24 Nov 2013

നാളികേരം - ആയുർവേദചികിത്സയിൽ


ഡോ. വി. സുനിത
അസിസ്റ്റന്റ്‌ ഫിസിഷ്യൻ, ആര്യവൈദ്യശാല,കോട്ടയ്ക്കൽ

ദൈവത്തിന്റെ സ്വന്തം നാടിന്‌ ഹരിതാഭ ചാർത്തുന്ന കേരവൃക്ഷം മലയാളിയുടെ കൽപതരുതന്നെ. കേരളീയന്റെ സുഖദു:ഖാങ്ങളിൽ നിത്യപങ്കാളിയായും താങ്ങും തണലുമായും കേരവൃക്ഷം നിലനിൽക്കുന്നു.  നാളികേരത്തിന്റെ നാട്ടിൽ നാഴിയിടങ്ങഴി മണ്ണുണ്ടെന്നു പറയുമ്പോൾ, പി. ഭാസ്കരൻ മാഷ്‌ ഗൃഹാതുരത്വം കലർന്ന ഓർമ്മകളോടൊപ്പം ആഢ്യമായ അഭിമാനബോധവും പ്രകടിപ്പിയ്ക്കുകയാണ്‌.  ആഹാരമായും ഔഷധമായും വിവിധ രൂപങ്ങളിൽ നമ്മുടെ മുന്നിലെത്തുന്ന നാളികേരം ആയുർവേദ ചികിത്സയിൽ പലതരത്തിലും ഉപയോഗിക്കുന്നു.
നാളികേരം അരച്ചുളള കറികൾ മുതൽ നാളികേരപ്പാൽ ചേർത്ത 'ഇടിച്ചു പിഴിഞ്ഞ' പായസംവരെ മലയാളിയ്ക്ക്‌ ഏക്കാളവും പ്രിയപ്പെട്ടതും ഹൃദ്യവുമായ വിഭവങ്ങളാണ്‌. എന്തിനും ഏതിനും മേമ്പൊടിയായി അൽപം നാളികേരം എന്നത്‌ നമ്മുടെ ഭക്ഷ്യ സംസ്ക്കാരത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ്‌. മലയാളിയുടെ പാചകത്തിൽ വെളിച്ചെണ്ണയും ഒരവശ്യ ഘടകമായി മാറിയിട്ടുണ്ട്‌.
നാളികേരത്തിന്റേയും വെളിച്ചെണ്ണയുടേയും ഉപയോഗം ദുർമേദസ്സും കൊളസ്ട്രോളും വർദ്ധിപ്പിക്കുമെന്ന ധാരണ കടന്നു കൂടിയത്‌ അതിന്റെ 'ആസ്വാദ്യത'യ്ക്ക്‌ അൽപ്പം മങ്ങലേൽപ്പിച്ചിട്ടുണ്ടെന്നുള്
ളത്‌ വസ്തുതയാണ്‌. എന്നിരുന്നാലും, അത്തരം രോഗാവസ്ഥകൾ ജീവിതശൈലിയോടും ജനിതക പ്രത്യേകതകളോടും മറ്റും കൂടി ബന്ധപ്പെട്ടവയായതിനാൽ നാളികേരത്തെക്കുറിച്ചുള്ള ആപത്ശങ്കകൾ അസ്ഥാനത്താണെന്ന്‌ പറയേണ്ടിയിരിക്കുന്നു. ഇതിനൊരു മറുവശമുണ്ട്‌ താനും.
ചില ഗവേഷണ പഠനങ്ങൾ വെളിച്ചെണ്ണയിൽ മുലപ്പാലിന്‌ തുല്യമായ ഔഷധ ഗുണങ്ങൾ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെ, പോഷകസമൃദ്ധവും, രോഗപ്രതിരോധശേഷി വർദ്ധിതവുമായ തൈലമായി വെളിച്ചെണ്ണയെ അംഗീകരിച്ചേ മതിയാവൂ. മാത്രമല്ല, തലച്ചോറിന്റെ പ്രവർത്തനത്തിൽ അനുകൂലവും ഗുണകരവുമായ മാറ്റങ്ങളുണ്ടാക്കാൻ വെളിച്ചെണ്ണയ്ക്കുളള കഴിവും സ്ഥാപിതമാകുന്നു.
ആയുർവ്വേദത്തിൽ വെളിച്ചെണ്ണയ്ക്കുളള സ്ഥാനം അദ്വിതീയമാണ്‌. തട്ടലും മുട്ടലും വീഴ്ചയും പറ്റിയാൽ വെളിച്ചെണ്ണ കൂട്ടി മൃദുവായി തടവുന്ന മുത്തശ്ശിവൈദ്യം നമുക്കറിവുളളതുന്നേ.  ഇതോടൊപ്പം ശരീരഭാഗങ്ങളിലെ പൂപ്പൽ ബാധ തടയാൻ പച്ചവെളിച്ചെണ്ണ  പുരട്ടുന്നതും പതിവാണ്‌.
പിഞ്ചുകുഞ്ഞുങ്ങളെ തേച്ചുകുളിപ്പിക്കാൻ തേങ്ങാപ്പാൽ വെന്ത ഉരുക്കു വെളിച്ചെണ്ണയോളം അനുയോജ്യമായ മറ്റൊന്നില്ല.  ത്വക്സംരക്ഷണത്തിനും ശരീരകാന്തിക്കും അത്യുത്തമമായ വെന്തവെളിച്ചെണ്ണയുടെ ഔഷധമൂല്യവും പ്രയോജനവും അതുല്യമത്രെ.
ചികിത്സാർത്ഥവും നിത്യോപയോഗത്തിനും വേണ്ടിയുളള എണ്ണകളിൽ വലിയ ശതമാനവും തയ്യാറാക്കപ്പെടുന്നത്‌ വെളിച്ചെണ്ണയിലാണ്‌. തൊലിപ്പുറമെയുളള ചൊറിച്ചിലിനും നിറംമാറ്റത്തിനും മുഖകാന്തി വർദ്ധിപ്പിക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന ഏലാദികേരം, നാൽപാമരാദി കേരം, തലയിലെ താരൺ നിവാരണത്തിനുളള ധുർധൂരപത്രാദി കേരം, അയ്യപ്പാല കേരം, ദുർവാദി കേരം മുതലായവ ചില ഉദാഹരണങ്ങൾ മാത്രം. മുടികൊഴിച്ചിൽ, അകാലനര തുടങ്ങിയവ തടയാൻ നീലിഭൃംഗാദി കേരതൈലം പ്രശസ്തമാണ്‌.
കുട്ടികളുടെ ശാരീരിക ബലവർദ്ധനവിനും തലച്ചോറുമായി ബന്ധപ്പെട്ട അസുഖങ്ങളിലുംവരെ ശീലിയ്ക്കുവാൻ വിധിക്കുന്ന ഒന്നാണ്‌ ലാക്ഷാദി കേരം.
അമൃതാദി തൈലം, ആരണ്യതുളസ്യാദിതൈലം, നിംബാദിതൈലം, പരിണിതകേരീക്ഷീരാദിതൈലം എന്നിവയിലും വെളിച്ചെണ്ണ അടങ്ങിയിരിക്കുന്നു. പഴയതും കാറാത്തതുമായ വെളിച്ചെണ്ണയ്ക്ക്‌ മുറിവുണക്കാനുളള ശേഷി അധികമത്രെ! ഇതിനാൽ തന്നെ വ്രണരോപണതൈലം, നീലിദളാളി തൈലം, അഗ്നിവ്രണതൈലം തുടങ്ങിയവയിൽ പഴയ വെളിച്ചെണ്ണ ഉപയോഗിക്കാനാണു വിധി. ഔഷധമെന്ന നിലയ്ക്കുളള വെളിച്ചെണ്ണയുടെ പ്രാധാന്യത്തെക്കുറിച്ചുളള വിവരണം ഇത്തരത്തിൽ വളരെ നീണ്ടുപോകുന്നു.
നാളികേരത്തിന്റെ മറ്റു ചില ഉപയോഗങ്ങളെക്കുറിച്ചുകൂടി സൂചിപ്പിക്കാം. മധുരരസമുളള ചിരകിയ നാളികേരം ബലവർദ്ധകവും, പുഷ്ടിദായകവും, ലൈംഗികശേഷി വർദ്ധിപ്പിക്കുന്നതുമായി ആയുർവ്വേദം വിലയിരുത്തുന്നു. 'മാംസപ്രദം' എന്നൊരു ഗുണമുണ്ട്‌ നാളികേരത്തിന്‌. ഇതിനർത്ഥം ശരീരപേശികളുടെ വികാസത്തിനും, ശക്തിയ്ക്കും അനുയോജ്യമാണെന്നാകുന്നു. ചുട്ടുപുകച്ചിൽ, വെളളംദാഹം, ക്ഷീണം തുടങ്ങിയ പ്രയാസങ്ങൾക്ക്‌ കുറവുവരുത്തുവാൻ നാളികേരത്തിന്‌ കഴിവുണ്ട്‌. ഉണങ്ങിയ നാളികേരമാവട്ടെ, സ്നിഗ്ദ്ധവും മലത്തെ സ്തംഭിപ്പിയ്ക്കുന്നതുമാണ്‌.
നാളികേരവെളളത്തിന്റെ ഔഷധപ്രാധാന്യവും ചെറുതല്ല. ശീതവും ശുക്ലവർദ്ധകവുംകൂടിയായ ഈ പാനീയം എളുപ്പത്തിൽ ദഹിക്കുകകൊണ്ടും ധാതുലവണസമൃദ്ധമായതിനാലും ശാരീരികോർജ്ജവും ശരീരത്തിലെ നഷ്ട ജലാംശം വീണ്ടെടുക്കുന്നതിലും സഹായകമാണ്‌. ലൈംഗികബന്ധാനന്തരമുളള അമിതമായ ക്ഷീണത്തിന്‌ ഇളനീർ തേൻ ചേർത്ത്‌ കഴിക്കാൻ നിർദ്ദേശിക്കാറുണ്ട്‌.
ഇളനീർകുഴമ്പ്‌ കണ്ണിൽ എഴുതുമ്പോൾ ഉണ്ടാകാവന്ന നീറലും പുകച്ചിലും മലയാളിക്ക്‌ അപരിചിതമല്ല. പിത്തപ്രധാനമായ (പുകച്ചിൽ, ചുവപ്പുനിറം തുടങ്ങിയവ കൂടുതലുളള) നേത്രരോഗങ്ങളിൽ അവസ്ഥാനുസരണം ഉപയോഗിക്കുന്ന ഔഷധമാണിത്‌. ഇളനീർവെളളം ചേർത്ത്‌ പാകപ്പെടുത്തുന്ന തുംഗദ്രുമാദിതൈലം ശിരസ്സിനും വിശേഷിച്ച്‌ കണ്ണുകൾക്കും ഉത്തമമത്രെ. ഉറക്കക്കുറവിനും അതോടനുബന്ധിച്ചുളള ക്ഷീണത്തിനും ഈ തൈലം തലയിൽ തേയ്ക്കുന്നത്‌ ഫലപ്രദമാണ്‌.
നാളികേരം ചേർത്തുണ്ടാക്കുന്ന നാളികേര ഖണ്ഡം, നാളികേര ലവണം മുതലായ ഔഷധയോഗങ്ങൾ അമ്ലപിത്തത്തിലും (hyper acidity) ഉദരസംബന്ധമായ മറ്റു ബുദ്ധിമുട്ടുകൾക്കും പ്രയോഗിച്ചു വരുന്നു. നാളികേരാസവമാകട്ടെ, പരിണാമശൂല (peptic ulcer) യ്ക്ക്‌ ശുപാർശ ചെയ്യപ്പെടുന്ന ഔഷധമാണ്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...