23 Oct 2013

നാളികേര മേഖലയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഉത്പാദകകമ്പനികൾ


ടി. കെ. ജോസ്‌  ഐ എ എസ്
ചെയർമാൻ, നാളികേര വികസന ബോർഡ്

നാളികേര ഉത്പാദക സംഘങ്ങളും  ഫെഡറേഷനുകളും അംഗങ്ങളായ കർഷകരും ചേർന്ന്‌ രൂപീകരിച്ച ഉത്പാദക കമ്പനിയിൽ നിന്ന്‌ മുൻകൂട്ടി ബുക്ക്‌ ചെയ്ത തീയതിയിൽ രണ്ടു വാഹനങ്ങളിലായി യന്ത്രസമേതം തെങ്ങിന്റെ ചങ്ങാതിമാർ ഒരു ടീമായി കർഷകരുടെ കൃഷിയിടങ്ങളിലെത്തി നാളികേരം വിളവെടുപ്പ്‌ നടത്തുകയും അവ യന്ത്രമുപയോഗിച്ച്‌ പൊതിച്ച്‌ നാളികേരവും തൊണ്ടും കർഷകരുടെ കൺമുമ്പിൽ വെച്ചുതന്നെ തൂക്കി കൃത്യമായ വില കർഷകന്‌ ചെക്കായി നൽകുന്ന ഒരു സംവിധാനം ഒന്ന്‌ സങ്കൽപ്പിച്ചുനോക്കൂ, ഇത്‌ അസാദ്ധ്യമെന്ന്‌ ആദ്യം തോന്നാമെങ്കിലും, നാളികേരോത്പാദക കമ്പനികളെല്ലാം തന്നെ ലക്ഷ്യമിടേണ്ട സുപ്രധാനമായൊരു കർത്തവ്യമാണിത്‌. അംഗങ്ങളായ കർഷകരുടെ തോട്ടങ്ങളിൽ നിന്ന്‌ ഒരുമിച്ച്‌ വിളവെടുപ്പ്‌ നടത്താനും ഗുണത്തിനും തൂക്കത്തിനും ആനുപാതികമായി അവരുടെ ഉൽപന്നത്തിന്റെ വില ചെക്കായി കർഷകരുടെ അക്കൗണ്ടിലേക്ക്‌ നൽകുന്നതിനും നാളികേരവും എല്ലാ ഉപോൽപന്നങ്ങളും കൃത്യമായി സംസ്ക്കരിച്ച്‌ മൂല്യവർദ്ധനവ്‌ നടത്തുന്നതിനുമുള്ള സംവിധാനമൊരുക്കൽ തന്നെയാണ്‌ ഉത്പാദക കമ്പനികളുടെ പ്രാഥമിക ലക്ഷ്യം. ഇങ്ങനെ കർഷകരുടെ നാളികേരം കർഷകർ തന്നെ ഓഹരി ഉടമകളായ കമ്പനികൾ ഏറ്റെടുത്ത്‌ വിളവെടുപ്പും സംഭരണവും സംസ്ക്കരണവും മൂല്യവർദ്ധനവും ഉപോൽപന്നങ്ങളുടെ നിർമ്മാണവും നടത്തി വിപണനം ചെയ്യുമ്പോൾ ഇപ്പോൾ പ്രയോജനപ്പെടുത്താതെ നഷ്ടപ്പെട്ടുകൊണ്ടിരുന്ന തൊണ്ട്‌, ചിരട്ട, തേങ്ങവെള്ളം എന്നിവയുടെ പരമാവധി മൂല്യവർദ്ധനവ്‌ നടത്തുന്ന ഒരു സംസ്ക്കാരത്തിലേക്ക്‌ കേരളത്തിലെ തെങ്ങുകൃഷി മേഖലയെ കൈപിടിച്ചുയർത്തുകയെന്നതാണ്‌ ഉത്പാദക കമ്പനികൾ രൂപീകരിക്കുമ്പോൾ ബോർഡിന്റെ സങ്കൽപ്പത്തിലുണ്ടായിരുന്നത്‌.



ലോകത്തിലെ ഏറ്റവും വലിയ നാളികേരോത്പാദക രാജ്യമായ ഇന്ത്യ, നാളികേര സംസ്ക്കരണത്തിന്റെ കാര്യത്തിൽ   വളരെ പുറകിലാണ്‌. ഉത്പാദനത്തിന്റെ കാര്യത്തിൽ ഇന്ത്യക്ക്‌ പുറകിലാണ്‌ ഇന്തോനേഷ്യ, ഫിലിപ്പീൻസ്‌, ശ്രീലങ്ക, തായ്‌ലൻഡ്‌, മലേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾ. ആ രാജ്യങ്ങളിൽ നാളികേരത്തിന്റെ വില നിയന്ത്രിക്കുന്നത്‌ വെളിച്ചെണ്ണയുടെ അന്താരാഷ്ട്ര വിപണിവിലയല്ല. അവരെ സംബന്ധിച്ചിടത്തോളം കൊപ്രയും വെളിച്ചെണ്ണയും അസംഖ്യം നാളികേരോൽപന്നങ്ങളിൽ ഒന്നുമാത്രമാണ്‌. 
നാളികേരോൽപന്നങ്ങളുടെ കയറ്റുമതി നടത്തുന്ന കാര്യത്തിലും ഈ രാജ്യങ്ങളെല്ലാം ഇന്ത്യയേക്കാൾ ബഹുകാതം മുമ്പിലാണ്‌. ഇന്ത്യയിൽ നാളികേരോൽപന്ന സംസ്ക്കരണ മേഖലയിലേക്ക്‌ ആരും തന്നെ കാര്യമായി ശ്രദ്ധിച്ചിട്ടില്ല. ഇതിന്‌ പരിഹാരം കാണുന്നതിനായി ഇന്ത്യയിലെ ഒരുകോടിയിലേറെ വരുന്ന നാളികേര കർഷകരുടെ  ഉയിർത്തെഴുന്നേൽപ്പ്‌ ആവശ്യമാണ്‌.

കേരകർഷക കൂട്ടായ്മകളിലൂടെ ഉയർന്ന്‌ വന്ന്‌ നാളികേരോത്പാദനത്തേയും അതിന്റെ സംഭരണ, സംസ്ക്കരണ, മൂല്യവർദ്ധനവിനേയും വിപണനത്തേയും കയറ്റുമതിയേയും സ്വാധീനിക്കുവാൻ കഴിയുന്ന തരത്തിലുള്ള വളർച്ചയിലേക്ക്‌ ഇന്ത്യയിലെ കേരകർഷകരെ കൈപിടിച്ചുയർത്തുകയെന്നതാണ്‌ നാളികേര വികസന ബോർഡ്‌ പന്ത്രണ്ടാം  പഞ്ചവത്സരപദ്ധതിയിൽ ഏറ്റെടുത്തിരിക്കുന്ന മുഖ്യ ദൗത്യം. ഉത്പാദനത്തിലും ഉത്പാദനക്ഷമതയിലും മാത്രമല്ല ഉൽപന്നങ്ങളുടെ വൈവിദ്ധ്യവൽക്കരണത്തിലും മൂല്യവർദ്ധനവിലും വിപണനത്തിലും കയറ്റുമതിയിലും നമ്മുടെ രാജ്യത്തെ ലോകരാജ്യങ്ങളുടെ മുൻപന്തിയിലേക്കും പ്രഥമശ്രേണിയിലേക്കും എത്തിക്കുക എന്നുള്ളതാണ്‌ ഇതിനായി ബോർഡ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌. ഈ കടമയിലേക്ക്‌, കാര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട്‌ കടന്നുവന്നിരിക്കുകയാണ്‌ ഇന്ത്യയിൽ നാളികേര മേഖലയിലെ ആദ്യത്തെ ഒൻപത്‌ ഉത്പാദകകമ്പനികൾ. ഈ ഒൻപത്‌ ഉത്പാദകകമ്പനികളിൽ ഏഴെണ്ണവും  കേരളത്തിലാണ്‌ രജിസ്റ്റർ ചെയ്ത്‌ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്‌. ഒന്ന്‌ ആന്ധ്രപ്രദേശിലും മറ്റൊന്ന്‌ കർണ്ണാടകത്തിലും. ഈ സാമ്പത്തിക വർഷത്തിൽ ചുരുങ്ങിയത്‌ പത്ത്‌ നാളികേര ഉത്പാദക കമ്പനികളെങ്കിലും കേരളത്തിൽ പ്രവർത്തനം തുടങ്ങുകയെന്നതാണ്‌ ലക്ഷ്യമിടുന്നത്‌.  കർഷകരുടെ ഇടയിൽ പ്രവർത്തിച്ച്‌, മൂലധനം സമാഹരിച്ച്‌, വിവിധ സംഭരണ, സംസ്ക്കരണ,  മൂല്യവർദ്ധന,  വിപണന പ്രവർത്തനങ്ങളിലേക്ക്‌ പ്രവേശിക്കുകയെന്നത്‌ തന്നെയാണ്‌ ഉത്പാദക കമ്പനികളുടെ പ്രധാന കടമകൾ. തമിഴ്‌നാട്ടിലും കർണ്ണാടകത്തിലും പത്തും ആന്ധ്രപ്രദേശിൽ അഞ്ചും ഉത്പാദക കമ്പനികൾ ഈ വർഷം ലക്ഷ്യമിടുന്നു. കേരളത്തിലെ നാളികേരമേഖലയുടെ ഭാവിഭാഗധേയം നിർണ്ണയിക്കുന്നതിന്‌ ഈ കമ്പനികളുടെ തനിച്ചും കൂട്ടായുമുള്ള പ്രവർത്തനങ്ങൾക്ക്‌ കഴിയണം. ഈ മഹത്തായ ലക്ഷ്യമാണ്‌ നാളികേരോത്പാദക കമ്പനികളിലൂടെ നമുക്ക്‌ സാധിക്കേണ്ടത്‌. അതിനാലാണ്‌ ഈ സെപ്തംബർ ലക്കം ഇന്ത്യൻ നാളികേര ജേണലിന്റെ മുഖ്യവിഷയമായി 'നാളികേരോത്പാദക കമ്പനികൾ' തെരഞ്ഞെടുത്തിരിക്കുന്നത്‌. 

എന്താണ്‌ ഉത്പാദക കമ്പനി?  സഹകരണമേഖലയുടെ അടിസ്ഥാന തത്വങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുതന്നെ കുറേക്കൂടി വേഗത്തിൽ മുന്നോട്ട്‌ ചലിക്കാൻ കഴിയുന്ന, ചലനാത്മകമായ ഒരു സംഘടനാ സംവിധാനം കർഷകർക്കും പ്രാഥമിക ഉത്പാദകർക്കും വേണ്ടി സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത കേന്ദ്ര ഗവണ്‍മന്റ്‌ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ്‌ ഡോ. വൈ. കെ. അലാഗ്‌ ചെയർമാനായ  കമ്മിറ്റി ഉത്പാദക കമ്പനികൾക്കുവേണ്ടി ഇന്ത്യൻ കമ്പനി നിയമത്തിൽ ആവശ്യമായ ഭേദഗതികൾ നിർദ്ദേശിച്ചതു. അങ്ങനെയാണ്‌ 1956 ലെ ഇന്ത്യൻ കമ്പനി നിയമത്തിൽ 581 അ മുതൽ 581 ദഠ വരെയുള്ള പുതിയ വകുപ്പുകൾ എഴുതിച്ചേർത്തുകൊണ്ട്‌ 2002ൽ ഉത്പാദക കമ്പനികളെ നിർവ്വചിക്കുകയും, അത്‌ എങ്ങനെ രജിസ്റ്റർ ചെയ്യണമെന്നും എങ്ങനെ പ്രവർത്തിക്കണമെന്നും വിശദമാക്കിക്കൊണ്ട്‌ കമ്പനി നിയമ ഭേദഗതി ഉണ്ടായതും. ഇതിന്റെയടിസ്ഥാനത്തിലാണ്‌ നാളികേര വികസന ബോർഡിന്റെ നേതൃത്വത്തിലുള്ള ഉത്പാദക കമ്പനികളെല്ലാം രൂപീകരിച്ചിരിക്കുന്നത്‌. റബ്ബർ ബോർഡിന്റെ നേതൃത്വത്തിൽ കാൽനൂറ്റാണ്ട്‌ പിന്നിട്ട്‌ ആർപിഎസുകളും ഉത്പാദക കമ്പനികളും പ്രവർത്തിക്കുന്നത്‌ റബ്ബർ മേഖലയിലെ കർഷകർക്ക്‌ എത്രത്തോളം പ്രയോജനകരമാണെന്നത്‌  കേരളത്തിലെ കേര കർഷകരും നേരിട്ടറിഞ്ഞ കാര്യമാണ്‌. ആ മാതൃക ഉൾക്കൊണ്ടുകൊണ്ട്‌, അതിൽ നിന്ന്‌ കേരകൃഷിയുടെ മേഖലയിൽ ആവശ്യമായ ഭേദഗതികൾ കൂടി വരുത്തിക്കൊണ്ടാണ്‌ നാളികേരോത്പാദക കമ്പനികൾ രൂപീകരിച്ചിരിക്കുന്നത്‌. ഉത്പാദക കമ്പനിയെന്നതുകൊണ്ട്‌ വിവക്ഷിക്കുന്നത്‌ പ്രാഥമിക ഉത്പാദകർ മാത്രം ഓഹരിയുടമകളായ, കമ്പനി നിയമത്തിലെ മേൽസുചിപ്പിച്ച വകുപ്പുകൾ അനുസരിച്ച്‌ രജിസ്റ്റർ ചെയ്യുന്ന കമ്പനിയാണ്‌. എത്ര ഓഹരിയുള്ളയാളാണെങ്കിലും സഹകരണ മേഖലയിലേതുപോലെ ഒരാൾക്ക്‌ ഒരു വോട്ട്‌ മാത്രമേ ഉണ്ടാകൂ. കമ്പനിയുടെ ഓഹരികൾ പുറത്ത്‌ വിൽക്കാനോ വാങ്ങാനോ കഴിയില്ല. ഉത്പാദക കമ്പനിയെ മറ്റൊരു കമ്പനിക്ക്‌ ഏറ്റെടുത്തുകൊണ്ടോ, കൂട്ടി യോജിപ്പിച്ചുകൊണ്ടോ മുന്നോട്ട്‌ പോകാൻ ആവില്ല.  ഉത്പാദക കമ്പനിയുടെ പ്രവർത്തനങ്ങളിൽ പുറത്തുനിന്നുള്ളവർക്ക്‌ ഇടപെടാനും സാധിക്കയില്ല. അംഗങ്ങളുടെ പൊതുവായ തീരുമാനത്തിന്റെയടിസ്ഥാനത്തിൽ, അവർ തെരഞ്ഞെടുക്കുന്ന ഡയറക്ടർ ബോർഡിന്റെ  നേതൃത്വത്തിൽ സാങ്കേതിക മികവും ഭരണ നിർവ്വഹണശേഷിയുമുള്ള  പ്രോഫഷണലുകളെ ഉൾപ്പെടുത്തിക്കൊണ്ട്‌  ഉൽപന്നത്തിന്റെ സംസ്ക്കരണത്തിനും, വിപണനത്തിനും, ഉത്പാദന വർദ്ധനവിനും, ഉത്പാദനക്ഷമതാ വർദ്ധനവിനും, കയറ്റുമതി ഉൾപ്പെടെയുള്ള വിപണനത്തിനും ശ്രദ്ധിച്ച്‌ ആ പ്രവർത്തനങ്ങൾ വഴി കർഷകർക്ക്‌ ഗുണമുണ്ടാക്കുകയാണ്‌ ഉത്പാദക കമ്പനികളുടെ ഉത്തരവാദിത്വം. 

നാൽപത്തിരണ്ട്‌ ലക്ഷത്തിലേറെ തെങ്ങുകർഷകരും 18 കോടിയിലേറെ തെങ്ങുകളുമുള്ള കേരളത്തിൽ ഏകദേശം 10 ലക്ഷത്തോളം കായ്ക്കുന്ന തെങ്ങുകളുള്ള ഒരു പ്രദേശത്തെ മുഴുവൻ കർഷകരേയും കൂട്ടിച്ചേർത്തുകൊണ്ടാണ്‌ കമ്പനികൾ രൂപീകരിക്കാൻ ലക്ഷ്യമിടുന്നത്‌. 2011 സെപ്തംബർ മാസം മുതൽ ആത്യന്തികമായി ഈ ലക്ഷ്യം മുന്നിൽകണ്ടുകൊണ്ടാണ്‌ നാളികേര വികസന ബോർഡ്‌ സിപിഎസുകളുടെ രൂപീകരണം ആരംഭിച്ചതു. 2011-12 വർഷത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഉത്പാദക സംഘങ്ങൾ രൂപീകരിക്കുകയും  2012-13ൽ ആ സംഘങ്ങളെ ഉദ്ഗ്രഥിച്ചുകൊണ്ട്‌ നാളികേരോത്പാദക ഫെഡറേഷനുകൾ രൂപീകരിക്കുകയും 2013-14 സാമ്പത്തികവർഷം നാളികേരോത്പാദക കമ്പനികൾ രൂപീകരിക്കുന്നതിന്‌ തുടക്കമിടുകയും ചെയ്തു. ഈ ഉത്പാദക കമ്പനികളിൽ അതിന്റെ ഓഹരി മൂലധനം സമാഹരിക്കുന്നതിനുപോലും കർഷകരിൽ നിന്ന്‌ ഒരു തെങ്ങിൽ നിന്ന്‌ 8 നാളികേരം വീതം ഓഹരിയായി നൽകുകയെന്ന, വളരെ ലഘുവായ  രീതിയാണ്‌ സ്വീകരിക്കുന്നത്‌. 


10 ലക്ഷത്തോളം തെങ്ങുകളുള്ള ഒരു കമ്പനിക്ക്‌ ഒരു വർഷംകൊണ്ട്‌ 8 കോടി രൂപയുടെ മൂലധനം സമാഹരിക്കാൻ സാധിക്കും. കമ്പനികളെല്ലാം രജിസ്റ്റർ ചെയ്യുമ്പോൾ ചുരുങ്ങിയത്‌ 5 കോടിയുടെ അംഗീകൃത മൂലധനം ലക്ഷ്യമിട്ടുകൊണ്ട്‌, അതിനുവേണ്ട ഫീസടച്ച്‌ രജിസ്റ്റർ ചെയ്യണമെന്നാണ്‌ നിഷ്ക്കർഷിച്ചിട്ടുള്ളത്‌. 

നാളികേരോത്പാദക കമ്പനികൾ കേരകർഷകരുടെ എല്ലാ പ്രവർത്തന മേഖലകളിലും ഇടപെടേണ്ടതുണ്ട്‌. ഗുണമേന്മയും അത്യുത്പാദനശേഷിയുമുള്ള തൈകൾ ഉത്പാദിപ്പിക്കുന്നതുമുതൽ കൂട്ടായ്മയോടെ വിളവെടുപ്പ്‌ നടത്തുന്നതിനും വർഷാവർഷം അനുവർത്തിക്കേണ്ട ശാസ്ത്രീയ പരിചരണ മുറകൾ പാലിക്കുന്നതിനും അതിനായുള്ള സാങ്കേതിക യോഗ്യതയുള്ള തൊഴിലാളികളെ പരിശീലിപ്പിച്ചെടുക്കുന്നതിനും കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഉത്പാദനച്ചെലവ്‌ കുറയ്ക്കുന്നതിനും പടിപടിയായി അംഗങ്ങളായ കർഷകരുടെ തോട്ടങ്ങളിലെ ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിനും മാന്യവും മിതവുമായ വില ഉറപ്പു വരുത്തിക്കൊണ്ട്‌ സംഭരണം നടത്തുന്നതിനും അവയിൽ നിന്ന്‌ സാധിക്കാവുന്ന എല്ലാ ഉൽപന്നങ്ങളും പരമാവധി ഉത്പാദിപ്പിക്കുന്നതിനും അതിനുള്ള സാങ്കേതികവിദ്യകൾ  കർഷകന്‌ നേടിയെടുക്കുന്നതിനും സാങ്കേതിക പരിജ്ഞാനമുള്ള വിദഗ്ദ്ധ ജീവനക്കാരെ ഉപയോഗിച്ചുകൊണ്ട്‌,  ഇന്ത്യയിൽ ഇന്ന്‌ പ്രവർത്തിക്കുന്ന ഏത്‌ കോർപ്പറേറ്റുകളോടും കിടപിടിക്കുന്ന തരത്തിലുള്ള പ്രവർത്തനം നടത്തുന്നതിനും കഴിയുന്ന ഒരു പ്രവർത്തന രീതിയാണ്‌ വിഭാവനം ചെയ്യേണ്ടത്‌. ഉത്പാദക കമ്പനികൾ നേരിട്ട്‌ കയറ്റുമതി നടത്തുന്നതിനും ഗവണ്‍മന്റ്‌ അനുവദിച്ചാൽ, നീര പ്രാഥമിക സംഘങ്ങളിലൂടെ സംഭരിച്ച്‌, സംസ്ക്കരിച്ച്‌, ബ്രാന്റ്‌ ചെയ്ത്‌ ഇന്ത്യയിലും വിദേശത്തും വിപണനം നടത്തുന്നതിനുമുള്ള ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്‌. ഫെഡറേഷന്റെയും അവയുടെ കീഴിലുള്ള ഉത്പാദക സംഘങ്ങളുടെയും  ഭാരവാഹികളെ പരിശീലിപ്പിക്കുന്നതും തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തിന്റെയും നീര ടെക്നീഷ്യന്മാരുടെയും പരിശീലന പരിപാടികൾ ഏറ്റെടുക്കുന്നതുമെല്ലാം കമ്പനിയുടെ പ്രവർത്തനപരിധിയിൽപ്പെടുന്നു. ഇതിനോടകം മൂന്ന്‌ ഉത്പാദക കമ്പനികൾ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടി നടത്തിക്കൊണ്ടിരിക്കുകയാണ്‌.

പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി രൂപീകരണകാലത്ത്‌ കേന്ദ്ര ഗവണ്‍മന്റിന്റെ മുമ്പിൽ നാളികേര വികസന ബോർഡ്‌ ഉന്നയിച്ച ഏറ്റവും ശക്തമായ ആവശ്യം ഭാവിയിലേക്ക്‌ കർഷകർക്കുള്ള പദ്ധതികളും പ്രവർത്തനങ്ങളും കർഷകരുടെ അവകാശങ്ങളും അവസരങ്ങളുമെല്ലാം 'കർഷക ഉത്പാദക കൂട്ടായ്മകൾ'വഴി നൽകണമെന്നുള്ളതാണ്‌. 


അങ്ങനെയാണ്‌  2013-14 ലെ കേന്ദ്ര ബജറ്റിൽ ഫാർമർ പ്രോഡ്യുസർ ഓർഗനൈസേഷ(സിപിഎസ്‌, ഫെഡറേഷൻ, കമ്പനികൾ) നുകൾക്ക്‌ പ്രാഥമിക പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ നീക്കിവെച്ചിരിക്കുന്നത്‌. സ്മോൾ ഫാർമേഴ്സ്‌ അഗ്രി ബിസിനസ്‌ കൺസോർഷ്യം  വഴിയാണ്‌ ഇത്‌ കർഷകരിലേക്ക്‌ എത്തിക്കുന്നത്‌. നമ്മുടെ ഉത്പാദക കമ്പനികൾക്കും ഫെഡറേഷനുകൾക്കും സമീപിക്കാൻ കഴിയുന്ന ആദ്യ ബാഹ്യമൂലധന സമാഹരണ അവസരം ഇതാണ്‌. നാളികേര വികസന ബോർഡ്‌ കേന്ദ്ര ഗവണ്‍മന്റിനോടും മുഖ്യ നാളികേരോത്പാദക സംസ്ഥാനങ്ങളിലെ സർക്കാരുകളോടും കർഷകർ സമാഹരിക്കുന്ന ഓഹരി മൂലധനത്തിന്റെ പകുതി വീതം ഉത്തരവാദിത്വപൂർണ്ണമായ ഓഹരി മൂലധനമായി ഉത്പാദക കമ്പനികൾക്ക്‌ നൽകണമെന്നുള്ള അഭ്യർത്ഥനയാണ്‌ നൽകിയിരിക്കുന്നത്‌. കർണ്ണാടകത്തിലെ പുതിയ ഗവണ്‍മന്റ്‌ അവതരിപ്പിച്ച ബജറ്റിൽ ഉത്പാദക കമ്പനികൾക്ക്‌, കർഷകർ സമാഹരിക്കുന്ന ഓഹരി മൂലധനത്തിന്റെ 25 ശതമാനം നൽകുന്നതായി  പ്രഖ്യാപിക്കുകയും തുക മാറ്റിവെയ്ക്കുകയും ചെയ്തിട്ടുണ്ട്‌. കേരളം, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌ സർക്കാരുകളും ഈ വഴി പൈന്തുടരണമെന്ന്‌ അഭ്യർത്ഥിക്കുകയാണ്‌.


സംസ്ഥാന ഗവണ്‍മന്റുകളുമായി കൂടിച്ചേർന്ന്‌ 'നാളികേര സംസ്ക്കരണ പാർക്കുകൾ' സ്ഥാപിക്കുകയും അത്തരം പാർക്കുകളിൽ ഉത്പാദക കമ്പനികൾ ഉത്പാദന യൂണിറ്റുകൾ ആരംഭിക്കുകയും ചെയ്താൽ  നാളികേര മേഖലയിലെ സ്ഥിരം വിലയിടിവ്‌ എന്ന പ്രതിഭാസം തരണം ചെയ്യാൻ കഴിയും. നാളികേര വികസന ബോർഡ്‌ സംസ്ക്കരണ യൂണിറ്റുകൾക്ക്‌ നൽകുന്ന  25 ശതമാനം സബ്സിഡിക്ക്‌ പുറമേ സംസ്ഥാന ഗവണ്‍മന്റുകളോട്,​  നാളികേരോൽപന്ന നിർമ്മാണ യൂണിറ്റുകൾക്ക്‌ അധികമായി 25 ശതമാനം സബ്സിഡി കൂടി നൽകണമെന്ന്‌ അഭ്യർത്ഥിച്ചിരുന്നു. ഇതിനോട്‌ ഏറ്റവുമാദ്യം പ്രതികരിച്ചതു കേരള ഗവണ്‍മന്റാണ്‌. 2012-13ലെ ബജറ്റിൽ തന്നെ ഇതിനുള്ള പ്രഖ്യാപനം നടത്തുകയും തുക മാറ്റിവെയ്ക്കുകയും ചെയ്തിരുന്നു. കർണ്ണാടക ഗവണ്‍മന്റും ഇതിലേക്കായി തുക മാറ്റിവെച്ചിട്ടുണ്ട്‌. തമിഴ്‌നാടും ആന്ധ്രപ്രദേശും ഈ മാതൃക പൈന്തുടരുമെന്ന്‌ പ്രതീക്ഷിക്കുകയാണ്‌.

ഏത്‌ സമ്പട്‌വ്യവസ്ഥയിലേയും ഏറ്റവും അടിസ്ഥാനശില ഉത്പാദനമേഖലയാണ്‌. നാൽപത്തിരണ്ട്‌ ലക്ഷത്തോളം കേരകർഷകരുടെ തെങ്ങുകളിൽ നിന്ന്‌ 8 നാളികേരം വീതം ഓഹരിയായി ശേഖരിക്കുകയെന്നത്‌  ഇതുവരെ കണ്ടിട്ടില്ലാത്ത  മാതൃകയാണ്‌. ഗുജറാത്തിലെ അമൂലിന്റെ മാതൃക ഇതുപോലൊന്നാണ്‌. കർഷകരുടെ സഹകരണ സംഘങ്ങളിലൂടെ തുടങ്ങി, ഉത്പാദക കമ്പനിയിലേക്കെത്തി, ഇന്ത്യയിലെ ഏറ്റവും മികച്ച ഡയറി ബ്രാൻഡായി അമൂലിന്‌ മാറാൻ കഴിഞ്ഞതും  ക്ഷീരകർഷക കൂട്ടായ്മകളിൽ പ്രോഫഷണലിസവും, ഉത്തരവാദിത്വബോധവും വളർത്തിക്കൊണ്ടുവന്നതു വഴിയാണ്‌. 
പതിനെട്ട്‌ കോടി തെങ്ങുകളുള്ള കേരളത്തിലെ 25 ശതമാനത്തോളം കർഷകർ എങ്കിലും ഉത്പാദക കമ്പനികളിൽ അംഗങ്ങളായി മാറിക്കഴിഞ്ഞാൽ ഉണ്ടാകാവുന്ന ശക്തി നമുക്ക്‌ വിഭാവനം ചെയ്യാം. നമ്മുടെ ഉത്പാദക കമ്പനികളിലാകട്ടെ ഓഹരിയുടമകൾ കർഷകർ മാത്രമാണ്‌. ഈ കമ്പനി ഉണ്ടാക്കുന്ന ഓരോ നേട്ടവും, ലാഭവും, ഡിവിഡന്റായും ബോണസായും അവരിലേക്ക്‌ തന്നെ തിരികെയെത്തണം. വർദ്ധിച്ച സാമ്പത്തിക പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്ന നികുതിവരുമാനം സർക്കാരിലേക്കും എത്തുകയാണ്‌.  ഓഹരി മുലധനമായി സർക്കാർ മുടക്കുന്ന ഓരോ കോടി രൂപയ്ക്കും അടുത്ത അഞ്ചുവർഷക്കാലം കൊണ്ട്‌ നികുതി വരുമാനമായി പത്തുകോടി രൂപ വീതം സർക്കാരിലേക്ക്‌ തിരികെയെത്തിക്കാൻ കഴിയുമെന്നതാണ്‌  ഉത്പാദക കമ്പനികളുടെ നിഗമനം. ചെറുകിട, നാമമാത്ര കർഷകരുടെ ഇത്തരം കമ്പനികളിൽ ഓഹരി മൂലധനം നൽകുന്നതിനും വേണ്ടത്ര പ്രോത്സാഹനം നൽകുന്നതിനും തീർച്ചയായും ഒരു ജനാധിപത്യ ഗവണ്‍മന്റും  പിന്നിലാവില്ലെന്ന്‌ കേരകർഷകർക്ക്‌ ഉറപ്പുണ്ട്‌. കേരളത്തിലെ ഏറ്റവും വലിയൊരു ജനവിഭാഗമാണ്‌ കേരകർഷകർ. തങ്ങളുടെ കൂട്ടായ്മയുടെ ഉണർത്തുപാട്ടായ ഈ കമ്പനികൾ കേരളത്തിന്റെ കാർഷിക മേഖലയിലും സമ്പട്ഘടനയിലും വലിയ മാറ്റങ്ങൾക്ക്‌  തുടക്കം കുറിക്കുകയും, നാളികേര മേഖലയിൽ ഇതുവരെയുണ്ടാകാത്ത അത്ഭുതങ്ങൾ തന്നെ സൃഷ്ടിക്കുകയും ചെയ്യുമെന്ന ശുഭാപ്തിവിശ്വാസത്തോടെ,

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...