൽ മാറ്റം വരികയോ പുതിയ ഡയറക്ടർമാരെ
നിയോഗിക്കുകയോ മെമ്മോറാണ്ടം ഓഫ് അസോസിയേഷൻസിലോ ആർട്ടിക്കിൾസ് ഓഫ്
അസോസിയേഷൻസിലോ ഭേദഗതി വരുത്തുകയോ ചെയ്താൽ ആയത് രജിസ്ട്രാർ ഓഫ് കമ്പനീസിനെ
നിശ്ചിതസമയപരിധിക്കുള്ളിൽ അറിയിക്കേണ്ടതാണ്.