തെരുവോരത്തെ നിലവിളിക്കുഞ്ഞ്


ഗീത മുന്നൂർക്കോട്

അന്നത്തെ പകൽ മുഴുവൻ
മുത്തശ്ശി മുറുമുറുത്ത്
പഴംനാളിലൊരു
വാഴക്കൈയ്യിലിരുന്ന്
അന്തിയോളം വിരുന്നു വിളിച്ച
കാക്കയുടെ ദാർഷ്ട്യത്തിൽ കോപിച്ച്
മൂന്നും കൂട്ടി മുറുക്കി
തുപ്പുന്നത് കണ്ടിരുന്നു
അതെങ്ങാൻ തിളച്ചുവറ്റി
കരിഞ്ഞ പോലെ

പാത്തു സൂക്ഷിച്ച
പൊന്മകളുടെ ചാരിത്ര്യം
വീടുപെട്ടിയുടെ താഴുടച്ച്
ചാടിക്കുതിച്ചതറിയാത്ത
അമ്മയുടെ തളർച്ചയുറക്കം
രുണ്ടങ്ങനെ..

കണ്ണുകളിൽ
പൊന്ന് അടയിരിക്കാത്ത
ആൺകരങ്ങളെത്തേടി
പരക്കം പാഞ്ഞടങ്ങിയ
അച്ഛന്റെ ഹൃദയം
പണയപ്പെട്ടുടഞ്ഞ
കറുത്ത വാവിൻ രാവു പോലെ..

കാത്തിരുന്ന്
രാത്രിയ്ക്കൊപ്പമെത്തിയ
വിരുന്നുകരനെയൂട്ടാതെ
അവനൊപ്പം
ഉരുപ്പടിയുരുവങ്ങളെടുക്കാൻ മറന്ന
ഒളിച്ചോട്ടത്തിന്റെ ശിക്ഷയായി
പട്ടിണിപ്പകപ്പെന്ന
അന്ധപത്രത്തിൽ
ഇവനൊരു ശിഷ്ടചിത്രം

കുഞ്ഞു വയറ്റിലെ വിശപ്പുനാളം
പിഴച്ചു പെറ്റ വയറിനോട്
പൊരിഞ്ഞു കയർക്കുന്നുണ്ട്.

ഇവൻ
വായുവിലേയ്ക്കെറിയുന്ന
ചവിട്ടുകളിൽ
അൽപപ്രണയങ്ങളോടുള്ള
വെല്ലുവിളിയുണ്ട്.

ഗർഭനാളിയിൽ തന്നെ
ഇറുകി മുറുക്കപ്പെടാത്ത
ഒടിവുള്ള കഴുത്തുമായി
കലഹിക്കുന്നിവന്റെ
ദാഹനീലമുറഞ്ഞ കണ്ഠം

ഇവന്റെ ക്ഷോഭക്കണ്ണുകളിൽ നിന്ന്
നാളെയുടെ പ്രക്ഷോഭങ്ങൾക്ക്
തീ പിടിക്കുന്നുമുണ്ട്

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?