21 Jan 2014

നിലാവിന്റെ വഴി




ശ്രീപാർവ്വതി


 അപൂര്‍ണമായ ഒരു സായംസന്ധ്യയുടെ കഥ

രണ്ട് കളിക്കൂട്ടുകാരുടെ മൌനം എന്തുമാത്രം വാചാലമായിരിക്കാം? അവനും അവളും ബാല്യകാല സുഹൃത്തുക്കളായിരുന്നു. കന്യാകുമാരിയിലെ അലയാഴിയ്ക്കു മുന്നില്‍ എത്രയിരുന്നാലും കൊതി തീരാത്തവര്‍ , എത്ര സംസാരിച്ചാലും മതിവരാത്തവര്‍ . കാലം അവരെ രണ്ടു വഴിയിലേയ്ക്കു പറിച്ചു നടുമ്പോള്‍ പിന്നെയും എന്തൊക്കെയോ പറയാന്‍ ബാക്കിയായിരുന്നു, അതാവാം പിന്നെയും ആ കടവിലേയ്ക്ക് ഒരുമിച്ചെത്താന്‍ കാലം അവര്‍ക്കായി നിയോഗമൊരുക്കിയത്,

"പൊന്നുഷസ്സെന്നും നീരാടുവാന്‍ വരുമീ
സൌന്ദര്യതീര്‍ത്ഥക്കടവില്‍
നഷ്ടസ്മൃതികളാം മാരിവില്ലിന്‍ വര്‍ണപ്പൊട്ടുകള്‍ തേടി
നാം വന്നു..."
അതേ വരാതിരിക്കാന്‍ അവര്‍ക്കു കഴിയുമായിരുന്നില്ലല്ലോ. അസ്തമയസൂര്യന്‍റെ കതിരുവീണു ചുവന്ന പാറക്കൂട്ടത്തില്‍ ചാരിയിരിക്കുമ്പോള്‍ രണ്ടിലൊരാള്‍ കഥ പറയുകയായിരുന്നു. മറ്റേയാള്‍ കേട്ടിരിക്കയും.


"ഒന്നു പിണങ്ങിയിണങ്ങും നിന്‍ കണ്ണില്‍ കിനാവുകള്‍ പൂക്കും
പൂം പുലര്‍ക്കണി പോലെയേതോ പേരറിയാപ്പൂക്കള്‍
നമ്മെ തിരിച്ചറിഞ്ഞെന്നോ ചിരബന്ധുരമീ സ്നേഹബന്ധം
നമ്മെ തിരിച്ചറിഞ്ഞെന്നോ ചിരബന്ധുരമീ സ്നേഹബന്ധം"

പാതിവഴിയിലെവിടെയോ ഉപേക്ഷിച്ചു പോയ കൂട്ടുകാരനെ വളരെ വൈകിയാണ്, ജീവിതത്തിന്‍റെ മദ്ധ്യവഴിയില്‍ വച്ച് നന്ദിത കണ്ടെത്തുന്നത്. അപ്പോഴേയ്ക്കും അവര്‍ രണ്ടു പേരും രണ്ടു വഴികളില്‍ യാത്ര തുടങ്ങിയിരുന്നു. ഒരാള്‍ വക്കീലിന്‍റെ കറുത്ത ഗൌണിലും മറ്റേയാള്‍എഴുത്തിന്‍റേയും അക്ഷരങ്ങളുടേയും വിഷാദലോകത്തും പേരുറപ്പിച്ചിരുന്നു. മാസികയില്‍ അച്ചടിച്ചു വന്ന അവളുടെ ഏതോ കഥയില്‍ അവന്‍ തിരിച്ചറിഞ്ഞു, തന്നിലെ അപൂര്‍ണമായ ഏതോ ഒരു വരി ആ എഴുത്തുകാരിയ്ക്ക് പൂരിപ്പിയ്ക്കാനാകുമെന്ന്. പക്ഷേ എത്ര തിരഞ്ഞിട്ടും അയാള്‍ക്ക് അവളെ മനസ്സിലാക്കാനായില്ല.  


മേഘമല്‍ഹാര്‍ എന്നത് ഒരു രാഗമാണ്. അപൂര്‍വ്വസുന്ദരമായ ഒരു രാഗം. പണ്ട് ഈ രാഗം പാടി താന്‍സെന്‍ മഴപെയ്യിച്ചുവെന്നൊരു മോഹിപ്പിക്കുന്ന കഥയുണ്ട്. ഇവിടെയുമുണ്ട് ഒരു മഴ മേഘമല്‍ഹാര്‍ എന്ന പ്രണയമഴ, അത് പൊഴിയുന്നതാവട്ടെ നന്ദിതയുടേയും അവളുടെ കളിത്തോഴനായ രാജീവന്‍റേയും ഹൃദയത്തിലും. 

"തീരത്തടിയും ശംഖില്‍ നിന്‍ പേരു കോറി വരച്ചു ഞാന്‍
തീരത്തടിയും ശംഖില്‍ നിന്‍ പേരു കോറി വരച്ചു ഞാന്‍
ശംഖു കോര്‍ത്തൊരു മാല നിന്നെ ഞാനണിയിക്കുമ്പോള്‍
ജന്മങ്ങള്‍ക്കപ്പുറത്തെങ്ങോ ഒരു ചമ്പകം പൂക്കും സുഗന്ധം"

ഓരോ ശംഖിലും അവളുടെ പേരെഴുതുമ്പോള്‍ രാജീവിനു ഉള്ളിലെവിടെയോ ഒരു ചെമ്പകം പൂക്കുന്നുണ്ടായിരുന്നു. രേഖ എന്ന സ്വന്തം ഭാര്യയോടുള്ളതു പോലെയല്ല വളരെ വ്യത്യസ്തമായൊരു അനുഭവപകര്‍ച്ച രാജീവനു നന്ദിതയോട് തോന്നിയത് യാദൃശ്ചികമാകുമോ?  നന്ദിതയുടെ കഥയിലെ ചില വരികളില്‍ താനുണ്ടെന്ന് ഒളിഞ്ഞും തെളിഞ്ഞും രാജീവന്‍ നന്ദിതയോട് പറയുമ്പോള്‍ അവള്‍ തിരിച്ചറിയുന്നുണ്ട് അന്ന് അപൂര്‍ണമായിപ്പോയ ഒരു സൌഹൃദകഥ ഇവിടെ പുനരവതരിക്കാന്‍ പോകുന്നുവെന്ന്. പക്ഷേ അവള്‍ മൌനത്തിലായിരുന്നു. അതിലൂടെ അവള്‍ രാജീവനോട് സംവദിച്ചു. പ്രണയിച്ചു.


"മേഘമല്‍ഹാര്‍  പെയ്തിറങ്ങിയത്‌ ആ തെരുവുകളിലായിരുന്നില്ല , 
വരണ്ടുണങ്ങിയ ഏകാന്ത ഗലികളിലായിരുന്നു ".
അതേ പ്രണയത്തിനും മേഘമല്‍ഹാറിനും ഏകാന്തതയെ ഇഷ്ടമാണ്, പക്ഷേ രണ്ടിലും ഏകാന്തത പുറമേയ്കില്ലാ താനും, എങ്കിലും അവയില്‍ ഏകാന്തത അന്വേഷിക്കുന്നവര്‍ക്ക് അത് നിറയെ കിട്ടും. ഒന്നു കണ്ട കണ്ണുകള്‍ക്ക് വീണ്ടും കണ്ട് നെഞ്ച് നീറി വിങ്ങിയിരിക്കാന്‍ പാകത്തിനാണ്, "മേഘമല്‍ഹാര്‍" എന്ന സിനിമയിലെ കഥാഗതി. പ്രിയപ്പെട്ട ഒരു കൂട്ടുകാരനെ പിരിഞ്ഞ് പിന്നീട് ജീവിതത്തിന്‍റെ മറ്റൊരു കോണില്‍ വച്ച് കാണേണ്ടി വരുന്ന നിയോഗം ഏറെ കരയിക്കും. അതില്‍ നിന്ന് ആര്‍ക്കും മോചനമില്ല.


"ഒരു നറുപുഷ്പമായ് എൻ‌നേർക്ക് നീളുന്ന
മിഴിമുനയാരുടേതാവാം
ഒരു മഞ്ജുഹർഷമായ് എന്നിൽത്തുളുമ്പുന്ന
നിനവുകളാരെയോർത്താവാം
അറിയില്ലെനിക്കറിയില്ല
പറയുന്നു സന്ധ്യതൻ മൗനം മൗനം"


മാരന്‍റെ ശരം പോലെയായിരുന്നില്ല, മറിച്ച് അനുരാഗത്തിന്‍റെ വളരെ നേര്‍ത്ത വലക്കണ്ണികളായിരുന്നു അവരിരുവര്‍ക്കുമിടയില്‍ . അതങ്ങനെ തന്നെ നില നില്‍ത്താന്‍ വേണ്ടിയിട്ടാകാം സുനിശ്ചിതമായ ആ പിരിയലിലേയ്ക്ക് അവര്‍ ഒടുവില്‍ എത്തിച്ചേര്‍ന്നത്. പ്രണയം അകന്നിരുന്നാലും കത്തിമുള്ളു കൊള്ളിച്ചു കൊണ്ടേയിരിക്കും എന്ന് നന്ദിതയ്ക്കും രാജീവനും അറിയാത്തതല്ല, പക്ഷേ ജീവിതം കയ്യില്‍ വച്ചു തന്ന ചില നന്‍മകളെ കണ്ടില്ലെന്നു വയ്ക്കാന്‍ അവര്‍ക്കാകുമായിരുന്നില്ലല്ലോ. അതുകൊണ്ടു തന്നെ അവര്‍ അകന്നു. അപൂര്‍ണ്ണമായതിനെ അതിന്‍റെ പുതുമ നഷ്ടപ്പെടുത്താതെ അങ്ങനെ തന്നെ നിര്‍ത്തി അവര്‍ ചുവന്ന ചക്രവാളത്തിലേയ്ക്ക് ഒന്നുകൂടി ചേര്‍ന്നിരുന്നു. സായം സന്ധ്യ അപ്പോഴും പാടുന്നുണ്ടായിരുന്നു,

"മഴയുടെ തന്ത്രികൾ മീട്ടിനിന്നാകാശം
മധുരമായാർദ്രമായ് പാടി
അറിയാത്ത കന്യതൻ നേർക്കെഴും ഗന്ധർവ്വ
പ്രണയത്തിൻ സംഗീതം പോലെ
പുഴപാടി തീരത്തെ മുളപാടി
പൂവള്ളിക്കുടിലിലെ കുയിലുകൾ പാടി"

പാട്ടുപാടി കൂട്ടു കൂടി അവര്‍ പുതിയ കാലത്തിലേയ്ക്ക് നടന്നു മറഞ്ഞു. ഓര്‍മ്മകളുണരുമ്പോള്‍ അവര്‍ പിന്നെയും പലതവണ ആ കടല്‍ത്തീരത്ത് വന്നു അവര്‍ സ്വയമല്ല, കൈപിടിച്ച പ്രിയപ്പെട്ടവര്‍ക്കൊപ്പം. പാതിനിര്‍ത്തിയ പാട്ടു പോലെയുള്ള ആ പ്രണയത്തിന്‍റെ അഗാധമായ തേടലുള്ളതുകൊണ്ടായിരിക്കാം അവര്‍ വീണ്ടും വീണ്ടും ആ കടല്‍ക്കരയില്‍ വന്നിട്ടു പോയത്. വെള്ളിക്കെട്ടു വീണ മുടിയിഴയുമായി വീണ്ടുമൊരു കണ്ടുമുട്ടലിന്, കാലം ഒരു സന്ധ്യയെ കൂടി ഒരുക്കുമെന്നോ കാണാത്ത ഭാവത്തില്‍ അറിയാത്ത മുഖത്തില്‍ ചിരപരിചതരുടെയൊപ്പം അപരിചിതരായി നില്‍ക്കേണ്ടി വരുമെന്നോ രാജീവനും നന്ദിതയും എപ്പോഴെങ്കിലും ഓര്‍ത്തു കാണുമോ?

കാലം എന്ത് വികൃതിയാണല്ലേ...
"ഒരുനിർവൃതിയിലീ ഭൂമിതൻ മാറിൽ വീണുരുകും
ത്രിസന്ധ്യയും മാഞ്ഞു
നെറുകയിൽ നാളങ്ങൾ ചാർത്തും ചിരാതുകൾ
യമുനയിൽ നീന്തുകയായി
പറയാതെ നീ പോയതറിയാതെ കേഴുന്നു

ശരപഞ്ജരത്തിലേ പക്ഷീ
ഒരു നറുപുഷ്പമായ് എൻ‌നേർക്ക് നീളുന്ന
മിഴിമുനയാരുടേതാവാം"
ഇനിയുമുണ്ടാകാം നീളുന്ന മിഴികളുടെ നോവ്... അതു കൊള്ളിക്കുന്ന മധുര ഭാവം. അതോര്‍ത്തിരിക്കുന്ന മിഴികള്‍ ...

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...