24 Nov 2013

തേങ്ങാ വെളളത്തിന്റെ ന്യൂട്രസ്യൂട്ടിക്കൽ മൂല്യം


സബിത. എം, വിദ്യ വിശ്വനാഥ്‌, 
അനിൽകുമാർ ബി, അനൂപ്‌ ടി. പി.
അമൃത സ്കൂൾ ഓഫ്‌ ഫാർമസി, അമൃത വിശ്വവിദ്യാ പീഠം യൂണിവേഴ്സിറ്റി, കൊച്ചി


ചാവക്കാട്‌ ഓറഞ്ച്‌ ഡ്വാർഫ്‌ എന്ന കുറിയ ഇനം തെങ്ങിൽ നിന്നുളള  ഇളനീരും മാതളനാരങ്ങ, നെല്ലിക്ക, പേരയ്ക്ക തുടങ്ങിയ പഴങ്ങളുടെ സത്തും ചേർത്ത്‌ കൊച്ചിയിലെ  അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ ശയൻസസിൽ പോഷകസമൃദ്ധമായ ന്യൂട്രസ്യൂട്ടിക്കൽ വികസിപ്പിച്ചെടുത്ത ഗവേഷണത്തിന്റെ വിശദാംശങ്ങൾ.

ന്യൂട്രീഷ്യൻ, ഫാർമസ്യൂട്ടിക്കൽ എന്നീ രണ്ടു വാക്കുകൾ ചേർന്നുണ്ടായ സാങ്കേതിക പദമാണ്‌ ന്യൂട്രസൂട്ടിക്കൽ.  1989 ൽ സ്റ്റീഫൻ ഡി ഫെലിക്സ്‌ എന്ന ശാസ്ത്രജ്ഞനാണ്‌ ഈ പദം നിർദ്ധാരണം ചെയ്തത്‌. രോഗ പ്രതിരോധവും ചികിത്സയും ഉൾപ്പെടെ, മനുഷ്യ ശരീരത്തിന്‌ ആരോഗ്യപരമായി പ്രയോജനം ചെയ്യുന്ന ഭക്ഷണം എന്നാണ്‌ ന്യൂട്രസ്യൂട്ടിക്കലിന്‌ അദ്ദേഹം നൽകിയ നിർവചനം.  ന്യൂട്രാസൂട്ടിക്കൽസിനെ ചിലപ്പോൾ ആസൂത്രിത ഭക്ഷണം എന്നും പരമാർശിക്കാറുണ്ട്‌.  മനുഷ്യ ശരീരത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിന്‌ ആവശ്യമായ വൈറ്റമിനുകൾ, കൊഴുപ്പ്‌, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്‌ എന്നിവ നിശ്ചിത അളവിൽ അടങ്ങിയിരിക്കുന്ന ആഹാരത്തെയാണ്‌ ആസൂത്രിത ഭക്ഷണം എന്നതുകൊണ്ട്‌ നാം വിവക്ഷിക്കുക.  വിളർച്ചയും പോഷകാഹാരക്കുറവുകളും ഒഴികെയുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനുമായി ആസൂത്രിത ഭക്ഷണം ഉപയോഗിക്കുമ്പോൾ നാം അതിനെ ന്യൂട്രസ്യൂട്ടിക്കൽ എന്നു വിളിക്കുന്നു.
അങ്ങനെ നോക്കുമ്പോൾ ഒരു വ്യക്തിയുടെ ആസൂത്രിത ഭക്ഷണം മറ്റൊരു വ്യക്തിക്ക്‌ ന്യൂട്രസ്യൂട്ടിക്കൽ ആയി മാറാം.  വിപണനവുമായി ബന്ധപ്പെട്ടും ഈ വാക്ക്‌ പ്രയോഗിക്കാറുണ്ട്‌ പക്ഷെ, അതിന്‌ കൃത്യമായ നിർവചനം ഇല്ല. അതിനാൽ ന്യൂട്രസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ എന്നു പൊതുവെ പറയുന്നവ പോഷകാഹാരങ്ങളാകാം, പോഷകാഹാര സഹായകങ്ങളാകാം, സമ്പുഷ്ടാഹാരങ്ങളാകാം, ജനിതകമായി വികസിപ്പിച്ചെടുത്ത ഡിസൈനർ ഭക്ഷണമാകാം, ഔഷധികളാകാം, ധാന്യങ്ങൾ, സൂപ്പ്‌, പാനീയങ്ങൾ തുടങ്ങിയവയുമാകാം.  ഇവയെല്ലാം തീർച്ചയായും ശരീരത്തിന്റെ ആരോഗ്യത്തിനും ജീവശാസ്ത്രപരമായ പ്രവർത്തനങ്ങൾക്കും അത്യന്താപേക്ഷിതവുമാണ്‌.

തേങ്ങാവെളളത്തിന്‌ ചില ആന്റി ഓക്സിഡന്റ്‌ ഗുണങ്ങൾ ഉണ്ട്‌ എന്നു നേരത്തെ കണ്ടെത്തിയിട്ടുളളതാണ്‌. ദീർഘനേരം വ്യായാമം ചെയ്യുന്നത്‌ കൊണ്ട്‌ ശരീരത്തിൽ ഉത്പ്പാദിപ്പിക്കപ്പെടുന്ന ഓക്സിജൻ പ്രതിപ്രവർത്തന കണികകളെ നിർവീര്യമാക്കുന്നതിന്‌ തേങ്ങാവെളളത്തിലെ ചില ഘടകങ്ങൾ സഹായിക്കുന്നു. അതിനാൽ തേങ്ങാവെളളവുമായി ചില പ്രകൃതിദത്ത ആന്റി ഓക്സിഡന്റുകളെ സംയോജിപ്പിച്ചാൽ ന്യൂട്രസ്യൂട്ടിക്കൽ വികസിപ്പിക്കാൻ സാധിക്കും.  തേങ്ങാവെളളത്തിനൊപ്പം കശുമാങ്ങാ നീര്‌ അല്ലെങ്കിൽ തേങ്ങാവെളളത്തിനൊപ്പം അസര്റോള (ഒരു തരം ചെറി) പഴച്ചാർ, ഇവ രണ്ടിനുമൊപ്പം ഉത്തേജക ത്വരകമായി കഫീൻ കൂടി ചേർത്ത്‌ തയ്യാറാക്കുന്ന പാനീയങ്ങൾ ആറുമാസം വരെ കേടാകാതെയിരിക്കും.  വിവിധ ശ്രേണിയിൽ ആന്റി ഓക്സിഡന്റുകൾ ഉണ്ട്‌.  പല രാസവസ്തുക്കൾക്കും പ്രത്യക്ഷമായും പരോക്ഷമായും ആന്റി ഓക്സിഡന്റ്‌ ശേഷി ഉണ്ട്‌.  എന്നാൽ ആന്റി ഓക്സിഡന്റുകളുടെ ഔദ്യോഗിക നിർവചനം പോഷകാഹാരവുമായി ബന്ധപ്പെട്ടതാണ്‌.  മനുഷ്യ ശരീരത്തിന്റ സാധാരണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഓക്സിജൻ പ്രതിപ്രവർത്തന കണികകൾ, നൈട്രജൻ പ്രതിപ്രവർത്തന കണികകൾ എന്നിവയുടെ പ്രതികൂല പ്രവർത്തനത്തെ കുറയ്ക്കുന്നതിന്‌ ശേഷിയുളള ഭക്ഷണഘടകമാണ്‌ പോഷകാഹാര ആന്റി ഓക്സിഡന്റ്‌ എന്നാണ്‌ ഫുഡ്‌ ആന്റ്‌ ന്യൂട്രീഷൻ ബോർഡ്‌ നൽകുന്ന നിർവചനം.

മാതളനാരങ്ങ, നെല്ലിക്ക, പേരയ്ക്ക, എന്നിവയുടെ സത്തിനൊപ്പം തേങ്ങാവെളളം പ്രധാന ചേരുവയായി ന്യൂട്രസ്യൂട്ടിക്കൽ ഭക്ഷണം തയാറാക്കാം എന്ന്‌ അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ ശയൻസിൽ നടത്തിയ ഗവേഷണത്തിൽ കണ്ടെത്താനായി. മാതളനാരങ്ങ അതി വിശിട്ഷമായ പോഷകാഹാരമാണ്‌. മനുഷ്യ ശരീരത്തിന്റെ നിരവധി പ്രവർത്തനങ്ങളെ അത്‌ സഹായിക്കുന്നു. കാൻസർ, ബാക്ടീരിയ, ഡയറിയ, ഫംഗസ്‌, അൾസർ, തുടങ്ങിയവയ്ക്കെതിരെ അവ ശരീരത്തെ ബലപ്പെടുത്തുന്നു.  പ്രതിരോധ ശേഷി വർധിപ്പിക്കുന്നു. ഹൃദയം കരൾ തുടങ്ങിയവയുടെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നു. ജീവകം സിയുടെ പ്രകൃതിയിലുളള ഏറ്റവും വലിയ കലവറയാണ്‌ നെല്ലിക്ക. മാത്രവുമല്ല ഇതും ശക്തമായ ആന്റി ഓക്സിഡന്റാണ്‌, മനുഷ്യന്റെ ആരോഗ്യത്തിനാവശ്യമായ എംബ്ലിക്കാനിൻ - എ, എംബ്ലിക്കാനിൻ - ബി, പ്യൂണിഗ്ലൂക്കോണിൻ, പെഡൺകുലാജിൻ തുടങ്ങിയ വിവിധ  ഘടകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.
പേരയ്ക്കയും  ഇതുപോലെ വൻതോതിൽ ആന്റി ഓക്സിഡന്റ്‌ ഘടകങ്ങൾ  അടങ്ങിയിട്ടുളള ഒരു പഴവർഗ്ഗമാണ്‌.  ജീവകം സി, കരോറ്റിനോയിഡ്‌, കരോട്ടിൻ, ലൈക്കോപിൻ, എലാജിക്‌ ആസിഡ്‌, അന്തോസിയാനിൻ തുടങ്ങിയ ഫിനോലിക്‌ ഘടകങ്ങളും ഇതിലുണ്ട്‌.
ചാവക്കാട്‌ ഓറഞ്ച്‌ ഡ്വാർഫ്‌ ഇനം തേങ്ങയുടെ വെളളത്തിൽ വിവിധ ഇനം പ്രകൃതിദത്ത ചേരുവകൾ ചേർത്ത്‌ ഏഴുമാസം കൊണ്ട്‌ പോഷകഗുണം വർധിപ്പിക്കുക.  ഇപ്രകാരം പോഷകഗുണം വർധിപ്പിച്ച തേങ്ങാവെളളത്തിന്റെ കാര്യക്ഷമതാ പഠനം നടത്തുക എന്നിവയായിരുന്നു ഗവേഷണ ലക്ഷ്യങ്ങൾ.  ഗുണമേന്മയുളള മാതളനാരങ്ങ, നെല്ലിക്ക, പേരയ്ക്ക എന്നിവയുടെ ശുദ്ധമായ സത്ത്‌, നാളികേര വികസന ബോർഡിന്റെ നേര്യമംഗലം ഫാമിൽ നിന്ന്‌ ശേഖരിച്ച ചാവക്കാടൻ ഓറഞ്ച്‌ കുറിയ ഇനത്തിന്റെ ഏഴു മാസം പ്രായമുളള കരിക്കിൻ വെളളം എന്നിവയാണ്‌ ഇതിനായി ഉപയോഗിച്ചതു.  തേങ്ങാവെളളം നന്നായി അരിച്ച്‌ ഒരു ബീക്കറിൽ സംഭരിച്ചു.
ബീക്കറിലെ തേങ്ങ വെളളത്തിൽ അഞ്ചു ശതമാനം ഫ്രക്ടോസും നിസിനും ചേർത്ത്‌ 90 ഡിഗ്രി സെൽഷ്യസിൽ 10 മിനിറ്റ്‌ ചൂടാക്കി. തുടർന്ന്‌ പഴങ്ങളുടെ സത്തും മറ്റും ചേർത്ത്‌ രണ്ടു മിനിറ്റു കൂടി ചൂടാക്കി.  തണുക്കാനായി റഫ്രിജറേറ്ററിലേയ്ക്ക്‌ മാറ്റി. മൂന്നു പഴച്ചാറുകളുടെയും മൂന്നു തരം വീര്യമുളള ലായനികളാണ്‌ എടുത്തത്‌.  മാതള നാരങ്ങ - 5%, 10%, 15%, പേരയ്ക്ക - 1%, 3%, 5%. നെല്ലിയ്ക്ക - 2.5%, 5%, 7.5%. ഇങ്ങനെ മൊത്തം ഒൻപതു മിശ്രിതങ്ങളാണ്‌ തയ്യാറാക്കിയത്‌.

രണ്ടും നാലും മാസങ്ങൾ സൂക്ഷിച്ച്‌ വെയ്ക്കുമ്പോൾ ഇവയുടെ ഭൗതിക രാസ ഗുണങ്ങളിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച്‌ പഠനങ്ങൾ നടത്തി. ഭൗതികഗുണങ്ങൾ അപഗ്രഥിച്ചപ്പോൾ നിറം, മണം, വാതക രൂപീകരണം എന്നിവയും ജൈവരാശയനിക പരിശോധനയിൽ പിഎച്ച്‌, അസ്കോർബിക്‌ ആസിഡ്‌, അമ്ലത്വം, ഫിനോൾ അളവ്‌ തുടങ്ങിയവയും സ്വാദ്‌ പരിശോധനയിൽ മണം, രുചി എന്നിവയുമാണ്‌ പഠനവിധേയമാക്കിയത്‌.
പത്തു ശതമാനം മാതളനാരങ്ങ ചേർത്ത്‌ പോഷകഗുണം മെച്ചപ്പെടുത്തിയ തേങ്ങവെളളത്തിൽ 31.52 ശതമാനം വൈറ്റമിൻ സിയും 13.5 ശതമാനം പോളിഫിനോളുകളും കണ്ടെത്തി.
ഒരു ശതമാനം പേരയ്ക്ക ചേർത്ത തേങ്ങവെളളം രുചിയിൽ രണ്ടാം സ്ഥാനത്ത്‌ എത്തി. ഇതിൽ 19.7 ശതമാനം അസ്കോർബിക്‌ ആസിഡും 10.22 ശതമാനം പോളിഫിനോളുകളും ഉണ്ടായിരുന്നു.
2.5 ശതമാനം നെല്ലിക്ക ചേർത്ത തേങ്ങ വെളളത്തിൽ അസ്കോർബിക്‌ ആസിഡിന്റെ അളവ്‌ 77.5 ശതമാനമായിരുന്നു; പോളിഫിനോൾ 10.22 ശതമാനവും.
10 ശതമാനം മാതളനാരങ്ങനീര്‌ ചേർത്ത കരിക്കിൻ വെളളത്തിന്‌ ഉയർന്ന പോഷകമൂല്യവും നാലുമാസത്തോളം ഗുണത്തിലും രുചിയിലും മാറ്റമില്ലാതെ ഇരിക്കുന്നതായും ഈ ഗവേഷണത്തിൽ കണ്ടെത്താൻ സാധിച്ചു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...