ഗീത മുന്നൂർക്കോട്
ക്ഷേത്രക്കെട്ടിലെ
ശ്രീകോവിൽ ഭദ്രതയിലെ
നിലത്തൊരു കുഞ്ഞു പീഠത്തിൽ
നീ എപ്പോഴും
ചിരിച്ചു കൊണ്ടിരിക്കുന്നു, ദേവീ…
ഗൂഢമോ ബാഹ്യമോ ആയ
അർത്ഥങ്ങളില്ലാത്ത ചിരി…
ഭക്തർ പറയുന്ന നാനാർത്ഥങ്ങളുള്ള ചിരി
കൂപ്പും കൈകളിൽ നോക്കാതെ
കാണിക്ക കിലുങ്ങുന്നോ ഇല്ലയോ
എന്ന് കാണാതെ
മുൻപിലുള്ള മുഖങ്ങളിൽ തെളിയുന്ന
അഭിനവ ഭക്ത്യാദരങ്ങൾ
ഹൃദയങ്ങളിൽ തെരയാതെ
മുന്നിൽ കുടഞ്ഞു വീഴുന്ന പരാതികൾ
കേട്ടിട്ടോ കേൾക്കാതെയോ
ആക്ഷേപങ്ങളും അപേക്ഷകളും
ഏറ്റെടുക്കുകയോ നിരാകരിക്കുകയോ
ചെയ്യാതെ
ഏറ്റുപറച്ചിലുകൾ
ഏതെന്നോ എന്തിനെന്നോ അറിയാതെ
നീ ചിരിക്കുന്നു…
നിന്റെ ആശീർവ്വാദം
ഭക്തർ സങ്കല്പിച്ചെടുക്കുന്നതോടെ
ആപേക്ഷികമാകുമ്പോൾ
നിന്റെയീ ചിരി
നിക്ഷ്പക്ഷനിശ്ചലതയാകുന്നു…
കണ്ടു പഠിക്കണം
ഈ ഇന്നിന്റെ ചിരി.