ഡോ.ജേക്കബ് വടക്കൻചേരി
പ്രകൃതി ജീവനാലയം, ചമ്പക്കര കൊച്ചി
പ്രകൃതി ജീവനത്തിന്റെ കേരളീയ ശൈലിയിൽ നാളികേരത്തിനും കരിക്കിനും ദിവ്യമായ സ്ഥാനമാണുള്ളത്. പൊട്ടാസ്യം കൂടിയ നിലയിലുള്ള ചില കിഡ്നി രോഗികൾക്കൊഴിച്ചാൽ തേങ്ങയും കരിക്കും ഔഷധമായി നൽകാത്ത പ്രകൃതി ജീവനാലയങ്ങളില്ല.
കരുത്തും കർമ്മ ശേഷിയും നൽകുന്ന നൂറു ട്രില്യൺ കോശങ്ങളാൽ നിർമ്മിതമായ മനുഷ്യന്റെ ശരീരത്തിന്റെ സകല പ്രയാസങ്ങൾക്കുമുള്ള തിരുത്തൽ പദാർത്ഥമായി തേങ്ങയെ ഉപയോഗിക്കാം.
തേങ്ങയും കരിക്കും വേവിക്കാത്ത പച്ചക്കറികളും പഴങ്ങളും വിവേകപൂർവം ഉപയോഗിക്കുകയും നന്നായി വെയിൽ (സൂര്യസ്നാനം)കൊള്ളുകയും നല്ല വെള്ളം കുടിക്കുകയും ചെയ്താൽ മാറാത്ത രോഗങ്ങൾ ഇല്ല എന്ന് ഉറപ്പിച്ചു പറയട്ടെ. പ്രകൃതി ജീവനാലയങ്ങളിൽ നിന്ന് എല്ലാ രോഗങ്ങളും മാറി, സന്തോഷത്തോടെ മടങ്ങുന്ന നൂറു കണക്കിനു രോഗികളുടെ ജീവിത സാക്ഷ്യങ്ങൾ ഈ പ്രസ്താവനയ്ക്ക് അടിവരയിടുന്നു.
അഞ്ചും പത്തും അതിലധികവും മീറ്റർ ഉയരത്തിൽ വളരുന്ന തെങ്ങ് അതികാഠിന്യമേറിയ തടിക്കുള്ളിലൂടെ വേര് വലിച്ചെടുക്കുന്ന വെള്ളവും ഭൂമിയും കൂമ്പിലേയ്ക്ക് എത്തിക്കുന്ന, ഇളനീരിനോളം ഇത്രയേറെ അരിച്ചു മാറ്റി മാലിന്യ മുക്തമാക്കപ്പെട്ട മറ്റൊരു പ്രകൃതി വിഭവം ഇല്ലെന്നു തന്നെ പറയാം. പനയും മാവും പ്ലാവുമൊക്കെ പിന്നീടാണ് വരുന്നത്.
മറ്റേതു മരത്തെക്കാളും ഉയരത്തിൽ നിന്ന് പഞ്ചഭൂതങ്ങളിലെ അടുത്ത ഭാവങ്ങളായ വായുവിനെയും വെയിലിനെയും (അഗ്നി) പ്രപഞ്ചത്തിന്റെ പ്രാണ ശക്തിയെയും സ്വാംശീകരിച്ചാണ് പഞ്ചഭൂത തികവു വരുന്ന തേങ്ങയെ തെങ്ങു പാകപ്പെടുത്തി എടുക്കുന്നത്. കുഞ്ഞു മച്ചിങ്ങയെ എത്ര മാസങ്ങൾ വെയിലത്ത് വേവിച്ച് വേവിച്ചാണ് പ്രകൃതി തേങ്ങയെ ഉണ്ടാക്കിയെടുക്കുന്നത് എന്നു ചിന്തിച്ചതിനു ശേഷമാകണം തേങ്ങയുടെ മൂല്യത്തെ നാം വിലയിരുത്തേണ്ടത്.
പൂങ്കുല വിരിയാൻ ഒരു മാസം, മച്ചിങ്ങയാകാൻ മറ്റൊരു മാസം, കരിക്കാകാൻ നാലു മുതൽ ഏഴു വരെ മാസങ്ങൾ, തേങ്ങയാകാൻ പതിനൊന്നു മുതൽ 12 വരെ മാസങ്ങൾ. ഓർത്തു നോക്കിയാൽ മറ്റേതു ഫലത്തെയാണ് പ്രകൃതി ഇത്രമേൽ കരുതലോടെ പരിപാലിക്കുന്നതും കരുത്തുള്ളതാക്കുന്നതും.
വൈറ്റമിനുകൾ, മിനറലുകൾ, ഫൈറ്റോന്യൂട്രിയന്റ്സ്, അമിനോ ആസിഡുകൾ, ആന്റി ഓക്സിഡന്റുകൾ, എൻസൈമുകൾ, ഗ്രോത്ത് ഹോർമോണുകൾ, ഇൽക്ട്രോലൈറ്റുകൾ എന്നിങ്ങനെ മനുഷ്യ കോശങ്ങൾക്ക് ആവശ്യമുള്ള അപൂർവ പോഷകങ്ങൾ ഉള്ളിൽ നിറച്ചിരിക്കുന്ന അത്ഭുത ഫലമായി തേങ്ങ മാറുന്നത് ഒരു വർഷത്തോളം നീളുന്ന പ്രകൃതിയുടെ അതിസൂക്ഷ്മ പരിപാലനത്തിലൂടെയാണ്.
രോഗമുക്തിയും നാളികേരവും
രോഗം ഉണ്ടാക്കുന്നതും രോഗം മാറ്റുന്നതും എല്ലാം ശരീരം തന്നെയാണ്. അതിനാൽ മരുന്നുകൾ ചെന്ന് രോഗം മാറ്റുന്നു എന്ന ചിന്തയും മരുന്നുകളുടെ പ്രയോഗവും പ്രകൃതി ജീവനത്തിന്റെ കാഴ്ച്ചപ്പാടിൽ അശാസ്ത്രീയമാണ്.
കണ്ണിനു കാണാനാവാത്ത ഒരു സൂക്ഷ്മബീജത്തിൽ സ്ഥിതി ചെയ്തിരുന്ന ജീവൻ എന്ന പ്രതിഭാസമാണ് അണ്ഡവുമായി ചേർന്ന് കോശ വർധനവിലൂടെ ശിശുവായി മാറാനും പിന്നെയും വളർന്ന് പൂർണ മനുഷ്യനാവാനും ഇടയാകുന്നത്. ബാഹ്യ അവയവങ്ങൾ പൂർണ വിശ്രമത്തിലാകുന്ന നിദ്രകളിലും മനുഷ്യ ശരീരത്തിലെ ആന്തരികാവയവങ്ങൾ ഉണർന്നിരുന്ന് പ്രവർത്തിക്കുന്നു. പുതിയ കോശങ്ങളെ നിർമ്മിക്കുകയും പഴയത്തിനെ മാറ്റുകയും ചെയ്യുന്നു. നൂറു ട്രില്യൺ കോശങ്ങൾ ഉള്ള മനുഷ്യ ശരീരത്തിൽ അൻപതു മുതൽ എഴുപതുവരെ ബില്യൺ കോശങ്ങളാണ് ദിവസവും മരിക്കുന്നതും പുതുതായി ജനിക്കുന്നതും.
മരിച്ചുപോകുന്ന കോശങ്ങൾക്കു പകരം വരുന്ന കോശങ്ങൾ ഗുണം കുറഞ്ഞവയാണെങ്കിൽ അവകൊണ്ട് പരിപാലിക്കപ്പെടുന്ന അവയവങ്ങൾ ദുർബലങ്ങളാകുകയും ക്രമേണ ശരീരത്തിന്റെ ആരോഗ്യം നശിക്കുകയും ചെയ്യും. ഈ ദുരവസ്ഥയെയാണ് പല പല രോഗങ്ങളായി വ്യഖ്യാനിക്കുന്നത്. പുതുതായി ജനിക്കുന്ന കോശങ്ങൾ ആരോഗ്യമുള്ളവയാണെങ്കിൽ ശരീരം ആരോഗ്യപൂർവം നിലനിൽക്കുകയും ഉന്മേഷത്തോടെ പ്രവർത്തിക്കുകയും ചെയ്യും.
പുതിയ കോശങ്ങൾ നിർമ്മിക്കാൻ ജീവനു കിട്ടുന്ന അസംസ്കൃത പദാർത്ഥങ്ങൾ ഏത്, അവയുടെ ഗുണനിലവാരം എന്ത് എന്നീ ചോദ്യങ്ങളാണ് ഇവിടെ ഉയരുന്നത്. നല്ല ഭക്ഷണം കഴിച്ചാൽ നല്ല രക്ത -മജ്ജ - മാംസാദികൾ ഉണ്ടാകുന്നു. തത്ഫലമായി നല്ല ആരോഗ്യവും എന്ന ലളിതമായ സത്യമാണ് തേങ്ങ നമുക്ക് വ്യക്തമാക്കിത്തരുന്നത്.
കഴിക്കാൻ വളരെ എളുപ്പം, ഒരു വർഷത്തോളം സൂര്യതാപത്താൽ പ്രകൃതി തന്നെ വേവിച്ചെടുത്തത്താണ്. നേരെ കഴിക്കാം. നല്ല രുചി. കഴിച്ചാൽ ദഹിക്കാനും എളുപ്പം. വിയറ്റ്നാം യുദ്ധകാലത്ത് പരുക്കേറ്റ് സൈനിക ആശുപത്രികളിലെത്തുന്ന ഭടന്മാർക്ക് കരിക്കിൻ വെള്ളം നേരിട്ട് ഞരമ്പുകളിലൂടെ കയറ്റുകയായിരുന്നു. ദോഷഫലങ്ങൾ യാതൊന്നും ഇല്ലാത്തതും മനുഷ്യ ശരീരവുമായി പെട്ടെന്നു യോജിക്കുന്നതുമായ സാമ്യപദാർത്ഥങ്ങളാണ് കരിക്കിലും തേങ്ങയിലും ഉള്ളത്. ഇതു ദഹിക്കാൻ വളരെ ചെറിയ സമയം മതി. ദഹനത്തിനു ശേഷമുള്ള ആഗീരണവും അവശിഷ്ടങ്ങളുടെ വിസർജ്ജനവും ശരീരത്തിനു ബുദ്ധിമുട്ട് ഉണ്ടാക്കുന്നതല്ല. അതിലുപരി പരമാവധി സുഖം നൽകുകയും ചെയ്യുന്നു.മത്സ്യ മാംസാദികളുടെ അവശിഷ്ടങ്ങൾ വൻകുടലിൽ വിഷവാതകങ്ങളുടെ അസ്വസ്ഥത ഉണ്ടാക്കുമ്പോൾ തേങ്ങയിലെ ഫൈബർ അംശങ്ങൾ വിസർജ്ജനവും വൻകുടലിന്റെ വൃത്തിയും പരമാവധി ഉറപ്പു വരുത്തുന്നു.
രോഗം മാറ്റാനും ആരോഗ്യപൂർവം ജീവിക്കാനും പ്രാണനെ സഹായിക്കുന്നു, പ്രാണൻ നിറഞ്ഞു തുളുമ്പുന്ന ഭക്ഷണമായി മാറുന്നു കരിക്കും തേങ്ങയും. തേങ്ങയുടെ ചില ഔഷധ വിധികൾ ഇതാ:
മലബന്ധത്തിന് - അരഗ്ലാസ് തേങ്ങപ്പാലിൽ ഒരു പൂവൻ പഴവും അൽപം ഉണക്കമുന്തിരിയും മിക്സിയിൽ അരച്ച് അരഗ്ലാസ് പച്ചവെള്ളവും ചേർത്ത് രാത്രി കഴിക്കുക.
ജലദോഷത്തിനും അലർജിക്കും - മൂന്നു ദിവസം കരിക്കിൻവെള്ളം മൂന്ന് എണ്ണം വീതം കുടിച്ച് മറ്റൊന്നും കഴിക്കാതെ വിശ്രമിക്കുക. ജലദോഷം മാറും. കരിക്കിൻവെള്ളം, തേങ്ങ, പഴങ്ങൾ എന്നിവ മാത്രം കഴിച്ച് ഒരാഴ്ച്ച ആയാസമുള്ള ജോലികൾ ഒന്നും ചെയ്യാതെ ഇരുന്നാൽ അലർജി മാറും.
പ്രഷറിന് - രണ്ടു നേരം പഴങ്ങളും തേങ്ങയും ചേർത്ത് കഴിക്കുകയും ഒരു നേരം മാത്രം വേവിച്ചതു കഴിക്കുകയും ചെയ്യുക. രണ്ട് കരിക്കു വീതം കുടിക്കുകയും ചെയ്യാം. രണ്ട് ആഴ്ച്ചയ്ക്കുള്ളിൽ പ്രഷറിനുള്ള മരുന്നുകൾ കുറച്ചു നിർത്താനും ക്രമേണ പ്രഷർ നോർമലാക്കാനും സാധിക്കും.
ഹൃദ്‌രോഗം വാരാതിരിക്കാൻ - ദിവസവും ഒരു തേങ്ങ വീതം അകത്തു ചെല്ലത്തക്ക വിധം എല്ലാ ഭക്ഷണത്തിലും തേങ്ങ ഉൾപ്പെടുത്തുക. പാകം ചെയ്താൽ രണ്ടു മണിക്കൂറിനുള്ളിൽ ഭക്ഷണം കഴിക്കുക. ഉച്ചകഴിഞ്ഞാൽ വേവിച്ചതു കഴിക്കരുത്. തേങ്ങയും പഴങ്ങളും കരിക്കും മാത്രം കഴിക്കുക.
കൊളസ്ട്രോൾ കുറയ്ക്കാൻ - പത്തു ദിവസം തേങ്ങയും പഴങ്ങളും ധാരാളം കഴിക്കുക. കരിക്കും പച്ചവെള്ളവും കുടിക്കുക. തേങ്ങയെ കുറിച്ച് മരുന്നു കമ്പനികൾ പരത്തിയ ദുരാരോപണങ്ങൾ കള്ളമാണ് എന്ന് അപ്പോൾ വ്യക്തമാകും. കൊളസ്ട്രോൾ നോർമലാകും.
പ്രമേഹത്തിനു പോലും തേങ്ങ വേവിക്കാതെ ധാരാളം കഴിച്ചാലുണ്ടാകുന്ന മാറ്റം ഒന്നു പരീക്ഷിച്ചു നോക്കുക. മരുന്നുകൾ ധാരാളം കഴിക്കുന്ന പഴകിയ രോഗം ഉള്ളവർ മുകളിൽ പറഞ്ഞ നിർദ്ദേശങ്ങൾ ഇടംവലം നോക്കാതെ തുടങ്ങരുത്. പ്രകൃതി ജീവനാലയത്തിന്റെ അല്ലെങ്കിൽ ഒരു പ്രകൃതി ചികിത്സകന്റെ മേൽ നോട്ടത്തിൽ മാത്രമെ ഇത് ചെയ്യാവൂ.
മനുഷ്യന്റെ ശാരീരീക പ്രവർത്തനങ്ങൾ, ആരോഗ്യം, ചിന്തകൾ എന്നിവയെല്ലാം ആരോഗ്യത്തോടെ പ്രവർത്തിക്കുന്ന കോശങ്ങളുടെ ആകത്തുകയാണ് എന്ന കാര്യം ഒരിക്കൽ കൂടി ഓർമ്മിച്ചുകൊണ്ട് നാം തിരിച്ചറിയേണ്ടത് തേങ്ങയും കരിക്കും ഒക്കെ പ്രതിനിധീകരിക്കുന്ന വിശുദ്ധവും കലർപ്പില്ലാത്തതുമായ ഭക്ഷണസാധനങ്ങൾ വിശുദ്ധ കോശങ്ങളെ നിർമ്മിക്കുകയും വിശുദ്ധ ശരീരത്തെ പരിപാലിക്കുകയും ചെയ്യുന്നു എന്നുള്ള സത്യമാണ്.