പ്രകാശവും പ്രളയവും


മങ്ങാട്‌ ബാലചന്ദ്രൻ

പ്രകാശവും പ്രളയവും പ്രകൃതിയുടെ രണ്ടു ഭാവങ്ങളാണ്‌. പ്രകാശം അനുഗ്രഹത്തിന്റേതും പ്രളയം നിഗ്രഹത്തിന്റേതുമാണ്‌. പ്രകാശം വസ്തുബോധം ഉണ്ടാക്കിത്തരുന്നു.  പ്രളയം വസ്തുബോധത്തെ മറച്ചുകളയുന്നു. പ്രകാശം ദൃക്കിനെയും ദൃശ്യത്തെയും കൂട്ടിയിണക്കുന്നു. പ്രളയം ദൃക്കിനെയും ദൃശ്യത്തെയും വേർപെടുത്തി നിലയറ്റതാക്കുന്നു. ഇങ്ങനെ വിരുദ്ധസ്വഭാവത്തോടുകൂടിയ പ്രകാശവും പ്രളയവും ബാഹ്യപ്രകൃതിയിൽ എപ്രകാരമാണോ ഭിന്നഭാവങ്ങളിൽ സ്ഥിതിചെയ്യുന്നത്‌ അപ്രകാരം മനുഷ്യരുടെ ആന്തരികപ്രകൃതിയിലും പ്രകാശപ്രളയങ്ങൾ പലഭാവങ്ങളിൽ സ്ഥിതിചെയ്യുന്നുണ്ട്‌.

ഉള്ളിലിരിക്കുന്ന പ്രകാശത്തെ തിരിച്ചറിയുന്നവനാണ്‌ വിവേകി. അവനു ലക്ഷ്യത്തിലേക്കുള്ള മാർഗ്ഗം കണ്ടെത്താനുള്ള ബുദ്ധിയും വൈഭവവും സ്വയം ആർജ്ജിക്കാനാവും. ആ മാർഗ്ഗത്തിൽ നിന്നും അവനെ വ്യതിചലിപ്പിക്കുവാൻ ആർക്കും സാധിക്കുകയുമില്ല. കാരണം അവന്റെ ഉള്ളിലിരുന്നെരിയുന്ന പ്രകാശത്തെ അണയാതെ കാത്തു സൂക്ഷിക്കുന്നത്‌ ആരെന്നു അവനറിയാവുന്നതുകൊണ്ടാണ്‌. അങ്ങനെ കാത്തു സൂക്ഷിക്കുന്നത്‌ ആരോ അതാണ്‌ അവന്റെ ദൈവം. ആ ദൈവസാന്നിദ്ധ്യത്തെ സ്മരിച്ചുകൊണ്ടും ഉപാസിച്ചുകൊണ്ടുമാണ്‌ അവൻ ഓരോ ചിന്തയും നടത്തുന്നത്‌, ഓരോ വാക്കും ഉച്ചരിക്കുന്നത്‌, ഓരോ കാഴ്ചയും കാണുന്നത്‌,  ഓരോ പ്രവൃത്തിയും ചെയ്യുന്നത്‌. അതുകൊണ്ട്‌ അവനു ആയാസത്തെയും അലസതയെയും അതിജീവിച്ചവനായും ഭയത്തെയും അശാന്തിയെയും വർജ്ജിച്ചവനായും സമചിത്തനായും ധീരനായും ജീവിക്കുവാൻ സാധിക്കുന്നു.

എന്നാൽ ഉള്ളിലിരിക്കുന്ന പ്രകാശത്തെ തിരിച്ചറിയാനാവാത്തവനിൽ പ്രളയം ശക്തിപ്പെട്ടുവരും. ഈ പ്രളയത്തിന്റെ സ്രഷ്ടാവ്‌ അവനവൻ തന്നെയാണ്‌. അഹന്തയിൽ നിന്നാണ്‌ ഈ പ്രളയം ഉത്ഭവിക്കുന്നത്‌. എന്റെ സാമർത്ഥ്യംകൊണ്ടാണ്‌ ഇതെല്ലാം എന്റേതായിരിക്കുന്നത്‌, എന്റെ സാമർത്ഥ്യമാണ്‌ എല്ലാ ഉയർച്ചയ്ക്കും അടിസ്ഥാനം എന്നു ചിന്തിക്കുന്നവൻ ഓരോ നിമിഷവും അധീരനായിത്തീരുന്നു. അങ്ങനെയുള്ള അധീരനാകട്ടെ സ്വാർത്ഥനും നിന്ദ്യനും ദുഷ്ടനുമായി അധഃപതിച്ചു സ്വജീവിതത്തെ വ്യർത്ഥമാക്കിത്തീർക്കുന്നു. അതുകൊണ്ട്‌  പ്രളയത്തിന്റെ ഉത്ഭവത്തിനു ആധാരമായിരിക്കുന്ന അഹന്തയിൽനിന്നും മുക്തനാവുക. അതുമാത്രമാണ്‌ ജീവിതത്തിൽ സംതൃപ്തനും ശാന്തനും ശുദ്ധനുമാകാനുള്ള ഏകമാർഗ്ഗം.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ