ബയോകെമിസ്ട്രി വിഭാഗം, സെന്റ് തോമസ് കോളജ്, അരുണാപുരം, പാല
പാലാ
സെന്റ് തോമസ് കോളജിലെ ബയോകെമിസ്ട്രി വിഭാഗം, നാളികേര വികസന ബോർഡിന്റെ
സഹകരണത്തോടെ നടത്തുന്ന ഗവേഷണത്തിൽ വെർജിൻ വെളിച്ചെണ്ണ ഉപയോഗിച്ച് മനുഷ്യ
ശരീരത്തിലെ എല്ലുകളെയും കോശങ്ങളെയും പുനരുജ്ജീവിപ്പിക്കാൻ ശേഷിയുള്ള
ക്ഷീരബലതൈലം എന്ന ആയുർവേദ ഔഷധം വികസിപ്പിക്കാനുള്ള ആദ്യ ഘട്ടം
പിന്നിട്ടു. മൂന്നു വർഷമാണ് ഗവേഷണ കാലാവധി. ഡോ.എം.രതീഷിനൊപ്പം,
എ.വൈശാഖ്, കെ.എ അഞ്ജു എന്നിവരും ഈ പദ്ധതിയിൽ പ്രവർത്തിക്കുന്നു.
റുമറ്റോയിഡ് ആർത്രെററിസ് ഉൾപ്പെടെയുള്ള വാതരോഗങ്ങൾക്ക് ആധുനിക
ചികിത്സാശാസ്ത്രം ഇതുവരെ ഫലപ്രദമായ പ്രതിവിധികൾ കണ്ടെത്തിയിട്ടില്ല.
നിലവിലുള്ള മരുന്നുകളാകട്ടെ പല വിധത്തിലുള്ള പാർശ്വ ഫലങ്ങൾക്കു
കാരണമാകുന്നു എന്നതും ഈ പുതിയ ഔഷധത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നു.
ആയൂർവേദത്തിൽ വാതത്തിന് പ്രത്യേകമായ ചികിത്സാവിധികൾ ഉണ്ട്. ഇതിന്
ഉപയോഗിക്കുന്ന പ്രധാന ഔഷധം ക്ഷീരബലയാണ്. മുഖത്തെ പേശികൾക്ക് തളർച്ച,
ഇടുപ്പു സന്ധികളുടെ വീക്കം, പക്ഷാഘാതം, പിള്ളവാതം തുടങ്ങിയവയ്ക്കും ക്ഷീരബല
തന്നെ ശരണം. സഹസ്രയോഗത്തിലാണ് ഇതിനെകുറിച്ചുള്ള ആദ്യ പരാമർശം കാണുന്നത്.
ഇതേ യോഗം തന്നെയാണ് ഇതര ആയുർവേദ ഗ്രന്ഥങ്ങളിലുമുള്ളത്. പേരുകളിൽ
മാത്രം മാറ്റമുണ്ട്. ചരകൻ ഇതിനെ ശതസഹസ്രപാക ബലതൈലം എന്നും, ശുസ്രുതൻ
ശതപാക ബലതൈലം എന്നും അഷ്ടാംഗഹൃദയം ശതപാകസഹസ്രപാക ബലതൈലം എന്നും സംജ്ഞ
നൽകുമ്പോഴും എല്ലാത്തിലേയും ചേരുവകകൾ ക്ഷീരം (പശുവിൻ പാൽ), ബല
(കുറുന്തോട്ടി) തിലതൈലം( എള്ള്എണ്ണ) എന്നിവ തന്നെ.
കുറുന്തോട്ടി ആയുർവേദത്തിൽ വളരെ വ്യപകമായി ഉപയോഗിക്കുന്ന ഔഷധമാണ്.
സ്വാഭാവിക ആന്റി ഓക്സിഡന്റുകളുടെ ഒരു കലവറയുമാണിത്. പശുവിൻ പാല്
എല്ലുകളുടെ പോഷണത്തിനും നാഡികൾ, പേശികൾ, മറ്റു കോശങ്ങൾ എന്നിവയുടെ
ആരോഗ്യത്തിനും ഉത്തമമത്രെ. വാതസംബന്ധമായ രോഗങ്ങൾക്ക് പ്രതിവിധിയായി
പ്രവർത്തിക്കാൻ കഴിവുള്ള വെർജിൻവെളിച്ചെണ്ണ ക്ഷീരബലയുടെ നിർമ്മാണത്തിന്
ഉപയോഗിക്കാനാവുമോ എന്നതാണ് ഗവേഷണ വിഷയം. കാരണം വെർജിൻ വെളിച്ചെണ്ണയും
ആന്റി ഓക്സിഡന്റുകളുടെ വലിയ ശേഖരമാണ്. ഇതിൽ പ്രധാനമായും കഫോയിക് ആസിഡ്,
കറ്റേഷിൻ, പിഗ്മാറ്റിക് ആസിഡ്, കാപ്രിലിക് ആസിഡ്, ഫെറുലിക് ആസിഡ്,
ലോറിക് ആസിഡ്, ബ്യൂക്ടിക് ആസിഡ്, പോളിഫിനോൾ എന്നിവ
അടങ്ങിയിരിക്കുന്നു.
ഇത്രയും സവിശേഷ പദാർത്ഥങ്ങൾ കൊണ്ടു സമ്പന്നമായ വെർജിൻ വെളിച്ചെണ്ണ
ആന്തരികാവയവങ്ങൾക്ക് ഒരു വിധ ഹാനിയും വരുത്തുന്നില്ല. ഇതിനെ ഒരു ഡയറ്ററി
ഓയിൽ ആയി പരക്കെ അംഗീകരിച്ചിട്ടുമുണ്ട്. ആന്റി ഓക്സിഡന്റുകളുടെ
കലവറകൂടിയായ വെർജിൻ കോക്കനട്ട് ഓയിൽ അണുക്കളെ നശിപ്പിക്കാൻ ശേഷിയുള്ളതും
പെപ്റ്റിക് അൾസർ പോലുള്ള രോഗങ്ങൾക്കെതിരെ വളരെ ഫലപ്രദവുമാണെന്ന്
തെളിഞ്ഞിട്ടുള്ളതുമാണ്.
ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽ -ന്റെ അളവ് കുറച്ച്, നല്ല
കൊളസ്ട്രോളായ എച്ച്ഡിഎൽ-ന്റെ അളവ് വർധിപ്പിക്കാൻ വെർജിൻ
വെളിച്ചെണ്ണയ്ക്ക് കഴിവുണ്ട്.
നീരുവീക്കത്തോടു കൂടിയ
സന്ധിവാതം ഗുരുതരമായ രോഗമാണ്. സന്ധിവാതങ്ങൾ നൂറിലേറെ ഇനങ്ങൾ ഉള്ളതായി
ആധുനിക വൈദ്യശാസ്ത്രം പറയുന്നു. ഇതിൽ ഓസ്റ്റിയോ ആർത്രെറ്റിസ്, സെപ്റ്റിക്
ആർത്രെറ്റിസ്, റുമറ്റോയിഡ് ആർത്രെററിസ്, സോറിയാക് ആർത്രെറ്റിസ്
തുടങ്ങിയവ കൂടുതൽ അപകടകാരികളാണ്. വാതരോഗം ബാധിച്ചവരെല്ലാം
സന്ധിവേദകൊണ്ട് ഏറെ ക്ലേശിക്കുന്നവരാണ്. രോഗം ബാധിച്ച കോശങ്ങൾ
ഉണ്ടാക്കുന്ന നീർക്കെട്ടിനെ തുടർന്ന് സന്ധികളിൽ കഠിനമായ വേദന
അനുഭവപ്പെടും. ചിലരിൽ ഇത് കാർട്ടിലേജ്, ലിഗ്‌മന്റ് തുടങ്ങിയവയുടെ
തകരാറിനും കാരണമാകുന്നു. പുരുഷന്മാരെക്കാൾ കൂടുതലായി സ്ത്രീകളിലാണ് ഈ രോഗം
കണ്ടു വരുന്നത്. ജുവനെയിൽ ആർത്രെറ്റിസും ഉണ്ട്. പുതിയ ഗവേഷണം ഫലം
കണ്ടാൽ അത് സന്ധിവാതത്തിനു മാത്രമല്ല, അമിതവണ്ണം, കൊളസ്ട്രോൾ, ഹൃദ്‌രോഗം
തുടങ്ങിയ വ്യാധികൾ മൂലം ക്ലേശിക്കുന്ന രോഗികൾക്കു കൂടി
ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്.