ഗീത മുന്നൂർക്കോട്
ധാരാളം
പുഴകൾ
അസാധാരണ
വഴികൾ ചുറ്റി
അലസമായി
ഒഴുകി നടന്ന
ഒരു വലിയ
ഭൂസ്ഥലിയായിരുന്നു അച്ഛൻ…
പച്ചപ്പു
വിരുന്നു വിളിക്കുന്ന
ഒരു വിനോദകേന്ദ്രമാകാറുണ്ടായിരുന്നീ യിടം
കുളിരിന്റെ
മണം പിടിച്ച്
സൌഹൃദത്തെന്നലുകൾ
പലപ്പോഴും
വഴി മാറി
അച്ഛനിലേക്ക്
വീശിയടിക്കുന്നത്
ഹൃദ്യമായിരുന്നു…
നിറഞ്ഞു
പൂത്തിരുന്ന
ചിരിപ്പൂക്കളിറുക്കാൻ
ഞങ്ങൾ പോരാഞ്ഞ്
വഴിപോക്കർ
പോലും
ഒരു ചിരിയെങ്കിലും
നുണയാൻ
അച്ഛനിലേക്ക്
കയറിയിറങ്ങുന്നത്
ഒരു കാഴ്ച്ച
തന്നെയായിരുന്നു…
ചന്തം ചേർത്ത്
വളഞ്ഞും
പുളഞ്ഞും
തിരിഞ്ഞും
കുണുങ്ങിയും
ഓടിയൊഴുകിയിരുന്ന
അച്ഛന്റെ വികാരപ്പുഴകളെ
ഞങ്ങൾ
വെവ്വേറെ
പേരിട്ട്
തരം തിരിച്ചറിഞ്ഞിരുന്നു..
സ്നേഹ…ദയ…ക്ഷമ… നീതി…തൃപ്തി….
വിസ്മയ… പൂർണ്ണ…. … ശക്തി…
അങ്ങനെ എത്രയെത്ര നദികൾ….
എന്നായിരുന്നു…അത്….?
ഒരു ഉരുൾപ്പൊട്ടലിന്റെ
ക്ഷണികക്ഷോഭത്തിൽ
എല്ലാ നീർവഴികളും
സന്ധിച്ചൊന്നായി
“രുദ്ര”യായതും
ചെറുക്കാനാകാത്ത
പർവ്വതക്കല്ലായി
ആ പിതൃഹൃദയം
പരിണമിച്ചതും….
അപ്പോൾ
ഞങ്ങളൊന്നാകെ
പ്രളയക്കടലിൽ
ശ്വാസമടച്ചു മുങ്ങിയതും…..!
************