എസ്.രമേശൻ നായർ
നേരെയയ്യപ്പനെപ്പോയ്ത്തൊഴുതുവഴി
ങ്ങുന്ന നേരത്തു കൂടെ-
പ്പോരും ചൈതന്യമേ നിൻ കതിരൊളികുളിർകോ-
രുന്ന പമ്പയ്ക്കു മുമ്പിൽ
ഓരോന്നോർമ്മിച്ചുനിന്നാലതുമതി, യവതാ-
രത്തിനങ്ങേയ്ക്കു പണ്ടീ-
ത്തീരം പൂമെത്തയായെന്നറിയുമോരറിവിൽ
പ്പന്തളത്തൊട്ടിലാടും!
നീയേ സന്താനഭാഗ്യത്തികവിനു മികവേ-
കുന്ന കൈകാലിളക്കം;
നീയേ വേദാന്തത്തത്ത്വച്ചെടിയുടെ കനി കൈ-
തൊട്ട സൂര്യത്തിളക്കം
മായാമോഹങ്ങളാർത്തിപ്പെടുമൊരു കലികാ-
ലത്തു വില്ലേന്തി, യുന്നം-
മായാതെയ്യും മഹത്വം, കരിമലയുടെ കൽ-
ക്കണ്ടസങ്കൽപശിൽപം!
കർപ്പൂരാഴിക്കുമെയ്യും കനലൊളിയടികു-
പ്പൂന്ന ബിംബത്തിലാടി-
ക്കൈവല്യം കൈവരിക്കും കവിതകളുരുകും
നെയ്യുമർപ്പിച്ചുപോന്നാൽ
നിൽപ്പില്ലാ പിന്നെ മണ്ണിൽ, കരുമന കരികൊ-
ണ്ടെന്റെ ചിത്രം ചമയ്ക്കാൻ
നിൽക്കില്ലാ, ഞാനുമയ്യപ്പനുമിനിയൊരുമെ-
യ്യാണു, പൊയ്യാണു ലോകം!
അയ്യപ്പാ നിന്മതംതാനൊരുമത,മതിലാർ-
ക്കും മതംമാറ്റമില്ലാ-
തോന്നിക്കാം, ഭക്തലക്ഷങ്ങളിലൊരുവരിലും
ജാതിയില്ലാധിയില്ലാ;
നന്മയ്ക്കായ് കാട്ടുവേദക്കനൽവഴികളിൽ മു-
ള്ളേറ്റു പൊള്ളേണ്ട നീയാ-
മുണ്മയ്ക്കേയെൻ പ്രണാമം! ഹരിഹരസുത, നീ
തന്നെയെന്നന്നഭാഗ്യം!
പെയ്യുന്നു പന്തളത്തിൽപ്പെരുമഴയൊഴിവി-
ല്ലാത്ത കാരുണ്യമേഘം;
വൈക്കല്ലാ, നിങ്ങളും പോയ്ക്കുളിരുക, നികരി-
ല്ലാത്ത കാന്താരതാരം
മിന്നുന്നു ദൂരവാന, ത്തിരുമുടിയൊടുനീ-
ങ്ങുന്നു മുക്കാല; മെല്ലാ-
മയ്യപ്പാ! നിന്റെയന്തർഗ്ഗതഹിതമറിയും
താരകബ്രഹ്മധർമ്മം!
കണ്ണില്ലാ സാക്ഷിയില്ലാ, കപടതയുടലാർ-
ന്നാധിയേറ്റുന്നു, നീളും-
കയ്യില്ലാ കണ്ണുനീരും കദനവുമിവിടെ-
ക്കാണുവാനാരുമില്ലാ.
എന്നല്ലാ, നാൾക്കുനാളിൽച്ചതിയുടെയിരുൾമൂ-
ടുന്ന ലോകത്തുദിക്കാൻ
നിയ്യല്ലാതാര്? സൂര്യത്തിരുവടിയുടെ തേ-
രാളിയാകട്ടെയോ ഞാൻ?
ചിന്താധീനം മനസ്സിൽ തയിർകടയുക, വെ-
ണ്ണയ്ക്കു ദണ്ഡം മറക്കാ-
നെന്തായാലും തപിപ്പിച്ചുരുകിടുമളവിൽ
ത്തന്നെ നെയ്യെന്നുറയ്ക്ക;
സന്ധ്യാനാമപ്രകാശപ്പൊലിമയിലഹമാം
നാളികേരത്തിലൂറ്റി-
ക്കൊണ്ടേപോയിക്കൊടുത്താലുടനടി
കം, നിനക്കാണു മോക്ഷം!
എന്തെന്തെല്ലാം നിറയ്ക്കാമിരുമുടിയിതി,ലെ-
ന്താകിലെ,ന്തൊക്കെയും നിൻ
സന്താപക്കയ്പ്പുമാത്രം! കൊടുവിഷമമൃതാ-
ക്കുന്നതയ്യമന്ത്രം;
സ്വന്തം ചോരയ്ക്കുമില്ലാ മമത, യിതൊരുവ-
ല്ലാത്ത പൊല്ലാത്ത കാലം
അന്തിക്കൂട്ടൊന്നുമാത്രംമതി, യതു സുകൃതാ-
രണ്യവാസന്റെ പാദം!
വയ്യാതാകുന്ന നാളിൽത്തിരുവടി വഴികാ-
ണിച്ചുതാങ്ങായിടേണം
കയ്യാമത്തോടെയെത്തും മരണവുമൊരുക-
യ്യാലൊഴിപ്പിച്ചിടേണം
അയ്യാ! ഞാനെന്നുമെന്നും തവഗളമണിതൻ
നാദമാകേണ, മോരോ
മെയ്യുംനീ കണ്ടറിഞ്ഞെൻ കവിതകൾ പിഴതീർ-
ത്തന്വയിച്ചും തരേണം!
|
21 Jan 2014
അയ്യപ്പാഞ്ജലി
എം കെ ഹരികുമാർ ഓണപ്പതിപ്പ് 2020
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...