23 Oct 2013

വിപണി മെച്ചപ്പെടുത്താൻ കർഷക ഉത്പാദക കമ്പനികളും സംഘങ്ങളും







പർവേഷ്‌ ശർമ്മ  ഐ എ എസ്‌
മാനേജിംഗ്‌ ഡയറക്ടർ, സ്മോൾ ഫാർമേഴ്സ്‌ അഗ്രിബിസിനസ്സ്‌ കൺസോർഷ്യം (എസ്‌.എഫ്‌.എ.സി.), 
കേന്ദ്ര കൃഷിമന്ത്രാലയം, ന്യൂ ഡൽഹി

കാർഷികോൽപന്ന വിപണനത്തിൽ നിയന്ത്രണങ്ങളുണ്ടായിരുന്ന ഇന്ത്യയിൽ ആഗോളവത്ക്കരണം വലിയ മാറ്റങ്ങളാണ്‌ കൊണ്ടുവന്നത്‌. നമ്മുടെ ദേശീയ, പ്രാദേശിക വിപണന സംവിധാനങ്ങളൊക്കെയും ഭക്ഷ്യോൽപന്നങ്ങളുടെ ശേഖരണം, സംഭരണം, സംസ്ക്കരണം, പാക്കേജിംഗ്‌ എന്നിവയിൽ ആഗോളതലത്തിൽ ഏറ്റവും മെച്ചപ്പെട്ട രീതികൾ പൈന്തുടരുന്നതിന്‌ അത്‌ ഇടയാക്കി. ഭക്ഷ്യ സുപ്പർ മാർക്കറ്റുകൾ ഇന്നൊരു യാഥാർത്ഥ്യമാണ്‌. അവയുടെ വിപണി വിഹിതം ഇപ്പോൾ നന്നേ കുറവാണെങ്കിലും വരും ദശകങ്ങളിൽ അവ പ്രമുഖസ്ഥാനത്തെത്തും. ഗുണമേന്മയുള്ള കാർഷികോൽപന്നങ്ങളോട്‌ ഉപഭോക്താക്കൾക്കുള്ള വർദ്ധിച്ചുവരുന്ന താൽപര്യങ്ങളാണ്‌ അതിന്‌ കാരണമാകുന്നത്‌. ഇത്‌ ഉന്നത ഗുണമേന്മാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും അനുയോജ്യമായ ശേഖരണ, സംഭരണ സംവിധാനങ്ങൾ ഒരുക്കുന്നതിനും നിർബന്ധിതമാക്കുന്നു.  അന്യ സംസ്ഥാനങ്ങളിൽ നിലവിലുള്ള റഗുലേറ്റഡ്‌ മാർക്കറ്റുകളുടെ ഭാഗമായ 'മണ്ഡി' സംവിധാനങ്ങളുടെ പിടിയിൽ നിന്ന്‌ വിപണിയെ മോചിപ്പിക്കുന്നതിനും പുതിയ സംരംഭകർ വിപണനരംഗത്തേക്ക്‌ കടന്നു വരുന്നതിനും അത്യാധുനിക സാങ്കേതിക വിദ്യകളുടെ പ്രയോഗത്തിനും അതു വഴി തെളിക്കും. കാർഷികോൽപന്നങ്ങളുടേയും സംസ്ക്കരിച്ച ഭക്ഷ്യോൽപന്നങ്ങളുടേയും അന്താരാഷ്ട്ര വിപണിയുടെ ണല്ലോരുഭാഗം പിടിച്ചെടുക്കുന്നതിന്‌ ഇന്ത്യൻ കമ്പനികൾ കൂടുതലായും ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ വൻതോതിൽ പ്രാദേശിക ഉത്പാദകരിൽ നിന്ന്‌ വാങ്ങേണ്ടിവരും.

അതേസമയം ഇന്ത്യയിലെ കാർഷികോത്പാദനത്തിന്റെ സവിശേഷത, കോടിക്കണക്കിന്‌ വരുന്ന ചെറുകിട, നാമമാത്ര കർഷകരാണ്‌ ഉത്പാദകർ എന്നുള്ളതാണ്‌. കൃഷിയിലെ നഷ്ടസാദ്ധ്യതകൾ, കാലാവസ്ഥാ വ്യതിയാനം, വിശ്വസ്തത്തയില്ലാത്ത ഉത്പാദനോപാധി വിതരണക്കാർ, വൈദ്യുതിക്കും ജലസേചനത്തിനുമുള്ള സംവിധാനങ്ങളുടെ അഭാവം, കർഷകർ ചൂഷണം ചെയ്യപ്പെടുന്ന വിപണി എന്നീ പരിമിത ഘടകങ്ങൾ കൈകാര്യം ചെയ്യുകയെന്നത്‌ കർഷകരെ സംബന്ധിച്ചിടത്തോളം അതീവ ദുഷ്ക്കരമാണ്‌.

അവർക്ക്‌ ദേശീയ തലത്തിലും അന്തർദേശീയ തലത്തിലുമുള്ള വിപണന അവസരങ്ങൾ പ്രയോജനപ്പെടുത്താനുള്ള സാദ്ധ്യത വിരളമാണെന്ന്‌ മാത്രമല്ല കർഷകർക്ക്‌ വിലപേശാനുള്ള ശക്തി നഷ്ടപ്പെടുകയുമാണെന്നാണ്‌ ഇന്നത്തെ പ്രവണതകൾ സൂചിപ്പിക്കുന്നത്‌. ഉത്പാദകർക്ക്‌ വേണ്ടിയുള്ള സ്ഥാപന സംവിധാനങ്ങൾ ഉടൻ വളർത്തിയെടുത്തില്ലെങ്കിൽ കർഷകരുടെ സ്ഥിതി കൂടുതൽ വഷളാകും.

കാർഷികോൽപന്നങ്ങളുടെ ലഭ്യത വൻതോതിൽ ഉയർത്തുന്നതിനുള്ള ഔദ്യോഗിക തന്ത്രങ്ങൾ ബഹുഭൂരിപക്ഷം വരുന്ന കർഷകരെ ലക്ഷ്യം വെച്ചുള്ളവയല്ല. മഴയെ മാത്രം ആശ്രയിച്ച്‌ കൃഷിചെയ്യുന്നിടങ്ങളിൽ കാലാവസ്ഥയിലുള്ള ചാഞ്ചാട്ടവും വിപണിയിലെ അസ്ഥിരതയും നിമിത്തം കർഷകർ ദുരിതത്തിലാണ്‌. സാങ്കേതികവിദ്യയുടെ അഭാവവും ഉത്പാദനക്കുറവും കർഷകരെ അലട്ടുന്നു. ഈ ദുരവസ്ഥ അവരെ വികസിച്ചുവരുന്ന വിപണികളിൽ നിന്നും അകറ്റി നിർത്തുമെന്നത്‌ തീർച്ചയാണ്‌.

ചെറുകിട കർഷകരുടെ ഇപ്പോഴത്തെ പരിമിതികൾ
ചെറുകിട കർഷകർ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ ഇവയാണ്‌.
1) കുറഞ്ഞുവരുന്ന ഭൂമിലഭ്യത, വർദ്ധിച്ചുവരുന്ന കൃഷിച്ചെലവ്‌, കൃഷി ആദായകരമല്ലാതാകുന്ന അവസ്ഥ.

2) കൃഷിക്ക്‌ വേണ്ട ഉത്പാദനോപാധികളായ ജലം, വൈദ്യുതി, കീടനാശിനി, ഗുണനിലവാരമുള്ള വിത്ത്‌, വായ്പ എന്നിവയുടെ ലഭ്യതക്കുറവ്‌
3) അപ്രാപ്യമായ സാങ്കേതികവിദ്യകൾ, പ്രത്യേകിച്ചും യന്ത്രവത്ക്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ

4) കാർഷികോൽപന്ന വിപണനത്തിലെ ചിന്നിച്ചിതറിയ മൂല്യശൃംഖലയും (വാല്യു ചെയിൻ) കുത്തക മുതലാളിത്ത സാഹചര്യങ്ങളും ശൃംഖലയുടെ അടിത്തട്ടിൽ മൂല്യവർദ്ധനവിനുള്ള അവസരങ്ങളുടെ കുറവും
5) അസംഘടിതരായി ചിതറിക്കിടക്കുന്ന ചെറുകിട കർഷകർക്ക്‌ വിപണിയിലെ ഇടനിലക്കാരുമായി വിലപേശാനുള്ള മികവില്ലായ്മ.
മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ തരണം ചെയ്തുകൊണ്ട്‌ കർഷകോത്പാദക കമ്പനികൾ ചെറുകിട കർഷകരെ വിജയത്തിലെത്തിക്കുവാൻ സഹായിക്കും. കർഷക ഉത്പാദക കമ്പനി രൂപീകരിക്കുന്നതുമൂലം കർഷകർക്ക്‌ സംഘടിതമായി പ്രവർത്തിക്കുവാനാകും. അതുകൊണ്ട്‌ തന്നെ ഇവർക്ക്‌ സംഘടിതബലവും, വിലപേശാനുള്ള അവസരവും, നൂതന സാങ്കേതിക വിദ്യകൾ കൈകാര്യം ചെയ്യുവാനും, പുതിയ വിതരണ മേഖലയിലേക്കും അനുപേക്ഷണീയമെങ്കിൽ സ്വകാര്യമേഖലയുമായും ഒരുമിച്ച്‌ പ്രവർത്തിക്കുവാനും കഴിയും. കർഷക ഉത്പാദക കമ്പനികളിൽ അംഗങ്ങളല്ലാത്ത കർഷകരെ കൂടാതെ ഗ്രാമത്തിലെ പാവപ്പെട്ടവർക്കും അത്യാവശ്യ സാധനങ്ങളും സേവനങ്ങളും നൽകിക്കൊണ്ട്‌ ഗ്രാമീണ ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികൾക്ക്‌ എടുത്ത്‌ പറയത്തക്ക സംഭാവന നൽകുന്നതിന്‌ ഇവയ്ക്ക്‌ സാധിക്കും. കർഷകർ നേരിടുന്ന പരിമിതികൾ മറികടക്കുന്നതിന്‌ പ്രത്യേകിച്ച്‌ വികസ്വര രാഷ്ട്രങ്ങളിലെ വളർന്നുകൊണ്ടിരിക്കുന്ന വിപണന അവസരങ്ങൾ അന്വേഷിക്കുന്ന ചെറുകിട കർഷകർക്ക്‌ നഷ്ട സാദ്ധ്യതകൾ കുറയ്ക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കിക്കൊടുക്കുന്നതിന്‌ ഏറ്റവും നല്ല സംവിധാനമാണ്‌ കർഷക ഉത്പാദക കമ്പനികൾ. 

നിലവിലുള്ള കർഷക ഉത്പാദക സംഘങ്ങളെപ്പറ്റി 2007ൽ ഫുഡ്‌ ആന്റ്‌ അഗ്രികൾച്ചർ ഓർഗനൈസേഷൻ നടത്തിയ പഠന റിപ്പോർട്ട്‌ പ്രകാരം 1994ൽ ഇന്ത്യയിലും ചൈനയിലുമുള്ള കർഷകോത്പാദക സംഘങ്ങളുടെ വിറ്റുവരവ്‌ 9 യു.എസ്‌. ബില്ല്യൺ ഡോളറാണ്‌. കർഷക കൂട്ടായ്മകളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ നയരൂപീകരണ പ്രക്രിയയെ സഹായിക്കുന്നതുകൂടാതെ ഇവ ശാസ്ത്രജ്ഞന്മാർക്ക്‌ സൂക്ഷ്മ വിശകലനം നടത്തുന്നതിനാവശ്യമായ വസ്തുതകളും നൽകുന്നു. ചെറുകിട ഉത്പാദകർക്കുള്ള സാമ്പത്തിക സേവനങ്ങളെ കൂടുതൽ കാര്യക്ഷമമായി ഉന്നംവെയ്ക്കുന്നതിനും സാധാരണ പണമിടപാട്‌ സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകളുടെ ചെലവ്‌ കുറയ്ക്കുന്നതിനും ഉത്പാദക സംഘങ്ങൾ വഹിച്ച പങ്കും പഠന റിപ്പോർട്ട്‌ വളരെയേറെ പ്രശംസിക്കുന്നുണ്ട്‌.


കർഷക ഉത്പാദക സ്ഥാപനങ്ങൾ എങ്ങനെ വളർത്തിയെടുക്കാം, നിലനിർത്താം
കർഷക ഉത്പാദക സ്ഥാപനങ്ങളുടെ (Farmer Producer Organisation - FPO) രൂപീ കരണവും അവയുടെ നിർവ്വഹണവും സംബന്ധിച്ച അന്തർദേശീയ അനുഭവങ്ങളിൽ നിന്നും ഇവയെ ശക്തമാക്കുന്ന ചില ഘടകങ്ങൾ കണ്ടെത്തുകയുണ്ടായി. ഏറ്റവും താഴെ തട്ടിലുള്ള ഉത്പാദകർക്ക്‌ അംഗത്വാടിസ്ഥാനത്തിലുള്ള സംഘങ്ങൾ രൂപപ്പെടുത്തുന്നതിനും അഭിവൃദ്ധിപ്പെടുത്തുന്നതിനും അനുയോജ്യമായ ചുറ്റുപാടാണ്‌ അതിലെ  സുപ്രധാനമായ ഘടകം. നമ്മുടെ രാഷ്ട്രീയ, നിയമ, ഭരണ വ്യവസ്ഥകൾ ഇത്തരം സംഘങ്ങൾ സ്ഥാപിക്കുന്നതിന്‌ മതിയായ പ്രോത്സാ ഹനം നൽകേണ്ടതാണ്‌. ഇന്ത്യയുടെ ജനാധിപത്യ അനുഭവജ്ഞാനവും വളർന്നുവരുന്ന പങ്കാളിത്ത സ്ഥാപന ങ്ങളും (സഹകരണ സംഘങ്ങൾ, സ്വയം സഹായ സംഘങ്ങൾ, പ്രകൃതി വിഭവ പരിപാലന സംഘങ്ങൾ) ഉത്പാദകർ അംഗങ്ങളായുള്ള സംഘങ്ങൾ രൂപീകരിക്കു ന്നതിന്‌ ഉപോൽബലകമാണ്‌. 

എന്നാലിത്‌ ചില ചോദ്യങ്ങളും ഉയർത്തുന്നുണ്ട്​‍്‌. എന്തിനാണ്‌ കർഷകരെ മുൻനിർത്തി പുതിയ സംഘങ്ങൾ രൂപീകരിക്കുന്നത്‌? പഴയ മാതൃകകൾ പൈന്തുടർന്നാൽ പോരെ? പ്രാഥമിക കർഷക സഹകരണ സംഘങ്ങളെ ഉത്പാദക സംഘങ്ങളുടെ ആദ്യമാതൃക എന്ന്‌ വിളിക്കാം; യാഥാർത്ഥത്തിൽ ഇവ കർഷകരുടെ സംഘടിത വിലപേശൽ ശക്തിയെ ബലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ രൂപകൽപന ചെയ്യപ്പെട്ടതുമായിരുന്നു. സഹകരണ പ്രസ്ഥാനങ്ങളുടെ ചരിത്രം പരിശോധിച്ചാൽ മഹാഭൂരിപക്ഷം വരുന്ന കർഷകരെ ശാക്തീകരിക്കു ന്നതിൽ നിരാശാജനകമായ പ്രകടനമാണ്‌ ഇവ കാഴ്ച വെച്ചിട്ടുള്ളത്‌. ഇവ പ്രമാണി വർഗ്ഗങ്ങളുടെ കൈകളിൽ എത്തിപ്പെടുകയും സാമ്പത്തിക കാര്യകർത്താവ്‌ എന്നതിനേ ക്കാൾ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്ന നിലയിലേക്ക്‌ തരം താഴുകയും ചെയ്തു. ചെറുകിട, നാമമാത്ര കർഷകർ ഈ സ്ഥാപനങ്ങളിൽ വേണ്ടത്ര പ്രതിനിധീ കരിക്കപ്പെട്ടില്ല എന്നുമാത്രമല്ല വായ്പാ ലഭ്യതയുടെ കാര്യത്തിലും തഴയപ്പെട്ടു.

അന്തർദേശീയ അനുഭവങ്ങൾ സൂചിപ്പിക്കുന്ന മറ്റൊരു കാര്യം കർഷക ഉത്പാദക സ്ഥാപനങ്ങൾ അവരുടെ അംഗങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ കൂടുതൽ വിജയിക്കുന്നുവേന്നാണ്‌. കാരണം അവർ സമൂഹത്തിൽ തുല്യ ശ്രേണിയിൽപ്പെട്ടവരും വ്യവസ്ഥാ പിതമായ ചൂഷണങ്ങളിൽ നിന്നും സംഘടിത ശക്തിയിലൂടെ വിടുതൽ നേടാൻ പ്രാപതി നേടിയവരുമാണ്‌. ഇത്തരം സ്ഥാപനങ്ങൾ പ്രാദേശിക കൂട്ടുകെട്ടുകളിലൂടെയാണ്‌ പ്രവർത്തിക്കുന്നത്‌. അതേ സമയം സഹകരണ സംഘങ്ങ ൾക്ക്‌ രാഷ്ട്രീയ രക്ഷാകർത്തൃത്വം ലഭിക്കുന്നതു മൂലം അവർക്ക്‌ കൂടുതൽ വിശാലമായ മേഖലകളിൽ പ്രവർത്തിക്കു വാൻ സാധിക്കുന്നു. എന്നാൽ കർഷക ഉത്പാദക സ്ഥാപനങ്ങളെ അനുകൂലമായല്ല വ്യവസ്ഥാപിതമായ സഹകരണ മേഖല നോക്കിക്കാണുന്നത്‌. ഇത്തരം പ്രതികൂല സാഹചര്യങ്ങളെ ഉത്പാദക സ്ഥാപന ങ്ങൾ എങ്ങനെ തരണം ചെയ്യും.? 

ഉത്പാദക സ്ഥാപനങ്ങളുടെ വിജയ മാതൃകകളിൽ നിന്ന്‌ പഠിക്കാൻ കഴിഞ്ഞത്‌ അവർ ഏറ്റുമുട്ടലിന്റെ പാത ഒഴിവാക്കി വ്യവസ്ഥാപിതമായ സ്ഥാപനങ്ങളുമായി  സഹവർത്തിച്ചു എന്നുള്ളതാണ്‌. പല ഉത്പാദക സ്ഥാപനങ്ങളും അനൗപചാരിക കർഷക കൂട്ടായ്മകളായാണ്‌ ആരംഭിച്ചതു.  സാങ്കേതിക വിദ്യകൾ നേടിയെടുക്കുന്നതിനും വിജ്ഞാനവ്യാപനത്തിനും യോജിച്ച പ്രവർത്തനങ്ങളിലേർപ്പെടുകയും കാലക്രമേണ അവ ഒന്നു ചേർന്ന്‌ ഉത്പാദകസ്ഥാപനങ്ങളുടെ വലിയ ഫെഡറേഷനുകളായി രൂപാന്തരം പ്രാപിക്കുകയും ചെയ്തു. ഈ പ്രക്രിയയിൽ നിലവിലുള്ള പ്രതിയോഗികളുടെ എതിർപ്പിനെ നേരിടേണ്ടി വന്നില്ല. തുടക്കത്തിൽ ഉത്പാദക സ്ഥാപനങ്ങളെ സബ്സിഡികളുമായി  ബന്ധിപ്പിക്കാതിരുന്നാൽ  വ്യവസ്ഥാപിതമായ നിലവിലുള്ള സബ്സിഡി ചാനലുകളിൽ നിന്നുള്ള എതിർപ്പൊഴിവാക്കാൻ കഴിയും. വിജ്ഞാന വ്യാപന പ്രവർത്തനങ്ങളിലാരംഭിച്ച്‌ വരുമാനദായക പ്രവർത്തനങ്ങളിലും വിപണനത്തിലും ഇവയ്ക്ക്‌ ക്രമേണ കൈവയ്ക്കാം.


പൊതുവായ സാമൂഹ്യ, സാമ്പത്തിക ചുറ്റപാടുകളിലുള്ള ഇരുപത്‌ മുതൽ നാൽപതു വരെ അംഗങ്ങളുള്ള ഉത്പാദക കൂട്ടായ്മകളാണ്‌ വലിയ ഗ്രൂപ്പുകളേക്കാൾ കൂടുതൽ വിജയകരവും സുസ്ഥിരവുമെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ചെറുകിട, ഇടത്തരം കർഷകരും വൻകിട കർഷകരും ചേർന്ന കൂട്ടായ്മകൾക്ക്‌ മിക്കപ്പോഴും ശക്തമായ നേതൃത്വം ഉണ്ടാവുന്നു. ഈ കൂട്ടായ്മകൾ രണ്ടു മുതൽ അഞ്ചു വർഷം കൊണ്ട്‌ സംഘബലവും വിലപേശൽ ശേഷിയും വർദ്ധിപ്പിക്കുകയും കൂട്ടായ്മകൾ ഫെഡറേറ്റ്‌ ചെയ്ത്‌ മേഖലാതല ത്തിലുള്ള ഉത്പാദക സ്ഥാപനങ്ങളായി മാറുകയും ചെയ്യുന്നു. അംഗങ്ങൾക്ക്‌ എളുപ്പത്തിൽ മനസ്സിലാവുന്ന നിയമങ്ങളും ചട്ടങ്ങളുമുള്ള ഉത്പാദക സ്ഥാപനങ്ങളാണ്‌ കർഷകരുടെ ഇടയിൽ വേഗത്തിൽ സ്വീകാര്യമാവുന്നത്‌. ഇവയുടെ സുസ്ഥിരതയ്ക്ക്‌ അംഗങ്ങൾക്കിടയിലെ തുല്യതയും തുല്യ നീതിയും ഉത്തരവാദിത്വ ബോധവും നടപടിക്രമങ്ങളുടെ കൃത്യമായ പാലനവും എല്ലാം വളരെ പ്രധാന പ്പെട്ടതാണ്‌. 

ഉത്പാദക സ്ഥാപനങ്ങളെ സംബന്ധിച്ച പഠനങ്ങളിൽ നിന്നും രണ്ടു കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ടെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. വിപണനം നടത്താവുന്നത്ര മിച്ച ഉത്പാദനം ഇല്ലാത്തതിനാൽ ഇവയ്ക്ക്‌ ചെറുകിട, നാമമാത്ര കർഷകരെ വേണ്ടത്ര സഹായിക്കാൻ കഴിയുന്നില്ല. സ്വന്തം കുടുംബത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനവും ഭക്ഷ്യ സുരക്ഷയും ഉറപ്പുവരുത്താതെ വിപണിയ ധിഷ്ഠിത ഉൽപാദനത്തിലേക്ക്‌ അവർ തിരിയുന്നത്‌ ഒട്ടും ശുഭോദർക്കമല്ലല്ലോ. 

രണ്ടാമത്തെ കാര്യം സ്ത്രീകൾ മാത്രമുള്ള ഉത്പാദക സ്ഥാപനങ്ങൾ വേണ്ടത്ര വിജയകരമായില്ല എന്നതാണ്‌. അതിനുള്ള കാരണങ്ങൾ, നമ്മുടെ പരമ്പരാഗത സമൂഹത്തിൽ സ്ത്രീകൾക്ക്‌ സ്വന്തമായി കുടുബവകയായുള്ള കൃഷിഭൂമിയിൽ കൃഷി ചെയ്യണമെങ്കിൽ പുരുഷന്മാരായ ബന്ധുജനങ്ങളുടെ  അനുമതി വേണം. സ്ത്രീകളെ പൊതുവെ വിപണന ചുമതലകളിൽ നിന്നും മാറ്റി നിർത്തി പുരുഷന്മാർ തന്നെയാണ്‌ മിക്കപ്പോഴും അത്‌ കൈകാര്യം ചെയ്യുന്നത്‌. അങ്ങനെ അവർക്ക്‌ വിപണന നൈപുണ്യം നഷ്ടമായി. ഇപ്പറഞ്ഞത്‌ സ്ത്രികളെ ഉത്പാദക സ്ഥാപനങ്ങൾ രൂപീകരിക്കുന്ന തിൽ നിന്നും ഒഴിവാക്കണമെന്നല്ല; മറിച്ച്‌ സ്ത്രീ ശാക്തീകരണത്തിന്റേയും മെച്ചപ്പെട്ട പരിപാലനത്തിന്റേയും ആവശ്യകത വ്യക്തമാക്കുന്നതിനായാണ്‌.

വിജയകരമായ ഉത്പാദക സ്ഥാപനങ്ങൾ സുസ്ഥിരത കൈവരിക്കാൻ മൂന്നു മുതൽ അഞ്ചു വർഷം വരെയെടുക്കുമെന്നാണ്‌ വിവിധ പഠനങ്ങൾ തെളിയിക്കുന്നത്‌. ഇവയുടെ സുസ്ഥിരതയ്ക്കും നിലനിൽപ്പിനും വേണ്ട ഏറ്റവും പ്രധാന കാര്യം ഇവ ഏറ്റെടുക്കുന്ന വരുമാന ദായക പ്രവർത്തനങ്ങൾ പരമാവധി കാര്യക്ഷമതയോടെ ഏറ്റെടുത്തു ദീർഘകാലാടിസ്ഥാനത്തിൽ നിലനിർത്തിക്കൊണ്ടുപോകുകയെന്നുള്ളതാണ്‌. അതുപോലെ തന്നെ പ്രാഥമിക കർഷക കൂട്ടായ്മകൾ യോജിച്ച്‌ അവയുടെ ഫെഡറേഷനോ, കർഷക ഉത്പാദക കമ്പനിയോ രൂപീകരിച്ച്‌ അതുവഴി ഉത്പാദന ശേഷി വർദ്ധിപ്പിക്കുകയും വിപണിക്കാവശ്യമായ മിച്ച ഉത്പദാനം നടത്തുകയും ചെയ്യുന്നത്‌ ഇവയുടെ വിജയസാദ്ധ്യത വർദ്ധിപ്പിക്കുന്നു. ഇതോടൊപ്പം തന്നെ കണ്ടുവരുന്ന മറ്റൊരു പ്രയോജനം പ്രാദേശിക ജനാധിപത്യ സ്ഥാപനങ്ങളിൽ അംഗങ്ങളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തവും അതുവഴി ഗ്രാമീണ മേഖലയിലെ ദരിദ്ര ജനവിഭാഗങ്ങൾക്കായുള്ള സർക്കാർ ഫണ്ടുകളുടെ വർദ്ധിച്ച വിനിയോഗവുമാണ്‌. ഇത്‌ സർക്കാർ പദ്ധതികളുടെ നിർവഹണത്തെ മെച്ചപ്പെടുത്തുന്നതോടൊപ്പം ഔദ്യോഗിക പദ്ധതികളുടെ നിർവഹണ മികവില്ലായ്മയെ ഒരു പരിധി വരെ മറികടക്കുന്നതിനും സഹായിക്കും. 

ഉത്പാദക സ്ഥാപനങ്ങളുടെ ഉത്പാദന ശേഷി വർദ്ധിക്കുന്നതോടെ സർക്കാർ സേവനങ്ങൾ അധികമായി ആവശ്യമായി വരുന്നതോടൊപ്പം സ്വകാര്യമുതൽ മുടക്കും ആകർഷിക്കുന്നതായി വെളിപ്പെട്ടിട്ടുണ്ട്‌.

കർഷക ഉത്പാദക സംഘങ്ങൾക്ക്‌ അനുകൂലമാവുന്ന നയങ്ങൾ

കർഷക ഉത്പാദക സ്ഥാപനങ്ങളുടെ രൂപീകരണത്തിനും നിലനിൽപ്പിനും സഹായകമാവുന്നതെന്താണ്‌? തുറന്ന ജനാധിപത്യ വ്യവസ്ഥയും ജനകീയ മുന്നേറ്റവുമുള്ളയിടങ്ങളിലാണ്‌ ഇവ വിജയകരമായി പ്രവർത്തിക്കുന്നതെന്ന്‌ പഠനങ്ങൾ തെളിയിക്കുന്നു. പൊതുസമൂഹത്തിന്‌ ജനാധിപത്യ ചട്ടക്കൂടിൽ നിന്നു കൊണ്ട്‌ പ്രവർത്തിക്കാവുന്ന സാഹചര്യങ്ങളിൽ കർഷക കൂട്ടായ്മകൾക്കും അധികാര സ്ഥാപനങ്ങൾക്കും ഒത്തൊരുമിച്ച്‌ പ്രവർത്തിക്കാനാകും. ജനാധിപത്യ വ്യവസ്ഥ കർഷക ഉത്പാദക സ്ഥാപനങ്ങൾ സ്വയമേ ഉണ്ടാകുന്നതിനിടയാക്കും എന്ന്‌ പ്രതീക്ഷിക്കുന്നതുകൊണ്ട്‌ മാത്രം കാര്യമില്ല.  പ്രാദേശിക തലത്തിലുള്ള പല നിയമ തടസ്സങ്ങളും ഇവയുടെ പ്രവർത്തനത്തിനും പുരോഗതിക്കും പലപ്പോഴും വിഘാതമാകുന്നു. ഇവ കണ്ടെത്തി തടസ്സങ്ങൾ ഇല്ലാതാക്കുകയും അതുവഴി ഉത്പാദക സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്‌ പൊതുപരിപാടിയായി അംഗീകരിക്കപ്പെടുകയും വേണം. ആവശ്യമെങ്കിൽ ഈ സ്ഥാപനങ്ങളെ അംഗീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ട നിയമനിർമ്മാണവും നടത്തണം.
അന്തർദേശീയ അനുഭവങ്ങളിൽ നിന്നും പഠിക്കേണ്ട ഒരു പാഠം ഈ സ്ഥാപനങ്ങളെ കുത്തക കമ്പനികളുടേയും രാഷ്ട്രീയ ദല്ലാളുമാരുടേയും പിടിച്ചടക്കലിൽ നിന്നും സംരക്ഷിക്കണമെന്നതാണ്‌. കർഷക ഉത്പാദക കമ്പനികളിൽ ഓഹരി നിക്ഷേപം നടത്തി അവയുടെ നിയന്ത്രണം നേടിയെടുക്കുക എന്ന വഴി വലിയ കമ്പനികൾ സ്വീകരിക്കാറുണ്ട്‌. ഇത്തരം വിവാദ വിഷയങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്‌.  പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളിൽ സംഭവിച്ച അപചയങ്ങൾ ഉത്പാദക സ്ഥാപനങ്ങളിൽ സംഭവിക്കാതെ ശ്രദ്ധിക്കേണ്ടതാണ്‌. കർഷകരുടെ സാങ്കേതിക പരിജ്ഞാനവും ഭരണ നിർവ്വഹണശേഷിയും വർദ്ധിപ്പിക്കുന്നതിന്‌ നന്നായി മുതൽ മുടക്കിയ രാജ്യങ്ങളിൽ ക്രമേണ ശക്തമായ ഉത്പാദക സ്ഥാപനങ്ങൾ ഉദയം ചെയ്തു. നയരൂപീകരണത്തിൽ കർഷക ഉത്പാദക സ്ഥാപനങ്ങളുടെ പ്രതികരണങ്ങൾ സംയോജിപ്പിക്കുന്നതിന്‌ ഔദ്യോഗിക സംവിധാനമുള്ളിടത്ത്‌ ഇവയുടെ വിശ്വാസ്യതയും സ്വാധീനവും ബലപ്പെടുന്നു. ഇത്തരം സ്ഥാപനങ്ങളുടെ അനുഭവങ്ങൾ ഉൾക്കൊണ്ടുകൊണ്ട്‌ നമ്മുടെ രാജ്യത്തിന്റെ ഗ്രാമീണ വികസന തന്ത്രം ആവിഷ്ക്കരിക്കുകയാണെങ്കിൽ വികസന പദ്ധതികളിലുള്ള സർക്കാർ ധനവിനിയോഗം കൂടുതൽ കാര്യക്ഷമവും പ്രയോജനപ്രദവുമാകും.

കർഷക ഉത്പാദക സംഘങ്ങളും ഉത്പാദക കമ്പനികളും രൂപീകരിക്കുന്നതിന്‌ സർക്കാർ നേരിട്ട്‌ ഇടപെടണോ? ഇതിനെ സംബന്ധിച്ച്‌ വിഭിന്നാഭിപ്രായങ്ങൾ നിലവിലുണ്ട്‌. ചിലരുടെ അഭിപ്രായത്തിൽ ഉത്പാദക സ്ഥാപനങ്ങൾക്ക്‌ സുസാദ്ധ്യമാകുന്ന നയങ്ങളുടെ ചട്ടക്കൂടുണ്ടാക്കുകയാണ്‌ സർക്കാർ ചെയ്യേണ്ടത്‌. എന്നാൽ സ്ഥാപന രൂപീകരണത്തിൽ നേരിട്ട്‌ ഇടപെടുന്നതിൽ നിന്നും സർക്കാർ വിട്ടുനിൽക്കണം. ഇത്‌ സംബന്ധിച്ച മറ്റ്‌ കാഴ്ചപ്പാടുകൾ സൂചിപ്പിക്കുന്നത്‌ ഇവയുടെ രൂപീകരണം വലിയൊരു വെല്ലുവിളിയാണെന്നാണ്‌; അത്‌ പൊതുസമൂഹത്തിനോ സ്വകാര്യമേഖലയ്ക്കോ മാത്രമായി കൈകാര്യം ചെയ്യാൻ പറ്റുന്നതല്ല. അതുകൊണ്ട്‌ പൊതുമേഖലയും സ്വകാര്യമേഖലയും പൊതുസമൂഹവും ഒത്തുചേർന്ന്‌ അംഗത്വ അടിസ്ഥാനത്തിലുള്ള ഉത്പാദക സംഘങ്ങളുടെ രൂപീകരണത്തിന്‌ മുൻകൈ എടുക്കണം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...