രമേശ്
കുടമാളൂര്‍
പൊയ്കയില്‍
താമരപ്പൂവിനെത്തൊട്ടു നിന്ന
ഇലയിലൊരു
നീര്‍ത്തുള്ളി വീണു.
പച്ചപ്പരപ്പില്‍
തുള്ളിത്തുടിക്കവേ
മരതക
മണിപോലവള്‍ തിളങ്ങി.
അരികിലെ
താമരപ്പൂവിന്റെ പാടല
വര്‍ണ്ണം
തന്നില്‍ ലയിപ്പിച്ചു
നില്‍ക്കവേ
പവിഴമണിയായി
-പിന്നെയവള്‍
വെയില്‍പ്പോളക്കുമ്പിളില്‍
വജ്രമായി,
ആകാശ
നീലത്തിലിന്ദ്രനീലം,
പോക്കുവെയിലില്‍
പുഷ്യരാഗം,
അസ്തമയ
സൂര്യന്റെ
രാഗാംശുവേല്‍ക്കവേ
ഗോമേദകം,
രാവില്‍
പനിമതിയുടെ
തൂവല്‍ത്തലോടലില്‍
വൈഡൂര്യം.
നളിനീദലത്തിലെ
ലാസ്യനൃത്തം മുറുകവേ
ഇലയൊരു
കാറ്റേറ്റുലഞ്ഞിടവേ
ഇളകിത്തെറിച്ചു
തകര്‍ന്നു
പൊയ്കയില്‍
പരശതം നീര്‍മണികളില്‍ വീണു
സ്വയമവളില്ലാതെയായി.
മറ്റൊരു
കാറ്റില്‍,
മറ്റൊരു
തിരയിളക്കത്തില്‍
ദലത്തില്‍
തുളുമ്പി വീണിപ്പോഴിതാ
മറ്റൊരു
നീര്‍മുത്തിന്നുന്മാദ
നര്‍ത്തനാന്ദോളനം
അതിതരളം,
അതിശയ
ചപലം.