ഇളനീർ - ആരോഗ്യമേഖലയുടെ പ്രതീക്ഷ

വൈദ്യകലാനിധി  ​‍പ്രൊഫ.സി.കെ രാമചന്ദ്രൻ

പണ്ട്‌, കൊച്ചിയിൽ കോളറ പടർന്നു പിടിച്ച കാലം. ആയിരക്കണക്കിനാളുകളാണ്‌ ആ മാരകരോഗത്തിന്റെ പിടിയിൽപെട്ടത്‌. ഇന്നത്തെ പോലെ ആധുനിക ചികിത്സാ സംവിധാനങ്ങൾ ഒന്നും ഇല്ല. കോളറ ബാധിതരായി നൂറുകണക്കിനാളുകൾ ദിവസവും ചികിത്സ കിട്ടാതെ മരിക്കുകയാണ്‌. ആരോഗ്യ വകുപ്പ്‌ അന്തം വിട്ടുനിന്നു. അതിസാരവും ഛർദ്ദിയും മൂലം  ശരീരത്തിലെ  ജലാംശം പൂർണമായും നഷ്ടപ്പെട്ടാണ്‌ മിക്ക രോഗികളുടെയും മരണം സംഭവിക്കുന്നത്‌. ഇത്തരം സന്ദർഭങ്ങളിൽ ഞരമ്പുകളിലേയ്ക്ക്‌ നേരിട്ട്‌ (ഇൻട്രാവീനൽ) നോർമൽ സലൈൻ, ഗ്ലൂക്കോസലൈൻ എന്നിവയാണ്‌ ഫ്ലൂയിഡായി  നൽകുക. ഇത്‌ കൃത്യ സമയത്ത്‌ വേണ്ട അളവിൽ നൽകിയാൽ കോളറ ബാധിച്ച രോഗിയെ രക്ഷപ്പെടുത്താൻ സാധിക്കും.
പക്ഷെ ആയിരക്കണക്കിനാളുകൾ രോഗബാധിതരായിരിക്കെ ഇവർക്കെല്ലാം  ആവശ്യമുള്ളത്ര ഐവി ഫ്ലൂയിഡ്‌ ഇത്രപെട്ടെന്ന്‌  എവിടെനിന്ന്‌ സംഘടിപ്പിക്കാൻ  സാധിക്കും? എന്താണ്‌ ബദൽ സംവിധാനമെന്ന്‌  ഡോക്ടർമാർ കൂട്ടമായി ആലോചിച്ചു.  ഈ സമയത്ത്‌ അവരുടെ ബുദ്ധിയിൽ തെളിഞ്ഞ പരിഹാരമാർഗ്ഗമാണ്‌ കേരളത്തിൽ എവിടെയും സുലഭമായ ഇളനീർ എന്ന പ്രകൃതിദത്ത ഐവി ഫ്ലൂയിഡ്‌. അതൊരു പരീക്ഷണമായിരുന്നു. പക്ഷെ, വിജയിച്ചു. നൂറുശതമാനവും വൻ വിജയം.  അങ്ങനെയാണ്‌ ഇളനീർ ആരോഗ്യവകുപ്പിന്റെ രക്ഷയ്ക്ക്‌ എത്തിയതും ആയിരക്കണക്കിന്‌ ആളുകളെ അന്ന്‌ കോളറയുടെ മരണവക്ത്രത്തിൽ നിന്നു രക്ഷപ്പെടുത്തിയതും. ഇതിന്‌ രേഖകളുണ്ട്‌.
ഇതുപോലെ സാംക്രമിക രോഗങ്ങൾ നാടിനെ ഗ്രസിച്ച പല സന്ദർഭങ്ങളിലും കരിക്കിൻ വെള്ളത്തിന്റെ ശക്തിയും ഔഷധമൂല്യവും കേരളം എത്രയോ പ്രാവശ്യം  അനുഭവിച്ചറിഞ്ഞിരിക്കുന്നു.
ഇന്ന്‌ കോളറ ബാധിച്ചാൽ അതിനു കാരണമായിട്ടുള്ള വിബ്രിയോ എന്ന ബാക്ടീരിയയെ നശിപ്പിക്കാൻ ആന്റിബയോട്ടിക്കുകളാണ്‌  ഡോക്ടർമാർ നൽകുക. പക്ഷെ, പണ്ട്‌ ആന്റിബയോട്ടിക്കുകൾക്ക്‌ ഇത്ര വലിയ സ്ഥാനം ചികിത്സയിൽ ഉണ്ടായിരുന്നില്ല.  ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടാൽ അത്രത്തോളം അളവ്‌ വെള്ളം ശരീരത്തിലേയ്ക്ക്‌ തിരിച്ച്‌ കയറ്റുക എന്നതായിരുന്നു പ്രഥമ ശുശ്രൂഷാ രീതി. അതിന്‌ ഉപയോഗിച്ചിരുന്നത്‌ സലൈനും ഗ്ലൂക്കോസലൈനും ആയിരുന്നു താനും.
എന്നാൽ ഒരു പ്രദേശം മുഴുവൻ കോളറ ബാധിച്ചപ്പോൾ തക്ക സമയത്ത്‌ സലൈനും ഗ്ലൂക്കോസലൈനും വേണ്ടത്ര വലിയ അളവ്‌ കിട്ടിയില്ല. ഈ പ്രതിസന്ധി പരിഹരിക്കാനാണ്‌ ഇളനീര്‌ നേരിട്ട്‌ ഐവി ഫ്ലൂയിഡായി നൽകിയത്‌.
ഇതൊരു ചെറിയ കാര്യമല്ല. കരിക്കിൻ വെള്ളം ​‍്യുഎന്ന അത്ഭുത പാനീയത്തിന്റെ വലിയ ഔഷധ ശക്തിയാണ്‌ അന്ന്‌ പ്രായോഗികമായി തെളിയിക്കപ്പെട്ടത്‌. അതായത്‌ മനുഷ്യ ശരീരത്തിനുള്ളിലുള്ള ജലവുമായി താദാത്മ്യം പ്രാപിക്കാൻ ശേഷിയുള്ളതാണ്‌ പ്രകൃതിദത്തമായ കരിക്കിൻ വെള്ളം എന്ന സത്യമാണ്‌ അന്നു തിരിച്ചറിഞ്ഞത്‌. പ്രകൃതിയിൽ നിന്നുള്ള മറ്റൊരു ദ്രാവകത്തിനും ഈ ശേഷി ഇല്ല. ഇന്നും ഡീഹൈഡ്രേഷൻ സംഭവിച്ച്‌ എത്തുന്ന രോഗികൾക്ക്‌ ഡോക്ടർമാർ ആത്മവിശ്വാസത്തോടെ ശിപാർശ ചെയ്യുന്നത്‌ കരിക്കിൻ വെള്ളമാണ്‌. (ഇത്‌ നിർബന്ധമാക്കാവുന്നതാണ്‌.) കാരണം കരിക്കിൻ വെള്ളത്തിൽ നല്ല അളവിൽ ഗ്ലൂക്കോസും മനുഷ്യശരീരത്തിന്‌ ആവശ്യമായ വിവിധ ലവണാംശങ്ങളും ഉണ്ട്‌.
മുൻകാലങ്ങളിൽ കേരളത്തിലെ കുട്ടികളുടെ വൈദ്യന്മാർക്ക്‌ അവരുടെ തനതായ ഒരു സിദ്ധൗഷധമുണ്ടായിരുന്നു-കരിക്ക്
‌ പുഴുങ്ങിയത്‌. കൊച്ചുകുഞ്ഞുങ്ങൾക്ക്‌ ഡയറിയ വന്ന്‌ ശരീരത്തിലെ ജലാംശം മുഴുവൻ നഷ്ടപ്പെട്ടാൽ ചെയ്തിരുന്ന ആദ്യ ചികിത്സ  കരിക്ക്‌ പുഴുങ്ങി കൊടുക്കലായിരുന്നു. കരിക്കിന്റെ പുറംതോട്‌ ചെത്തി, അതിന്റെ മുകൾ ഭാഗം വെട്ടി ആ ഇളനീരിലേയ്ക്ക്‌ അരച്ചെടുത്ത മൂന്നു നാലു തരം ആയുർവേദ മരുന്നുകൾ ചെറിയ അളവിൽ കലക്കി ചേർക്കും. പിന്നീട്‌ വെള്ളത്തിൽ കുതിർത്ത വൈക്കോൽ ഒരു  പാത്രത്തിൽ നിറച്ച്‌ അതിനുള്ളിൽ മരുന്ന്‌ ചേർത്ത കരിക്ക്‌ (പൊട്ടിച്ച ഭാഗം മുകളിലേയ്ക്കായി വച്ച്‌) ആവിയിൽ പാകപ്പെടുത്തിയെടുക്കും. നിശ്ചിത സമയത്തിനുള്ളിൽ പുറത്തെടുത്ത്‌ ഈ കരിക്കിലെ വെള്ളം കുട്ടികൾക്ക്‌ മരുന്നായി നൽകും. പറഞ്ഞ മാത്രയിൽ കുട്ടികളുടെ രോഗം ഭേദമാകും.
കരിക്കിൻവെള്ളം നൽകുക വഴി കുട്ടികളുടെ ഡീഹൈഡ്രേഷൻ മാറുകയും, അതിൽ ചേർത്തിരിക്കുന്ന മരുന്നുകളുടെ ശക്തി കൊണ്ട്‌ ഛർദ്ദിയും വയറിളക്കവും ഭേദമാവുകയും ചെയ്യും എന്നതാണ്‌ ഇതിന്റെ ശാസ്ത്രീയമായ വശം. ഛർദ്യതിസാരവുമായി വരുന്ന രോഗികൾക്ക്‌ ഇളനീർ നൽകുക എന്നത്‌ അന്നത്തെ ഒരു രീതിയായിരുന്നു.
കരിക്കിനുള്ളിലെ മൃദുവായ കാമ്പ്‌ ഒരു പോഷകവസ്തുവാണ്‌. കാർബോഹൈഡ്രേറ്റ്സ്‌, വൈറ്റമിനുകൾ, മിനറലുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നതു കൊണ്ട്‌, ഇത്‌ പോഷകാഹാരമായി രോഗികൾക്കു നൽകുകയും ചെയ്യാം. കാരണം അതിൽ കൊഴുപ്പിന്റെ അംശം തീരെ കുറവുമാണ്‌.
വിളഞ്ഞു പാകമായ സാധാരണ നാളികേരവും പോഷകസമൃദ്ധമാണ്‌. നാളികേരം ചിരകിയതും, അതു പിഴിഞ്ഞെടുക്കുന്ന പാലും കേരളീയർ പല തരത്തിൽ ഭക്ഷണസാധനങ്ങളുടെ മുഖ്യ ചേരുവയായി ഉപയോഗിക്കുന്നു. ഇതിൽ എണ്ണയുടെ അംശം ഉണ്ട്‌. പഴയ തലമുറയിൽ പെട്ടവർ കഞ്ഞിയിൽ തേങ്ങ ചിരകിയതോ, തേങ്ങപ്പാലോ ചേർത്ത്‌ കഴിക്കാറുണ്ടായിരുന്നു. അതും പോഷക സമൃദ്ധമാണ്‌. തേങ്ങ ചിരകിയതു ചേർത്തു തയാറാക്കുന്ന ചോറും പോഷകാംശം നിറഞ്ഞ ഭക്ഷണമാണ്‌. അരി,ശർക്കര, തേങ്ങചിരകിയത്‌ എന്നിവ ചേർത്തു തയാറാക്കുന്ന ശർക്കരചോറും കേരളീയരുടെ വിശേഷ ആഹാരമാണ്‌. ശർക്കര ചേരുമ്പോൾ ഇരുമ്പിന്റെയുംമറ്റും ലവണാംശം  കൂടി അതിൽ ചേരുന്നു എന്നതാണ്‌ പ്രത്യേകത.
നാട്ടിൻപുറങ്ങളിൽ നാളികേരം ഉണങ്ങി കൊപ്രയാക്കി സൂക്ഷിക്കുകയും ആവശ്യാനുസരണം അത്‌ ആട്ടി എണ്ണയെടുത്ത്‌ ഭക്ഷ്യാവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുകയും പതിവാണ്‌. എന്നാൽ ഏതാനും വർഷം മുമ്പ്‌ ചില തൽപരകക്ഷികൾ, വെളിച്ചെണ്ണയുടെ ഉപയോഗം ആരോഗ്യത്തിന്‌ ഹാനികരമാണെന്ന്‌ പ്രചാരണം നടത്തിയതു മൂലം സാധാരണക്കാർ ഒന്നു ഭയന്നു. 
വെളിച്ചെണ്ണയിൽ മുഴുവൻ ചീത്ത കൊളസ്ട്രോൾ( ലോംങ്ങ്‌ ചെയിൻ) ആണെന്നും അതിന്റെ ഉപയോഗം പ്രഷർ, ഹൃദയസ്തംഭനം മുതലായവയ്ക്കു കാരണമാകുമെന്നും പറഞ്ഞാണ്‌ അവർ ആളുകളെ ഭയപ്പെടുത്തിയത്‌. എന്നാൽ ഈ പേടി മാറി. കാരണം വൈകാതെ നടന്ന പരീക്ഷണങ്ങളിൽ, വെളിച്ചെണ്ണയിൽ 20 ശതമാനം ട്രൈഗ്ലിസറൈഡും മീഡിയം ചെയിൻ ഫാറ്റി ആസിഡുമാണ്‌ ഉള്ളതെന്നു കണ്ടുപിടിച്ചു. വെളിച്ചെണ്ണയിൽ ഫാറ്റി ആസിഡ്‌ കൂടുതലാണെന്ന നിഗമനം ശരിയല്ല എന്നും വെളിച്ചെണ്ണയിലുള്ള 20 ശതമാനം ട്രൈഗ്ലിസറൈഡ്‌ ശരീരത്തിന്‌ ഊർജ്ജം നൽകുന്നതാണെന്നും ഈ പഠനം വ്യക്തമാക്കി. അങ്ങനെ വെളിച്ചെണ്ണയുടെ ഉപയോഗം അതിനാൽ തന്നെ ഹൃദ്‌രോഗമോ, കൊളസ്ട്രോളോ, രക്ത സമ്മർദ്ദമോ ഉണ്ടാക്കുന്നില്ല എന്നും തെളിഞ്ഞു.
ലക്ഷദ്വീപിലുള്ളവർ അവരുടെ ഭക്ഷണം പാകം ചെയ്യുന്നതിന്‌  ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്‌ നാളികേരവും വെളിച്ചെണ്ണയുമാണ്‌. അവർക്കിടയിൽ നടത്തിയ പഠനത്തിൽ അവർക്കാർക്കും അധികമായി ഹൃദ്രോഗമോ കൊളസ്ട്രോളോ കണ്ടെത്തിയിട്ടുമില്ല. അതിനാൽ ഇപ്പോൾ വെളിച്ചെണ്ണയ്ക്ക്‌ എതിരായ പ്രചാരണങ്ങൾ ഏതാണ്ട്‌ അവസാനിച്ചിട്ടുണ്ട്‌.
ആയുർവേദത്തിൽ നാളികേരത്തെ കുറിച്ച്‌ (നാരികേലം എന്നും പരാമർശമുണ്ട്‌) പറയുന്നത്‌ പോഷകസമൃദ്ധം, ശരീര ധാതുക്കൾക്ക്‌ കൂടുതൽ ഗുണകരം എന്നൊക്കെയാണ്‌.

കേരളീയർ സർവസാധാരയായി ഉപയോഗിക്കുന്ന ഭക്ഷ്യഎണ്ണ നാളികേരത്തിൽ നിന്ന്‌ ലഭിക്കുന്ന വെളിച്ചെണ്ണ തന്നെ. കൊച്ചുകുട്ടികളെ കുളിപ്പിക്കുന്നതിനു മുമ്പ്‌ മൃദുമേനിയിൽ  തടവിക്കൊടുക്കുന്നത്‌ ഇന്നും വെളിച്ചെണ്ണയാണ്‌. ഇപ്പോൾ ചിലർ ഒലിവെണ്ണ ഉപയോഗിക്കാറുണ്ട്‌. വലിയ വില കൊടുത്ത്‌ അത്‌ വാങ്ങേണ്ടതില്ല, കാരണം അത്രതന്നെയോ അതിലധികമോ ഗുണകരമാണ്‌ വെളിച്ചെണ്ണയും എന്ന്‌ അറിയുക.
തേങ്ങപ്പാലിൽ നിന്ന്‌ വേർതിരിച്ച്‌ എടുക്കുന്നതാണ്‌ വെന്ത വെളിച്ചെണ്ണ അഥവാ ഉരുക്കു വെളിച്ചെണ്ണ. തേങ്ങപ്പാൽ കാച്ചി, എണ്ണ തെളിഞ്ഞ്‌ അതിന്റെ കീടൻ ഏതാണ്ട്‌ മണൽ പാകത്തിലെത്തുമ്പോൾ വേർതിരിച്ചെടുക്കുന്നതാണ്‌ വെന്തവെളിച്ചെണ്ണ. ഇത്‌ ഏതു രീതിയിലും ഉപയോഗിക്കാം. ഉള്ളിൽ കഴിക്കാം, തലയിലും ദേഹത്തും പുരട്ടാം, കറികൾ തയാറാക്കാം. ചില അമ്മമാർ  തേങ്ങപ്പാലിൽ കുറച്ച്‌ ചെത്തിപ്പൂവും മഞ്ഞളും തുളസി ഇലയും അരച്ച്‌ ചേർത്ത്‌ വെന്തവെളിച്ചെണ്ണ കാച്ചി എടുക്കാറുണ്ട്‌. ഒരു വയസിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ തേച്ച്‌ കുളിപ്പിക്കുന്നതിന്‌ ഉത്തമമത്രെ ഇത്‌.
ചെമ്പരത്യാദി തൈലം, അഷ്ടപത്രാദി തൈലം തുടങ്ങി പല ആയുർവേദ ഔഷധങ്ങളുടെയും മുഖ്യ ചേരുവയാണ്‌ വെളിച്ചെണ്ണ. 
തേങ്ങയുടെ ചിരട്ടയിൽനിന്ന്‌ ലഭിക്കുന്ന എണ്ണയെകുറിച്ച്‌ ഇനിയും പഠനങ്ങൾ നടക്കേണ്ടതുണ്ട്‌. വളരെ ഔഷധ പ്രധാനമായ ഒരു ഉത്പ്പന്നമാണ്‌ അതും. ഇങ്ങനെ ഏതു നിലയിൽ നോക്കിയാലും നാളികേരവും അതിന്റെ വൈവിധ്യമാർന്ന ഉത്പ്പന്നങ്ങളും ആരോഗ്യമേഖലയിൽ ഒന്നാം നിരയിൽ തന്നെയാണ്‌.
ഏറ്റവും പരിശുദ്ധമായ പാനീയം ഏത്‌ എന്നു ചോദിച്ചാൽ ഇന്നും ഒറ്റ ഉത്തരമേയുള്ളു - ഇളനീർ. അതെ ഇന്നു ലഭ്യമായിട്ടുള്ള പ്രകൃതിദത്തമായ ഏക ശുദ്ധ ജലവും അതു തന്നെ. ബാക്കിയുള്ള എല്ലാ പാനീയങ്ങളും ഒന്നുകിൽ കൃത്രിമമാണ്‌, അല്ലെങ്കിൽ കലർപ്പുള്ളതാണ്‌.  മുമ്പൊക്കെ പറയുമായിരുന്നു അമ്മയുടെ മുലപ്പാലാണ്‌ ഏറ്റവും പരിശുദ്ധമെന്ന്‌. ഇളനീരിനു മുന്നിൽ ഇന്ന്‌ ആ പഴഞ്ചൊല്ലും പാഴ്‌വാക്കായി മാറിയിരിക്കുന്നു.

ലണ്ടൻ, ഗ്ലാസ്കോ,എഡിൻബർഗ്‌ സർവകലാശാലകളിൽ ഉപരിപഠനം നടത്തിയിട്ടുള്ള ലേഖകൻ കോഴിക്കോട്‌ മെഡിക്കൽ കോളജ്‌ മെഡിസിൻ വിഭാഗത്തിലെ റിട്ടയേഡ്‌ പ്രോഫസറാണ്‌. ഇപ്പോൾ കൊച്ചി സെറാഫ്‌ ഹോസ്പിറ്റലിൽ ഫിസിഷ്യൻ.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ