ആർക്ക്‌ വോട്ടുചെയ്യണം? അഥവാ ആരാണ്‌ ജനപ്രതിനിധി


അമ്പാട്ട്‌ സുകുമാരൻനായർ/pho  8943875081

നാം ജനാധിപത്യത്തിലൂടെ ഭാരതത്തെ ഒരു കുരുക്ഷേത്രഭൂമിയാക്കി മാറ്റിയിരിക്കുകയാണ്‌. "ജനാധിപത്യം"-കേൾക്കാൻ എത്ര സുഖമുള്ള പദം. ജനങ്ങൾക്കുവേണ്ടി ജനങ്ങൾ നടത്തുന്ന ഭരണം എന്നാണ്‌ ശബ്ദതാരാവലിയിൽ അതിനർഥം നൽകിയിരിക്കുന്നത്‌. അപ്പോൾ ജനങ്ങൾ തന്നെയാണല്ലോ ഭരണകർത്താക്കൾ. ഉദ്യോഗസ്ഥന്മാരൊക്കെ ജനങ്ങളുടെ ദാസന്മാർ. ഉദ്യോഗസ്ഥന്മാരൊക്കെ ജനങ്ങളുടെ ദാസന്മാർ. പക്ഷേ, സ്വാതന്ത്ര്യം കിട്ടി അറുപത്തേഴാമത്തെ വയസിലേക്ക്‌ കാലൂന്നിനിൽക്കുന്ന ഈ അവസരത്തിലും നമുക്കെന്നേ അങ്ങനെയൊരു തോന്നലുണ്ടാകാത്തത്‌? നമുക്കിപ്പോഴും ഉദ്യോഗസ്ഥന്മാർ തന്നെയാണ്‌ യജമാനന്മാർ. മന്ത്രിമാരുടെയും ഉദ്യോഗസ്ഥന്മാരുടെയും മുമ്പിൽ നാം എത്രഭയഭക്തി ബഹുമാനത്തോടെയാണ്‌ നിൽക്കുന്നത്‌.

എന്തുകൊണ്ടാണ്‌ ഇങ്ങനെ സംഭവിച്ചതു? ഇവിടെ ജനാധിപത്യം ഇല്ലാത്തതുകൊണ്ടുതന്നെ.
തിരഞ്ഞെടുപ്പുവരുമ്പോൾ വോട്ടുചോദിച്ചുകൊണ്ട്‌ നമ്മെ സമീപിക്കുന്നത്‌ വ്യക്തികളല്ല. പാർട്ടികളാണ്‌. ഞങ്ങളുടെ പാർട്ടിയുടെ ആളിന്‌ വോട്ടുചെയ്യണമെന്നാണവർ പറയുന്നത്‌. ജനങ്ങൾ വോട്ടുചെയ്യുന്നത്‌ ആ പാർട്ടിയുടെ പ്രതിനിധികൾക്കാണ്‌. ജനങ്ങൾക്ക്‌ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അത്‌ നിറവേറ്റി തരേണ്ടത്‌ പാർട്ടിയുടെ ബാധ്യതയാണ്‌. പാർട്ടിപറയുന്നതുപോലെയേ അവരുടെ പ്രതിനിധിക്ക്‌ പ്രവർത്തിക്കാൻ കഴിയൂ.

ജനങ്ങൾക്കുവേണ്ടി സ്വതന്ത്രമായി ഒരഭിപ്രായം പറയാനും കാര്യങ്ങൾ ചെയ്യാനും ഈ എം.എൽ.എക്ക്‌ അവകാശമില്ല. എല്ലാ കാര്യത്തിലും പാർട്ടിയുമായി ആലോചിക്കണം. ഇവരങ്ങനെ ജനപ്രതിനിധികളാകും? ഇതാണോ യഥാർത്ഥത്തിലുള്ള ജനാധിപത്യം?

ഏതെങ്കിലും സ്വയം ഭരണ സ്ഥാപനത്തിന്റെയോ ബാങ്കിന്റെയോ തിരഞ്ഞെടുപ്പു വന്നാൽ അവിടെയും പാർട്ടികടന്നുവരും. പാർട്ടിയുടെ പ്രതിനിധികളെ അവിടെയും വിജയിപ്പിക്കും. തിരഞ്ഞെടുപ്പു കഴിയുമ്പോൾ ഏതുപാർട്ടിക്കു ഭൂരിപക്ഷം ലഭിക്കുന്നോ ആ പാർട്ടി ഭരണം ഏറ്റെടുക്കും. അപ്പോൾ ഭരണപക്ഷവും പ്രതിപക്ഷവുമുണ്ടായി. ഭരണപക്ഷത്തെ എവിടെയും എങ്ങനെയും പരാജയപ്പെടുത്തുക എന്നതാണ്‌ പ്രതിപക്ഷത്തിന്റെ ഏകലക്ഷ്യം. ഒരു ബില്ലുകൊണ്ടുവന്നാൽ അതിന്റെ പേരിൽ ചർച്ച നടക്കും. ചർച്ചയുടെ ലക്ഷ്യം ബില്ലിലെ അപാകതകൾ പരിഹരിക്കുക എന്നതല്ല, എങ്ങനെയും എതിർത്തു തോൽപ്പിക്കുക എന്നതാണ്‌. ഇത്‌ വാക്കേറ്റത്തിലും ചിലപ്പോൾ അടിപിടിയിലും കലാശിക്കും.

കുറച്ചുകാലം ഞാനും ഒരു രാഷ്ട്രീയപാർട്ടിയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്‌. അന്ന്‌ പ്രസിദ്ധനായ ഒരു രാഷ്ട്രീയ നേതാവിന്റെ സ്റ്റഡിക്ലാസ്സിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിച്ചു. അദ്ദേഹം പറഞ്ഞത്‌ ഞാനിപ്പോഴും ഓർക്കുന്നു. നമ്മളൊക്കെ പ്രതിപക്ഷത്തിരിക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു സംഗതിയുണ്ട്‌. ഭരണപക്ഷം ഒരു പക്ഷേ, നാടിനു പ്രയോജനമുള്ള നല്ലകാര്യങ്ങളായിരിക്കും നടപ്പിലാക്കുന്നത്‌. അതു നടപ്പിലാക്കിയാൽ ജനങ്ങൾ സ്വാഭാവികമായും അവരുടെ പക്ഷത്തേക്കുചേരും. അത്‌ രാജ്യത്തിന്‌ പ്രയോജനപ്പെടുന്ന നല്ലകാര്യമാണെന്നു കരുതി നാമത്തിനെ പൈന്തുണച്ചാൽ പിന്നെ പ്രതിപക്ഷത്തിന്റെ ആവശ്യമേ വരില്ല. നമ്മളെന്തു പറഞ്ഞാണ്‌ ജനങ്ങളെ സമീപിക്കുക?

അത്തരം സന്ദർഭങ്ങളിൽ ഭരണകക്ഷിയെ ഒരു വിധത്തിലും സമാധാനമായി ഭരിക്കാൻ അനുവദിക്കാതിരിക്കുക എന്നുള്ളതാണ്‌. അവർകൊണ്ടുവരുന്ന പദ്ധതി ജനദ്രോഹപരിപാടികളാണെന്ന്‌ സ്ഥാപിക്കണം. അതിനെതിരായി സമരംസംഘടിപ്പിക്കണം. ഭരണകക്ഷിയെ പൊറുതിമുട്ടിക്കണം. യാതൊരുകാരണവശാലും ആ പദ്ധതി നടപ്പാക്കാൻ അനുവദിക്കരുത്‌. ഭരണപക്ഷത്തെ നന്നായി ഭരിക്കാൻ അനുവദിച്ചാൽ പ്രതിപക്ഷത്തിന്റെ ആവശ്യമേ വേണ്ടിവരില്ല. അതുകൊണ്ടു നമുക്കു നിലനിൽക്കണമെങ്കിൽ നാം എപ്പോഴും സമരരംഗത്തുണ്ടായിരിക്കണം. ഭരിക്കുന്നവർക്ക്‌ ഒരിക്കൽപോലും സ്വസ്ഥതകൊടുക്കരുത്‌. 

രാഷ്ട്രീയപാർട്ടികൾ ഇങ്ങനെ തുടങ്ങിയാൽ രാജ്യത്തെങ്ങനെയാണ്‌ സമാധാനമുണ്ടാകുക? എങ്ങനെയാണ്‌ വികസന പ്രവർത്തനങ്ങൾ നടക്കുക? രാഷ്ട്രീയപാർട്ടികൾക്ക്‌ രാജ്യത്തോട്‌ അശേഷം കൂറില്ലെന്ന്‌ എനിക്കു മനസ്സിലായി. തങ്ങൾ പ്രതിപക്ഷത്തിരിക്കുമ്പോൾ ജനങ്ങൾ പരമാവധി ദുരിതമനുഭവിക്കണം. എല്ലാരാഷ്ട്രീയപാർട്ടികളും ആഗ്രഹിക്കുന്നത്‌ ഇതുതന്നെയാണ്‌. ഇവിടെ രാജ്യത്തിന്റെ വികസനമോ ക്ഷേമമോ ആർക്കും പ്രശ്നമല്ല. പാർട്ടിയുടെ വളർച്ചയും പാർട്ടി പ്രവർത്തകരുടെ സുഭിക്ഷതയും മാത്രമാണവരുടെ ലക്ഷ്യം. രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഇത്തരം നീക്കങ്ങൾ കണ്ടുകണ്ട്‌ മടുപ്പുതോന്നി. ജനങ്ങൾക്ക്‌ ഭരണത്തിൽ പങ്കാളിത്തമില്ലാത്തതുകൊണ്ടും നിയമനിർമ്മാണസഭകളിലേക്ക്‌ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ ജനങ്ങളുടെ പ്രതിനിധികളല്ലാത്തതുകൊണ്ടുമാണ്‌ പലപ്പോഴും ജനാധിപത്യം ക്രൂശിക്കപ്പെടുന്നത്‌. ജനങ്ങൾക്ക്‌ ഭരണത്തിൽ പങ്കാളിത്തമില്ലാത്തതുകൊണ്ട്‌ ഇവിടെ രാഷ്ട്രീയപാർട്ടികളും മതസംഘടനകളും ചേർന്ന്‌ അവരുടെ താൽപര്യങ്ങൾക്കനുസൃതമായ ഭരണം നടത്തുന്നു.

ഇവിടെ ഭരണപക്ഷവും പ്രതിപക്ഷവും എന്ന രണ്ടുപക്ഷങ്ങളുള്ളതുകൊണ്ടാണ്‌ നിയമനിർമ്മാണസഭകളിലും സ്വയംഭരണ സ്ഥാപനങ്ങളിലുമൊക്കെ അനാവശ്യമായ വാക്കേറ്റങ്ങളും വെല്ലുവിളികളും വാടാപോടാ പ്രയോഗങ്ങളുമൊക്കെ ഉയരുന്നത്‌. നിയമസഭാതലം സഭ്യതയുടെ സീമകൾ ലംഘിക്കപ്പെടുന്നു. അതുകൊണ്ട്‌ പലപ്പോഴും നിയമസഭാസമ്മേളനങ്ങൾ കാലാവധി പൂർത്തിയാകുംമുമ്പ്‌ നിർത്തിവയ്ക്കേണ്ടിയും വരുന്നു. ഇതൊക്കെ ജനാധിപത്യത്തെ അവഹേളിക്കലാണ്‌. ഓരോപ്രദേശത്തെയും കൊള്ളാവുന്ന യോഗ്യന്മാരായ ആളുകളെ ജനങ്ങൾ തന്നെ സമീപിച്ച്‌ അവരെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ പ്രേരിപ്പിക്കണം. മൊത്തം വോട്ടർമാരിൽ അമ്പത്തൊന്നു ശതമാനം വോട്ടുകിട്ടുന്നവരെമാത്രമേ വിജയികളായി പ്രഖ്യാപിക്കാവൂ. ഇങ്ങനെയുള്ള ആളുകൾ ഒത്തുചേർന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റിനെയും മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയുമൊക്കെ തീരുമാനിക്കണം. അങ്ങനെയായാൽ യോഗ്യന്മാരും സംസ്കാരസമ്പന്നരുമായ ആളുകൾ രംഗത്തുവരും. 

തുടരും...

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?