24 Nov 2013

നാളികേരവും ആരോഗ്യരംഗവും


ടി. കെ. ജോസ്‌  ഐ എ എസ്
ചെയർമാൻ , നാളികേര വികസന ബോർഡ്


'നാസിക്കിൽ എവിടെയെങ്കിലും പായ്ക്ക്‌ ചെയ്ത കരിക്കിൻവെള്ളം ലഭ്യമാണോ?' ഡൽഹിയിൽ നിന്നും ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ടെലിഫോണിലുള്ള അന്വേഷണം. മഹാരാഷ്ട്രയിലെ പ്രധാനപട്ടണങ്ങളായ മുംബൈയിലും പൂനെയിലും അതുപോലെ തന്നെ അഹമ്മദാബാദിലും ഡൽഹിയിലും കൊൽക്കത്തയിലും കരിക്ക്‌ യഥേഷ്ടം ലഭ്യമാണെങ്കിലും നാസിക്കിൽ കരിക്ക്‌ ലഭ്യമല്ല. കഴിഞ്ഞ എട്ട്‌ മാസത്തോളം ഡോക്ടറുടെ ഉപദേശപ്രകാരം ദിവസവും രണ്ട്‌ നേരം കരിക്കിൻവെള്ളം കഴിച്ചുകൊണ്ടിരുന്ന തന്റെ ഭാര്യ പ്രസവത്തിനായി നാസിക്കിലേക്ക്‌ പോയപ്പോൾ തുടർന്നു വന്നിരുന്ന ഇളനീർ ഉപയോഗം മുടങ്ങിപ്പോയി. കരിക്ക്‌ ലഭ്യമല്ലാത്ത സാഹചര്യത്തിൽ അടുത്ത സാധ്യത പായ്ക്ക്‌ ചെയ്ത കരിക്കിൻ വെള്ളം തേടുകയെന്നതാണ്‌. നിർഭാഗ്യവശാൽ നാസിക്കിൽ മാത്രമല്ല മഹാരാഷ്ട്രയിലെ ഒരു പട്ടണത്തിലും പായ്ക്ക്‌ ചെയ്ത കരിക്കിൻ വെള്ളം ലഭ്യമല്ല. ലോകത്തിൽ ഏറ്റവുമധികം നാളികേരം ഉത്പാദിപ്പിക്കുന്ന രാജ്യമായ ഇന്ത്യയിലെ ഒരു ഇടത്തരം മികച്ച പട്ടണത്തിലെ സ്ഥിതിയാണിത്‌. ഗർഭകാലത്തെ അസ്വസ്ഥതകൾക്ക്‌ പരിഹാരമായി ഡൽഹിയിലെ പ്രശസ്തമായ ഒരു ആശുപത്രിയിൽ ഏറ്റവും വിദഗ്ദ്ധനായ ഒരു ഡോക്ടർ നിർദ്ദേശിച്ചതു അലോപ്പതി മരുന്നുകളേക്കാൾ ഉപരിയായി രാവിലേയും വൈകുന്നേരവും ഓരോ ഇളനീർ ഉപയോഗിക്കുക എന്നുള്ളതാണ്‌.

 ഈ അന്വേഷണത്തിന്‌ പരിഹാരം കാണുന്നതിന്‌ നിലവിലുള്ള കരിക്കിൻവെള്ളം പായ്ക്ക്‌ ചെയ്യുന്ന കമ്പനികളുടെ മാനേജ്‌മന്റുമായി ബന്ധപ്പെട്ടു. അവർ പോലും നാസിക്കിൽ ഉടനടി വിപണന കേന്ദ്രം തുടങ്ങുന്നതിനുള്ള നിസ്സഹായാവസ്ഥ വിവരിച്ചു. കാരണം അവരുടെ ഉത്പാദനം നിലവിലുള്ള വിപണിയുടെ ആവശ്യത്തിന്റെ പത്തിലൊന്നുപോലും തികയുന്നില്ല.  ആരോഗ്യ രംഗത്തെ നാളികേരത്തിന്റെ പ്രസക്തിയെക്കുറിച്ച്‌ ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ വന്ന ഈ അന്വേഷണവും ഇതേപോലെ നാളികേരത്തിന്റെ ആരോഗ്യ മേഖലയിലെ വൈവിദ്ധ്യമാർന്ന ഉപഭോഗവും നമ്മുടെ പൊതുജന ശ്രദ്ധയിൽപ്പെടുത്തേണ്ടത്‌ പ്രധാനപ്പെട്ട കാര്യമായി കരുതുകയാണ്‌.
നാളികേരത്തേയും നാളികേരത്തിന്റെ പല ഉൽപന്നങ്ങളേയും ഔഷധ രംഗത്തും ആരോഗ്യപരിപാലന രംഗത്തും നൂറ്റാണ്ടുകളായി കേരള സമൂഹവും ഇന്ത്യയിലെ മറ്റ്‌ ജനപഥങ്ങളും പ്രയോജനപ്പെടുത്തിയിട്ടുള്ളതാണ്
‌. ദീർഘകാലമായി നിരവധി ആയുർവ്വേദൗഷധങ്ങൾ നിർമ്മിക്കുന്നതിനും ചികിത്സാ രീതികൾക്കും നാളികേരം ഉപയോഗിക്കുന്നുണ്ട്‌. ആയുർവ്വേദ രംഗത്ത്‌ ആതുരവൃത്തം, സ്വസ്ഥവൃത്തം എന്നീ രണ്ട്‌ പ്രധാന മേഖലകളിലും നാളികേരത്തിൽ നിന്നുള്ള ഉൽപന്നങ്ങൾ പ്രയോജനപ്പെടുത്തുന്നുമുണ്ട്‌.  ഹെൽത്ത്‌ ടൂറിസവും ആരോഗ്യബോധവും വളർന്നുവരുന്ന ഈ കാലഘട്ടത്തിലും പ്രകൃതിയിലേക്ക്‌ മടങ്ങിക്കൊണ്ട്‌ നാളികേരവും നാളികേരത്തിന്റെ ഉൽപന്നങ്ങളും കൂടുതലായി ഉപയോഗിക്കുന്നതിന്‌ പൊതുസമൂഹത്തിൽ അറിവും അവബോധവും സൃഷ്ടിക്കേണ്ടത്‌ ആവശ്യമാണ്‌.  ഏകദേശം അരനൂറ്റാണ്ട്‌ കാലത്തോളം നീണ്ടുനിന്ന വെളിച്ചെണ്ണയെക്കുറിച്ചുള്ള അബദ്ധപ്രചരണങ്ങൾ സാധാരണ മനുഷ്യരെ, പ്രത്യേകിച്ച്‌ വിദ്യാഭ്യാസവും വാങ്ങൽശേഷിയുമുള്ള ആളുകളെ വെളിച്ചെണ്ണയിൽ നിന്നും അകറ്റി നിർത്തുന്നതിന്‌ ഒരുപരിധി വരെ കാരണമായി. എന്നാലിന്ന്‌ സ്ഥിതി തികച്ചും വ്യത്യസ്തമാണ്‌.   
നാളികേരത്തിനോടും നാളികേരോൽപന്നങ്ങളോടുമുള്ള താൽപര്യം ആളുകളിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. നാളികേര കർഷകർക്കും  ഉത്പാദക സംഘങ്ങൾക്കും ഫെഡറേഷനുകൾക്കും  ഉത്പാദക കമ്പനികൾക്കും പൊതുസമൂഹത്തിനും മുമ്പാകെ ഈ രംഗത്തെക്കുറിച്ച്‌ ഒരു പ്രത്യേക ലക്കം നാളികേര ജേണൽ പ്രസിദ്ധപ്പെടുത്തുകയാണ്‌.
നാളികേരത്തിന്റെ വിവിധ ഉൽപന്നങ്ങളുടേയും വിവിധ ഭാഗങ്ങളുടേയും ഔഷധമൂല്യത്തെക്കുറിച്ച്‌ ആയുർവേദത്തിൽ ധാരാളം പ്രതിപാദിക്കുന്നുണ്ട്‌.  തെങ്ങിൻ പൂക്കുല ലേഹ്യവും അതുപോലെത്തന്നെ 'ഹസ്റ്റോറിയം' അഥവാ പൊങ്ങ്‌ ഗർഭകാലത്ത്‌ സ്ത്രീകളുടെ ശുശ്രൂഷയ്ക്ക്‌ വേണ്ടി ഉപയോഗിക്കുന്നതും നീരയിൽ നിന്നും ഉത്പാദിപ്പിക്കുന്ന തെങ്ങിൻ ശർക്കര ആരോഗ്യപരിപാലനത്തിന്‌ ഉപയോഗിക്കുന്നതുമെല്ലാം നമുക്ക്‌ പരിചിതമാണ്‌. നിരവധി ലേപനങ്ങളിലും തൈലങ്ങളിലും വെളിച്ചെണ്ണ അടിസ്ഥാനമായി ഉപയോഗിക്കുന്നുണ്ട്‌. എന്തിനധികം വൻകിട കുത്തക കമ്പനികൾ ദന്തശുചിത്വ മേഖലയിലേക്ക്‌ കടക്കുന്നതിന്‌ മുമ്പ്‌, മലയാളികൾ ദന്തശുദ്ധി വരുത്തിയിരുന്നതും അക്ഷരസ്ഫുടതയുടേയും അക്ഷരശുദ്ധിയുടേയും   അടിത്തറയും ഉമിക്കരി കൊണ്ട്‌ പല്ലുതേക്കുകയും പച്ച ഈർക്കിലി കൊണ്ട്‌ നാക്കുവൃത്തിയാക്കുകയും ചെയ്യുന്നതായിരുന്നു. ഇങ്ങനെ നിത്യജീവിതത്തിൽ നാളികേരത്തിന്‌ വലിയൊരു പ്രാമുഖ്യമുണ്ട്‌.
ഇന്ന്‌ ശാസ്ത്രലോകവും ചികിത്സാരംഗവും വളരെ വ്യക്തമായി നാളികേരത്തിൽ നിന്ന്‌ നിർമ്മിക്കാൻ കഴിയുന്ന ഔഷധങ്ങളുടേയും ഔഷധഗുണമുള്ള ഉൽപന്നങ്ങളുടേയും പുറകേ പരീക്ഷണങ്ങളും ഗവേഷണങ്ങളുമായി  മുമ്പോട്ടുപോവുന്നു. കരിക്കിൽ നിന്നും കരിക്കിൻവെള്ളത്തിൽ നിന്നും കോശനിർമ്മിതിക്കാവശ്യമായ  ഘടകങ്ങൾ പ്രത്യേകം വേർതിരിച്ചെടുക്കുന്നു. നിരവധി മാറാരോഗങ്ങളെന്ന്‌ സാധാരണഗതിയിൽ അലോപ്പതിയിൽ പറയുന്ന രോഗങ്ങൾക്ക്‌ നാളികേരത്തിൽ നിന്നുള്ള ഔഷധങ്ങൾ ഗവേഷണത്തിലൂടെ ഉരുത്തിരിച്ചെടുത്തുവേന്ന്‌ മാത്രമല്ല, അതിന്‌ അമേരിക്കൻ പേറ്റന്റ്‌ വരെ നേടിയ സ്ഥാപനങ്ങളും ഇന്ത്യയിലുണ്ട്‌. നാളികേരത്തിന്റെ ഗുണങ്ങളിലേക്കും ഔഷധമൂല്യങ്ങളിലേക്കും ഒരു പുനരന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്‌. അത്‌ വേഗത്തിലാക്കണ്ടത്‌ നാളികേര കൃഷിയുടേയും വ്യവസായത്തിന്റേയും വളർച്ചയ്ക്ക്‌ ആവശ്യമാണ്‌. എന്തുകൊണ്ടാണ്‌ ഊർജ്ജിതമായ ഗവേഷണങ്ങൾ നാളികേര മേഖലയിൽ മുൻകാലങ്ങളിൽ നടക്കാതെപോയത്‌?  നിലവിലുള്ള മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കും അതുപോലെത്തന്നെ വൻകിട കുത്തക ഔഷധനിർമ്മാണ ശാലകൾക്കും  നാളികേരം 'വിദേശ' ഉൽപന്നമാണ്‌. ഇന്ത്യയിലെ കമ്പനികൾപോലും  രാസവസ്തുക്കളിൽ നിന്നും മറ്റ്‌ കൃത്രിമമാർഗ്ഗങ്ങളിലൂടെയുമുള്ള ഔഷധനിർമ്മാണം സംബന്ധിച്ച ഗവേഷണങ്ങൾ മുന്നോട്ട്‌ കൊണ്ടുപോയപ്പോഴും നമ്മുടെ നാട്ടിലെ പരമ്പരാഗതമായ കാർഷിക വിഭവങ്ങളും വിളകളും മറന്നുപോയതിൽ അത്ഭുതപ്പെടാനില്ല.
ജീവിതശൈലിരോഗങ്ങളിലേക്ക്‌ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു ജനതയായി കേരള സമൂഹം മാറിയിട്ടുണ്ട്‌. 65 വയസ്സ്‌ കഴിഞ്ഞവരുടെ എണ്ണം കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 18 ശതമാനം കടന്നിരിക്കുന്നു. ആരോഗ്യ സംരക്ഷണ രംഗത്ത്‌  ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും വാർദ്ധക്യത്തിലെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമെല്ലാം നാളികേരത്തിന്റെ ഔഷധമൂല്യം പ്രയോജനപ്പെടുത്തുന്നതിനെക്കുറി
ച്ച്‌ പഠനങ്ങളും ഗവേഷണങ്ങളും ഊർജ്ജിതമാക്കേണ്ടതുണ്ട്‌. നിരവധി ജീവിതശൈലി രോഗങ്ങൾക്ക്‌ പ്രതിവിധി തേടി അമേരിക്കയിലെ ഡോക്ടർമാർ തേങ്ങയിലേക്കും വെളിച്ചണ്ണയിലേക്കുമാണ്‌ നോക്കുന്നത്‌. അൽഷിമേഴ്സ്‌, പ്രമേഹം, തൈറോയിഡ്‌,  ഓട്ടിസം തുടങ്ങിയ രോഗങ്ങൾക്ക്‌ അവിടെ അലോപ്പതി ഡോക്ടർമാർ വെർജിൻ വെളിച്ചെണ്ണ പ്രതിവിധിയായി നിർദ്ദേശിക്കുന്നു.  ഫിലിപ്പീൻസിൽ കോഡ്‌ ലിവർ ഓയിലിന്‌ പകരമായി വെർജിൻ വെളിച്ചെണ്ണയുടെ 'സോഫ്ട്‌ ജെൽ ക്യാപ്സൂളു'കൾ ധാരാളമായി ഉപയോഗിക്കുന്നുണ്ട്‌. തടി കുറയ്ക്കുന്നതിന്റേയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്റേയും ഭാഗമായി യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും കൊട്ടിഘോഷിക്കുന്ന ഓട്സിനെ ഫിലിപ്പീൻസിലെ നാളികേര കർഷകരും ഉപഭോക്താക്കളും തിരിച്ചറിഞ്ഞ്‌ പകരമായി 'കോക്കനട്ട്‌ ഫ്ലേക്സ്‌' ഉപയോഗിക്കുന്നു. ഓട്സിലുള്ളതിനേക്കാൾ പോഷകമൂല്യവും നാരുകൾ അടങ്ങിയതുമാണ്‌ ഇതെന്ന്‌ അവർ സമർത്ഥിക്കുന്നു. ഉദര സംബന്ധമായ ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ രോഗങ്ങൾക്ക്‌ മാത്രമല്ല കോളൻ ക്യാൻസറിനുപോലും കോക്കനട്ട്‌ ഫ്ലേക്സ്‌ ദിവസവും പ്രാതലിൽ ഉൾപ്പെടുത്തുന്നത്‌ ഉപയോഗപ്രദമാണെന്ന്‌ ഫിലിപ്പീൻസിലെ കർഷകരുടെ ഉത്പാദക കമ്പനികൾ സമർത്ഥിക്കുന്നു.
നമ്മുടെ നാട്ടിലെ ആർക്കും വേണ്ടാതെ കിടന്നിരുന്ന ഒരു വിളയിൽ നിന്ന്‌  ആരോഗ്യസംരക്ഷണത്തിനും ആരോഗ്യകരമായ സാഹചര്യം സൃഷ്ടിക്കുന്നതിനും വേണ്ട ഭക്ഷണവും ഔഷധവും ഒക്കെ കണ്ടെത്തുവാൻ കഴിയുമെന്നുള്ള അറിവ്‌ തെങ്ങുകൃഷിയുടെ പുനരുജ്ജീവനത്തിന്‌ പ്രയോജനപ്പെടുത്താൻ തീർച്ചയായും കഴിയില്ലേ? ഈ രംഗത്തും വൻകിട കമ്പനികളോ ഔഷധനിർമ്മാണശാലകളോ മുന്നോട്ടുവരുമെന്ന്‌ പ്രതീക്ഷിക്കരുത്‌. ഇവിടെയാണ്‌ കർഷക കൂട്ടായ്മകൾക്ക്‌  പരമാവധി കാര്യങ്ങൾ ചെയ്യാൻ കഴിയുന്നത്‌.  ആദ്യമായി ഈ രംഗത്തെക്കുറിച്ച്‌ വ്യക്തമായ അറിവ്‌ സമ്പാദിക്കുക, ഈ അറിവുകളെ എങ്ങനെ പ്രായോഗികമായി പ്രയോജനപ്പെടുത്താൻ കഴിയുമെന്ന്‌ ചർച്ച ചെയ്യുകയും അതിനെക്കുറിച്ച്‌ അന്വേഷണം നടത്തുകയും ചെയ്യുക. ഉത്പാദക കമ്പനികളും നാളികേര വികസന ബോർഡും ചേർന്ന്‌ ഈ രംഗത്ത്‌ കൂടുതൽ ഗവേഷണങ്ങൾ സമാന്തരമായി ചെയ്യുക. ഉരുത്തിരിച്ചെടുക്കാവുന്ന പുതിയ ഉൽപന്നങ്ങളുടെ ഒരു ശ്രേണി  കണ്ടെത്തുക, നമുക്ക്‌ ചെയ്യാവുന്ന നിരവധി കാര്യങ്ങൾ ഒത്തൊരുമിച്ച്‌ ചെയ്യുന്നതിന്‌ ശ്രമിക്കുക. കൂട്ടായ വിപണനവും പ്രചാരണ പ്രവർത്തനങ്ങളും നാം ഏറ്റെടുക്കേണ്ടതുണ്ട,​‍്‌ ഇന്ത്യയ്ക്കുള്ളിലെങ്കിലും.  നാളികേര രംഗത്ത്‌ പരമ്പരാഗതമായ തേങ്ങ, വെളിച്ചെണ്ണ, കൊപ്ര എന്നിവയ്ക്കപ്പുറത്തേക്ക്‌  ഇതൊരു ദിവ്യമായ വിളയാണെന്നും യഥാർത്ഥ കൽപ്പവൃക്ഷമാണെന്നും ഇതിൽ നിന്നും ഉത്പാദിപ്പിക്കുവാൻ കഴിയുന്ന ഉൽപന്നങ്ങൾക്ക്‌ ജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രയോജനമുണ്ടെന്നും പൊതുസമൂഹവും കാർഷിക വ്യവസായ ലോകവും വിപണിയും മനസ്സിലാക്കുന്നതുവരെ നമുക്ക്‌  അത്യദ്ധ്വാനം ചെയ്തേപറ്റൂ. 

അതുകൊണ്ട്‌ കേരകർഷകർ തന്നെ തങ്ങളുടെ കൂട്ടായ്മകൾ വഴി  തെങ്ങുകൃഷിയുടേയും നാളികേരത്തിന്റേയും ഉൽപന്നങ്ങളുടെ മഹത്വം പൊതുസമൂഹത്തിലേക്ക്‌ കൊണ്ടുവരേണ്ടതുണ്ട്​‍്‌. ആവശ്യമെങ്കിൽ ഏഷ്യൻ പസഫിക്ക്‌ കോക്കനട്ട്‌ കമ്മ്യൂണിറ്റി (എപിസിസി)യുടെ സഹായവും നമുക്ക്‌ തേടേണ്ടതുണ്ട്‌.
ഇതിനെല്ലാം പുറമെയാണ്‌ നീര. ആരോഗ്യദായക പോഷകപാനീയമെന്ന നിലയിൽ അതിലടങ്ങിയിരിക്കുന്ന പോഷകമൂല്യങ്ങൾകൊണ്ട്‌ തന്നെ നീര പ്രത്യേകം പരിഗണന അർഹിക്കുന്നുണ്ട്‌. അതിലടങ്ങിയിരിക്കുന്ന ഗ്ലൈസിമിക്‌ ഇൻഡക്സ്‌ വളരെക്കുറഞ്ഞ പഞ്ചസാര, പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം,  മാംഗനീസ്‌ തുടങ്ങിയ ധാതുലവണങ്ങൾ, വൈറ്റമിൻ ബി കോംപ്ലക്സ്‌, വൈറ്റമിൻ സി, കോശനിർമ്മിതിക്ക്‌ ആവശ്യമായ ഗ്ലൂട്ടാമിക്‌ ആസിഡ്‌    തുടങ്ങിയവ വേർതിരിച്ചെടുത്ത്‌ മൂല്യവർദ്ധിതയുൽപന്നങ്ങൾ നിർമ്മിക്കുന്നത്‌ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും ജനങ്ങൾക്ക്‌ മെച്ചപ്പെട്ട  ആരോഗ്യമുണ്ടാകുന്നതിനും കാരണമായിത്തീരും. പരമ്പരാഗത ഉൽപന്നങ്ങൾക്ക്‌ പോലും  പരമ്പരാഗതമല്ലാത്ത ഉപയോഗങ്ങൾ കണ്ടെത്തുകയെന്നതാണ്‌ നമുക്കിന്നാവശ്യം. നിരവധി ശാസ്ത്രജ്ഞന്മാരും ഗവേഷകരും ആയുർവ്വേദ രംഗത്തെ വിദഗ്ദ്ധരുമൊക്കെ ഈ ലക്കത്തിൽ ഇത്തരം കാര്യങ്ങൾ നിങ്ങളോട്‌ പറയുന്നുണ്ട്‌.
തദ്ദേശിയമായ ഉൽപന്നങ്ങൾ ഭക്ഷണത്തിലും ജീവിതചര്യയിലും ഉൾപ്പെടുത്തുന്നതാണ്‌ ആരോഗ്യപരിപാലനത്തിന്‌ ഏറ്റവും അനുയോജ്യമെന്ന്‌ ശാസ്ത്രലോകം ഇന്ന്‌ സമർത്ഥിക്കുന്നു. നമ്മുടെ നാട്ടിലെ കിഴങ്ങുവിളകളും ചക്കയും ചേനയും ചേമ്പും കാച്ചിലുമൊക്കെ നാളികേരം ധാരാളം ചേർത്തുള്ള പഴയ പാചകരീതി നമ്മുടെ ആരോഗ്യത്തിനും രോഗങ്ങൾ അകറ്റുന്നതിനും ശരീരത്തിന്‌ സമീകൃതമായ പോഷകങ്ങൾ പ്രദാനം ചെയ്യുന്നതിനും ഉപയുക്തമായിരുന്നു. ഫാസ്റ്റ്‌ ഫുഡ്‌ സംസ്ക്കാരത്തിന്റേയും ജങ്ക്‌ ഫുഡ്‌ രീതിയുടേയും കടന്നുകയറ്റത്തിൽ നാം മറന്നുപോയ ഇത്തരം ചര്യകൾ തുടരുന്നതിനുകൂടിയുള്ള പരിശ്രമം നാളികേര കർഷകരുടെ ഇടയിൽ നിന്നു തുടങ്ങേണ്ടതുണ്ട്‌ എന്ന്‌ വിശ്വസിക്കുന്നു.
നമ്മുടെ ശ്രദ്ധ അടിയന്തിരമായി പതിയേണ്ട മറ്റൊരുരംഗം നാളികേര വിപണന രംഗമാണ്‌. ഇന്നൊരുപക്ഷേ കഴിഞ്ഞ രണ്ടുവർഷക്കാലം ഇടിഞ്ഞിരുന്ന നാളികേരവില അൽപ്പം ഉയർന്ന്‌ കർഷകർക്ക്‌ ആശ്വാസമേകുന്ന ഒരു സ്ഥിതിയുണ്ട്‌. എന്നാൽ ഈ ആശ്വാസം തകർക്കുന്നതിനുവേണ്ടി നിരവധി ശക്തികൾ ഒളിഞ്ഞും തെളിഞ്ഞും രംഗത്തുണ്ടെന്നുള്ള കാര്യം വിസ്മരിച്ചുകൂടാ. വെളിച്ചെണ്ണയുടേയും നാളികേരത്തിന്റേയും പേര്‌ പറഞ്ഞ്‌ തങ്ങളുടെ ഉൽപന്നങ്ങൾ പ്രചരിപ്പിക്കുകയും വിപണിമൂല്യം നേടുകയും ചെയ്യുന്നതോടൊപ്പം തന്നെ ഗൂഢമായി  അതിൽ വെളിച്ചെണ്ണയ്ക്ക്‌ പകരം പാം ഓയിലും പാംകെർണൽ ഓയിലും ചേർക്കുന്ന വ്യവസായരംഗം ഇന്ന്‌ നിലവിലുണ്ട്‌. വെളിച്ചെണ്ണ ഉപയോഗിക്കാത്ത  ഉൽപന്നങ്ങളിൽപോലും രണ്ട്‌ തേങ്ങാമുറി പരസ്യത്തിൽ ചേർക്കാതെ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ പ്രയാസമാണെന്ന്‌ മാർക്കറ്റിംഗ്‌ വിദഗ്ദ്ധർ മനസ്സിലാക്കുന്നുണ്ട്‌. എന്തിനേറെ 'കരിക്കിൻ വെളിച്ചെണ്ണ' മുഖകാന്തി വർദ്ധിപ്പിക്കുന്നതിന്‌ അത്യുത്തമമാണെന്ന്‌ പ്രചരിപ്പിക്കുന്ന ഘട്ടം വരെ എത്തിയിട്ടുണ്ട്‌. കരിക്കിൽ നിന്ന്‌ എങ്ങനെയാണ്‌ എണ്ണ ഉത്പാദിപ്പിക്കുകയെന്ന ചോദ്യം കർഷകരും ഉപഭോക്താക്കളും ചോദിക്കുന്നുണ്ട്‌. ഇത്തരത്തിൽ വെളിച്ചെണ്ണയുടെ വിലയിടിക്കുന്നതിനുള്ള കൂട്ടായ ശ്രമങ്ങൾ നാളികേരവിലയിടിവിനെ നേരിട്ട്‌ സഹായിക്കുകയാണ്‌. 

വെളിച്ചെണ്ണയുടെ വിലയിടിച്ച്‌ കുറഞ്ഞവിലയ്ക്ക്‌ ഉൽപന്നം കൈക്കലാക്കണം എന്ന ഉദ്ദേശ്യത്തോടെയാണ്‌ വർദ്ധിച്ച ഇറക്കുമതി നടത്തുന്നത്‌. ഇറക്കുമതിയുടെ ഓലപ്പാമ്പ്‌ കാണിച്ച്‌ വിപണിയിലെ വിലയിടിച്ച്‌ കുറഞ്ഞവിലയ്ക്ക്‌ ഇന്നാട്ടിലെ ഉൽപന്നങ്ങൾ സംഭരിച്ച്‌ സമാഹരിച്ച്‌ വയ്ക്കുന്ന തന്ത്രം  വെളിച്ചെണ്ണ മേഖലയിലും വ്യവസായലോകം പരീക്ഷിക്കുന്നുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ പരമ്പരാഗതമല്ലാത്ത ഉപയോഗങ്ങളിലേക്കും വെളിച്ചെണ്ണയേയും നാളികേരത്തേയും കൈപിടിച്ചുനടത്തേണ്ടത്‌. ഈ അടുത്തകാലത്ത്‌ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേയും വടക്ക്‌ കിഴക്കൻ സംസ്ഥാനങ്ങളിലേയും പച്ചതേങ്ങയുടെ വില അറിഞ്ഞപ്പോൾ അത്ഭുതപ്പെട്ടുപോയി. ആസ്സാമിലെ ഗോഹട്ടിയിൽ സാമാന്യ വലിപ്പമുള്ള ഒരു നാളികേരത്തിന്റെ വില അറുപത്‌ രൂപയാണ്‌. പാട്നയിൽ 80 ഉം ഡൽഹിയിലും സിംലയിലുമൊക്കെ 60 രൂപയും വില ലഭിക്കുന്നുണ്ട്‌. വളരെ കഷ്ടപ്പെട്ടിട്ടാണ്‌ ദക്ഷിണേന്ത്യയിലെ കർഷകർക്ക്‌ തേങ്ങയൊന്നിന്‌ 10 രൂപ ലഭിക്കുന്നത്‌. മാർക്കറ്റിംഗിലേക്ക്‌ നമ്മുടെ നാളികേരോത്പാദക കമ്പനികൾ കടന്നുകയറാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. എന്തുകൊണ്ടാണ്‌ നമ്മുടെ കർഷകകൂട്ടായ്മകൾ ഇന്ത്യയിലെ എല്ലാ പട്ടണങ്ങളിലേക്കും അവരുടെ ആവശ്യമറിഞ്ഞ്‌, കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനം ചെയ്യാവുന്ന ഒരു 'വിൻ-വിൻ' സാഹചര്യത്തിലുള്ള വിപണന തന്ത്രം ആവിഷ്ക്കരിക്കാൻ ശ്രമിക്കാത്തത്‌.
വളരെക്കാലം നാം കാത്തുകാത്തിരുന്ന തെങ്ങുകൃഷി പുനരുജ്ജീവന പദ്ധതി കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുകയാണ്‌. ഏതാനും നാളുകൾക്കകം പ്രവർത്തനം ആരംഭിക്കുമ്പോൾ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ ഒഴികെയുള്ള മുഴുവൻ ജില്ലകളിലും കർഷക കൂട്ടായ്മകളായ നാളികേരോത്പാദക സംഘങ്ങളും ഫെഡറേഷനുകളും കമ്പനികളും മുൻനിരയിൽ ഉണ്ടാവണം എന്ന്‌ അഭ്യർത്ഥിക്കുന്നു. അംഗങ്ങളായ കർഷകരുടെ,  രോഗം മൂർച്ഛിച്ചതും പ്രായാധിക്യവും മറ്റ്‌ കാരണങ്ങൾ കൊണ്ടും ഉത്പാദനക്ഷമത തീർത്തുമില്ലാത്തതുമായ മുഴുവൻ തെങ്ങുകളും വെട്ടിമാറ്റുന്നതിനും പുതുതായി ഉത്പാദനശേഷി കൂടിയ ഉയരം കുറഞ്ഞയിനം തെങ്ങുകൾ വെച്ചുപിടിപ്പിക്കുന്നതിനും ബാക്കിയുള്ള തെങ്ങുകൾക്ക്‌ രണ്ട്‌ വർഷക്കാലം  ശാസ്ത്രീയവും സമീകൃതവുമായ വളപ്രയോഗം നടത്തുന്നതിനുമുള്ള അവസരം കർഷകർക്ക്‌ കൈവരുകയാണ്‌. പദ്ധതിയ്ക്കുള്ള അപേക്ഷഫോറങ്ങൾ തയ്യാറായിക്കഴിഞ്ഞു. നമ്മുടെ ഉത്പാദകസംഘങ്ങൾ ഈ അവസരം പൂർണ്ണമായി പ്രയോജനപ്പെടുത്തണ മെന്ന്‌ ഓർമ്മപ്പെടുത്തുന്നു.
  

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...