എസ്സിഎംഎസ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ബയോ ശയൻസ് ആൻഡ്
ബയോടെക്നോളജി റിസർച്ച് ആൻഡ് ഡവലപ്‌മന്റ്, കളമശേരി
പരാഗണത്തിനു
ശേഷം നാളികേരത്തിലെ കാമ്പിന്റെ രൂപീകരണം, കാമ്പിലെ കൊഴുപ്പ് ശേഖരണം
എന്നിവയിലുള്ള ഗവേഷണങ്ങൾക്ക് കാമ്പിന്റെ പോഷക മൂല്യങ്ങൾ
ഉപയോഗപ്പെടുത്തുന്നതു സംബന്ധിച്ച് വിലപ്പെട്ട വിവരങ്ങൾ നൽകാൻ സാധിക്കും.
പരാഗണത്തിനു ശേഷം അഞ്ചു മാസം കഴിയുമ്പോൾ മുതലുള്ള കാമ്പിലെ കോശങ്ങളുടെ
ഗുണനിലവാര പരിശോധനയുമായി ബന്ധപ്പെട്ട് കളമശേരിയിലെ എസ്സിഎംഎസ്
ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ബയോ ശയൻസ് ആൻഡ് ബയോടെക്നോളജി റിസർച്ച് ആൻഡ്
ഡവലപ്‌മന്റിൽ ഒരു ഗവേഷണം പൂർത്തിയായി. കൊഴുപ്പിന്റെ അളവ് വളരെ കുറഞ്ഞതും
എന്നാൽ വളരെ രുചികരവുമായ ഒരു നാളികേര ക്രീം നിർമ്മിക്കുന്നതിന് നടത്തിയ ഈ
ഗവേഷണം നാളികേര വികസന ബോർഡിന്റെ സഹകരണത്തോടെയാണ്
പൂർത്തിയായിരിക്കുന്നത്. ധാതുക്കൾ, അമിനോ ആസിഡ് തുടങ്ങിയവയുടെ പ്രത്യേക
അനുപാതം ഈ ഉൽപന്നതിന് വളരെ വ്യത്യസ്തമായ പോഷക നിലവാരമാണ് നൽകുന്നത്.
വളരെ കുറഞ്ഞ കൊഴുപ്പ് (4%), ധാരാളം മാംസ്യം,ആവശ്യത്തിന് അമിനോ
ആസിഡുകൾ, കൂടാതെ ധാതുക്കൾ എന്നിവ ഈ പുതിയ ഉൽപന്നത്തിന്റെ സവിശേഷതകളാണ്.
ഇതിന്റെ പോഷകാംശത്തിലെ പുതുമ കണക്കിലെടുത്ത് നാളികേര വികസന ബോർഡും
എസ്സിഎംഎസ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ബയോ ശയൻസ് ആൻഡ് ബയോടെക്നോളജി
റിസർച്ച് ആൻഡ് ഡവലപ്‌മന്റും സംയുക്തമായി ഇതിന്റെ പേറ്റന്റിന് അപേക്ഷ
സമർപ്പിച്ചു കഴിഞ്ഞു.
ഈ സ്വാദിഷ്ടമായ കൊഴുപ്പു കുറഞ്ഞ ക്രീമിനൊപ്പം, ഇളനീർ ശീതളപാനീയം,
ഇളനീർ വൈൻ, തുടങ്ങിയ ഉപോൽപന്നങ്ങളും എസ്.സിഎംഎസ് ഇൻസ്റ്റിറ്റിയൂട്ട്
ഓഫ് ബയോ ശയൻസ് ആൻഡ് ബയോടെക്നോളജി റിസർച്ച് ആൻഡ് ഡവലപ്‌മന്റ്
വികസിപ്പിച്ചിട്ടുണ്ട്. വ്യാവസായിക അടിസ്ഥാനത്തിലുള്ള ക്രീം നിർമ്മാണ
പ്ലാന്റിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.
നാളികേരത്തിലെ പൊങ്ങിന്റെ ഔഷധ മൂല്യം
മുകുളങ്ങളുടെ
സുഷുപ്താവസ്ഥ തെങ്ങ് ഉൾപ്പെടെയുള്ള എല്ലാ ഒറ്റത്തടി വൃക്ഷങ്ങളുടെയും
ജീവശാസ്ത്രപരമായ പ്രത്യേകതയാണ്. ഇത്തരത്തിലുള്ള ജീവമുകുളമാണ് മുളച്ചു
തുടങ്ങുന്ന തേങ്ങയിൽ കാണുന്ന പൊങ്ങ്.
തേങ്ങയുടെ ഉൾവശത്തിന്റെ വ്യാപ്തിയനുസരിച്ച് പൊങ്ങ് തേങ്ങയ്ക്കുള്ളിൽ
വളർന്ന് നിറയും. മുകുളത്തിന്റെ വളർച്ചയ്ക്ക് ഭാവിയിൽ ആവശ്യമായ
കാർബോഹൈഡ്രേറ്റ്, മാംസ്യം, ധാതുക്കൾ, അമിനോ ആസിഡുകൾ, ജീവകങ്ങൾ, ഹോർമോണുകൾ
എന്നിവയുടെ സമ്പന്നമായ കലവറയാണ് പൊങ്ങ്. പോഷകാംശത്തിലും ഇത് വളരെ
മുന്നിലാണ്.
ഇതിന്റെ പോഷകമൂല്യം ഔഷധ മേഖലയിൽ പ്രയോജനപ്പെടുത്തുക എന്നതിന് വലിയ
പ്രസക്തിയുണ്ട്. ഇക്കാരണത്താൽ തന്നെ, നാളികേര വികസന ബോർഡിന്റെ ടെക്നോളജി
മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പൊങ്ങിന്റെ ഔഷധമൂല്യം അപഗ്രഥിക്കുന്നതിനും
അത് ജീവികളിൽ പരീക്ഷിക്കുന്നതിനുമുള്ള ഒരു ഗവേഷണം എസ്സിഎംഎസ്
ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ബയോ ശയൻസ് ആൻഡ് ബയോടെക്നോളജി റിസർച്ച് ആൻഡ്
ഡവലപ്‌മന്റിൽ നടന്നു വരുന്നു.