തിരിച്ചറിയാം വെളിച്ചെണ്ണയെ


ഡോ. ഡി.എം വാസുദേവൻ, എംഡി,എഫ്‌.ആർ.സി.പി(പാതോളജി)
മുൻ പ്രിൻസിപ്പൽ, അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ഓഫ്‌
മെഡിക്കൽ ശയൻസസ്‌, കൊച്ചി

വെളിച്ചെണ്ണയുടെ ആരോഗ്യ - പോഷക ഗുണങ്ങൾ നൂറ്റാണ്ടുകൾക്കു മുമ്പേ മനുഷ്യരാശി തിരിച്ചറിഞ്ഞിട്ടുള്ളതാണ്‌. ഇന്ത്യയിൽ അനാദികാലം മുതൽ തെങ്ങ്‌ കൽപവൃക്ഷം എന്ന പേരിലാണ്‌ അറിയപ്പെട്ടു പോരുന്നത്‌. കൽപവൃക്ഷം എന്നാൽ എല്ലാ വരങ്ങളും നൽകുന്ന മരം. എന്നിരിക്കിലും കുറെ വർഷങ്ങൾക്കു മുമ്പ്‌ വെളിച്ചെണ്ണയിൽ പൂരിതകൊഴുപ്പിന്റെ  അംശം കൂടുതലായി കാണുന്നു എന്നു ചൂണ്ടിക്കാട്ടി യുഎസ്‌ ഡിപ്പാർട്ട്‌മന്റ്‌ ഓഫ്‌ ഹെൽത്ത്‌ ആൻഡ്‌ ഹ്യൂമൺ സർവീസസ്‌, ലോകാരോഗ്യ സംഘടന, ഇന്റർനാഷണൽ കോളജ്‌ ഓഫ്‌ ന്യൂട്രീഷൻ, അമേരിക്കൻ ഹാർട്ട്‌ അസോസിയേഷൻ  തുടങ്ങിയ സംഘടനകൾ അതിന്റെ ഉപയോഗം നിയന്ത്രിക്കണം എന്ന്‌ മൂന്നാര്റിയിപ്പു നൽകുകയുണ്ടായി. പക്ഷെ, 1980 -കളിൽ വെളിച്ചെണ്ണയുടെ ഉപയോഗം ഹൃദ്‌രോഗം ക്ഷണിച്ചു വരുത്തും എന്ന്‌ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ബോധപൂർവം ചില ഗോ‍ൂഢാലോചനകൾ നടന്നു. ഒടുവിൽ ഇതാ, അടുത്ത കാലത്തായി വെളിച്ചെണ്ണ ആരോഗ്യത്തിന്‌ ഉത്തമം തന്നെ എന്നു പ്രഖ്യാപിച്ചുകൊണ്ട്‌ നിരവധിയായ ഗവേഷണ പ്രബന്ധങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു.
വെളിച്ചെണ്ണയിലെ മധ്യശൃംഖല കൊഴുപ്പ്‌ അമ്ലങ്ങൾ
അഥെറോസ്ക്ലീറോസിസിനു കാരണമായി പറയപ്പെടുന്ന ഘടകങ്ങൾ ഹൈപ്പർ കൊളസ്ട്രോളെമിയ, ഹൈപ്പർ ലിപ്പിഡെമിയ, ഹൈപ്പർ ടെൻഷൻ, പുകവലി, പ്രമേഹം തുടങ്ങിയവയാണ്‌. ഹൃദയസ്തംഭനത്തിനു കാരണമായി പറയുന്നത്‌ ഉയർന്ന തോതിലുള്ള കൊളസ്ട്രോളും.  ഇത്‌  സംഭവിക്കുന്നത്‌ വർദ്ധിച്ച തോതിൽ പൂരിത കൊഴുപ്പ്‌ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനാലാണ്‌. വെളിച്ചെണ്ണയിൽ പൂരിത കൊഴുപ്പ്‌ അമ്ലം ഉണ്ട്‌ എന്ന്‌ 60 വർഷങ്ങൾക്കുമുമ്പ്‌ തന്നെ കണ്ടുപിടിച്ച കാര്യമാണ്‌. പൂരിത കൊഴുപ്പമ്ലം അഥെറോസ്ക്ലീറോസിസിനു നിമിത്തമാകും എന്ന്‌ പരീക്ഷണങ്ങളിലൂടെ ഇന്ന്‌ തെളിയിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട്‌ ജനങ്ങൾ വെളിച്ചെണ്ണയെ ഹൃദ്‌രോഗങ്ങളുമായി ബന്ധപ്പെടുത്തി. വെളിച്ചെണ്ണയിലുള്ളത്‌ പൂരിത കൊഴുപ്പ്‌ അമ്ലങ്ങളാണെങ്കിലും അവ ഹ്രസ്വ, മധ്യശൃംഖലാ കൊഴുപ്പ്‌ അമ്ലങ്ങളെന്ന പ്രത്യേക ഇനത്തിൽ പെട്ടവയാണെന്നും, ഹൃദ്‌രോഗങ്ങൾക്കു കാരണമാകുന്ന പൂരിത കൊഴുപ്പമ്ലം, ദീർഘ ശൃംഖലാ കൊഴുപ്പമ്ലങ്ങളാണ്‌ എന്നും മറ്റും ഏകദേശം 20 വർഷം മുമ്പ്‌ തെളിയിക്കപ്പെട്ടതാണ്‌. വെളിച്ചെണ്ണയിലുള്ള 50 ശതമാനത്തോളം കൊഴുപ്പും, മധ്യശൃംഖലാ കൊഴുപ്പമ്ലമായ ലോറിക്‌ ആസിഡാണ്‌.
വെളിച്ചെണ്ണ കഴിച്ചാൽ ഉടൻ അതിലെ മധ്യശൃംഖല കൊഴുപ്പമ്ലം നേരിട്ട്‌ രക്തത്തിലേയക്ക്‌ കലർന്ന്‌ ഉപാപചയം ചെയ്യപ്പെടുന്നു.എന്നാൽ ദീർഘ ശൃംഖല കൊഴുപ്പമ്ലങ്ങൾക്ക്‌ (ഇതര എണ്ണകളിലെ) ആകട്ടെ, ഈ പ്രക്രിയക്ക്‌ ലിപ്രോ പ്രോട്ടീനുകളുടെ സഹായം വേണം.  അത്‌  സാവകാശം ഹൃദയധമനികൾ ഉൾപ്പെടെ ശരീരത്തിലെ വിവിധ ആന്തരീകാവയവങ്ങളിൽ അടിയുന്നു. മധ്യശൃംഖല കൊഴുപ്പമ്ലങ്ങൾ ശരീരത്തിന്റെ ഊർജ്ജ ആവശ്യങ്ങൾക്കനുസരിച്ച്‌ വളരെ വേഗം ഉപാപചയം ചെയ്യപ്പെടും.  മധ്യശൃംഖല കൊഴുപ്പമ്ലങ്ങൾ വേഗത്തിൽ ഓക്സീകരിക്കപ്പെട്ട്‌  ഊർജ്ജ സ്രോതസായി വർത്തിക്കുന്നതിനാൽ ശരീരത്തിൽ അടിഞ്ഞുകൂടുന്നില്ല.
കൊളസ്ട്രോൾ വർധിപ്പിക്കുന്നില്ല
വെളിച്ചെണ്ണയുടെ ഉപയോഗം മൊത്തത്തിലുള്ള  കൊളസ്ട്രോളിന്റെയോ നല്ല കൊളസ്ട്രോളിന്റെയോ, ചീത്ത കൊളസ്ട്രോളിന്റെയോ അളവുകളിൽ  അടിസ്ഥാനമൂല്യങ്ങളിൽ നിന്ന്‌ വലിയ അന്തരമൊന്നും വരുത്തുന്നതായി ശാസ്ത്രജ്ഞർ ഇതുവരെ കണ്ടെത്തിയിട്ടില്ല. നാളികേരം ഭക്ഷണസാധനങ്ങളിൽ ഉൾപ്പെടുത്തുന്നതുകൊണ്ട്‌ ചില ഗുണങ്ങൾ ഉണ്ടെന്നും അവർ കണ്ടെത്തി. വെളിച്ചെണ്ണ ഉള്ളിൽ നൽകിയ ശേഷം ചില നവജാതമൃഗങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ അവയുടെ രക്തത്തിലെ ലിപിഡ്‌  ഘടനയിൽ ഒരു വ്യത്യാസവും ശാസ്ത്രജ്ഞർക്ക്‌ കണ്ടെത്താനായില്ല. പതിവായി നാളികേരവും വെളിച്ചെണ്ണയും നിത്യ ഭക്ഷണത്തിൽ  ശീലമാക്കിയ ചില സമൂഹങ്ങളിൽ നടത്തിയ പഠനങ്ങളിലും അവരിലൊന്നും വെളിച്ചെണ്ണ ഹൃദയസംബന്ധിയായ രോഗനിരക്ക്‌ വർദ്ധിപ്പിച്ചതായി തെളിയിക്കപ്പെട്ടിട്ടുമില്ല.
കേരളത്തിൽ നടന്ന പഠനങ്ങൾ
നാളികേരത്തെയും വെളിച്ചെണ്ണയെയും കുറിച്ച്‌ കൊച്ചി അമൃത ഇൻസ്റ്റിറ്റിയൂട്ടിൽ വിപുലമായ പഠനങ്ങളാണ്‌ നടന്നിട്ടുള്ളത്‌. ശരാശരി ആരോഗ്യമുള്ള 302 പേരുടെ രക്ത സിറത്തിന്റെ സാമ്പിളുകൾ പഠനവിധേയമാക്കി. ഇവരിൽ 152 പേർ കഴിഞ്ഞ രണ്ടു വർഷത്തിലധികമായി  വെളിച്ചെണ്ണ ഉപയോഗിക്കുന്നവരായിരുന്നു; ബാക്കി 150 പേർ സൂര്യകാന്തി എണ്ണയും. നല്ല കൊളസ്ട്രോളിന്റെയോ ചീത്ത കൊളസ്ട്രോളിന്റെയോ അളവിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നവരും സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നവരും തമ്മിൽ ഒരു വ്യത്യാസവും കണ്ടെത്താനായില്ല. 76 ഹൃദ്‌രോഗികളുടെ രക്തസിറത്തിലെ ലിപ്പിഡ്‌ പ്രോഫൈൽ അപഗ്രഥിച്ചു പഠിച്ചു. ഇവരിൽ 46 പേർ ചുരുങ്ങിയത്‌ രണ്ടുവർഷമായി വെളിച്ചെണ്ണ ഉപയോഗിക്കുന്നവരും 35 പേർ സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നവരുമായിരുന്നു. രണ്ടു കൂട്ടരിലേയും കൊളസ്ട്രോളിന്റെ  അളവിൽ ഒരു വ്യത്യാസവും ഇല്ലായിരുന്നു.
മറ്റൊരു പഠനത്തിൽ പരീക്ഷണവിധേയമാക്കിയത്‌ 130 പ്രമേഹ രോഗികളെയാണ്‌. ഇവരിൽ 69 പേർ ചുരുങ്ങിയത്‌ രണ്ടുവർഷമായി വെളിച്ചെണ്ണ ശീലമാക്കിയവരും 61 പേർ സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നവരും ആയിരുന്നു. ഇവരിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നവരും സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നവരും  തമ്മിലും കൊളസ്ട്രോളിന്റെ കാര്യത്തിൽ  ഒരു വ്യത്യാസവും കണ്ടെത്താനായില്ല.
കൊച്ചിയിൽ മൃഗങ്ങളിൽ നടത്തിയ പരീക്ഷണത്തിലും വെളിച്ചെണ്ണയുടെ ഉപയോഗം ഹൈപ്പർകോളസ്ട്രോളെമിയക്ക്‌ കാരണമാകുന്നില്ല എന്നു തെളിഞ്ഞു. വെളിച്ചെണ്ണ ഉപയോഗിച്ചാൽ ഹൃദ്‌രോഗ സാധ്യത കൂടുതലാണ്‌ എന്ന ആരോപണം തെറ്റാണ്‌ എന്ന്‌ ലോകമെമ്പാടും മനുഷ്യരിലും മൃഗങ്ങളിലും നടത്തിയ നിരവധി പരീക്ഷണങ്ങൾ അടിവരയിടുന്നു. അതേസമയം ഈ ആരോപണത്തെ സാധൂകരിക്കുന്ന ഒരു ഗവേഷണ പ്രബന്ധം പോലും ഇന്നോളം പ്രസിദ്ധപ്പെടുത്തിയിട്ടുമില്ല.
കൊളസ്ട്രോൾ നിലയിൽ മാറ്റമുണ്ടാക്കുന്നില്ല
എൽഡിഎൽ(ചീത്ത) കൊളസ്ട്രോളിന്റെ പ്രധാന ഘടകമാണ്‌ അപ്പോ-ബി എന്ന കൊഴുപ്പ്‌. കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ ശയൻസസിൽ  വെളിച്ചെണ്ണയോ സൂര്യകാന്തി എണ്ണയോ ശീലമാക്കിയ സാധാരണ ആളുകളിലെ അപ്പോ-ബി യുടെ അളവ്‌ പഠനവിധേയമാക്കുകയുണ്ടായി. വെളിച്ചെണ്ണയോ സൂര്യകാന്തി എണ്ണയോ ശീലമാക്കിയ 31 പേർ വീതമുള്ള രണ്ടു സംഘങ്ങളെയാണ്‌ പഠിച്ചതു. ഓരോരുത്തരും ശരാശരി 24 ഗ്രാം വീതം എണ്ണയാണ്‌ കഴിച്ചിരുന്നത്‌. സൂര്യകാന്തി എണ്ണ ഉപയോഗിച്ചവരിലെ അപ്പോ-ബിയുടെ തോതിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നവരെ അപേക്ഷിച്ച്‌ കുറവൊന്നും കണ്ടില്ല.
ഹൃദയധമനികളിൽ വെളിച്ചെണ്ണ അടിയുന്നില്ല
രക്തധമനികളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിന്റെ (plaque) രാസ വിശ്ലേഷണം നടത്തുകയുണ്ടായി. ചില സാമ്പിളുകൾ പഠിച്ച ഫെൽട്ടണും സംഘവും പൂരിത കൊഴുപ്പ്‌ അമ്ലങ്ങൾ  ഒന്നും തന്നെ വെളിച്ചെണ്ണയിലുള്ള ലോറിക്‌ അമ്ലം അല്ല എന്ന്‌ കണ്ടെത്തി. രോഗം ബാധിച്ച ധമനികളിൽ നിന്നു ശേഖരിച്ച പ്ലേക്കിലെ കൊഴുപ്പ്‌അമ്ലങ്ങളുടെ ഘടന അമൃത ഇൻസ്റ്റിറ്റിയൂട്ടിൽ പഠനവിധേയമാക്കി. മൊത്തം 71 സാമ്പിളുകൾ പരിശോധിച്ചു. ഇവരിൽ 48 പേർ പതിവായി വെളിച്ചെണ്ണ ഉപയോഗിക്കുന്നവരും 23 പേർ സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നവരും ആയിരുന്നു. (പട്ടിക കാണുക)
വെളിച്ചെണ്ണയിൽ കാണുന്ന ലോറിക്‌ ആസിഡോ, മിറിസ്റ്റിക്‌ ആസിഡോ പ്രസ്താവയോഗ്യമായ അളവിൽ പ്ലേക്കിൽ ഇല്ല. പകരം, പാമിറ്റിക്‌ ആസിഡ്‌, സ്റ്റിയറിക്‌ ആസിഡ്‌ തുടങ്ങിയവ (മറ്റ്‌ എണ്ണകളിൽ കാണുന്ന ദീർഘശൃംഖലാ പൂരിത കൊഴുപ്പ്‌ അമ്ലങ്ങൾ) ആയിരുന്നു ഈ പ്ലേക്കിലെ പ്രധാന ഘടകങ്ങൾ. വെളിച്ചെണ്ണ ഉപയോഗിക്കുന്നവരിലും സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നവരിലും കൊഴുപ്പ്‌ അമ്ല അളവ്‌ തുല്യമായിരുന്നു. അതായത്‌ കൊറോണറി ധമനിയിലെ പ്ലേക്കിൽ വെളിച്ചെണ്ണയിൽ നിന്നുള്ള കൊഴുപ്പ്‌അമ്ല സാന്നിധ്യമേ ഇല്ലായിരുന്നു. വെളിച്ചെണ്ണ ഉപയോഗിച്ചതുകൊണ്ട്‌ ഹൃദ്‌രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്‌ എന്ന വാദത്തിൽ കഴമ്പില്ല എന്ന്‌ ഇതിൽ നിന്നു വ്യക്തമാണല്ലോ.
ആന്റി ഓക്സിഡന്റ്‌ നിലവാരം
അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ ശയൻസിൽ നടന്ന മറ്റൊരു സമാന്തര പഠനത്തിൽ വെളിച്ചെണ്ണയും സൂര്യകാന്തി എണ്ണയും  ഉപയോഗിക്കുന്ന സാധാരണക്കാരിലേയും പ്രമേഹരോഗികളിലേയും ലിപ്പിഡ്‌ പ്രോഫൈൽ, ആന്റി ഓക്സിഡന്റ്‌ എൻസൈം എന്നിവയും പഠന വിധേയമാക്കുകയുണ്ടായി. ഇവരിൽ 70 പേർ ആരോഗ്യവാന്മാരും 70 പേർ രോഗികളും ആയിരുന്നു. രണ്ടു കൂട്ടരെയും ഭക്ഷണത്തിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നവർ എന്നും സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നവർ എന്നും വീണ്ടും 35 വീതം വിഭജിച്ചാണ്‌ പഠനം നടത്തിയത്‌.  കാതലായ ഒരു വ്യത്യാസവും ഇരു കൂട്ടരുടെയും ലിപ്പിഡ്‌ പ്രോഫൈലിൽ കണ്ടെത്താനായില്ല എന്നതാണ്‌ പ്രധാനം. ഇത്തരത്തിൽ ഒരു പഠനം കേരളീയർക്കിടയിൽ കുറെ നാളുകൾക്കു മുമ്പ്‌ നടത്തിയിരുന്നു. അന്നും ഫലം ഇതുതന്നെയായിരുന്നു. അതായത്‌ നാളികേരവും വെളിച്ചെണ്ണയും പതിവായി ഉപയോഗിക്കുന്ന ശീലത്തിന്‌ കേരളത്തിലെ ജനങ്ങളുടെ ഹൃദയരക്തധമനി രോഗനിരക്കുമായി ഒരു ബന്ധവും ഇല്ല എന്നാണ്‌ ഈ പഠനങ്ങളെല്ലാം തെളിയിക്കുന്നത്‌.
ക്ലിനിക്കൽ പരിശോധനകൾ
ഹൃദ്‌രോഗത്തിന്‌ കാരണമാകുന്ന ഘടകങ്ങളിലും വെളിച്ചെണ്ണയുടെയും സൂര്യകാന്തി എണ്ണയുടെയും ഉപയോഗത്തിന്റെ സ്വാധീനത്തെക്കുറിച്ചും അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ ശയൻസിൽ ഇടയ്ക്കിടെ പഠനങ്ങൾ നടത്തിവരുന്നു. ഇവിടെ എത്തിയ 200 രോഗികളിൽ രണ്ടു വർഷത്തേക്ക്‌ ഒരു പരീക്ഷണം നടത്തുകയുണ്ടായി. ഇവരിൽ 100 പേർ പാചകത്തിന്‌ വെളിച്ചെണ്ണ ഉപയോഗിക്കുന്നവരും, 100 പേർ സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നവരും ആയിരുന്നു. എല്ലാവരും പതിവായി മരുന്നു കഴിച്ചിരുന്നു. അവസാനം പരിശോധിച്ചപ്പോൾ എല്ലാ രോഗികളിളേയും മൊത്തം കൊളസ്ട്രോൾ, ചീത്ത കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്സ്‌, ആന്റി ഓക്സിഡന്റ്‌ മാർക്കേഴ്സ്‌, ഹൈസേൻസിറ്റിവിറ്റി സിആർപി (hs CRP)തുടങ്ങിയവയുടെയെല്ലാം അളവ്‌ ഒരുപോലെയായിരുന്നു.
ബഹു അപൂരിത ഫാറ്റി അമ്ലങ്ങൾ (PUFA) അപകടകാരി
സൂര്യകാന്തി എണ്ണപോലുളള സസ്യഎണ്ണകളിൽ ധാരാളമായി കാണുന്ന പോളി അൺസാച്ചുറേറ്റഡ്‌ ഫാറ്റി ആസിഡിന്‌ തീർച്ചയായും കൊളസ്ട്രോൾ അളവ്‌ കുറയ്ക്കാനുള്ള ശേഷിയുണ്ട്‌. ഇതാണ്‌ പല ഡോക്ടർമാരും രോഗികളോട്‌ വെളിച്ചെണ്ണയ്ക്കു പകരം സസ്യ എണ്ണകൾ ഉപയോഗിക്കാൻ ശുപാർശ ചെയ്യാൻ കാരണം.  അതോടെ വെളിച്ചെണ്ണ അപകടകാരിയും സൂര്യകാന്തി പോലുള്ള സസ്യ എണ്ണകൾ നിരുപദ്രവകാരിയും ആണ്‌ എന്നു പൊതുജനം ധരിച്ചു വശായി. ഈ രണ്ടു നിഗമനങ്ങളും തെറ്റാണ്‌. ഏറ്റവും അധികം ലിപ്പിഡ്‌ പെറോക്സിഡേഷൻ (ലിപ്പിഡുകളുടെ ഓക്സീകരണം) ഉണ്ടാക്കുന്ന ഘടകമാണ്‌   പിയുഎഫ്‌എ. ഹൃദ്‌രോഗത്തിന്റെ തുടക്കം രക്തധമനകളിൽ ഓക്സീകരിക്കപ്പെട്ട ചീത്ത കൊളസ്ട്രോൾ അടിഞ്ഞു കൂടുന്നതിലൂടെയാണ്‌. അളവിലധികം സസ്യഎണ്ണകൾ അകത്തു ചെന്നാൽ എച്ച്‌ ഡിഎൽ അഥവാ നല്ല കൊളസ്ട്രോൾ കുറയുകയും പ്ലാസ്മയിലെ ട്രൈഗ്ലിസറൈഡ്‌ ഉയരുകയും പ്ലേറ്റ്ലെറ്റുകൾ ഒരുമിച്ചു കൂടുകയും അത്‌ ഹൃദയാഘാതത്തിന്‌ കാരണമാകുകയും ചെയ്യും.
വെളിച്ചെണ്ണയും ശരീരഭാരവും
വികസിത രാജ്യങ്ങളിലെ ഏറ്റവും വലിയ ആരോഗ്യ പ്രശ്നമാണ്‌ അമിത ശരീരഭാരം. അടുത്ത കാലത്തായി ഇത്‌ ഇന്ത്യയിലും കണ്ടുതുടങ്ങിയിട്ടുണ്ട്‌. പൊണ്ണത്തടി മൂലം പലവിധ രോഗങ്ങൾ ഉണ്ടാകാം. ഇത്‌ ഓസ്റ്റിയോആർത്രെറ്റിസ്‌, പ്രമേഹം, ഹൃദയാഘാതം തുടങ്ങിയ രോഗങ്ങളെ ക്ഷണിച്ചു വരുത്തി മരണം നേരത്തെയാക്കുന്നു. സാധാരണ പൊണ്ണത്തടിയന്മാർക്കു ഡോക്ടർ നൽകുന്ന നിർദ്ദേശം ഭക്ഷണത്തിന്റെ,  പ്രത്യേകിച്ച്‌ കൊഴുപ്പുള്ള ഭക്ഷണത്തിന്റെ അളവ്‌ കുറയ്ക്കുക എന്നതാണ്‌. ഇതോടെ രോഗി വിശപ്പുകൊണ്ടു പൊറുതിമുട്ടും. നിരാശനുമാകും. ഫലമോ അവർ ഡോക്ടറുടെ നിർദ്ദേശം അവഗണിച്ച്‌ മുമ്പത്തെക്കാൾ കൂടുതൽ  ആർത്തിയോടെ ഭക്ഷണം കഴിച്ചുതുടങ്ങുകയും പൊണ്ണത്തടി വീണ്ടു കൂടുകയും ചെയ്യും. ഇവിടെ വെളിച്ചെണ്ണയ്ക്ക്‌ ചിലത്‌ ചെയ്യാൻ സാധിക്കും. ഇക്കൂട്ടർക്ക്‌ മധ്യശൃംഖല കൊഴുപ്പമ്ലങ്ങൾ അടങ്ങിയ വെളിച്ചെണ്ണയിൽ പാകം ചെയ്ത ഭക്ഷണം നൽകിയാൽ ഒരു ക്ലേശവും കൂടാതെ മാസങ്ങൾക്കുളളിൽ അവരുടെ ശരീരഭാരം കുറയും.അതിനു കാരണം ദീർഘശൃംഖലാ കൊഴുപ്പ്‌ അമ്ലങ്ങൾക്കു പകരം വെളിച്ചെണ്ണയിലെ മധ്യശൃംഖലാ കൊഴുപ്പ്‌ അമ്ലങ്ങൾ പ്രവർത്തനം തുടങ്ങുന്നതോടെ ശരീരത്തിന്റെ കൊഴുപ്പു ശേഖരം കുറയുകയും ശരീര ഭാരം ലഘൂകരിക്കപ്പെടുകയും ചെയ്യുന്നുവെന്നതാണ്.
വെളിച്ചെണ്ണ ഉപയോഗിച്ചാൽ ശരീരഭാരം കുറയും എന്ന വസ്തുത ഒരുപക്ഷെ ഒരു കടംകഥ പോലെ തോന്നിയേക്കാം. പക്ഷെ സത്യമാണ്‌. കാരണം ദീർഘശൃംഖലാ കൊഴുപ്പ്‌ അമ്ലം ശരീരത്തിലെ കൊഴുപ്പ്‌ ശേഖരത്തിലേയ്ക്കു സംഭരിക്കപ്പെടുകയും ഇത്‌ കാലക്രമേണ ശരീരത്തിന്റെ ഭാരം വർധിപ്പിക്കുകയും ചെയ്യുമ്പോൾ നേരത്തെ വിശദീകരിച്ചതുപോലെ മധ്യശൃംഖല കൊഴുപ്പ്‌ അമ്ലം ഉർജ്ജ ആവശ്യത്തിനായി വളരെ ഉപയോഗിക്കപ്പെടുന്നു, അതിനാൽ ശരീര ഭാരം ലഘൂകരിക്കപ്പെടുന്നു.
വെളിച്ചെണ്ണയുടെ ഗുണങ്ങൾ
ശരീരത്തെ ബാധിക്കുന്ന ബാക്ടീരിയ, യീസ്റ്റ്‌, പൂപ്പൽ, വൈറസുകൾ  തുടങ്ങിയ  വിവിധ സൂക്ഷ്മാണുക്കളെ വെളിച്ചെണ്ണ പ്രതിരോധിക്കുന്നു. അതുകൊണ്ടാണ്‌ പണ്ടൊക്കെ മുറിവ്‌ ഉണ്ടായാൽ അപ്പോൾ തന്നെ അവിടെ വെളിച്ചെണ്ണ പുരട്ടിയിരുന്നത്‌. വെളിച്ചെണ്ണ പുരട്ടുമ്പോൾ മുറിവുകൾ വേഗം ഭേദമാകുന്നതിനു കാരണം ബാഹ്യചർമ്മം വെളിച്ചെണ്ണയുടെ പ്രവർത്തനഫലമായി വളരെ കുറഞ്ഞ സമയത്തിനുളളിൽ രൂപപ്പെടുന്നതു കൊണ്ടാണ്‌. മാംസ്യത്തിന്റെ കുറവു മൂലം മുടികൾ കൊഴിയുന്നതു തടയാനും വെളിച്ചെണ്ണയുടെ സ്ഥിരമായ ഉപയോഗം ഉത്തമമാണ്‌.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ